തന്റെ സൃഷ്ടിയുടെ ഔട്പുട്ടിൽ പൂർണമായ വിശ്വാസമുള്ള സംവിധായകന് മാത്രം പരീക്ഷിക്കാവുന്ന ഒരു പാതയുണ്ട് ഇന്ത്യയിൽ. സോഷ്യൽ മീഡിയയിൽ വന്നു തള്ളി മറിച്ചു ആദ്യ ദിനം പ്രേക്ഷകരെ ഇടിച്ചു കയറ്റി അവരിൽ നിന്നും തെറി വാങ്ങിച്ചു കൂട്ടുന്നത് അല്ലാട്ടോ! അതിനു പകരം ബാഹുബലി തുറന്നിട്ട ഒരു പാത. രണ്ടോ മൂന്നോ അധ്യായങ്ങൾ ആയി വലിയ മുതൽ മുടക്കിൽ പറയേണ്ട കഥക്ക് കിടിലൻ ആയൊരു ആദ്യ ഭാഗം കൊടുക്കുക. നമ്മൾ സംസാരിക്കാതെ നമ്മുടെ സിനിമയെ കൊണ്ടു സംസാരിപ്പിക്കുക. പ്രാദേശിക സിനിമകൾക്ക് വിപണി ഇല്ലാത്ത സ്ഥലങ്ങളിൽ പോലും ആ സിനിമയെ വിജയിപ്പിച്ചെടുത്തു ഇന്ത്യ ഒട്ടാകെ അതിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്ന അവസ്ഥ ഉണ്ടാക്കുക.

ആദ്യ ഭാഗത്തിന്റെ വിജയത്തിൽ നിന്നുകൊണ്ട് അതിലും ഗംഭീരം ആയി രണ്ടാം ഭാഗം നിർമിക്കുക. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണം ആയിരുന്നു ബാഹുബലി. ഫലമോ തെലുഗു എന്ന പ്രാദേശിക ഭാഷയിലെ ഒരു ചിത്രമാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഡസ്ട്രി ഹിറ്റ്. ബാഹുബലി തുറന്നിട്ട അതേ പാതയിലൂടെ ആണ് ഇപ്പോൾ കെജിഎഫും വരുന്നത്. 80 കോടി മുതൽ മുടക്കിൽ നിർമിച്ച കെജിഎഫ് എന്ന ഈ മാസ് ആക്ഷൻ ചിത്രം ആത്യന്തികമായി ലക്ഷ്യം വെക്കുന്നത് ഇതിന്റെ രണ്ടാം അദ്ധ്യയത്തിനു വേണ്ടി കാത്തിരിക്കാൻ ഉള്ള പ്രേക്ഷകരെ സൃഷ്ടിക്കുക എന്നതാണ്. ആ ഒരു ലക്ഷ്യത്തിൽ ചിത്രം പൂർണമായി വിജയിക്കുന്നുമുണ്ട്.

ഇന്ത്യ കണ്ട ഏറ്റവും വലിയ ക്രിമിനൽ എന്നു പ്രധാനമന്ത്രി കൂടി വിശേഷിപ്പിച്ച റോക്കി എന്ന ഗാങ്സ്റ്ററുടെ കഥയാണ് കെജിഎഫിന് പറയാൻ ഉള്ളത് കൂടെ ഇന്ത്യയുടെ ഏറ്റവും വലിയ സമ്പത്തിൽ ഒന്നായ കോലാർ സ്വർണ ഖനിയുടെ ഒരു സമാന്തര ചരിത്രവും. പ്രശാന്ത് നീൽ എന്ന സംവിധായകനും മറ്റു അണിയറപ്രവർത്തകരും രണ്ടര കൊല്ലത്തോളം സഹിച്ച കഷ്ടപാടിന്റെ ഫലമാണ് ഈ ചിത്രം. സാൻഡൽവുഡിന്റെ എല്ലാ പ്രതീക്ഷകളും കെജിഎഫിനെ ചുറ്റിപറ്റിയായിരുന്നു. കന്നഡ ചിത്രങ്ങളുടെ ഭാവി വിപണി തീരുമാനിക്കാൻ പോവുന്നത് കെജിഎഫിന്റെ വിജയം ആവുമെന്ന് വേണേൽ പറയാം.

ശക്തമായ തിരക്കഥ തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പൊസിറ്റിവ്. ഒരുപാട് കഥാപാത്രങ്ങളെ ആദ്യമേ പരിചയപ്പെടുത്തുക വഴി എല്ലാം കൂടെ കൈവിട്ടു പോയോ എന്നൊരു ആശങ്ക എനിക്ക് ആദ്യം തോന്നിയിരുന്നു. പക്ഷെ രണ്ടാം പകുതി എത്തുന്നതോടെ കെട്ടുറപ്പുള്ള തിരക്കഥയുടെ ശക്തി മനസിലാക്കി തരുന്നുണ്ട് ചിത്രം. റോക്കിയുടെ ജീവിതം നോൺ ലീനിയർ ആയി പറഞ്ഞ രീതി നന്നായിരുന്നു. അല്ലറ ചില്ലറ തല്ലും പിടിയും പ്രേമവും ക്യാരക്ടറുകളുടെ പരിചയപ്പെടുത്തലും നടന്ന ആദ്യ പകുതി ഒരു മാസ് സീനോടെ അവസാനിക്കും. ഇടവേളക്ക് ശേഷം തുടങ്ങുന്ന രണ്ടാം പകുതിയാണ് സിനിമയുടെ നട്ടെല്ല്. കോലാർ സ്വർണ ഖനി സെറ്റ് ഇട്ട രീതി ഒക്കെ ഗംഭീരം ആയിരുന്നു. ആർട്ട് ഡയറക്ടറെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. വെറുതെ ഒരു ആക്ഷൻ ഫിലിം എടുക്കാതെ നല്ല രീതിക്ക് ഇമോഷണലി ഡെപ്ത് ഉള്ളൊരു കഥ പരിസരം കൂടി ഒരുക്കി എടുക്കാൻ കൂടി കെജിഎഫിന് ആവുന്നുണ്ട്. ഇമോഷണൽ സീനുകൾ കൈകാര്യം ചെയ്ത രീതി വളരെ അധികം പ്രശംസ അർഹിക്കുന്നുണ്ട്.

യാഷിന്റേതായി ഞാൻ ആദ്യമായി കാണുന്ന ചിത്രമാണ് കെജിഎഫ്. റോക്കിങ് സ്റ്റാർ എന്ന വിശേഷണത്തോട് ഇണങ്ങും വിധം ഒരു റോക്കിങ് പെർഫോമൻസ് തന്നെ ആണ് യാഷ് ഈ ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നത്. സംഘട്ടന രംഗങ്ങൾ ഒക്കെ അത്യുജലമാണ്. വയലൻസ് ആവശ്യമായ രംഗങ്ങളിൽ വേണ്ട വിധം അതുപയോഗിക്കുമ്പോൾ തന്നെ വയലൻസിന്റെ അതിപ്രസരം പരമാവധി ഒഴിവാക്കാൻ ശ്രമിച്ചിട്ടുമുണ്ട്. മാസിന്റെ കാര്യം ആണേൽ ഒന്നും പറയാനില്ല. നിൽപ്പിലും നടപ്പിലും ഓരോ ഡയലോഗിലും മാസ് ഉണ്ടാക്കാൻ കെല്പുള്ള സംവിധായകൻ ആണ് പ്രശാന്ത് നീൽ. അദ്ദേഹത്തിന്റെ ആദ്യ ചിത്രം ഉഗ്രം കണ്ട ആർക്കും ഈ കാര്യത്തിൽ എതിർ അഭിപ്രായം ഉണ്ടാവും എന്നു തോന്നുന്നില്ല. ഉഗ്രം മാസ് ആയിരുന്നേൽ കെജിഎഫ് മാസ് കാ ബാപ് ആണ്. നായികയുടെ വലിയ ആവശ്യം ചിത്രത്തിൽ ഉണ്ടായിരുന്നെന്ന് തോന്നുന്നില്ല. ശ്രിനിധി ഷെട്ടി പറഞ്ഞ പോലെ ചിലപ്പോൾ രണ്ടാം ഭാഗത്തിൽ കുറച്ചു കൂടി സ്‌പേസ് നായികക്ക് കിട്ടിയേക്കാം.

സിനിമക്ക് ആകെ തോന്നിയ ഒരു പോരായ്മ എന്തെന്നാൽ നായകനെ പുകഴ്ത്തുന്ന സംഭാഷണങ്ങളുടെ ആധിക്യമാണ്. വരുന്നവരും പോവുന്നവരും തുടങ്ങി സിനിമ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർ വരെ റോക്കിയെ പുകഴ്ത്തി പറയുന്ന ഒരു അവസ്ഥ. ആദ്യമാദ്യം രസകരമായി തോന്നിയ ഈ പുകഴ്ത്തലുകൾ പക്ഷെ ഒരു പരിധി കഴിയുമ്പോൾ അസഹ്യനീയമായി മാറുന്നുണ്ട്. അടുത്ത ചിത്രത്തിൽ റോക്കിയെ പൊക്കി പറയുന്ന സംഭാഷണങ്ങൾ കുറച്ചു കുറഞ്ഞു കണ്ടാൽ മതിയായിരുന്നു.

ചുരുക്കത്തിൽ നിങ്ങൾ എന്തു ട്രെയിലറിൽ കണ്ടോ അതു തന്നെയാണ് ഈ ചിത്രം. ലോജിക്ക് മാറ്റി വെച്ചു കാണേണ്ട ഒരു മുഴുനീള മാസ് ആക്ഷൻ ചിത്രം. മികച്ച തിരക്കഥയും അതിന്റെ മികവുറ്റ അവതരണവും കിടിലൻ പശ്ചാത്തല സംഗീതവും എല്ലാം കൂടി ചേർന്നു നിങ്ങൾക്ക് കിട്ടാവുന്നതിൽ വെച്ചു ഏറ്റവും മികച്ച തിയേറ്റർ അനുഭവമാവും കെജിഎഫിന് തരാൻ ആവുക. ഞാൻ ഈ വർഷം 104 ചിത്രങ്ങൾ തിയേറ്ററിൽ നിന്നും കണ്ടു. അതിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട മാസ് ഫിലിം ഏതാണെന്ന് ചോദിച്ചാൽ കെജിഎഫ് എന്നു തന്നെയാണ് എന്റെ ഉത്തരം.

പട്ടാഭിഷേകം കഴിഞ്ഞിരിക്കുന്നു. ഇനി രാജവാഴ്ചയുടെ അധ്യായമാണ്. കാത്തിരിക്കുന്നു, രാജാവ് ഭരിക്കുന്ന കോലാറിന്റെ ചരിത്രത്തിലെ രണ്ടാം അധ്യായത്തിനായി.

സലാം റോക്കി ഭായ്, സാൻഡൽവുഡിന്റെ സിനിമ ചരിത്രം തിരുത്തി എഴുതിയതിന്.. 😍❤️

വേർഡിക്ട് : ഗംഭീരം

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo