"കൂടുമ്പോൾ ഇമ്പം ഉള്ളതെന്തോ അതാണ് കുടുംബം.." എന്നു പല ഇടത്തു നിന്നും കേട്ടിട്ടുണ്ട്. ഇവിടെ എങ്ങനെ കൂടിയാലും യാതൊരുവിധ ഇമ്പവും ഇല്ലാത്ത ഒരു കുടുംബത്തെ കാണിച്ചുകൊണ്ടാണ് കുമ്പളങ്ങിയിലെ രാത്രികൾ തുടങ്ങുന്നത്. പിന്നെയും ഒരുപാട് രാത്രികൾക്ക് അപ്പുറം ഒരുപാട് അനുഭവങ്ങൾക്കും പഠങ്ങൾക്കുമപ്പുറം അവരങ്ങനെ ഇമ്പമുള്ള കുടുംബമായി മാറിയെന്ന കഥയാണ് ചിത്രത്തിന് പറയാൻ ഉള്ളത്. താളം പിഴച്ച സംഗീത ഉപകരണം വീണ്ടും ശ്രുതി കണ്ടെത്തുന്ന പോലെയാണത്. പല തവണ തെറ്റി, അപശ്രുതികൾ കേൾപ്പിച്ച്, ഇനിയൊരു നന്നാവൽ ഇല്ലെന്നു കേൾക്കുന്നവരെ കൊണ്ടു തോന്നിപ്പിച്ചു.. പക്ഷെ അവസാനം അതിൽ നിന്നെല്ലാം പാഠം ഉൾക്കൊണ്ടുകൊണ്ട് അവർ വീണ്ടും താളം കണ്ടെത്തുമ്പോൾ മനസ്സു നിറയുന്നത് പ്രേക്ഷകന്റേത് കൂടിയാണ്.

പെർഫക്റ്റ് കാസ്റ്റിംഗ് എന്നൊക്കെ പറഞ്ഞാൽ ഇതാണ് സംഭവം. ഒരു കഥാപാത്രത്തിന് പോലും അതഭിനയിച്ച ആളെ അല്ലാതെ മറ്റൊരാളെ നമുക്ക് ഊഹിക്കാൻ കൂടി കഴിയില്ല. പ്രകടനത്തിൽ മികച്ചു നിന്നത് സൗബിനും ഷൈനും ആണെന്ന് പറയേണ്ടി വരും. എന്തൊരു മനുഷ്യന്മാർ ആണിവർ. എന്തു അനായാസ്യമായാണ് അവർ ബോബിയും സജിയുമായി മാറുന്നത്. കരയുമ്പോളും ചിരിക്കുമ്പോളും അടികൂടുമ്പോളും എല്ലാം നമുക്ക് സ്ക്രീനിൽ കാണാൻ കഴിയുന്നത് ആ കഥാപാത്രങ്ങളെയാണ്. സുന്ദരനായ സൈക്കോ വില്ലൻ ഷമ്മിയായി ഫഹദ് അവതരിച്ചു. എല്ലാവരും ഫഹദിനെ പുകഴ്ത്തുമ്പോളും എനിക്കതിനു പറ്റാത്തത് "പി ആർ ആകാശിനെയും" "അയ്മനം സിദ്ധാർഥനെയും" എല്ലാം പലപ്പോളും ഷമ്മിയിൽ കണ്ടത് കൊണ്ടാണ്. മാനറിസങ്ങളിൽ എല്ലാം എന്തോ ഒരു വല്ലാത്ത ഒരുതരം സാമ്യം തോന്നി. ഒരുപക്ഷേ എന്റെ മാത്രം തോന്നൽ ആവാം ഇതു. പക്ഷെ അതിനർത്ഥം ഫഹദ് മോശമാക്കി എന്നല്ല. ചിത്രത്തിന് കിട്ടുന്നതിൽ വലിയൊരു കയ്യടി ഫഹദിന്റെ സൈക്കോ വില്ലന് അവകാശപ്പെട്ടത് തന്നെയാണ്.

ജീവിതം അതുപോലെ എഴുതി വെച്ചിരിക്കുകയാണ് ശ്യം പുഷ്കരൻ. എഴുതിയവൻ എന്തുദ്ദേശിച്ചോ അതിന്റെ പലമടങ്ങു ആത്മാർത്ഥതയോടെ ആ ജീവിതത്തെ തിരശീലയിൽ പകർന്നാടിയിരിക്കുകയാണ് നടീനടന്മാർ. ഓരോ കഥാപാത്ര സൃഷ്ടിയിലും അതിന്റെ അവതരണത്തിലും ഒന്നിനൊന്ന് മികച്ചു നിൽക്കുന്നു എല്ലാവരും. ആരെയാണ് കൂടുതൽ പുകഴ്ത്തേണ്ടതെന്നു അറിയാത്ത ഒരു അവസ്ഥ.

തന്റെ മുൻ തിരക്കഥകൾ എന്ന പോലെ തന്നെ സാമ്പ്രദായികമായ ചട്ടകൂടുകൾക്കു പുറത്തെത്തിയുള്ളൊരു അന്വേഷണമാണ് ശ്യാം ഈ ചിത്രത്തിലും കാഴ്ച വെക്കുന്നത്. ആണിന്റെ വീരസ്യങ്ങൾക്കുള്ള പരസ്യമായ കൊട്ടായി ഫഹദിന്റെ ഷമ്മി മാറുമ്പോൾ വീറുള്ള പെണ് കാഴ്ചകളാൽ കുമ്പളങ്ങിയുടെ രാത്രിയുടെ മാധുരം വർധിപ്പിക്കാൻ ബേബി മോൾ ഉൾപ്പടെയുള്ള ഒരുകൂട്ടം പെണ്ണുങ്ങളും ചിത്രത്തിൽ ഉണ്ട്. കറുത്തവൻ കൂളിംഗ് ഗ്ലാസ് വെക്കുമ്പോൾ ബോഡി ഷെയിമിങ് തമാശയാക്കി പ്രേക്ഷകരെ കൊണ്ടു ചിരിപ്പിച്ച മലയാളത്തിൽ കറുത്തവൻ കൂളിംഗ് ഗ്ലാസ് വെക്കുമ്പോൾ അവനെ വിനായകനെന്നു വിശേഷിപ്പിച്ചത് വളരെ വലിയൊരു വിപ്ലവമാണ്. ആ സീനിൽ ഉയർന്നു കേട്ട കയ്യടികൾ മലയാളത്തിലെ മാറുന്ന പ്രേക്ഷകർക്കുള്ള തെളിവും.

സീരിയൽ മാത്രം പോര വാർത്ത കൂടി കാണണം എന്നാലേ വിവരം ഉണ്ടാവു എന്നു ഉപദേശിക്കുന്ന ഷമ്മി ഒരവസരത്തിൽ പറയുന്നത് "വീട്ടിലുള്ള പെണ്ണുങ്ങൾക്ക് അത്യാവശ്യം സ്വാതന്ത്രം ഒക്കെ കൊടുക്കുന്ന ആളാണ് താൻ" എന്നാണ്. വാർത്ത കണ്ടു വിവരം വരുത്തുന്നവന്റെ ഒരു കാഴ്ചപ്പാട് നോക്കണേ. എന്നാൽ സീരിയൽ മാത്രം കാണുന്ന ബേബി മോളോ! തന്നെ കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുകൾ ഉള്ള വ്യക്തിയാണ് അവൾ. കല്യാണം കഴിക്കാൻ നല്ലൊരു മനസ്സു മാത്രം മതിയെന്ന് പറയുന്ന ബേബി മോളും, ഏതു വകുപ്പിൽ ഉള്ള ചേട്ടൻ ആയാലും അനിയത്തിയെ എടി, പോടി എന്നു വിളിക്കരുതെന്നു പറയുന്ന ഷമ്മിയുടെ ഭാര്യയും പങ്കുവെക്കുന്ന രാഷ്ട്രീയം മറ്റൊന്നല്ല.

പറയുമ്പോൾ ഭൂതകാലത്തിൽ സംഭവിച്ച കാര്യങ്ങൾ ആണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത് എങ്കിലും ഒരു സ്ഥലത്തു പോലും കഥ പറയാൻ ഫ്‌ളാഷ് ബാക്കുകളെ ആശ്രയിച്ചിട്ടില്ലെന്നത് എടുത്തു പറയേണ്ട ഒന്നാണ്. ഓരോ കഥാപാത്രങ്ങളുടെയും സംഭാഷണങ്ങളിൽ കൂടെ അവരുടെ ഭൂതകാലത്തെ വിശദീകരിച്ചു തരുമ്പോൾ ഹൃദയ സ്പർശിയായ സംഭാഷണങ്ങളും അതിനോട് ചേർന്നു നിൽക്കുന്ന നടീ നടന്മാരുടെ പ്രകടനങ്ങളും കൊണ്ടു പ്രേക്ഷകരെ മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ ചിത്രത്തിന് കഴിയുന്നു. ബോബിയും സജിയും അവരുടെ കുടുംബ ചരിത്രം ഒരേ സമയത്തു രണ്ടു വ്യത്യസ്ത ആളുകൾക്ക് പറഞ്ഞു കൊടുക്കുന്ന സീൻ അത്തരത്തിലുള്ള ഒന്നായിരുന്നു. സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട സീനുകളിൽ ഒന്നും അതു തന്നെ.

പൂർണമായി റിയലിസ്റ്റിക് ആക്കാൻ നോക്കാതെ വേണ്ടിടത്ത് അത്യാവശ്യം സിനിമാറ്റിക് ആയി തന്നെയാണ് ചിത്രം സഞ്ചരിക്കുന്നത്. നെപ്പോളിയന്റെ മക്കളെ കാണിക്കുന്നിടത് റിയലിസ്റ്റിക് ആയ അവതരണ രീതി ആണെങ്കിൽ ഭാര്യ വീട്ടിൽ വന്നു കയറി അധികാരം സ്ഥാപിക്കുന്ന ഷമ്മിയെ കാണിക്കുന്ന രംഗങ്ങൾ അത്യാവശ്യം സിനിമാറ്റിക് ആണെന്ന് പറയേണ്ടി വരും. ആ ഒരു സീനുകൾ സിനിമാറ്റിക് അല്ലാതെ ചിന്തിക്കാൻ പറ്റില്ല എന്നതാണ് സത്യവും. വീണ്ടുമൊരു ശ്യാം പുഷ്കരൻ ബ്രില്യൻസ്.

ചുരുക്കത്തിൽ അമിതമായ നന്മ വാരി വിതറാതെ എടുത്ത ഒരു ഫീൽ ഗുഡ് മൂവിയാണ് കുമ്പളങ്ങിയിലെ രാത്രികൾ. വിധിയുടെ വിളയാട്ടത്തിൽ ആടി ഉലയുന്ന കുറച്ചു മനുഷ്യ ജന്മങ്ങൾ മുന്നിൽ വെച്ചു കൊണ്ടു സങ്കടവും തമാശയും അതിലുപരി പച്ചയായ ജീവിതവും കാണിച്ചു തരുകയാണ് ചിത്രം. ഒരു ചെറു പുഞ്ചിരിയോടെ മാത്രം കണ്ടിറങ്ങിവരാവുന്ന ഒരു കൊച്ചു വലിയ ചിത്രം ❤️

വേർഡിക്ട് : അതിമനോഹരം.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo