എന്താണെന്ന് ഈ സംഭവം എന്നു കേട്ടു കേഴ്‌വി പോലുമില്ലാത്ത പ്രേക്ഷകർക്കിടയിലേക്ക് മെന്റലിസവും കൊണ്ടു കയറി വന്ന ചിത്രമാണ് പ്രേതം. ഇത്തിരി തമാശയും ഇത്തിരി ഹൊററും കുറച്ചധികം മെന്റലിസവും കൂടെ ജോണ് ഡോൺ ബോസ്‌കോ എന്ന കിടിലൻ കഥാപാത്രവും കൂടെ ചേർന്നപ്പോൾ അത്യാവശ്യം നല്ലൊരു സാമ്പത്തിക വിജയം ആ ചിത്രം നേടുകയും ചെയ്തു. രണ്ട് കൊല്ലത്തിന് ശേഷം അതിനൊരു രണ്ടാം ഭാഗം വരുമ്പോൾ ആദ്യ ഭാഗത്തിൽ കിട്ടിയതിൽ കൂടുതലായി ഒന്നും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം.

ഒരു രണ്ടാം ഭാഗം എന്നതിനേക്കാൾ ഈ സിനിമയെ പ്രേതത്തിന്റെ ഒരു "ഇരട്ട ചിത്രം" എന്ന് വിളിക്കാൻ ആണ് എനിക്കിഷ്ടം. കാരണം, മൂല കഥയെയും കഥയിലെ വഴിതിരുവുകളെയും അതുപോലെ നിലനിർത്തിക്കൊണ്ട് പുതിയൊരു കഥാപരിസരത്ത് പുതിയ കഥാപാത്രങ്ങളെ ഉൾകൊള്ളിച്ചിരിക്കുകയാണ് പ്രേതം 2. ഫലമോ ഒരേ അച്ചിൽ വാർത്തെടുത്ത രണ്ടു ചിത്രങ്ങൾ. വെറുമൊരു ഫോർമുല ഡയറക്ടർ ആണ് രഞ്ജിത് ശങ്കർ എന്നു പലർക്കും പണ്ടേ തോന്നിയിട്ടുണ്ടാവാം. ഒരു പരിധി വരെ അതു സത്യമാണ്‌ താനും. തന്റെ തന്നെ വിജയിച്ചഫോർമുലകൾ യാതൊരു മാറ്റവും കൂടാതെ വീണ്ടും വീണ്ടും പരീക്ഷിക്കാനും അതു വിജയിപ്പിച്ചു എടുക്കാനും കഴിവുള്ള ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് അയാൾ. ഈ പറഞ്ഞതിന് ഒരു ഉത്തമ ഉദാഹരണമാണ് പുണ്യാളൻ 2 എന്ന ചിത്രം. പക്ഷെ പുണ്യാളനിൽ നിന്നും പ്രേതം രണ്ടാം ഭാഗത്തേക്ക് എത്തുമ്പോൾ വിജയ ഫോർമുല പുനർ നിർമ്മിക്കുന്നതിൽ ചെറിയ പിശക്‌ പറ്റിയിട്ടുണ്ടോ എന്നു സംശയിക്കേണ്ടി ഇരിക്കുന്നു.

ആശയ ദാരിദ്രം എന്നൊക്കെ അസൂയാലുക്കൾ പേരിട്ടു വിളിച്ചേക്കാവുന്ന ഈ ഒരു അവസ്ഥയിൽ കൂടെയാണ് പ്രേതം 2 കടന്നു പോയിരിക്കുന്നത്‌. പുതിയതായി യാതൊന്നും പ്രേക്ഷകന് നൽകാൻ ഇല്ലാത്ത ഒരു സിനിമ. പുതിയത് ഒന്നും തരാൻ ഇല്ലെങ്കിലും പഴയതിനെ നല്ലൊരു വർണ കടലാസിൽ പൊതിഞ്ഞു പ്രേക്ഷകർക്ക് മുന്നിൽ കാഴ്ച വെക്കുന്നതിൽ ചിത്രത്തിന് പിഴവ് സംഭവിക്കുന്നുമില്ല. അതുകൊണ്ട് തന്നെ ബഹുഭൂരിപക്ഷം പ്രേക്ഷകർക്കും ആസ്വദിച്ചു കാണാൻ പറ്റിയ ഒരു ചിത്രമാവുന്നുണ്ട് പ്രേതം 2.

പ്രകടനത്തിൽ പതിവുപോലെ തന്നെ ജയസൂര്യ മികച്ചു നിന്നു. ജോണ് ഡോൺ ബോസ്‌കോ എന്ന ഒട്ടും വെല്ലു വിളി ഉയർത്താത്ത കഥാപാത്രത്തെ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു അദ്ദേഹം. മെയ് വഴക്കത്തിന്റെയും നൃത്തച്ചുവടുകളുടെയും കാര്യത്തിൽ മികച്ചു നിന്ന സാനിയ തന്റെ ആദ്യ ചിത്രമായ ക്യൂനുമായി തട്ടിച്ചു നോക്കുമ്പോൾ അഭിനയവും മെച്ചപ്പെടുത്തിയിട്ടുണ്ട്. ആദ്യ ചിത്രത്തിൽ ഷറഫുവും അജു വർഗീസും കൈകാര്യം ചെയ്ത തമാശയുടെ ട്രാക്ക് കൈകാര്യം ചെയ്യാൻ ഇത്തവണ എത്തിയിട്ടുള്ളത് ഡെയിൻ ഡേവിസും സിദ്ധാർഥ് ശിവയുമാണ്. അതിൽ പ്രേക്ഷകരെ ചിരിപ്പിക്കുന്നതിൽ ഡെയിൻ ഡേവിസ് വിജയിക്കുമ്പോൾ വികലമായ മോഹൻലാൽ അനുകരണങ്ങൾ കൊണ്ടു പലപ്പോളും മടുപ്പിക്കുന്നുണ്ട് സിദ്ധാർഥ് ശിവ.

പാട്ടുകൾ ഒന്നും തന്നെ ചിത്രത്തിൽ ഇല്ല എന്നതും അനാവശ്യമായി ഫ്‌ളാഷ് ബാക്കുകൾ കുത്തി നിറച്ചു ചിത്രത്തിന്റെ ദൈർഘ്യം വർദ്ധിപ്പിച്ചിട്ടില്ല എന്നതും നന്നായി തോന്നി. ഈ രണ്ടു കാരണങ്ങൾ കൊണ്ട് തന്നെ അവതരണത്തിൽ ഇഴച്ചിലൊന്നും അനുഭവപ്പെടുന്നില്ല ചിത്രത്തിൽ. പക്ഷെ ആത്മാവിന്റെ പൂർവ കഥ പറയുന്ന സീനുകളിൽ നല്ലൊരു ഫ്‌ളാഷ് ബാക്കിന്റെ അഭാവം അനുഭവപ്പെടുന്നുണ്ടു താനും. പ്രേക്ഷകർക്ക് ഇത്തിരി കൂടി വൈകാരികമായി ബന്ധപ്പെടാൻ ചിലപ്പോൾ നല്ലൊരു ഫ്‌ളാഷ് ബാക്ക് സീൻ കൂടി ഉണ്ടായിരുന്നങ്കിൽ സാധിച്ചേനെ.

ചുരുക്കത്തിൽ പോസ്റ്ററിൽ എഴുതി പിടിപ്പിച്ച പോലെ ഉള്ള ഡബിൾ ഫണ്ണോ ഡബിൾ ഹൊററോ ഒന്നും തരാൻ കഴിയാത്ത ഒരു സാധാ ചിത്രമാണ് പ്രേതം 2. യാതൊരു പുതുമയും ഇല്ലാത്ത അതേ കഥയെ കഥാപാത്രങ്ങളെ മാത്രം മാറ്റി വീണ്ടും എടുത്തിരിക്കുന്നു. അടുത്തത് എന്തെന്ന് ഊഹിച്ചെടുക്കാവുന്ന തിരക്കഥ ആണെങ്കിൽ കൂടി കണ്ടിരിക്കുന്ന പ്രേക്ഷകരെ മടുപ്പിക്കാതെ 144 മിനുറ്റ് തള്ളി നീക്കാൻ ചിത്രത്തിന് ആവുന്നുണ്ട്. മലയാളത്തിൽ സാധാരണ കണ്ടിരുന്ന ഹൊറർ ചിത്രങ്ങളിൽ നിന്നും ഒരു വ്യത്യസ്തത ആയിരുന്നു പ്രേതം ആദ്യ ഭാഗം. പക്ഷെ 2016ൽ വ്യത്യസ്തത ആയിരുന്ന അതേ സംഭവം 2018ൽ വീണ്ടും കാണേണ്ടി വരുമ്പോൾ ഉണ്ടാവുന്ന ആവർത്തനം പലപ്പോളും വിരസത സമ്മാനിക്കുന്നുണ്ട്. ഇതിപ്പോൾ വരിക്കാശ്ശേരി മനയും, ആദ്യ സീൻ മുതൽ തന്നെ ഡോൺ ബോസ്കോയുടെ സാന്നിധ്യവും ഉണ്ടായിട്ടുകൂടി മിസ്റ്ററി ഉണ്ടാക്കി എടുക്കാൻ വല്ലാതെ പാടുപെടുന്ന പോലെ തോന്നി ചിത്രം. ഇതൊക്കെ തന്നെയാണ് ഒരു ശരാശരി അനുഭവത്തിൽ പ്രേതം രണ്ടാം ഭാഗത്തെ ഒതുക്കി നിർത്തുന്നതും.

വേർഡിക്ട് : ശരാശരി അനുഭവം.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo