പണ്ടൊരിക്കൽ അല്ലു അർജുൻ ഒരു ഇന്റർവ്യൂവിൽ പറഞ്ഞു കേട്ടിട്ടുണ്ട്. ആര്യ എന്ന സിനിമ കേരളത്തിൽ ഹിറ്റ് ആണെന്ന് കേട്ടപ്പോൾ അത്ഭുതം തോന്നിയില്ല കാരണം അതൊരു യൂണിവേഴ്സൽ സ്ക്രിപ്റ്റ് ആണ്. ഏതു നാട്ടിൽ ഏതു സമയത്തു ഇറങ്ങിയാലും അതു വിജയിക്കും എന്ന്. രാമലീലയും അതു പോലെ ആണ്. മാസിന് മാസ് ക്ലാസ്സിനു ക്ലാസ് സെന്റിക്ക് സെന്റി തില്ലിന് ത്രിൽ സസ്പെൻസന് സസ്പെൻസ് കോമഡിക്കു കോമഡിയും. ഒരു ഫുൾ പാക്കേജ് സ്ക്രിപ്റ്റ് വളരെ നന്നായി എക്സിക്യൂട്ട്‌ ചെയ്തു തീയേറ്ററിൽ എത്തിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

ദിലീപ് സമം ചളി എന്ന രീതി മാറി നല്ലൊരു വേഷം എടുത്തു നന്നായി തന്നെ അഭിനയിച്ചിരിക്കുന്നു ദിലീപ്. ചിലപ്പോൾ സ്വയം വഴി മാറി ചിന്ദിക്കാൻ തുടങ്ങിയതിന്റെ തുടക്കം ആയിരുന്നിരിക്കാം രാമലീല. അത്യാവശ്യം തമാശയും തന്ത്രങ്ങളും മാസും ഒകെ ഉള്ള രാമനുണ്ണി ദിലീപിന്റെ കൈകളിൽ ഭദ്രം ആയിരുന്നു.

അരുൺ ഗോപി എന്ന അമരക്കാരൻ ആണ് താരം. എവിടെയൊക്കെയോ ഒരു ജോഷി ടച്ച് ഫീൽ ചെയ്യുന്ന പോലെ. തുടക്കക്കാരന്റെ പതർച്ചയൊന്നും എവിടെയും കാണാനില്ല.

ത്രില്ലിങ് കൈമോശം വരാതെ ഒരുക്കിയ തിരക്കഥ. സച്ചി എന്ന പേരിൽ ഉള്ള വിശ്വസ്യത വീണ്ടും കൂടി വരുന്നു. കൈ വിട്ടു പോവും എന്നു കരുതിയ രണ്ടാംപകുതിയെ കൂടി നന്നായി കൊണ്ടു പോയിരിക്കുന്നു.  ഊഹിക്കാവുന്ന കഥാഗതി ആയിരിന്നിട്ടുകൂടി എവിടെയും ബോർ അടിപ്പിക്കുന്നില്ല സിനിമ.

സാധാരണ സിനിമകളിൽ IP അഡ്രസ്സ് കണ്ടു പിടിക്കുക ലൊക്കേഷൻ കണ്ടു പിടിക്കുക വെബ് സൈറ്റ് ബ്ലോക്ക് ചെയ്യുക ഇതെല്ലാം പൂ പറിക്കുന്ന പോലെ നിസാരമായാണ് ചെയ്യാറുള്ളത്. കീബോർഡിൽ നാലു തവണ കുത്തും. അപ്പോൾ തന്നെ സ്ക്രീനിൽ എല്ലാം തെളിഞ്ഞു വരും. ഈ ടൈപ്പ് കാര്യങ്ങളെ കുറച്ചു കൂടി സത്യസന്ധമായി സമീപിക്കാൻ രാമലീല ശ്രമിച്ചിട്ടുണ്ട്.  ഇതുപോലെ ഉള്ള കാര്യങ്ങളിൽ ടെക്‌നിക്കൽ ആയി മുന്നിട്ടു നിൽക്കുമ്പോളും ഹിഡൻ കാമറ ദൃശ്യങ്ങളിൽ ഓഡിയോ ക്ലാരിറ്റി എങ്ങനെ ഇത്രയും വന്നു എന്ന ചോദ്യം പ്രേക്ഷകന് തോന്നാൻ സാധ്യത ഉണ്ട്.

ഒന്നു രണ്ടു ലോജികൽ പ്രശ്നങ്ങൾ മാറ്റി നിർത്തിയാൽ അടുത്തിടെ ഇറങ്ങിയ നല്ലൊരു ത്രില്ലർ തന്നെ ആണ് രാമലീല.നല്ല സ്ക്രിപ്റ്റ്. നല്ല സംവിധാനം. അഭിനേതാക്കൾ എല്ലാരും തന്നെ തങ്ങളുടെ ഭാഗം നന്നായി ചെയ്തിരിക്കുന്നു. കുടുംബത്തോടൊപ്പം കയറി കാണാം. ദ്വയാർത്ഥ പ്രയോഗങ്ങളോ അശ്ളീല സംഭാഷണങ്ങളോ ഇല്ല.

അവൾക്കൊപ്പം ഹാഷ് ടാഗ് ഇട്ടു നടക്കുന്നവർ അറിയാൻ. രാമലീല എന്ന സിനിമ വിജയിച്ചെന്നു വെച്ചു നാളെ ദിലീപിനെ കോടതി വെറുതെ വിടാൻ ഒന്നും പോവുന്നില്ലല്ലോ? കണ്ട മഞ്ഞ പത്രങ്ങളിൽ വന്ന "രാമലീല കാണാൻ ആളില്ല" എന്ന വാർത്തയും ഷെയർ ചെയ്തു നിൽക്കുന്ന നിങ്ങളിൽ ചിലരെ കാണുമ്പോൾ ഇതിന്റെ ഉദേശശുദ്ധിയെ വരെ സംശയിച്ചു പോവുന്നു.

അവനൊപ്പം ഹാഷ് ടാഗ് ഇട്ടു നടക്കുന്നവർ അറിയാൻ. ജനകീയ കോടതിയിൽ വിചാരണ നേരിട്ടത് രാമലീല എന്ന സിനിമ ആണ്. ദിലീപ് എന്ന വ്യക്തി അല്ല. ഈ സിനിമക്ക് നല്ല അഭിപ്രായം കിട്ടുന്നുണ്ടേൽ അതിൽ അരുൺ ഗോപി എന്ന സംവിധായകനും സച്ചി എന്ന തിരകഥാകൃത്തിനുമൊപ്പം ദിലീപ് എന്ന നടനും അഭിമാനിക്കാം. പക്ഷെ ദിലീപ് എന്ന വ്യക്തി ചെയ്തു എന്നു പറയപ്പെടുന്ന കുറ്റകൃത്യം.. അതിനു ശിക്ഷ വിധിക്കേണ്ടത് തീയേറ്ററിൽ പോയി സിനിമ കാണുന്ന പ്രേക്ഷകർ അല്ല.

സിനിമ.. അതു മോഹിപ്പിച്ച പോലെ വേറെ ഒന്നും മോഹിപ്പിച്ചിട്ടില്ല. അതുകൊണ്ടു തന്നെ നടനും നടിക്കും മുകളിൽ സിനിമ ആണ് താരം എന്നു ഉറച്ചു വിശ്വസിക്കുന്നു. #സിനിമയോടൊപ്പം #സിനിമയോടൊപ്പംമാത്രം

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo