"മേരി ടീച്ചറെ ഏതു റൂമിൽ ആണ് കിടത്തിയിരിക്കുന്നെ?"

മനസ്സിലുള്ള എല്ലാ വെപ്രാളവും എഡ്‌ഢിയുടെ ചോദ്യത്തിൽ പ്രതിഫലിച്ചിരുന്നു. താൻ പറഞ്ഞത് ശ്രദ്ധിക്കാതെ എന്തോ ഫയലിൽ കുത്തിക്കുറിച്ചുകൊണ്ടിരുന്ന റിസപ്‌ഷൻ ഗേളിനെ നോക്കി എഡ്‌ഢി പല്ലു കടിച്ചു.

"എവിടെയാടി എന്റെ അമ്മയെ കിടത്തിയിരിക്കുന്നത്?"

രണ്ടാമത്തെ ചോദ്യത്തിലെ ദേഷ്യത്തിന്റെ ചൂട് റിസപ്‌ഷൻ ഗേളിന് മനസ്സിലായെന്നു തോന്നുന്നു. താൻ ചെയ്തു കൊണ്ടിരുന്ന പണി പെട്ടെന്ന് നിർത്തി അവൾ പേടി കലർന്ന മുഖത്തോടെ മുന്നിൽ നിൽക്കുന്ന ആളെ നോക്കി. കൊച്ചിയെ അടക്കി ഭരിക്കുന്ന കുരിശിങ്കൽ ബ്രദേഴ്സിലെ രണ്ടാമനാണ് തന്റെ മുന്നിൽ നിൽക്കുന്നതെന്ന തിരിച്ചറിവിൽ അവളുടെ പല്ലുകൾ കൂട്ടിയിടിച്ചു സ്വതവേ വെളുത്ത മുഖം ഭയം മൂലം ഒന്ന് കൂടി വിളറി വെളുത്തു.

"എഡ്‌ഢി ഇങ്ങു വന്നേ! ടീച്ചർ അങ്ങു മുകളിലെ നിലയിലാ!"

ഷംസു വന്നു എഡ്‌ഢിയുടെ കൈ പിടിച്ചു. റിസപ്‌ഷൻ ഗേളിനെ ഒന്നു കൂടി തറപ്പിച്ചു നോക്കിയ ശേഷം എഡ്‌ഢി ഷംസുവിന്റെ കൂടെ നടന്നു.

"മട്ടാഞ്ചേരിയിലെ മാർക്കോയും പിള്ളേരുമാണ് ടീച്ചറെ ഇവിടെ എത്തിച്ചത്. മട്ടാഞ്ചേരിൽ വെച്ചാണ് സംഭവം നടന്നത്. അവന്മാർ വിളിച്ചു പറയുമ്പോൾ ആണ് ഞാനും വിവരം അറിഞ്ഞത്"

ഷംസു പറഞ്ഞു തുടങ്ങി.

"ആര്? എന്തിന്? ഈ രണ്ടു ചോദ്യത്തിനുമുള്ള ഉത്തരമാണെനിക്ക് കിട്ടേണ്ടത് ഷംസു"

ഷംസു ആദ്യം പറഞ്ഞതൊന്നും ശ്രദ്ധിക്കാത്ത പോലെ എഡ്‌ഢി പറഞ്ഞു.

"അതു പിന്നെ എഡ്‌ഢി ഭായ്.. ടീച്ചറെ ഇടിച്ചിട്ടു പോയത് മുണ്ടൻ സേവിയുടെ ആ ചുവപ്പ് വാൻ ആണെന്നാണ് മാർക്കോ പറയുന്നത്'

എഡ്‌ഢി ഒന്നു നിന്നു. ഷംസുവിന്റെ ഒന്നു തറപ്പിച്ചു നോക്കി വീണ്ടും മുന്നോട്ട് നടന്നു. എഡ്‌ഢിയുടെ മനസ്സിൽ എന്താണെന്ന സംശയവും പേറി ഷംസു അവനു പിന്നാലെയും. എന്താണ് എഡ്‌ഢി ചെയ്യാൻ പോവുന്നതെന്ന സംശയം ഷംസുവിന്റെ മനസിൽ ഒരു ചോദ്യമായി കിടന്നിരുന്നു. എന്നാൽ കൂടെ നടക്കുന്നവർക്ക് തന്റെ ഹൃദയ മിടിപ്പ് പോലും കേൾക്കാവുന്ന തരത്തിൽ ദേഷ്യം കൊണ്ടു തിളച്ചു മറിഞ്ഞു നടക്കുന്ന എഡ്‌ഢിയോട് അതു നേരിട്ടു ചോദിക്കാൻ ഷംസു ഭയപ്പെട്ടു. പൊടുന്നനെ ഷംസുവിന് ഒരു കാര്യം ഓർമ വന്നു.

"ബിലാലിക്കാനെ അറിയിച്ചോ?"

"വിവരമറിയിച്ചിട്ടുണ്ട്.. അവൻ ഇന്ന് രാത്രി എത്തും"

ഷംസുവിന്റെ നേരെ തിരിയാതെ തന്നെ എഡ്‌ഢി മറുപടി പറഞ്ഞു.

"ബിലാലിക്ക ഇന്ന് രാത്രി കൊച്ചിയിൽ എത്തുന്നു. അപ്പോൾ നാളെ മുതൽ ഇവിടുത്ത കബറുകൾ മയ്യത്ത് കൊണ്ടു നിറയാൻ പോവുന്നു."

ഷംസു മനസ്സിലോർത്തു.

➖➖➖➖ 🔶 ➖➖➖➖

"ട്രിണീം ട്രിണീം.."

നൂറിന് മുകളിൽ വേഗതയിൽ പാഞ്ഞു പോവുന്ന സ്കോർപിയോവിൽ ഇരുന്നു ബിലാലിന്റെ ഫോണ് ബെല്ലടിച്ചു. ഒരു സ്വർണ കുരിശു മോതിരം അണിഞ്ഞ ബലിഷ്ഠമായ കൈകൾ ഫോണ് എടുത്തു ലൗഡ് സ്പീക്കറിൽ ഇട്ടു മുന്നിലെ ഡാഷ് ബോർഡിലേക്ക് വെച്ചു.

"ബിലാലെ.. എത്താറായോ?"

എഡ്‌ഢിയാണ് ഫോണിൽ. അവന്റെ ശബ്ദത്തിലെ പതർച്ച ബിലാൽ തിരിച്ചറിഞ്ഞു.

"അമ്മ പറയുന്നത്.."

ഒന്നു നിർത്തിയ ശേഷം എഡ്‌ഢി തുടർന്ന്.

"അമ്മ പറയുന്നത് നീ ഇപ്പോൾ ഇങ്ങോട്ടു വരേണ്ട എന്നാ! അന്വേഷണമെല്ലാം പോലീസ് നോക്കിക്കോളും"

തിരിച്ചു മറുപടിയൊന്നും വരുന്നില്ലെന്ന് കണ്ട എഡ്‌ഢി ഒന്നു കൂടി വിളിച്ചു.

"ബിലാലെ..?"

"കുരിശിങ്കലെ എഡ്‌ഢി എന്നു മുതൽക്കാണ് കുറുബ്ബാന ചൊല്ലാൻ പോലീസിനെ ഏൽപ്പിച്ചു തുടങ്ങിയത്?"

കനത്ത ശബ്ധത്തിൽ നിർവികാരമായി ബിലാൽ ചോദിച്ചു.

"അതല്ല ബിലാലെ.. അമ്മ പറയുന്നത്.."

"നീ അവരെ അമ്മയെന്നു വിളിച്ചതിനെക്കാൾ കൂടുതൽ ഞാൻ അവരെ ടീച്ചറെന്നു വിളിച്ചിട്ടുണ്ട്... ഈ മാമ്മോദീസക്ക് ഞാൻ ഒറ്റക്ക് തലതൊട്ടപ്പൻ ആയിക്കോളാ!"

എഡ്‌ഢിയെ മുഴുമിപ്പിക്കാൻ സമ്മതിക്കാതെ ബിലാൽ പറഞ്ഞവസാനിപ്പിച്ചു. എഡ്‌ഢിയുടെ മറുപടിക്ക് കാത്തു നിൽക്കാതെ ബിലാൽ ഫോണ് ഓഫ് ചെയ്തു സൈഡ് സീറ്റിലേക്ക് എറിഞ്ഞു. ആരോടോ ഉള്ള ദേഷ്യം പോലെ ആസിലേറേറ്ററിൽ ആഞ്ഞു ചവുട്ടി. മുന്നിൽ ഉള്ള വാഹനങ്ങളെ ബഹുദൂരം പിന്നിൽ ആക്കികൊണ്ടു ആ സ്‌കോർപിയോ കൊച്ചിയെ ലക്ഷ്യമാക്കി കുതിച്ചു.

➖➖➖➖ 🔶 ➖➖➖➖

"ഓടിയിട്ടു കാര്യമില്ല സേവി! എനിക്ക് വേണ്ടത് കിട്ടാതെ ഞാനിവിടെ നിന്നും പോവില്ല... നീയും"

മുന്നിൽ നിന്നു ശ്വാസമെടുക്കാൻ പാടുപെട്ടു കിതക്കുന്ന മുണ്ടൻ സേവിയെ നോക്കി ബിലാൽ പറഞ്ഞു. രണ്ടു കിലോമീറ്റർ നിർത്താതെ തന്നെ ഓടിച്ച ബിലാലിന്റെ ശ്വാസമിടിപ്പിൽ നേരിയ വ്യത്യാസം പോലും വന്നിട്ടില്ലെന്ന് കണ്ട സേവി അത്ഭുതപ്പെട്ടു.

"അല്ല ബിലാൽ ഭായ്. സെബാട്ടിയാണ് എല്ലാം തീരുമാനിക്കുന്നെ! സൈമൻ ആണ് അവനു വേണ്ടി തീരുമാനം നടപ്പിലാക്കുന്നെ! ഞങ്ങൾക്ക് ആർക്കും വലിയ റോളൊന്നും ഇല്ല ഭായ് ഇതിൽ."

കിതച്ചുകൊണ്ടു തന്നെ മുണ്ടൻ സേവി പറഞ്ഞൊപ്പിച്ചു.

"വലിയ റോൾ വേണ്ട.. ചെറിയ റോൾ മതി."

ബിലാൽ വിടുന്ന ലക്ഷണമില്ലെന്ന് കണ്ട സേവി തുടർന്നു.

"കൊച്ചിയിലെ പിള്ളേരെ കൊണ്ടു പിച്ചയെടുപ്പിക്കുന്ന ഗാങ് മുഴുവൻ കൈപിടിയിലാക്കാൻ ആണ് സെബാട്ടിയുടെ മോഹം.. ടീച്ചറതിന് ഒരു തടസമാവുമെന്നു കണ്ടതുകൊണ്ടാണ് അവൻ ടീച്ചറെ തീർക്കാൻ പ്ലാൻ ഇട്ടത്."

ബിലാലിനെ കൈ മുഷ്ടി ചുരുളുന്നത് കണ്ടപ്പോൾ ആണ് പറഞ്ഞതിലെ അബദ്ധം സേവിക്ക് മനസിലായത്. ചുരുട്ടിയ മുഷ്ടിയിലേക്ക് രക്തം ഇരച്ചു കയറുന്നത് സേവിക്ക് അറിയാൻ ആവുന്നുണ്ട്. ഉച്ച വെയിലിൽ ബിലാലിന്റെ കയ്യിൽ കിടക്കുന്ന സ്വർണ കുരിശ് മോതിരം വെട്ടി തിളങ്ങി.

"ബിലാലിക്ക.. തീർക്കാൻ പ്ലാൻ ഉണ്ടായിരുന്ന വിവരം എല്ലാം കഴിഞ്ഞ ശേഷമാണ് ഞങ്ങൾ അറിഞ്ഞത്.. തീരുമാനിച്ചത് സെബാട്ടിയാണ്.. നടത്തിയത് സൈമണും..!"

ഒറ്റ ശ്വാസത്തിൽ സേവി പറഞ്ഞൊപ്പിച്ചു.

"നിനക്കിതിലുള്ള പങ്കെന്താ?"

സാത്താനെ മുന്നിൽ കണ്ട പോലെ സേവി നിന്നു വിറച്ചു.

"സൈമണ് എന്റെ വണ്ടി എടുത്തോണ്ട് പോയെന്നത് നേരാണ്.. പക്ഷെ പോയത് ഇതിനാണെന്നു എനിക്ക് അപ്പോൾ അറിയില്ലാർന്നു ബിലാൽ ഭായ്.. എന്റെ കൊച്ചുങ്ങൾ ആണേ സത്യം."

ഒന്നും മിണ്ടാതെ സേവിയെ ഒന്നു തറപ്പിച്ചു നോക്കി ബിലാൽ തിരിഞ്ഞു നടന്നു. കിതപ്പ് മാറിയിട്ടില്ലായിരുന്ന സേവി അവിടെ തന്നെ ഇരുന്നു. ഒന്നുറക്കെ ശ്വാസം വലിച്ച ശേഷം മുന്നിൽ നടന്നു പോവുന്ന ബിലാലിനോടായി വിളിച്ചു പറഞ്ഞു.

"കൊച്ചി കയ്യിൽ കിട്ടാതെ സെബാട്ടി അടങ്ങില്ല ബിലാൽ ഭായ്"

ബിലാൽ നടത്തം നിർത്തി. ഒന്നു മുഖം തിരിച്ചു സേവിയോടായി പറഞ്ഞു.

"കൊച്ചിയൊന്നും അവനു വിട്ടു കൊടുക്കാൻ പറ്റില്ല..വേണേൽ കൊച്ചി കായൽ എടുത്തോട്ടെ!."

ഒന്നു നിർത്തി ബിലാൽ തുടർന്നു.

"അതുമൊരു മൂന്ന് ദിവസത്തേക്ക് മാത്രം."

➖➖➖➖ 🔶 ➖➖➖➖

"പട്ടാപകൽ മട്ടാഞ്ചേരി ടൗണിൽ ഇട്ടു ആ സൈമണെ പണിയേണ്ട എന്തു തിരക്കായിരുന്നു നിനക്ക്?"

ആലോചിക്കുന്തോറും എഡ്‌ഢി ദേഷ്യംകൊണ്ട് വിറച്ചു.

"സമയവും സ്ഥലവും നോക്കി വെഞ്ചരിക്കാൻ ഞാൻ പുരോഹിതനല്ല എഡ്‌ഢി"

സ്വതവേ ഉള്ള നിർവികാരതയോടെ തന്നെ ബിലാൽ മറുപടി പറഞ്ഞു.

എഡ്‌ഢി ഒന്നും പറഞ്ഞില്ല. ഒന്നും മിണ്ടാതെ ബിലാലിനോട് അകത്തേക്ക് കയറാൻ ആംഗ്യം കാണിച്ചു. അകത്തെ ഹാളിൽ അമ്മ ഇരിപ്പുണ്ട്. രണ്ടു ആഴ്ചത്തെ റിമാന്റിന് ശേഷം ജാമ്യം കിട്ടിയുള്ള വരവാണ് ബിലാൽ. സൈമൻ തീർന്നിരിക്കുന്നു പക്ഷെ സെബാട്ടി ഇനിയും ബാക്കി.

കുരിശിങ്കൽ തറവാട്ടിലെ പടികൾ എപ്പോൾ കയാറുമ്പോളും ബിലാലിന്റെ കണ്ണു നിറയും. ബിലാൽ എന്ന പേരു മാത്രം കയ്യിലുണ്ടായിരുന്ന തെണ്ടി ചെറുക്കന് കഴിക്കാൻ ഭക്ഷണവും ഉടുക്കാൻ തുണിയും അഭിമാനത്തോടെ വിളിച്ചു പറയാൻ കുരിശിങ്കൽ എന്ന വീട്ടുപേരും തന്ന സ്ഥലമാണിവിടം.

അതിനേക്കാൾ ഉപരി പാതിരാത്രി കോഴിക്കടക്കാരൻ സമദിന്റെ കൈകൾ തന്റെ തുടകളിൽ ഉരയുന്നുണ്ടെന്ന തോന്നലിൽ ഞെട്ടിയുണർന്നു പൊട്ടി കരയുമ്പോൾ കെട്ടി പിടിച്ചു ആശ്വസിപ്പിക്കാനും പുലരുവോളം കൂട്ടിരിക്കാനും മേരി ടീച്ചറെന്ന അമ്മയെ തന്ന വീട്.

പിന്നെയൊരുന്നാൾ മേരി ടീച്ചറോട് പോലും പറയാതെ കൊണ്ടോട്ടിയിലേക്ക് വണ്ടി കയറിയത് പത്തുകൊല്ലത്തോളം തന്നെ അലട്ടിയ ദുസ്വപ്നത്തിനു പരിഹാരം കാണാനായിരുന്നു. ഇടികട്ടക്ക് ഇടിച്ചു വീങ്ങിച്ച ശരീരവുമായി സമദിന്റെ മൃതദേഹം കൊണ്ടോട്ടി ടൗണിൽ നിന്നും കണ്ടെടുത്തത്തിൽ പിന്നെ ബിലാലിന് രാത്രികളിൽ ദുസ്വപ്നം കാണേണ്ടി വന്നിട്ടില്ല.

"ബിലാലെ.."

മേരി ടീച്ചറുടെ വിളി ബിലാലിനെ ഓർമകളിൽ നിന്നുണർത്തി. എത്ര ദേഷ്യം ഉള്ളിൽ ഉണ്ടേലും മേരി ടീച്ചർ തന്റെ പേര് വിളിക്കുന്നത് അത്രയും ശാന്തമായി സ്നേഹത്തോടെ ആയിരിക്കും. മുന്നിൽ ഒരു കസേരയിൽ ടീച്ചർ ഇരിപ്പുണ്ട്. കൈ കാലുകളിൽ പ്ലാസ്റ്റർ ഇട്ടിരിക്കുന്നു.

ബിലാൽ ഒന്നും പറയാതെ മുന്നോട്ടു കയറി നിന്നു.

"നിന്നെ ഈ വീട്ടിൽ ഇനി കയറ്റേണ്ടതില്ലെന്നായിരുന്നു എന്റെ തീരുമാനം - പക്ഷെ"

ഒന്നു നിർത്തി മേരി ടീച്ചർ തുടർന്നു.

"നിന്നെ ഒന്നു അവസാനമായി കാണണമെന്നും ചിലത് പറയണമെന്നും തോന്നി"

"കഴിഞ്ഞ രണ്ടു ദിവസമായി വാർത്തകളിൽ മൊത്തം നമ്മുടെ കുടുംബ പേരാണ്.. കൊച്ചി ഭരിക്കുന്ന കുരിശിങ്കൽ ബ്രദേഴ്‌സ്.."

ബിലാൽ ഒന്നും പറയാതെ കേട്ടു നിന്നു. ടീച്ചർ തുടർന്നു.

"എന്റെ അപ്പന്റെ പേരു കൂടിയാണ് നിങ്ങൾ ഈ ചീത്തയാകുന്നത്.. എല്ലാം നിർത്തിയെന്നു എന്നോട് സത്യം ചെയ്തു പറഞ്ഞ എഡ്‌ഢിയെ കൂടി അവർ വാർത്തകളിൽ വലിച്ചിഴക്കുന്നു"

"ഇന്നലെ സെലീന ഇവിടെ വന്നിരുന്നു.. എഡ്‌ഢിയെ ഇതിൽ നിന്നെല്ലാം ഒഴിവാക്കി കൊടുക്കണമെന്ന് എന്നോട് സങ്കടം പറയാൻ വന്നതാണ് അവൾ. അതുകൊണ്ടു ഞാനൊരു കാര്യം തീരുമാനിച്ചു."

ഒരു നെടുവീർപ്പോടെ ടീച്ചർ പറഞ്ഞു.

"ബിലാലിനി കുരിശിങ്കൽ തറവാട്ടിൽ വേണ്ട. തെരുവിൽ നിന്നും എടുത്തതാണ് ഞാൻ നിന്നെ! നിനക്ക് ആ തെരുവ് തന്നെയാണ് വേണ്ടതെങ്കിൽ അങ്ങോട്ടു തന്നെ ഞാൻ നിന്നെ മടക്കി അയക്കുന്നു."

അവസാന വാക്കുകൾ പറഞ്ഞപ്പോൾ ടീച്ചറിന്റെ ശബ്ദം ഒന്നു പതറിയ പോലെ ബിലാലിന് തോന്നി. ഒന്നു നിർത്തി ടീച്ചർ തുടർന്നു.

"മുരുകനും ഇപ്പോൾ നിന്റെ പാത എടുത്തു തുടങ്ങിയിരിക്കുന്നു. എനിക്കെന്റെ മക്കൾ എനിക്ക് വേണ്ടി കൊല്ലാനും ചാവാനും നടക്കുന്നത് കാണാൻ വയ്യ. എല്ലാവർക്കും നല്ലതിന് വേണ്ടിയാണ് ഞാൻ ഈ തീരുമാനം എടുത്തത്."

ബിലാലിന് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു.

"ഈ നശിച്ച നാട് നേരെയാക്കാം എന്ന ടീച്ചറിന്റെ വിശ്വാസത്തിനു ഒപ്പം നിന്നത്കൊണ്ടാണ് ഞാൻ ഇതൊക്കെ ചെയ്തത്.. സൈമണെയും സെബാട്ടിയെയും ജീവനോടെ വിട്ടാൽ ഇന്നല്ലെങ്കിൽ നാളെ അവർ നമ്മളെ ഓരോരുത്തരെ ആയി തിരഞ്ഞു വരും. നമ്മൾ ഒടുങ്ങിയാൽ പിന്നെ കൊച്ചി അവനുള്ളതാണ്. മൂന്നും നാലും വയസ്സുള്ള പിഞ്ചു കുഞ്ഞുങ്ങളെ വരെ കണ്ണു കളഞ്ഞും കയ്യും കാലും തല്ലിയൊടിച്ചും അവർ പിച്ചയെടുക്കാൻ വിടും."

ബിലാലിന്റെ ദേഷ്യം മുഴുവൻ ആ വാക്കുകളിൽ ഉണ്ടായിരുന്നു. തന്റെ ജീവിതത്തിൽ ഒരിക്കലും താൻ മേരി ടീച്ചറോട് ഇങ്ങനെ കയർത്തു സംസാരിച്ചിട്ടില്ല എന്നു ബിലാൽ ഓർത്തു. പക്ഷെ ഇന്ന് തനിക്ക് കരച്ചിൽ വരുന്നുണ്ട്. ബിലാൽ കരയാൻ പാടില്ല. കരയാതെ ഇരിക്കാൻ ഉള്ള ഏറ്റവും എളുപ്പമുള്ള പോംവഴി ദേഷ്യപ്പെടുകയാണ്.

ടീച്ചർ ഒന്നും പറഞ്ഞില്ല. ആ മുഖത്തു ദേഷ്യമോ വിഷമമോ ഒന്നും ബിലാൽ കണ്ടില്ല. ഒന്നു കൂടി ബിലാലിനെ നോക്കിയ ശേഷം ടീച്ചർ പുറത്തു നിൽക്കുന്ന എഡ്‌ഢിയോടായി വിളിച്ചു പറഞ്ഞു.

"എഡ്‌ഢി, ഇവനെ എവിടെ ആണെന്നു വെച്ചാൽ കൊണ്ടു പോയി ആക്കി കൊടുക്ക്. എന്നിട്ടു ഈ ജന്മത്തിലെ പാപങ്ങൾ എല്ലാം കഴുകി കളഞ്ഞു ഒന്നു കുമ്പസാരിച്ച ശേഷം ഈ വീട്ടിലേക്ക് മടങ്ങി വാ! ഞാൻ അച്ഛനെ വിളിച്ചു പറഞ്ഞോളാം! നേരമെത്ര വൈകിയാലും കുമ്പസാരിച്ച ശേഷം നീ ഈ വീട്ടിൽ കയറിയാൽ മതി."

ബിലാൽ ഒന്നും പറയാതെ തിരിഞ്ഞു നടന്നു. ഇത്തിരി നടന്ന ശേഷം ഒന്നു തിരിഞ്ഞു ബിലാൽ ടീച്ചറിനോടായി പറഞ്ഞു.

"സാത്താന്മാരെ കൊണ്ടു നിറഞ്ഞ ഭൂമിയിൽ എല്ലാവർക്കും ദൈവമായി ജീവിക്കാൻ പറ്റിയെന്നു വരില്ല ടീച്ചറെ.. "

ഒന്നു നിർത്തി ഉറച്ച ശബ്ദത്തോടെ ബിലാൽ തുടർന്ന്.

"...എഡ്‌ഢിയിവിടെ ദൈവമായി ജീവിക്കട്ടെ... സാത്താനായി ബിലാൽ പുറത്തുണ്ട്."

➖➖➖➖ 🔶 ➖➖➖➖

അന്ന് രാത്രി മൂന്നു പ്രധാനപ്പെട്ട കാര്യങ്ങൾ കൊച്ചിയിൽ സംഭവിച്ചു.

ഒന്ന് : ടീച്ചറിന്റെ വാക്കിനു വിലകല്പിച്ച ബിലാൽ എന്നന്നേക്കുമായി കൊച്ചി വിട്ടു.

രണ്ട് : പാതിരാത്രിക്ക് അച്ഛനെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി എഡ്‌ഢി ജീവിതത്തിൽ ആദ്യമായി കുമ്പസാരിച്ചു.

രണ്ട് : മട്ടാഞ്ചേരി ഡിസ്കോ ബാറിൽ മദ്യപാനത്തിനിടെ മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയ സെബാട്ടി പിന്നീട് ഒരിക്കലും മടങ്ങി വന്നില്ല.

മൂന്നാം നാൾ കായൽ തീരത്തു നിന്നും സെബാട്ടിയുടെ മൃതദേഹം കണ്ടെടുക്കുമ്പോൾ മീൻ കൊത്തി പറിച്ച നെഞ്ചിൽ അപ്പോളും തെളിഞ്ഞു കാണാമായിരുന്നു കല്ലച്ചു കിടക്കുന്ന ഒരു കുരിശു മുദ്ര.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo