പേരൻപ് ❤️

ജീവിതമാവുന്ന പുസ്തകത്തിൽ ഒരിക്കൽ കൂടി മറിച്ചു നോക്കാൻ ഇഷ്ടപ്പെടാത്ത ചില താളുകൾ ഉണ്ടാവും എല്ലാവർക്കും. ചില വ്യക്തികൾ, സ്ഥലങ്ങൾ, ചില നിമിഷങ്ങൾ.. വെറുതെ ഒരു തവണ മറിച്ചു നോക്കിയാൽ കൂടി അതിന്റെ പൂർണത നഷ്ടപ്പെടുമെന്ന് നമ്മൾ ഭയപ്പെടുന്ന ചില ഏടുകൾ. ഉറക്കം വരാതെ കിടക്കുന്ന ഒരു മഞ്ഞു കാല രാത്രിയിൽ ഭൂതകാലത്തേക്ക് എത്തിനോക്കാൻ പോവുന്ന മനസ്സിൽ നിന്നും നമ്മൾ വേണമെന്ന് വെച്ചു മറച്ചു പിടിക്കുന്ന ചില ഏടുകൾ. എന്റെ കാര്യമെടുത്താൽ ഈ ഏടുകളിൽ പലതും നിറഞ്ഞിരിക്കുന്നത് സിനിമകൾ കൊണ്ടാണ്. ഭ്രമരം, ഓൾഡ് ബോയ്‌ തുടങ്ങി എണ്ണമറ്റ ചിത്രങ്ങളാൽ നിറഞ്ഞ ആ ലോകത്തേക്ക് പുതിയതായി എത്തിയ അന്തേവാസിയാണ് പേരൻപ്. അതേ ഈ ചിത്രം ഇനിയൊരിക്കലും രണ്ടാമത് ഒരു തവണ കൂടി കാണാൻ എനിക്കാവില്ല.

12 അധ്യായങ്ങളിൽ ആയി അമുധവൻ തന്റെ കഥ പറഞ്ഞു തരുന്നതാണ് പേരൻപ്. പ്രകൃതിക്ക് എല്ലാവരും തുല്യരാണ്. തുല്യരെന്നു പറയുമ്പോൾ ഒരേ രീതിയിൽ പ്രകൃതിയോട് ഇടപെടാനുള്ള സാഹചര്യമാണ് ഓരോ മനുഷ്യനും പ്രകൃതി ഒരുക്കികൊടുക്കുന്നത്. ഇടപെടാൻ ഉള്ള കഴിവ് പക്ഷെ ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കും. പ്രകൃതിയുടെ ഈ പക്ഷപാതത്തിൽ നിന്നും കഥ പറഞ്ഞു തുടങ്ങുന്ന അമുധവൻ തന്റെ കഥയുടെ ആദ്യ അധ്യായത്തിനു ഇടുന്ന പേരും അതു തന്നെയാണ്. "ദയ ഇല്ലാത്ത പ്രകൃതി". ദയയില്ലാത്ത പ്രകൃതിയിൽ നിന്നും "പരസ്പര സ്നേഹത്തിന്റെ പ്രകൃതിയെന്ന" 12ആം അധ്യായത്തിലേക്ക് എത്തുമ്പോൾക്കും അമുധവൻ പറഞ്ഞു തീർക്കുന്നത് അയാളുടെയും മകൾ പാപ്പയുടെയും ജീവന്റെയും ജീവിതത്തിന്റെയും അതിജീവനത്തിന്റെ കഥയാണ്.

തൊട്ടാൽ പൊള്ളുന്ന ഒരു വിഷയത്തെ എടുത്തു അതിന്റെ എല്ലാ ആഴങ്ങളിലും ചെന്നു അന്വേഷണം നടത്തുകയാണ് സംവിധായകൻ റാം. ലൈംഗീകത എന്ന വാക്കു ഉച്ചരിക്കാൻ കൂടെ മടി കാണിക്കുന്ന ഇന്ത്യൻ സമൂഹത്തോട് അതൊരു അശ്ലീലം അല്ലെന്നും ഒരു "ബോഡി നീഡ്" ആണെന്നും വിളിച്ചു പറയുകയാണ് പേരൻപ്. പ്രായപൂർത്തിയായ ശരീരത്തിൽ പ്രായത്തിന് പിടി കൊടുക്കാത്ത മനസ്സുമായി ജീവിക്കുന്ന ആളുകളെ കാണുമ്പോൾ, അവരുടെ പ്രാഥമിക കർമങ്ങൾ ഉൾപ്പടെ എല്ലാം ചെയ്‌തു കൊടുക്കുന്ന മാതാപിതാക്കളെ കാണുമ്പോൾ എനിക്ക് പല തവണ മനസ്സിൽ തോന്നിയ ഒരു കാര്യമുണ്ട്. വെള്ളവും ഭക്ഷണവും ശ്വാസവായുവും പോലെ മനുഷ്യന് പ്രാഥമിക ആവശ്യങ്ങളിൽ ഒന്നാണ് ലൈംഗീകതയും. ബുദ്ധി വികസിക്കാത്ത പൂർണ വളർച്ചയെത്തിയ ഒരു മനുഷ്യ ശരീരം ഈ ആവശ്യം നിറവേറ്റാൻ ശ്രമിക്കുന്നത്‌ എങ്ങനെയായിരിക്കുമെന്ന്. ?

കാലാകാലങ്ങൾ കൊണ്ടു സിനിമ സമൂഹത്തിൽ സൃഷ്ടിച്ച ഒരുപാട് മുൻ മാതൃകകളെ തകർത്തെറിയുന്നുണ്ട്‌ പേരൻപ്. ട്രാൻസ്ജെന്ഡർ ആയ ഒരാളെ ഡാൻസ് മാസ്റ്റർ ആയും സെക്‌സ് വർക്കർ ആയും നയന സുഖത്തിനോ തമാശയെന്നു പേരിട്ടു വിളിക്കുന്ന ബോഡി ഷെയിമിംഗ് വൃത്തികേടുകൾക്കോ മാത്രമായി ഉപയോഗിച്ചു കണ്ടിട്ടുള്ള സിനിമകളിൽ നിന്നും ബഹുദൂരം മുന്നിലാണ് പേരൻപ്. സെക്‌സ് വർക്കർ ആയി ഒരു ട്രാൻസ്ജെന്ഡറിനെ കണ്ടപ്പോൾ സംവിധായകനെ ഒരു നിമിഷത്തേക്ക് എങ്കിലും സംശയിക്കേണ്ടി വന്നതിൽ എനിക്ക് ഇപ്പോൾ കുറ്റബോധമുണ്ട്. മീര എന്ന ആ കഥാപാത്രത്തിന്റെ ആഴവും പരപ്പും സിനിമയിലെ പ്രാധാന്യവും മനസ്സിലാക്കിയ ശേഷമാണ് ഈ ഒരു കുറ്റബോധം എന്നിൽ ഉടലെടുത്തത്. മീരയെ ഒരു സ്ത്രീയായി തന്നെ ചിത്രീകരിക്കാവുന്ന കഥയായിരുന്നു പേരന്പിന്റെ എന്നു നമുക്ക് മനസ്സിലാക്കുന്ന നിമിഷം, ആ കഥാപാത്രത്തെ വേണമെന്ന് വെച്ചു ട്രാൻസ്ജെന്ഡർ ആക്കിയതാവാമെന്നു നമുക്ക് തോന്നുന്ന ആ നിമിഷത്തിലാണ് റാമിന്റെ രാഷ്ട്രീയം പൂര്ണമാവുന്നത്.

അതുപോലെ അന്യപുരുഷന്മാരുടെ കൂടെ പോവുന്ന സ്ത്രീകളെല്ലാം നമുക്ക് "മോശക്കാരാണ്". ഈ മോശക്കാരെ അവരുടെ ഭാഗത്തു നിന്നുകൂടി ചിന്തിക്കാൻ പ്രേരിപ്പിക്കയാണ് സംവിധായകൻ. ഫലമോ സാധാരണ ഇത്തരത്തിൽ ഉള്ള കഥാപാത്രത്തോട് തോന്നുന്ന അത്ര വെറുപ്പ് അമുധവന്റെ ആദ്യ ഭാര്യയോട് പ്രേക്ഷകന് തോന്നുന്നില്ല.

പ്രകടനത്തിൽ എല്ലാവരും മികച്ചു നിന്നു. അതിൽ തന്നെ മമ്മൂട്ടിയുടേയും സാധാനയുടെയും മികവ് എടുത്തു പറയണം. മമ്മൂട്ടിയെന്ന നടനെ പരമാവധി ചൂഷണം ചെയ്യാൻ ശ്രമിച്ച ചിത്രമാണ് പേരൻപ്. അര നൂറ്റാണ്ടിനടുത്തുള്ള അയാളുടെ അഭിനയ ജീവിതത്തിലെ മറ്റേതൊരു കഥാപാത്രത്തോടും ഒപ്പം വെച്ചു മാറ്റുരക്കാനാവും ഈ അമുധവന്. മമ്മൂട്ടിയുടെ ക്ളോസ് അപ് ഷോട്ടുകൾ ആണ് ചിത്രത്തിൽ അധികവും. ഒരു അച്ഛനും കടന്നു പോവാൻ പറ്റാത്ത ഇടങ്ങളിൽ കൂടെ കടന്നു പോവേണ്ടി വരുന്ന ഒരു മനുഷ്യന്റെ നിസ്സഹായാവസ്ഥ മുഴുവൻ ഈ ക്ളോസ് അപ് ഷോട്ടുകളിൽകൂടെ മമ്മൂട്ടിയെന്ന നടൻ പ്രേക്ഷകന് പകർന്നു തരുമ്പോൾ കണ്ണു നിറഞ്ഞുകൊണ്ടു അതു കണ്ടിരിക്കുന്ന പ്രേക്ഷകർ തന്നെയാണ് ആ നടനു കിട്ടാവുന്ന ഏറ്റവും വലിയ അഭിനന്ദനം. അല്ലേലും നിസ്സഹായനായ ഒരു മനുഷ്യന്റെ നൊമ്പരങ്ങൾ അഭിനയിച്ചു ഫലിപ്പിക്കാൻ മമ്മൂട്ടിയേക്കാൾ കഴിവുള്ള മറ്റേതു നടനുണ്ട് ഇന്ത്യയിൽ. ഫേസ് ഓഫ് ഇന്ത്യൻ സിനിമ എന്ന വിശേഷണം എന്തുകൊണ്ടാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ പ്രകടനം. മമ്മൂട്ടിയുടെ ഈ അതിഗംഭീര പ്രകടനത്തിന് ഇടയിൽ സാധനക്ക് കിട്ടേണ്ട അഭിനന്ദനം മുങ്ങി പോവുന്നുണ്ടോ എന്നു മാത്രമാണ് സംശയം. എന്തിനും ഏതിനും അച്ഛനെ മാത്രം ആശ്രയിക്കേണ്ടി വരുന്ന ബുദ്ധിവളർച്ച ഇല്ലാത്ത കൗമാരക്കാരിയായി അവർ ജീവിച്ചു കാണിച്ചു തരുകയായിരുന്നു.

ചുരുക്കത്തിൽ മികച്ച പ്രകടനങ്ങൾ കൊണ്ടും ചർച്ച ചെയ്യുന്ന വിഷയത്തിന്റെ പ്രത്യേകത കൊണ്ടും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് പേരൻപ്. അമുധവൻ തന്നെ കഥക്ക് തുടക്കത്തിൽ പറയുന്ന പോലെ ഈ 12 അധ്യായങ്ങളിൽ കൂടെ അമുധവന്റെയും പാപ്പയുടെയും കഥയെ അറിയുന്ന ആർക്കും സ്വന്തം ജീവിതം എത്ര മനോഹരമാണെന്നു മനസ്സിലാവും. ഏതൊരു പ്രതിസന്ധിഘട്ടത്തിലും ക്ളൈമാക്സിലെ അമുധവന്റെ ചിരി മനസ്സികെക്കെത്തുമ്പോൾ നമുക്കൊരു ധൈര്യം കൈവരും. കുറച്ചുകൂടി പക്വത ഉള്ള പ്രേക്ഷകരെയാണ് പേരൻപ് അർഹിക്കുന്നത് എന്നു ആദ്യമേ തന്നെ പറയട്ടെ. കണ്ണീർ ചിത്രമെന്ന അഭിപ്രായത്തിന് വില കൊടുക്കാതെ എല്ലാവരും തിയേറ്ററിൽ തന്നെ പോയി കാണാൻ ശ്രമിക്കുക.

അപ്പോൾ ആദ്യം പറഞ്ഞത് തന്നെ, വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല. സുഖമുള്ളോരു നോവായ്‌, പൂർണതയുടെ ഭാവവും പേറി ഇനിയൊരിക്കലും മറിച്ചു നോക്കില്ലെന്നുറപ്പുള്ള എന്റെയൊരു ഓർമ്മ താളിൽ ഈ ചിത്രവും ജീവിക്കട്ടെ.

പേരൻപുടൻ,
ഞാൻ.

വേർഡിക്ട് : അതിഗംഭീരം.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo