#ജപ്പാൻ_ദിനങ്ങൾ

ഓൺസൈറ്റിൽ ജപ്പാനിൽ വരുമ്പോൾ ഉള്ള ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു സോണിയുടെ ഏറ്റവും പുതിയ നോയിസ് കാൻസലിംഗ് ഹെഡ് സെറ്റ് സ്വന്തമാക്കണം എന്നത്. 30000 രൂപയോളം ഇന്ത്യയിൽ വിലയുള്ള ഈ സാധനം "വെറും" 20000 രൂപയ്ക്കാണ് ജപ്പാനിൽ കിട്ടുന്നത്. കേൾക്കുമ്പോൾ നിങ്ങള്ക്ക് തോന്നും 20000 രൂപ എന്നത് എനിക്കെന്തൊ പുല്ല് പോലെയാണെന്ന്. 🙄 പക്ഷെ കയ്യിൽ 10 പൈസ എടുക്കാൻ ഇല്ലെങ്കിലും ആക്രാന്തത്തിനും അഹങ്കാരത്തിനും യാതൊരു കുറവും ഉണ്ടാവാൻ പാടില്ല എന്നതാണല്ലോ ഒരു മലയാളിക്ക് വേണ്ട ആദ്യത്തെ ഗുണം..!! 😂 സംഭവം ഞാനൊരു കൂട്ടത്തിൽ ഇരുന്നാൽ അവിടെ ഏറ്റവും വലിയ നോയിസ് ഞാൻ തന്നെയാവും എന്നതാണ് സത്യം 😌അതുകൊണ്ടു തന്നെ പറഞ്ഞു വരുമ്പോൾ എനിക്കല്ലായിരുന്നു നോയ്‌സ് കാന്സലേഷൻ ഹെഡ് സെറ്റിന്റെ ആവശ്യം. കൂടെ ഉള്ളവർക്കാണ് ഞാനൊരെണ്ണം സ്വന്തം ചിലവിൽ വാങ്ങി കൊടുക്കേണ്ടത്. 😆

എന്തൊക്കെ ആയാലും ജപ്പാനിൽ വന്ന രണ്ടാമത്തെ ദിവസം തന്നെ ഞാൻ ഹെഡ് സെറ്റ് വാങ്ങാൻ റെഡിയായി. ബിക് കാമറ, യോടൊബാഷി.. കേൾക്കുമ്പോൾ എന്തോ കാർട്ടൂൺ കഥാപാത്രങ്ങളെ പോലെ തോന്നുമെങ്കിലും ജപ്പാനിലെ രണ്ടു പ്രസിദ്ധ ഇലക്ട്രോണിക് ഷോപ്പുകൾ ആണ് രണ്ടും. രണ്ടിനും ഒട്ടേറെ ഓഫ്‌ലൈൻ സ്റ്റോറുകൾ ഉണ്ട് ജപ്പാനിൽ.

അങ്ങനെ ഒരു 15 മിനുട്ട് നീണ്ട ഒരു ഗൂഗിൾ സെർച്ചിനു ഒടുവിൽ എനിക്ക് പോവേണ്ട ഷോപ്പ് ഞാൻ കണ്ടെത്തി. ഗൂഗിൾ സേർച്ച് എന്ന് കേൾക്കുമ്പോൾ അത്ര എളുപ്പമാണെന്ന് വിചാരിക്കരുത് കേട്ടോ. ഗൂഗിൾ ഉൾപ്പടെ എന്തും ഏതും ഈ നാട്ടിൽ ജാപ്പനീസിൽ ആണ് ലഭിക്കത്തുള്ളൂ. സ്ഥലപ്പേരുകൾ മുതൽ എന്തും ഏതും ജാപ്പനീസ്. ഒരു കടയിൽ കയറി ചെന്നാൽ വിൽക്കാൻ വെച്ചിട്ടുള്ളത് മോർ ആണോ തൈര് ആണോ അതോ പാൽ ആണോ എന്ന് പോലും അറിയാത്ത അവസ്ഥ. മിക്ക സ്ഥലങ്ങളിലും മരുന്നിനു പോലും ഇംഗ്ലീഷ് ഉപയോഗിക്കാറില്ല ഇവർ. എന്തായാലും ഒട്ടേറെ ഓഫ്‌ലൈൻ സ്റ്റോറുകളുടെ അഡ്രെസുകൾ കണ്ടതിൽ നിന്നും 'കിബ' എന്നൊരു സ്ഥലപ്പേര് മാത്രം ഞാൻ തിരിച്ചറിഞ്ഞു. കാരണം രാവിലെ താമസ സ്ഥലത്തു നിന്നും ഓഫീസിലേക്ക് ട്രെയിൻ കയറുമ്പോൾ ഇടയിൽ വരുന്ന ഒരു സ്റ്റോപ്പ് ആണ് കിബ. ആഹാ പൊളിച്ചു.. അപ്പോൾ ഓഫീസിൽ നിന്നും ഇറങ്ങിയാൽ നേരെ കിബയിൽ പോയി സാധനം വാങ്ങി അടുത്ത ട്രെയിനിൽ അപ്പാർട്ട്മെന്റിൽ തിരിച്ചെത്താം. പരമാവധി ഒരു അര മണിക്കൂറിന്റെ കാര്യമേ ഉള്ളു. ആഹാ എന്തൊരു എളുപ്പം അല്ലെ !! 😇

ഒറ്റക്ക് പോവാൻ ഉള്ള തീരുമാനം റയിൽവെ സ്റ്റേഷനിൽ നിന്നും അപ്പാർട്ടമെന്റിലേക്കുള്ള വഴി നിശ്ചയമില്ലെന്ന് ഓര്മ വന്നപ്പോൾ ഞാൻ വേണ്ടെന്നു വെച്ചു. ജപ്പാനിൽ എത്തി രണ്ടു ദിവസം ആയെങ്കിലും ഇപ്പോളും താമസസ്ഥലത്തേക്കുള്ള വഴി എനിക്കത്ര സെറ്റ് ആയിട്ടില്ല. (ബിത്വ ജപ്പാനിൽ കാലു കുത്തി 3 ആഴ്ചക്കു ശേഷം ഇപ്പോളും എനിക്ക് വഴി അത്രക്ക് സെറ്റ് അല്ല എന്നതാണ് സത്യം 😜). അങ്ങനെ വഴിയറിയാമെന്നു എനിക്ക് നിശ്ചയമുള്ള ജിത്തുവിനെയോ ഹരിചേട്ടനെയോ കൂട്ട് വിളിക്കാൻ തീരുമാനിച്ചു. ഒരു വിളി കേൾക്കാൻ കാതോർത്തു ഇരുന്ന പോലെ ചോദിച്ചപ്പോളേക്കും ഹരി ചേട്ടൻ റെഡിയെന്നു പറഞ്ഞു. (ആ നിമിഷത്തെ ഓർത്തു മൂപ്പർ പിന്നീട് കുറെ ദുഖിച്ചു കാണണം 😈) അങ്ങനെ മൂപരോട് ഞാൻ പോയി കിബയിൽ വെയിറ്റ് ചെയ്യാൻ പറഞ്ഞു. ഞാൻ നേരെ അവിടെ വന്നു ഇറങ്ങാം എന്നും. ജനിച്ചപ്പോൾ മുതൽ എന്നും ടോക്കിയോ മെട്രോയിൽ യാത്ര ചെയ്യുന്ന ഒരാളെ പോലെ ഞാൻ ഒരു 100 തവണ അങ്ങേരോട് "കിബ", "കിബ" പറഞ്ഞു കൊണ്ടേ ഇരുന്നു. (സ്റ്റേഷൻ മാറി ഇറങ്ങരുതല്ലോ! 😆) ലാപ്പ്ടോപ്പ് വലിച്ചു വാരി ബാഗിൽ ഇട്ടു ഓഫീസിൽ നിന്നും ഇറങ്ങാൻ നോക്കുമ്പോൾ ആണ് ആദ്യത്തെ പണി വരുന്നത്.

"എനിക്ക് നെറ്റ് ഇല്ല.. അതുകൊണ്ടു എന്നെ ചാറ്റിൽ കിട്ടില്ല"

എന്ന് ഹരി ചേട്ടന്റെ മെസ്സേജ്

"ആഹ്.. നന്നായി! 😐"

അടിപൊളി!! ഇനി ഇങ്ങേരെ കാത്ത് ഞാൻ എത്ര നേരം കിബ റയിൽവേ സ്റ്റേഷനിൽ ഇരിക്കേണ്ടി വരും ആവോ എന്ന ആശങ്കയോടെ ഞാൻ ഓഫീസിൽ നിന്നിറങ്ങി. നേരെ വന്നു കിബയിൽ ഇറങ്ങി മുന്നോട്ടു നടന്നപ്പോൾ പുറത്തേക്കുള്ള വഴിയുടെ അരികെ മൂപ്പര് നിൽക്കുന്നു.. ആശ്വാസം..!

അങ്ങനെ രണ്ടു പേരും കൂടി സ്റ്റേഷനിൽ നിന്നും നടന്നു പുറത്തിറങ്ങി. ആഹാ മരം കോച്ചുന്ന തണുപ്പ്. കയ്യും കാലും തലയും തലയിലെ മുടിയും വരെ തണുത്ത് വിറയ്ക്കുന്ന ഒരു അവസ്ഥ. അപ്പോളാണ് ഹരി അടുത്ത വെടി പൊട്ടിക്കുന്നത്. അങ്ങേരുടെ പാസ്‌മോ കാർഡിൽ കാശില്ല. തിരിച്ചു പോവണം എങ്കിൽ കാർഡ് റീചാർജ് ചെയ്യേണ്ടി വരും. ആഹ്.. അത് തിരിച്ചു പോവുമ്പോൾ ചെയ്യാം എന്നു ഞാനും പറഞ്ഞു. എന്റെ വിശ്വാസത്തിൽ ബിക് കാമറ ആ തിരിവ് കഴിഞ്ഞാൽ എത്തി എന്നാണു. ഒന്നും രണ്ടും തിരിവ് കഴിഞ്ഞിട്ടും ബിക് കാമറ പോയിട്ട് ഒരു ഫോൺ കാമറ പോലും കാണാഞ്ഞപ്പോൾ ഇനിയും സ്വന്തം ഓർമയെ വിശ്വസിക്കുന്നത് ബുദ്ധിയല്ലെന്ന തോന്നലിൽ ഫോണിൽ നെറ്റ് ഓൺ ആക്കി ഒന്ന് മാപ്പിൽ തപ്പാൻ ഞാൻ റെഡിയായി. ജിയോ റോമിങ് ആണ് നെറ്റ്. ഒരു MB ക്കു 2 രൂപയാണ് റേറ്റ്. 😟 ആ കോപ്പ് എന്തേലും ആവട്ടെ എന്ന മട്ടിൽ നെറ്റ് ഓൺ ആക്കി മാപ്പിൽ തപ്പിയപ്പോൾ ആണ് ബിക് കാമറയിലേക്കു 12 കിലോമീറ്റർ ദൂരം ഉണ്ടെന്ന നഗ്ന സത്യം ഞാൻ മനസ്സിലാക്കുന്നത്. 😱 ബിക് കാമറ കിബ, ബിക് കാമറ നിയർ തുടങ്ങിയ എന്റെ മാരക ഗൂഗിൾ സെർച്ചുകളിൽ ഒരെണ്ണം പോലും 12 കിലോമീറ്ററിൽ കുറഞ്ഞ ഒരു റൂട്ടും ഞങ്ങൾക്ക് കാണിച്ചു തരുന്നില്ല.

പടച്ചോനെ തേഞ്ഞല്ലോ എന്ന ആത്മഗതത്തോടെ ഹരിഹർ നഗറിലെ അപ്പുക്കുട്ടനെ പോലെ ഒരു വളിച്ച ചിരിയോടെ ഞാൻ ഹരി ചേട്ടനോട് പറഞ്ഞു.

"നമുക്ക് വഴി തെറ്റിയെന്ന തോന്നുന്നത്!"

തണുത്തു വിറച്ചു ഇരിക്കുമ്പോൾ ആണോടാ ദുരന്തം വർത്തമാനം പറയുന്നത് എന്ന മട്ടിൽ ദയനീയമായി അങ്ങേരു എന്നെ ഒന്ന് നോക്കി. എന്നിട്ടു സ്വയം സമാധാനിക്കാൻ എന്ന പോലെ പറഞ്ഞു.

"വഴിയൊന്നും തെറ്റി കാണില്ലടാ.. നമുക്കൊന്ന് ആരോടേലും ചോദിക്കാം!"

ഈ വഴി ചോദിക്കുക എന്ന കാര്യം അത്ര എളുപ്പമല്ല കേട്ടോ. 100 പേരോട് മിനിമം സംസാരിച്ചാൽ ആണ് നമ്മൾ ബിക് ക്യാമറ പോവാൻ വഴി ചോദിച്ചത് ആണെന്ന് എങ്കിലും മനസ്സിലാക്കി കൊടുക്കാൻ പറ്റുന്നത്. ബാക്കി 99 പേർക്കും നമ്മൾ പട്ടിയെ ചോദിച്ചത് ആണോ കുട്ടിയെ ചോദിച്ചത് ആണോ എന്ന് പോലും മനസ്സിലാവില്ല. അങ്ങനെ അശാന്ത പരിശ്രമത്തിനു ഒടുവിൽ ഒരു അപ്പാപ്പൻ വഴി പറഞ്ഞു തരാൻ റെഡിയായി. പാവത്തിന് പക്ഷെ വഴി കാണാതെ അറിയില്ല. എന്നാലും സ്വന്തം ഫോൺ എടുത്തു അതിൽ മാപ്പ് എടുത്തു ആൾ വഴി പറഞ്ഞു തരാൻവേണ്ടി നിന്നു.ഏതോ ദിവ്യന് മുന്നിൽ കുമ്പിട്ടു നിൽക്കും പോലെ മാരക വിനയത്തോടെ വഴി കേൾക്കാൻ തയ്യാറായി ഞങ്ങളും 😂 ഹരി ചേട്ടൻ ആണെങ്കിൽ ഞാൻ അപ്പോളും പറഞ്ഞില്ലെടാ വഴിയൊന്നും തെറ്റികാണില്ല എന്ന മട്ടിൽ അപാര ആത്മ വിശ്വാസത്തോടെ നിൽപ്പാണ്. അപ്പാപ്പൻ ആദ്യം കൈ ചൂണ്ടി കാട്ടി നേരെ വിട്ടോളാൻ പറഞ്ഞു.

"ആഹാ നമ്മൾ റെയിൽവെ സ്റേഷനിൽ നിന്നും നടന്നു വന്ന അതെ വഴി.. അല്ലെ ഹരി ബ്രോ!"

അത് കഴിഞ്ഞു ലെഫ്റ്റ് തിരിഞ്ഞോളാൻ പറഞ്ഞു അയാൾ.

"ശോ ! അത് റെയിൽവേ സ്റ്റേഷനിലേക്ക് ഉള്ള വഴി തന്നെ ആണല്ലോ..അല്ലേ ? ഈ വഴിയിൽ തന്നെ ആണോ ഷോപ്പ്..? എന്നിട്ടും അത് കാണാത്ത നമ്മൾ എന്ത് മണ്ടന്മാർ ആണല്ലേ.!"

ഇതും പറഞ്ഞു സ്വയം ഒരു പുച്ഛത്തോടെ നോക്കി ഞാൻ നിന്നു. പക്ഷെ പിന്നീട് ആ അപ്പാപ്പൻ പറഞ്ഞത് എന്റെ എല്ലാ കിളിയും പോവാൻ തക്കവണ്ണം ഉള്ള ഒന്നായിരുന്നു. അങ്ങേരു ഞങ്ങളോട് റെയിൽവേ സ്റ്റേഷനിൽ കയറി നേരെ വിട്ടോളാൻ പറഞ്ഞു.. എന്നിട്ടു വേറെ ഏതോ സ്റ്റേഷനിൽ ഇറങ്ങിക്കോളാൻ അവിടെ ബിക് കാമറ ഷോപ്പ് ഉണ്ടെന്നു! 😐

"അതായത് ഉത്തമാ! അയാൾ ഇതുവരെ കാണിച്ചു തന്നത് റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയാണെന്ന്!"

ഞങ്ങൾക്ക് അടപടലം വഴി തെറ്റിയിരിക്കുന്നു എന്ന് സാരം.

തല കറങ്ങി വീഴാൻ പോയ എന്നെ ഹരി ചേട്ടൻ പിടിച്ചു നിർത്തി.

"ഇവനെ എനിക്ക് ഒറ്റക്ക് തല്ലണം"

അങ്ങേരുടെ മനസ്സ് മന്ത്രിക്കുന്നത് എനിക്കിവിടെ കേൾക്കാമായിരുന്നു. 😔

ഇനി അവിടെ നിന്നാൽ ഒരു മരണത്തിനു കൂടി സാക്ഷി പറയേണ്ടി വരുമെന്ന് മനസിലായ മട്ടിൽ അപ്പാപ്പൻ അപ്പോളേക്കും സ്ഥലം വിട്ടിരുന്നു.

ആദ്യത്തെ ആ ഒരു ഞെട്ടൽ മാറിയപ്പോൾ ഞാൻ വീണ്ടും ഊർജസ്വലൻ ആയി ഹരി ചേട്ടനോട് പറഞ്ഞു.

"എന്തായാലും നനഞ്ഞു ഇനി കുളിച്ചു കയറാം.."

"അതേടാ! ഈ തണുപ്പത്ത് ഞാൻ ഇനി കുളിക്ക കൂടി ചെയ്യാം."

"അതല്ല അണ്ണാ.. നമുക്ക് ആ 12 കിലോമീറ്റർ പോയി ഹെഡ് സെറ്റ് വാങ്ങാം എന്ന്!"

അങ്ങേരുടെ മറുപടിക്ക് കാത്ത് നിൽക്കാതെ ഞാൻ റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയേ നടന്നു തുടങ്ങി. ഏത്‌ നേരത്തു ആണോ ഇവന്റെ കൂടെ ഇറങ്ങി തിരിച്ചത് എന്ന് ചിന്തിച്ചു കൊണ്ട് അങ്ങേരു എന്റെ പിന്നാലെയും.

ഫോൺ എടുത്ത് മെട്രോ മാപ്പ് ഒക്കെ നോക്കി വലിയ പരിക്കില്ലാതെ അവസാനം ബിക് കാമറ ഷോപ്പിൽ എത്തി. ആഹാ.. നാലഞ്ച്ഫ്ലോറുകൾ മൊത്തം ഇലക്ട്രോണിക് സാധനങ്ങൾ. ഉപ്പു മുതൽ കർപ്പൂരം വരെ എന്തും കിട്ടും ഇവിടെ. സോറി ഉദാഹരണം മാറി പോയി. 5 യെൻ വിലയുള്ള usb അഡാപ്‌റ്റർ മുതൽ 5 ലക്ഷം വിലയുള്ള ലാപ്ടോപ്പ് വരെ എന്തും കിട്ടുന്ന ഒരു സ്ഥലം. ഗ്രഹണി പിടിച്ച പിള്ളേര് ചക്കക്കൂട്ടാൻ കണ്ടപോലെ ഞങ്ങൾ രണ്ടും കൂടി അവിടെ ചുറ്റി നടക്കാൻ തുടങ്ങി. കുറച്ചു നേരത്തെ ചുറ്റലിനു ഒടിവിലാണ് ഇവിടേക്ക് വന്നത് എന്ത് വാങ്ങാൻ ആണെന്ന ബോധം ഞങ്ങൾക്കുണ്ടായത്. അങ്ങനെ ഞാൻ എന്റെ സ്വപ്നമായ ഹെഡ് സെറ്റും എന്റെ കൂടെ ചുമ്മാ തുണക്കു വന്ന ഹരി ചേട്ടൻ 20000 യെനിന്റെ മറ്റൊരു ഹെഡ് സെറ്റും കൂടൊരു ഗൂഗിൾ ക്രോം കാസ്റ്റും വാങ്ങി. ആഹാ അടിപൊളി.. എന്നേക്കാൾ കാശ് ചിലവ് എന്റെ കൂടെ ചുമ്മാ വന്ന ആൾക്ക്. കലക്കി!😛

തിരിച്ചു പോവാൻ നേരമാണ് അടുത്ത പണി വരുന്നത്. എനിക്ക് നെറ്റ് കിട്ടുന്നില്ല.. ജിയോ പണി തന്നെന്ന് തോന്നുന്നു. ഹരി ചേട്ടന്റെ അടുത്ത് ഓൾറെഡി നെറ്റ് ഇല്ലല്ലോ. നെറ്റില്ലാതെ ഒരു അടി മുന്നോട്ട് വെക്കാൻ വഴിയറിയാത്ത അവസ്ഥ. പെട്ടല്ലോ ദൈവമേ എന്ന ആത്മ ഗത്ഗതത്തോടെ ഞങ്ങൾ രണ്ടും കല്പിച്ചു നടത്തം തുടങ്ങി. എങ്ങനെ എങ്കിലും റെയിവേ സ്റ്റേഷനിൽ എത്തിയാൽ അവിടെ ഫ്രീ വൈഫൈ കിട്ടുമെന്നതാണ് ഞങ്ങളുടെ ആശ്വാസം. തണുപ്പ് ആണേൽ ദേഹത്തേക്ക് അടിച്ചു കയറുന്നുണ്ട്. ഇട്ടിരിക്കുന്ന ജാക്കറ്റ് ഒന്നും ഒന്നുമല്ലെന്ന് തോന്നുന്ന അവസ്ഥ. അവസാനം റെയിൽവേ സ്റ്റേഷൻ എത്തി. നോക്കുമ്പോൾ എങ്ങനെ നോക്കിയാലും വൈഫൈ കണക്റ്റ് ആവുന്നില്ല. ഹരി ചേട്ടന്റെ ഫോണിൽ നോക്കാൻ പറഞ്ഞപ്പോൾ ആണ് അടുത്ത പണി കിട്ടിയത്. അത്ചാർജ് കഴിഞ്ഞു ഓഫ് ആയി പോയിരിക്കുന്നു. ആഹാ അടിപൊളി!

എന്നാൽ ഇനി ഉള്ള നേരം കൊണ്ട് അങ്ങേരുടെ പാസ്‌മോ കാർഡ് റീചാർജ് ചെയ്യാം എന്ന് കരുതി നോക്കുമ്പോൾ രണ്ടാളുടേം കയ്യിൽ കാശില്ല. എന്റെ കയ്യിൽ ATM കാർഡില്ല. ഹരി ചേട്ടന്റെ കയ്യിൽ കാർഡുണ്ട് പക്ഷെ പിൻ നമ്പർ ഓർമയില്ല. ഫോണിൽ പിൻ നമ്പർ ഉണ്ട് പക്ഷെ അത് സ്വിച്ച് ഓഫ് ആണല്ലോ.

"ദൈവമേ! ശത്രുക്കൾക്ക് പോലും ഇങ്ങനെ ഒരവസ്ഥ കൊടുക്കല്ലേ!" 😕

അവസാനം രണ്ടാളുടേം കയ്യിൽ ഉള്ളതെല്ലാം നുള്ളി പെറുക്കി പാസ്‌മോ റീചാർജ് ചെയ്യ്‌തു. ഒട്ടു നേരത്തെ പരിശ്രമത്തിനു ഒടുവിൽ നെറ്റ് കണക്റ്റ് ആയി മാപ്പ് ഒക്കെ ഇട്ടു ഇറങ്ങേണ്ട സ്റ്റോപ്പ് ഒക്കെ സ്ക്രീൻ ഷോട്ട് എടുത്തു വെച്ച്. ഇനി നെറ്റ് കിട്ടിയില്ലേലും തേയാൻ പാടില്ലല്ലോ! (ഞങ്ങടെ ഒരു ബുദ്ധിയെ!! 😈)

അങ്ങനെ ട്രെയിനിൽ കയറി സമയം 11 ആവാറായിരിക്കുന്നു. വിശന്നു കുടൽ തെറി വിളിക്കുന്നുണ്ട്. മെട്രോ എത്ര നേരം കൂടി ഉണ്ടാവും എന്നറിയില്ല. മെട്രോ കിട്ടിയില്ലേൽ പിന്നെ റോഡിൽ കിടന്നുറങ്ങുകയാണ് നല്ലത് ജപ്പാനിൽ ടാക്സി വിളിക്കാൻ പോയാൽ തറവാട് വിൽക്കേണ്ടി വരും. കുറച്ചു നേരം കഴിഞ്ഞു പുറത്തേക്ക് നോക്കിയപ്പോൾ ഇറങ്ങേണ്ട സ്റ്റേഷനും കടന്നു ട്രെയിൻ കുറെ മുന്നോട്ടു പോയിരിക്കുന്നു. ഇപ്പോൾ എങ്കിലും പുറത്തേക്ക് നോക്കാൻ തോന്നിയ നിമിഷത്തിനു നന്ദി പറഞ്ഞു കൊണ്ട് ഞാനും ഹരി ചേട്ടനും ചാടിയിറങ്ങി. നേരെ നടന്നു ഓപ്പോസിറ്റ് പ്ലാറ്റഫോമിൽ കയറി തിരിച്ചുള്ള ട്രെയിൻ കയറി. വെറും അര മണിക്കൂറിൽ കിബയിൽ ഇറങ്ങി ഹെഡ് സെറ്റ് വാങ്ങിച്ചു വീട്ടിൽ തിരിച്ചെത്താം എന്ന് കരുതിയ ഞങ്ങൾ സ്ഥലം മാറലും ട്രെയിൻ മാറി കയറലും നെറ്റ് കിട്ടാത്തതും ഒക്കെ കൂടി കൂട്ടി ഒരു 4 മണിക്കൂർ കൂടുതൽ എടുത്താണ് അന്ന് അപ്പാർട്മെന്റിൽ തിരിച്ചെത്തിയത്. 😔

പകുതി ഉറക്കത്തിൽ ബെഡിലേക്ക് മറിഞ്ഞു വീഴുമ്പോളും അപ്പുറത്തു ഹരി ചേട്ടൻ എന്നെ ചീത്ത പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു..😂

NB :

1 . "അകിഹബാര" എന്നൊരു സ്ഥലം ഉണ്ട് ജപ്പാനിൽ. ഇലക്ട്രോണിക് സിറ്റി എന്ന് വിളിക്കപ്പെടും. ആ സ്ഥലത്തെ "അകിബ" എന്നും ചുരുക്കി വിളിക്കും. ഗൂഗിൾ സെർച്ചിൽ ഞാൻ കണ്ടത് അകിബ ആയിരുന്നു. അത് കിബയാണെന്ന തെറ്റിദ്ധാരണയിൽ ആണ് ഞാൻ കിബയിൽ പോയി ഇറങ്ങിയത്.

2. ട്രെയിനിൽ എങ്ങനെ ഇറങ്ങേണ്ട സ്റ്റോപ്പ് കടന്നു ഞങ്ങൾ വീണ്ടും പോയി എന്ന് ഇപ്പോളും വ്യകതമായ ധാരണയില്ല. ചിലപ്പോൾ ഇറങ്ങേണ്ട സ്റ്റോപ്പ് എത്തിയിട്ടും ഞങ്ങൾ അറിയാഞ്ഞതു ആവാം. അല്ലേൽ റാപിഡ് ട്രെയിനുകൾ എന്നൊരു സംഭവം ഉണ്ട്. എല്ലാ സ്റ്റോപ്പിലും നിർത്താത്ത ട്രെയിനുകൾ. അതിൽ ഒന്നിൽ ആവാം ഞങ്ങൾ കയറിയത്. ആർക്കറിയാം! എന്തായാലും ഈ ഹെഡ് സെറ്റ് വാങ്ങാൻ പോവൽ കാരണം വന്നു രണ്ടാം ദിനം തന്നെ ഒരുപാടു സ്ഥലങ്ങളും റയിൽവേ ലൈനുകളും എസ്പ്ലോർ ചെയ്യാൻ കഴിഞ്ഞു ഞങ്ങൾക്ക്. 😂

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo