ഫാൻ മെയ്ഡ് പോസ്റ്ററുകൾ നിങ്ങൾ ഒരുപാട് കണ്ടിട്ടുണ്ടാവും അല്ലെ? ഫാൻ മെയ്ഡ് ട്രൈലറുകളോ! അതും കണ്ടു കാണും. എന്നാൽ ഒരു ഫാൻ മെയ്ഡ് സിനിമ നിങ്ങൾ ഇതിനു മുന്നേ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ വരൂ.. പേട്ട കാണു.. 😊

ഞാൻ നാലിലൊ അഞ്ചിലോ പഠിക്കുമ്പോൾ ആണ് സണ് TV യിൽ പടയപ്പ വരുന്നെന്നു അറിയുന്നത്. അവർ ആദ്യമായി ആ ചിത്രം സംപ്രേഷണം ചെയ്തത് ഒരു ദീപാവലിക്ക് ആണെന്നാണ് ഓർമ (അതോ പൊങ്കലിനോ? മറന്നു പോയി! ). രജനി, രജനി എന്നു ഒരുപാട് കെട്ടിട്ടുണ്ടെന്നല്ലാതെ അങ്ങേരുടെ ഒരു പടവും അതുവരെ കണ്ടിട്ടില്ലാത്ത ആ പയ്യന് TV യിൽ വന്ന പരസ്യങ്ങളിൽ നിന്നും ആ ചിത്രം കാണാൻ ആഗ്രഹം മൂത്തു. ലോകമെമ്പാടും ഉള്ള അനേകായിരം ആരാധകരെ എന്ന പോലെ തന്നെ മൂപ്പരുടെ സ്റ്റൈൽ ആയിരുന്നു അവനെയും ആകർഷിച്ച പ്രധാന ഘടകം. സ്‌കൂൾ ലീവ് ആയിരുന്ന അന്ന് വൈകുന്നേരം ടിയൂഷൻ ക്ലാസിനു പോയ അവൻ തലവേദന ആണെന്ന് കള്ളം പറഞ്ഞു നേരത്തെ ഇറങ്ങി. 6 മണിക്ക് തുടങ്ങിയ പടം 11 മണി വരെ നീണ്ടെന്നാണ് ഓർമ. പക്ഷെ ആ സമയം മുഴുവൻ പെട്ടെന്ന് തീർന്നു പോയ പോലെ ആയിരുന്നു സിനിമ കഴിഞ്ഞപ്പോൾ. അത്രകണ്ട് ആ പടവും നായകനും അവനെ ആകർഷിച്ചിരുന്നു. പിന്നീടും പല തവണ അവൻ പടയപ്പ കണ്ടു.. ബാഷ കണ്ടു.. അണ്ണാമലയ് കണ്ടു.. ഒരു കംപ്യുട്ടർ കിട്ടിയപ്പോൾ പടയപ്പയുടെയും ബാഷയുടെയും പ്രിന്റ് തേടി പിടിച്ചുകൊണ്ടു വന്നു അവൻ ആ കംപ്യുട്ടറിൽ ഇട്ടു.

അവൻ വളർന്നതിന്റെ ഒപ്പം അവന്റെ രജനി പ്രേമവും വളർന്നു. അവൻ ആദ്യമായി തിയേറ്ററിൽ നിന്നും കണ്ട തമിഴ് സിനിമ രജനിയുടെ എന്തിരൻ ആയിരുന്നു. അവൻ ആദ്യമായി കണ്ട ഫാൻ ഷോയും ഒരു രജനി ചിത്രത്തിന്റെ ആയിരുന്നു. ലിങ്ക. 2010 മുതൽ ഉള്ള ഓരോ രജനി ചിത്രവും അവൻ തിയേറ്ററിൽ പോയി കണ്ടു. കൊച്ചടയാൻ കാണാൻ പോവാൻ വേണ്ടി സെമസ്റ്റർ എക്സാം പെട്ടെന്ന് തീർന്നു കിട്ടാൻ കാത്തിരുന്നിട്ടുണ്ട് അവനൊരിക്കൽ. അവസാന എക്സാമും കഴിഞ്ഞു അവൻ നേരെ ഓടിയത് തിയേറ്ററിലേക്കാണ്. അവൻ വലുതായി 25 വയസായപ്പോൾക്കും രജനിക്ക് പ്രായം ഒരുപാടായിരുന്നു. പ്രായം തളർത്തിയ തന്റെ നായകനിൽ നിന്നും മറ്റൊരു പടയപ്പയോ ബാഷയോ ഇനി ഉണ്ടാവില്ലെന്ന് അവനും കരുതി കാണും. രജനിയിലെ താരത്തെ ആഘോഷിച്ച അവന് പിന്നീട് കിട്ടിയത് രജനിയിലെ നടനെ ആസ്വാധിക്കാൻ ഉള്ള അവസരമായിരുന്നു. കബാലിയും കാലയും ആദ്യ ദിനം കണ്ടു ഇഷ്ടപെട്ടപ്പോളും കുട്ടിക്കാലത്തെ തന്റെ വീരനായകനെ ഇനിയൊരുവട്ടം കൂടി തിയേറ്റയറിൽ നിന്നും കാണാൻ കഴിയില്ലല്ലോ എന്ന വിഷമം അവനെ അലട്ടിയിട്ടുണ്ട്.

പറഞ്ഞു വന്നത് എന്താണെന്ന് വെച്ചാൽ, ആ വിഷമം എല്ലാം കൂടി ഇന്നലെ തീർന്നു കിട്ടി എന്നതാണ്. 😍❤️😇

അവൻ ആഗ്രഹിച്ചതിലും മികച്ചതായി അവന്റെ ആരാധ്യനായകനെ അവന് തിരിച്ചു കിട്ടി. കനത്ത ആർപ്പ് വിളികൾ കാരണം ഇന്റർവെല്ലിന് മുന്നേ തന്നെ അവന്റെ ശബ്ദം അടഞ്ഞിരുന്നു. ക്ളൈമാക്സിനു ശേഷം മിനുട്ടുകളോളം നീണ്ടും നിന്ന കയ്യടികൾക്കപ്പുറം തിയേറ്റർ വിട്ട് പുറത്തു വന്നു സുഹൃത്തിനെ വിളിച്ചു അടഞ്ഞ ശബ്ദത്തോട് കൂടി തന്നെ പേട്ടയേ പൊക്കിപറയുമ്പോൾ ഉള്ളിൽ എവിടെയോ 18 വർഷങ്ങൾക്ക് മുന്നേ പടയപ്പ കണ്ടു സ്തംഭിച്ചിരുന്ന ആ പത്ത് വയസ്സുകാരൻ മനസ്സറിഞ്ഞു ചിരിക്കുന്ന പോലെ.

1995ലെ ഒരു പൊങ്കൽ ദിനത്തിൽ ബാഷ എന്ന ചിത്രമിറങ്ങുമ്പോൾ കാർത്തിക് സുബ്ബരാജിന് 12 വയസ്സായിരുന്നു പ്രായം. 24 വർഷങ്ങൾക്കിപ്പുറം മറ്റൊരു പൊങ്കൽ ദിനത്തിൽ തന്റെ നായകന് വേണ്ടി അയാൾ ഒരു ചിത്രമൊരുക്കുമ്പോൾ അതിനു തിരഞ്ഞെടുത്ത കഥയും ബാഷയുടെ കഥ തന്നെയായിരുന്നു. ഒരുപാട് കണ്ടു ത്രിൽ അടിച്ച ബാഷയുടെ ഒരു പുനർ അവതരണമാണ് പേട്ട. ബാഷയുടെ മാത്രമല്ല നമ്മൾ. ഇതുവരെ കണ്ട ഒരുപാട് രജനി ചിത്രങ്ങൾ പേട്ടക്ക് പ്രചോദനം ആയിട്ടുണ്ട്. ഈ ഒരു പ്രചോദനം ചിത്രം തുടങ്ങുന്നതിനു മുന്നേ തന്നെ കാർത്തിക് പ്രേക്ഷകരോട് പങ്കുവെക്കുന്നുമുണ്ട്. ആരാധകർക്ക് എന്തുവേണമെന്നു കൃത്യമായി മനസ്സിലാക്കി അതെല്ലാം കൊണ്ടുവന്നുകൊണ്ടു കൃത്യമായ ചേരുവകളിൽ തീർത്ത ഒരു ഗംഭീര ചിത്രം.

തന്റെ മറ്റു ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി റിയലിസ്റ്റിക് ആയ ഒരു അവതരണം ഉപയോഗിക്കാതെ തീർത്തും സിനിമാറ്റിക് ആയ ഒരു രജനിഫൈഡ് സാധനമാണ് കാർത്തിക് ഇത്തവണ ഒരുക്കിയിരിക്കുന്നത്. നല്ല കഥയും തിരക്കഥയും അവതരണവും സംഗീതവും കൂടെ ആ പഴയ വിന്റേജ് സൂപ്പർ സ്റ്റാറും. എവിടെയോ പോയെന്ന് കരുതിയ എനർജിയെല്ലാം ഒറ്റ പടത്തിൽ തിരിച്ചു വന്ന പോലെ തോന്നിപ്പോയി. വിജയ് സേതുപതി, നവാസുധീൻ, ബോബി സിംഹ തുടങ്ങി ഒരുപാട് മികച്ച നടന്മാർ കൂടെയുണ്ടെങ്കിലും ഒറ്റ നിമിഷം പോലും അവരെ ശ്രദ്ധിക്കാൻ പറ്റാതെ ഇരുത്തി കളഞ്ഞു തലൈവർ. അമ്മാതിരി സ്‌ക്രീൻ പ്രസൻസ്. ❤️

സിനിമയിലെ ക്ളീഷേ സ്റ്റോറിയെ കുറിച്ചും. കാർത്തിക് പങ്കു വെച്ച രാഷ്ട്രീയത്തെ കുറിച്ചു ഒന്നും ഞാൻ പറയുന്നില്ല. അതൊന്നും ആലോചിച്ചു എടുക്കാൻ പറ്റിയ ഒരു മൂഡിൽ അല്ലായിരുന്നു ഞാൻ ഈ സിനിമ കണ്ടത് എന്നതാണ് സത്യം. അതൊന്നും ആലോചിച്ചു എടുത്തുകൊണ്ടല്ല നിങ്ങളും ഈ ചിത്രം കാണേണ്ടത്.

അവസാനമായി പറയാൻ ഉള്ളത് എന്തെന്നാൽ, നിങ്ങളൊരു തലൈവർ ആരാധകൻ ആണേങ്കിൽ, പടയപ്പയും ബാഷയും ഒക്കെ കണ്ടു ഈ ചിത്രം തിയേറ്ററിൽ കാണാൻ പറ്റിയില്ലല്ലോ എന്നു ഒരിക്കൽ എങ്കിലും വിഷമിച്ചിട്ടുണ്ടെങ്കിൽ നേരെ പോയി പേട്ടക്ക് ടിക്കറ്റ് എടുത്ത് കയറു. നിങ്ങൾക്ക് വേണ്ടിയുള്ളത് ആണ് ഈ ചിത്രം. നമ്മൾക്ക് വേണ്ടിയുള്ളത് ആണ് ഈ ചിത്രം. കോടി കണക്കിന് വരുന്ന രജനി ആരാധകർക്ക് വേണ്ടി രാജനിയിടെ ഒരു ഡൈ ഹാർഡ് ഫാൻ ഒരുക്കിയ ഒരു അടിമുടി തലൈവർ വിരുന്ന്. വരുവിൻ ആസ്വദിക്കുവിൻ.

വേർഡിക്ട് : മരണ മാസ് 😍

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo