"ഡാ മാണിക്യാ.. നീയങ്ങനെ കുടിച്ചു നടന്നോ! ഇന്നെങ്കിലും ഞാൻ പറഞ്ഞ കാര്യം നടക്കുമോ?"

റാവുണ്ണി രോഷത്തോടെ ചോദിച്ചു.

"ഏനെന്തു ചെയ്യാനാ തമ്പ്ര.. കരു കിട്ടാനില്ല.. തേങ്കുറുശ്ശിയിലെ പെണ്ണുങ്ങൾ പേറു നിർത്തിയെന്നാ തോന്നുന്നെ!"

കുടിച്ചിരുന്ന റാക്ക് അപ്പുറത്ത് വെച്ചു മാണിക്യൻ പറഞ്ഞു.

"നിനക്ക് പറ്റില്ലെങ്കിൽ പറ. പണി അറിയാവുന്ന ഒടിയന്മാർ ഈ പാലക്കാട് രാജ്യത്തു വേറെയും ഉണ്ട്."

ഭീഷണി കലർന്ന സ്വരത്തിൽ രാവുണ്ണി പറഞ്ഞു.

ദേഷ്യവും വെപ്രാളവും മാണിക്യന് ഒരുമിച്ചു വന്നു. റാക്ക് കുടിച്ചു ചുവന്നിരുന്ന മുഖം കൂടുതൽ ചുവന്നു തുടുത്തു.

"അപ്പടിയൊന്നും തമ്പ്രാൻ സൊല്ല കൂടാത്.. എനൊരുവൻ ഇവിടെ ജീവനോട് നടക്കുമ്പോൾ ഒടി വെക്കാൻ ഒരു വരത്തൻ വരേണ്ടി വന്നാൽ അന്ന് ഏന്റെ മൂച്ച് നിന്നു പോയെന്ന് കൂട്ടിയാൽ മതി"

"ആ ഒരു വിചാരം നിനക്കുണ്ടായാൽ നന്നായി മണിക്യാ. പിന്നെ... "

ഒന്നു നിർത്തിയ ശേഷം ഒരു കള്ളച്ചിരിയോടെ രാവുണ്ണി തുടർന്നു.

"കരു കിട്ടാനില്ല എന്നൊന്നും നീ പറയണ്ട. നിനക്കും എനിക്കും പരിചയമുള്ള ഒരാളീ തേങ്കുറുശ്ശിയിൽ തന്നെയുണ്ട്. പഴയ കളിക്കൂട്ടുകാരി മൂന്നു മാസം ഗർഭിണി ആണെന്ന വിവരം നീ അറിഞ്ഞിട്ടില്ല എന്നു മാത്രം എന്നോട് പറയരുത്."

"തമ്പ്രാ.. പ്രഭ കൊച്ച്.."

"അതേ പ്രഭ കൊച്ചു തന്നെ.. അതെന്താടാ അവളുടെ കരുവിനു ഒടിമരുന്നുണ്ടാക്കാൻ വേണ്ട ശക്തിയില്ലേ? മുറചെറുക്കൻ ഞാനിവിടെ നിൽക്കുമ്പോൾ അവൾക്കാ പട്ടാളക്കാരൻ പ്രകാശനെ മതീന്ന്. അന്നേ ഞാൻ മനസ്സിൽ ഉറപ്പിച്ചതാണ് മാണിക്യാ. തൽക്കാലത്തേക്ക് പ്രഭ പട്ടാളക്കാരന്റെ കുഞ്ഞിൻ ജന്മം നൽകണ്ട."

"എന്നാലും തമ്പ്രാ.."

പൊടുന്നനെ രാവുണ്ണിക്ക് ദേഷ്യം ഇരച്ചു കയറി.

"ഒരെന്നാലും ഇല്ല.. രണ്ടു ദിവസത്തിനുള്ളിൽ ഞാൻ പറഞ്ഞ കാര്യം നടന്നിരിക്കണം. ഈ വെള്ളിയാഴ്ച രാത്രി കോയമ്പത്തൂരിലേക്ക് പോവുന്ന ചെട്ടിയാർ രണ്ടു കാലും കയ്യും കൊണ്ടു കോയമ്പത്തൂർ എത്താൻ പാടില്ല. അല്ല കളിക്കൂട്ടുകാരിയോടുള്ള പാസവും കെട്ടിപ്പിടിച്ചു ഇരിക്കാനാണേൽ ശനിയാഴ്ച രാവിലെ മുതൽ തേങ്കുറുശ്ശിയിലെ ഒരേ ഒരു ഒടിയനായിരിക്കില്ല മാണിക്യൻ."

ഇതും പറഞ്ഞു രാവുണ്ണി നടന്നകന്നു. മാണിക്യൻ കുറച്ചു നേരം കൂടി ആ പന ചുവട്ടിൽ ഇരുന്നു. വെയിലാറി തുടങ്ങിയിരിക്കുന്നു. ഉച്ച മുതൽ കുടിച്ചു തുടങ്ങിയ റാക്ക് അകത്തു അതിന്റെ പണി തുടങ്ങിയിട്ടുണ്ട്. ദേഹമൊക്കെ തരിച്ചു കയറുന്ന പോലെ തോന്നി മാണിക്യന്. റാവുണ്ണിയുടെ ഭീഷണി അവന്റെ മനസ്സിലേക്ക് തികട്ടി വന്നു.

അവനിവിടെ ജീവനോടെ ഇരിക്കുമ്പോൾ ഒരു വരത്തൻ ഒടിയൻ തേങ്കുറുശ്ശിയിൽ ഒടിവെച്ചു തുടങ്ങിയാൽ പിന്നെ പാലേരാറ്റിൽ ചാടി ചാവുകയെ നിവർത്തിയുള്ളൂ.

"സ്വന്തം പൈതലിനോട് ഒഴികെ മറ്റൊന്നിനോടും പാസമരുത്"

മുത്തപ്പന്റെ വാക്കുകൾ മാണിക്യന്റെ കാതിൽ മുഴങ്ങി. പ്രഭ കൊച്ചിനെ അവനൊരിക്കൽ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു. ഒരിക്കലും നടക്കില്ലെന്നറിഞ്ഞിട്ടും സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നു. പ്രഭ കൊച്ചിനും അതറിയാം. എന്നിട്ടും അവളാ പ്രകാശനെ വിവാഹം ചെയ്തു.

മാണിക്യന് തരിപ്പ് കൂടി വന്നു.

എന്തോ നിശ്ചയിച്ചു ഉറപ്പിച്ച പോലെ മാണിക്യൻ എഴുന്നേറ്റു കിഴക്ക് ദിക്കിലോട്ട് നടന്നു. റാക്കിന്റെ വീര്യം തലക്ക് പിടിച്ചിരുന്നെങ്കിലും അവന് താൻ ചെയ്യാൻ പോവുന്ന കാര്യത്തെ കുറിച്ചു പൂർണമായ നിശ്ചയം ഉണ്ടായിരുന്നു.


"ദീപം.. ദീപം"

പ്രഭ വിളക്കുമായി പുറത്തേക്ക് വന്നു. പടവുകൾ ഇറങ്ങി വടക്കു ഭാഗത്തേക്ക് നീങ്ങി നിൽക്കുന്ന അച്ഛന്റെ സമാധിയാണ് ലക്ഷ്യം. അച്ഛന്റെ മരണം മുതൽ സമാധിയിൽ അന്തിതിരി വെക്കുന്നത് പ്രഭയാണ്. അവൾക്ക് പാടില്ലാത്ത ദിവസങ്ങളിൽ മാത്രമേ ഈ ദിനചര്യക്ക് മുടക്കം വരാറുള്ളൂ.

സമാധിയുടെ ഓരം പറ്റി നിന്നിരുന്ന പടർന്ന് പന്തലിച്ച തെച്ചിയുടെ മറവിൽ മാണിക്യൻ പ്രഭയെയും നോക്കി നിന്നു. കുളിച്ചു ഈറനോടെ കയ്യിൽ നിലവിലക്കുമായി നടന്നു വരുന്ന ആ രൂപം മാണിക്യന്റെ ഉള്ളിലെ ഭാവനയെ ഉത്തേജിപിച്ചു.

അരുത്.. ഓടിവെയ്ക്കാൻ മനസ്സിൽ തീരുമാനമെടുത്തു കഴിഞ്ഞാൽ സ്ത്രീ സംസർഗത്തെ കുറിച്ചുള്ള വിചാരം പോലും അരുതെന്നാണ് ശാസ്ത്രം

അച്ഛന്റെ സമാധിക്ക് തിരിവെച്ച ശേഷം പ്രഭ കണ്ണടച്ചു പ്രാർത്ഥിക്കാൻ തുടങ്ങി. ഇതു തന്നെയാണ് അവസരം എന്നു മനസ്സിൽ കരുതിയ മാണിക്യൻ പതിയെ തെച്ചിയുടെ മറവിൽ നിന്നും പുറത്തേക്ക് വന്നു. ഒരു പൂച്ചയെ പോലെ പതിഞ്ഞ കാൽവെപ്പോടെ പ്രഭയുടെ സമീപത്തേക്ക് വന്ന മാണിക്യൻ അവളുടെ വായ പുറകിൽ നിന്നും അമർത്തി പിടിച്ചു. എന്താ സംഭവിക്കുന്നെ എന്നു ചിന്തിക്കാൻ കൂടി തുടങ്ങുന്നതിന്റെ മുന്നേ പ്രഭ മാണിക്യന്റെ കൈകളിൽ അമർന്നിരുന്നു.

മടിക്കുത്തിൽ നിന്നും എടുത്ത കാട്ടുവെള്ളരി ചാറു ഇടതു കൈകൊണ്ടു മാണിക്യൻ പ്രഭയുടെ മൂക്കിലേക്ക് നീട്ടി. രണ്ടു നിമിഷത്തിന് ശേഷം മാണിക്യൻ തന്റെ കൈകൾ മാറ്റുമ്പോൾ പ്രഭയൊരു മയക്കത്തിലേക്ക് വീണു കഴിഞ്ഞിരുന്നു.

മടിക്കുത്തിൽ നിന്നും പച്ച മുളകോൽ പുറത്തെടുത്തു മാണിക്യൻ അബോധാവസ്ഥയിൽ കിടക്കുന്ന പ്രഭക്കരികിലേക്ക് നീങ്ങി. ഉള്ളിൽ കിടക്കുന്ന റാക്കിന്റെ വീര്യമോ അതോ തനിക്ക് കിട്ടാത്ത കളിക്കൂട്ടുകാരിയോടുള്ള പകയോ അതോ മറ്റൊരു ഒടിയൻ തനിക്ക് ഭീഷണിയായി ഈ ഗ്രാമത്തിൽ വരുമെന്ന ഭീതിയോ മുളകോൽ കൊണ്ടു തോണ്ടി പ്രഭയുടെ കരു പുറത്തെടുക്കുമ്പോൾ മാണിക്യന്റെ കൈകൾ ഒട്ടും വിറച്ചിരുന്നില്ല.


"ഒന്നു വേഗമാകട്ടെ കോമപ്പാ.. തീവണ്ടി സ്റ്റേഷനിൽ എത്താൻ ഇനി അധികം സമയമില്ല"

ചെട്ടിയാർ കാളവണ്ടിക്കാരനോടായി പറഞ്ഞു.

"കാളകൾക്കെല്ലാം വയസ്സായി തേവരെ.. ഇതിൽ കൂടുതൽ അടിച്ചാൽ ഇവറ്റകൾ ചത്തു പോവും"

ചാറ്റവാറു കൊണ്ടു ഒന്നുകൂടി ആഞ്ഞടിച്ചു കോമപ്പൻ പറഞ്ഞു.

"കാളകൾക്കും വയസ്സായി.. എനിക്കും വയസ്സായി..വയസ്സാവാത്തത് രാവുണ്ണിനായരോട് ഉള്ള പകക്ക് മാത്രമാണ്"

ചെട്ടിയാർ പതുക്കെ പിറുപിറുത്തു.

"എന്നതാ തേവരെ.."

"ഒന്നുമില്ലട നീ ഒന്നു വേഗം ഒന്നു കാളയെ തെളിക്ക്.."

ഇതും പറഞ്ഞു ചെട്ടിയാർ പതുക്കെ കണ്ണടച്ചു. ഒരു ചെറിയ മയക്കത്തിലേക്ക് വീഴുന്ന നേരത്താണ് ഒരു അലർച്ച കേട്ടു ചെട്ടിയാർ ഞെട്ടി ഉണർന്നത്.

"എന്താടാ അതു?"

ഞെട്ടിയുണർന്ന ചെട്ടിയാർ കോമപ്പനോടായി ചോദിച്ചു.

"തെരിയവില്ലേ തേവരെ.. എന്തോ ഒന്ന് വണ്ടിക്ക് മുന്നിലൂടെ പാഞ്ഞു പോയി"

കോമപ്പന്റെ ശബ്ദത്തിലെ ഇടർച്ച ചെട്ടിയാർ തിരിച്ചറിഞ്ഞു.

"മൂക്ക് മുട്ടെ കള്ളും കുടിച്ചു കാളവണ്ടി തെളിക്കാൻ വന്നാൽ അങ്ങനെ ഒക്കെ തോന്നും.. മിണ്ടാതെ വണ്ടി തെളിക്കട.."

ചെട്ടിയർക്ക് ദേഷ്യം വന്നു.

കോമപ്പൻ ഒന്നും മിണ്ടാതെ ചാറ്റവാറു എടുത്തു കാളകളുടെ മേൽ ഒന്നു കൂടി അമർത്തി പ്രഹരിച്ചു. ചെറിയൊരു അമർച്ചയോടെ കാളകൾ മുന്നോട്ടു നടന്നു തുടങ്ങി.

"ഗർർർർ..."

പെട്ടെന്ന് ഒരു അലർച്ച അവിടെയെല്ലാം പ്രതിധ്വനിച്ചു. അലർച്ചയിൽ സ്തംഭിച്ചെന്ന പോലെ കാളകൾ നടത്തം നിർത്തി. ചെറിയൊരു അമർച്ചയോടെ അവ തങ്ങളുടെ ഭയം പുറത്തു കാണിക്കാൻ ശ്രമിച്ചു. ഭയം എന്ന വികാരം തന്റെ ദേഹമാസകലം അരിച്ചു ഇറങ്ങുന്നതായി ചെട്ടിയർക്ക് അനുഭവപ്പെട്ടു. പതർച്ചയോടെ അയാൾ കോമപ്പനെ വിളിച്ചു.

"കോമപ്പാ.. വണ്ടി തെളിക്കട.."

ചെട്ടിയാരുടെ ആവർത്തിച്ചുള്ള വിളികൾ കേൾക്കാതെ കോമപ്പൻ നാട്ടുവഴിയുടെ ഇടതു ഭാഗത്തേക്ക് നോക്കി സ്തംഭിച്ചിരുന്നു. മകര മാസത്തിലെ തണുപ്പ് അന്നാദ്യമായി തന്റെ നെഞ്ചിൽ വന്നു തറക്കുന്നതായി ചെട്ടിയാർക്ക് അനുഭവപ്പെട്ടു. ഭയത്തോട് കൂടിയ കണ്ണുകളാലെ ചെട്ടിയാരും കോമപ്പന്റെ കണ്ണുകൾ പോയ വഴിയിലൂടെ നാട്ടുവഴിയുടെ ഇടതുഭാഗത്തേക്ക് നോക്കി. പൊന്തക്കാട്ടിൽ നിന്നു കത്തുന്ന രണ്ടു ചുവന്ന തീ ഗോളങ്ങളിലേക്കാണ് അയാളുടെ കണ്ണുകൾ ചെന്നു പതിച്ചത്. നോക്കി നിൽക്കെ ആ തീഗോളങ്ങൾ കാളവണ്ടിയെ സമീപിക്കുന്നതായി അയാൾക്കു മനസിലായി. ഉറക്കെ നിലവിളിക്കാൻ ആഞ്ഞ അയാളുടെ ശബ്ദം തൊണ്ടയിൽ എവിടെയോ കുടുങ്ങി പോയിരുന്നു.

ആ രണ്ടു തീഗോളങ്ങൾ ഇരുട്ടിൽ നിന്നും ഇറങ്ങി വന്നു. തന്നിലേക്ക് അടുക്കുന്നതോടെ അവയുടെ രൂപം ഒന്നുകൂടി വ്യാകതമാവുന്നതായി അയാൾക്കു മനസിലായി.

ഒരു പടു കൂറ്റൻ കരിമ്പുലി.

നാക്കു പുറത്തേക്ക് ഇട്ടു ഒന്നു നക്കി നുണഞ്ഞു അവനാ കാളവണ്ടിയുടെ മുന്നിൽ വന്നു നിന്നു.

ചെട്ടിയാരുടെ ധൈര്യമെല്ലാം ആ നിമിഷം ചോർന്നുപോയിരുന്നു. കോമപ്പൻ അടുത്തിരിപ്പുണ്ട് എന്നു പോലും ആലോചിക്കാതെ അയാൾ ആ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി. ദൂരെ എവിടെയോ കൂവുന്ന ഒരു കാലൻ കോഴി തന്റെ മരണം വിളിച്ചറിയിക്കുന്നതായി അയാൾക്ക് തോന്നി. വണ്ടിയിൽ നിന്നും ചാടി ഇറങ്ങിയ അയാൾ പുറകിലേക്ക് നോക്കാതെ നാട്ടുവഴിയിലൂടെ പാഞ്ഞു. തന്റെ പുറകിൽ എന്തോ ഓടി അടുക്കുന്ന ശബ്ദം ചെട്ടിയർക്ക് വ്യക്തമായി കേൾക്കാമായിരുന്നു. ഒന്നുറക്കെ അലറി കരയാൻ വേണ്ടി അയാൾ വായ തുറന്നു. പക്ഷെ പതിഞ്ഞ ഒരു മൂളൽ മാത്രമായിരുന്നു പുറത്തു വന്നത്. പുറകിൽ കാലപാടുകളുടെ ശബ്ദം അടുത്തെത്തുന്നത് അയാൾക്ക് തിരിച്ചറിയാമായിരുന്നു. ഏതു നിമിഷവും അവ തന്റെ അരികിൽ എത്താം. ആ തണുപ്പിലും ഭയം കൊണ്ടു അയാൾ വിയർത്തിരുന്നു. കാൽ പെരുമാറ്റം തന്റെ തൊട്ടു പിന്നിൽ എത്തിയ നിമിഷം തൊണ്ട പൊട്ടിയുള്ള ഒരു അലർച്ചയോടെ ചെട്ടിയാർ ബോധം നശിച്ചു താഴെ വീണു.


"ആരുമില്ലേ ഇവിടെ.. മാണിക്ക്യോ.. "

ആരുടെയോ വിളി കേട്ടാണ് മാണിക്യൻ ഉറക്കമുണർന്നത്. ഒരു ഒടിവെക്കൽ കഴിഞ്ഞാൽ പിന്നെ രണ്ടു ദിവസം മാണിക്യൻ കുടിലിൽ തന്നെ കഴിച്ചു കൂട്ടും. അതാണ് പതിവ്. തലങ്ങും വിലങ്ങും ശരീരത്തിൽ കരിമ്പുലി കടിച്ച മുറിവുമായി ചെട്ടിയരെ കണ്ടെടുത്തിട്ടു ഇന്നേക്ക് രണ്ടു ദിവസം കഴിഞ്ഞിരികുന്നു. ഇന്നലെ വൈകുന്നേരം കോയമ്പത്തൂർക്ക് യാത്രയായ അയാൾ ഇനി തന്റെ ജീവിതത്തിൽ ഒരിക്കലും തേങ്കുറുശ്ശിയിലേക്ക് മടങ്ങി വരുമെന്ന് കരുതാൻ വയ്യ.

"ആരാ അതു?"

മാണിക്യൻ കതക് തുറന്നു പുറത്തു വന്നു. വയറ്റാട്ടി പാറുവമ്മ ആണ് പുറത്തു നിൽക്കുന്നത്.

" എന്താ പാറുവമ്മേ ഈ മൂവന്തി നേരത്തു ഒടിയകുടിലിൽ?"

ഉറക്കം കളഞ്ഞതിൽ ഉള്ള തെല്ലു നീരസത്തോടെ മാണിക്യൻ ചോദിച്ചു.

"ഞാൻ പറഞ്ഞതാ വേണ്ട എന്നു.. പക്ഷെ തമ്പ്രാട്ടിക്ക് ഇപ്പോൾ തന്നെ നിന്നെ കണ്ടേ പറ്റുള്ളൂ എന്നാ പറയുന്നേ!"

പാറുവമ്മയുടെ വാക്കുകൾ കേട്ടപ്പോൾ ആണ് മാണിക്യൻ അപ്പുറത്ത് നിന്നിരുന്ന മറ്റൊരു സ്ത്രീ രൂപത്തെ ശ്രദ്ധിക്കുന്നത്.

അതേ.. പ്രഭ കൊച്ചു തന്നെ.

"പ്രഭ കൊച്ചെന്താ ഇവിടെ.. ആളെ അയച്ചിരുന്നേൽ ഏൻ അവിടെ വന്നു കാണുമായിരുന്നല്ലോ!"

ഉള്ളിൽ വന്ന പരിഭ്രമത്തെ പുറത്തു കാണിക്കാതെ മാണിക്യൻ പറഞ്ഞു.

"എന്റെ കുഞ്ഞിനെ കൊണ്ട് പോയ ആളെ ഇവിടെ വന്നു കാണണം എന്നു തോന്നി മണിക്യാ! ."

അസ്തമയ സൂര്യന്റെ വെളിച്ചത്തിൽ പ്രഭയുടെ വെളുത്ത മുഖം ചുവന്നു തുടുത്തു കാണപ്പെട്ടു.

"മുഖം കാണിക്കാതെ വന്നു ബോധം കെടുത്തിയാൽ നിന്നെ എനിക്ക് മനസിലാവില്ലെന്നു കരുതിയോ? അഞ്ചു വയസ്സുള്ളപ്പോൾ മുതൽ ഞാൻ കാണുന്നതാണ് നിന്റെ ആ വലതു കയ്യിലെ ചെമ്പു മോതിരം. നീ എന്നെ നിശ്ശബ്ദയാക്കിയ ആ ഒരു നിമിഷത്തിലും ആ മോതിരം തിരിച്ചറിയാൻ എനിക്ക് ബുദ്ധിമുട്ടുണ്ടായില്ല."

പ്രഭ പറയുന്നത് കേട്ടു മാണിക്യൻ തല താഴ്ത്തി നിന്നു.

"എന്നാൽ നീയറിയാത്ത ഒരു സത്യമുണ്ട് മാണിക്യാ ഇതിൽ.. ആഭിചാരം ചെയ്യാൻ നീ എടുത്തു കൊണ്ട് പോയ ആ കുഞ്ഞു ആരുടേതാണെന്ന് നിനക്കറിയോ? "

കവിളിൽ കൂടെ ഇറ്റു വീണ കണ്ണുനീർ കാര്യമാക്കാതെ ഒരു നെടുവീർപ്പോടെ പ്രഭ തുടർന്നു.

"അതു നിന്റെ കുഞ്ഞായിരുന്നെട രാക്ഷസാ.."

ഇടിത്തീ പോലെ തന്റെ ചെവിയിൽ വന്നു പതിച്ച ആ വാക്കുകൾ വിശ്വസിക്കാൻ ആവാതെ മാണിക്യൻ പ്രഭയെ നോക്കി നിന്നു.

"ആദ്യ രാത്രിയിലും വേലക്കാരി അമ്മിണിയുടെ കൂടെ ഉറങ്ങാൻ തീരുമാനിച്ച ഭർത്താവിനോടുള്ള പകയോ അതോ കള്ളും കുടിച്ചു എന്റെ മുന്നിൽ വന്നു നിന്നു എന്നോടുള്ള പ്രണയം പറഞ്ഞു കരഞ്ഞ നിന്നോട് തോന്നിയ സ്നേഹമോ! ഞാൻ എന്റെ ആദ്യ രാത്രി കഴിച്ചത് പ്രകാശനോടൊപ്പമല്ല.. നിന്നോടൊപ്പമാണ്.."

കരച്ചിൽ അടക്കാൻ കഴിയാതെ പ്രഭ നിന്നു തേങ്ങി.

"നേരം വെളുത്തു ലഹരി ഇറങ്ങിയപ്പോൾ നീയെല്ലാം മറന്നു.. മറന്ന നിന്നെ അതു ഓര്മിപ്പിക്കേണ്ട എന്നു ഞാനും കരുതി. പക്ഷെ ആ കുഞ്ഞിനെ വളർത്താൻ ആയിരുന്നു എന്റെ തീരുമാനം. ആ രാത്രിയിൽ നമ്മുടെ പ്രണയത്തിന് മൂക സാക്ഷിയായി നിന്ന നിലാവിനും പിന്നെ രാവുണ്ണി ഏട്ടനും മാത്രം അറിയാവുന്ന സത്യമായിരുന്നു ഇത്."

"രാവുണ്ണി.. അയാൾക്കിത് അറിയാമായിരുന്നോ? എല്ലാം അറിഞ്ഞിട്ടാണോ അയാൾ എന്നെ കൊണ്ട് തന്നെ എന്റെ കുഞ്ഞിനെ.."

ഓർക്കുമ്പോൾ മാണിക്യന് കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി.

സൂര്യൻ അപ്പോളേക്കും അസ്തമിച്ചിരുന്നു. അസ്തമിക്കാത്ത മറ്റൊരു സൂര്യൻ പോലെ പ്രഭ ആ മുറ്റത്തു കത്തി നിന്നു.

"ഒരു കണക്കിന് നന്നായി മാണിക്യാ നീ ചെയ്തത്.. നിന്നെ പോലെ ഒരു നീച ജന്മത്തിന്റെ കുഞ്ഞിന് ജന്മം നൽകുക എന്ന പാപത്തിൽ നിന്നുകൂടിയാണ് നീ എന്നെ രക്ഷിച്ചത്."

ഇത്രയും പറഞ്ഞു ഒന്നാട്ടി തുപ്പി പ്രഭ ആ മുറ്റത്തു നിന്നും തിരിഞ്ഞു നടന്നു. കേട്ട സത്യങ്ങളുടെ ഞെട്ടലിൽ നിന്നും മാറാതെ ഒന്നു കരയാൻ പോലുമാവത്തെ മാണിക്യൻ ഒരു പ്രതിമ കണക്കെ അവിടെ തന്നെ നിന്നു.


തങ്കമണി വാരസ്യാരുടെ വീട്ടിൽ നിന്നും പതിവ് പോലെ രാവുണ്ണി നായർ യാത്ര പറഞ്ഞിറങ്ങി. ടോർച് കത്തിട്ടുണ്ടെലും വഴിയിൽ വെളിച്ചം കുറവാണെന്നു തോന്നി അയാൾക്ക്. മകരമാസത്തെ മരം കോച്ചുന്ന ഈ തണുപ്പിൽ ഈ അമാവാസി ദിനത്തിൽ സ്ഥിരം നടക്കാറുള്ള വഴിയായിട്ടു പോലും എന്തോ വ്യത്യാസം തോന്നുന്നു. നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്. ചിലപ്പോൾ മഴക്കുള്ള കോളായിരിക്കും. പോറ്റാലിലേക്കുള്ള ഇടവഴി കയറിയപ്പോൾ അടുത്തുള്ള പൊന്തയിൽ എന്തോ ഒരു ഇളക്കം കണ്ട പോലെ തോന്നി അയാൾക്ക്. "ആരാടാ അവിടെ?" എന്ന ചോദ്യത്തോടെ രാവുണ്ണി തന്റെ ടോർച് ഇളക്കം കണ്ട ദിക്കിലേക്ക് സൂക്ഷിച്ചു അടിച്ചു.

ടോർച്ചിന്റെ ആ പ്രകാശത്തിൽ തിളങ്ങുന്ന രണ്ടു കണ്ണുകൾ ആണ് രാവുണ്ണിയേ വരവേറ്റത്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവുനത്തിന് മുന്നേ പൊന്തയിൽ നിന്നും ചാടി വന്ന ഒരു കരിമ്പുലി രാവുണ്ണിയേയും കടിച്ചെടുത്തു കൊറ്റൻ മലയിലേക്കുള്ള വഴിയേ ഓടി മറഞ്ഞു.

രാവുണ്ണി നായരേയേയും കടിച്ചെടുത്തു മലകയറി പോയ ഒടിയൻ മാണിക്യനെ ആ ഗ്രാമത്തിൽ ആരും പിന്നീട് കണ്ടിട്ടില്ല. എന്നാൽ ഇന്നും നിലാവുള്ള തേങ്കുറുശ്ശി രാത്രികളിൽ പാലേറ് ആറ്റിലെ ഓളങ്ങൾ തഴുകികൊണ്ടു കടന്നു പോവുന്ന ഒരു കരിമ്പുലിയുടെ ഗർജനം പ്രഭയുടെ കാതുകളിൽ വന്നു പതിക്കാറുണ്ടെത്രെ.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo