* സ്പോയ്ലർ ഇല്ല. ചിത്രം കാണാത്തവർക്കും ധൈര്യമായി വായിക്കാം *

"Every hero, every story, every moment has led us here."

കൃത്യം ഒരു വർഷം മുൻപ് ഇതേ ദിവസമാണ് ഞാൻ ഇൻഫിനിറ്റി വാർ കാണുന്നത്. ജീവിതത്തിൽ ഇത്ര ആഘോഷിച്ച രണ്ടരമാണിക്കൂർ അതിനു മുന്നേ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാലും അതിശയോക്തി ആവില്ല. കാരണം ആ സിനിമ ശരിക്കും എനിക്കൊരു അത്ഭുതമായിരുന്നു. ഒറ്റക്കെടുത്താൽ കട്ടക്ക് ഫാൻ ഫോളോവിങ് ഉള്ള ഇരുപതോളം സൂപ്പർ ഹീറോകളെ അണിനിരത്തി ഇത്തരം ഒരു ചിത്രം ചെയ്യുമ്പോൾ അതും അടുത്ത വർഷം അതിനൊരു തുടർചിത്രം കൂടി പ്ലാൻ ചെയ്തിരിക്കുമ്പോൾ ആ ചിത്രം അണിയരപ്രവർത്തകർക്ക് ഉണ്ടാക്കി കൊടുക്കുന്ന വെല്ലുവിളി കുറച്ചൊന്നുമല്ല. എന്നാൽ ഈ വെല്ലുവിളി വ്യകതമായി സ്വീകരിച്ചു ഒരുക്കപ്പെട്ട ഒന്നായിരുന്നു ഇൻഫിനിറ്റി വാർ. ഒരേ സമയം നല്ലൊരു പ്ലോട്ടും ഓരോ സൂപ്പർ ഹീറോക്കും മതിയായ സ്‌ക്രീൻ സ്പെയിസും അതു പോലെ തന്നെ അടുത്ത പടത്തിനു വേണ്ടി കാത്തിരിക്കാൻ ഉള്ള മതിയായ ക്ലിഫ് ഹാങ്ങറും ആ പടത്തിൽ ഉണ്ടായിരുന്നു.

ഇൻഫിനിറ്റി വാർ പോലെയല്ല എൻഡ് ഗെയിം. ഇവിടെ അവർക്ക് വെല്ലുവിളി കൂടുതലാണ്. കഴിഞ്ഞ പത്ത് വർഷങ്ങൾക്ക് ഉചിതമായ ഒരു അവസാനം ഒരുക്കാനും എന്നാൽ അവഞ്ചേഴ്‌സ് ഫ്രാൻചെയ്‌സിയുടെ ഭാവിക്ക് വേണ്ട അടിത്തറ ഒരുക്കാനും ഈ ചിത്രത്തിന് കഴിയണം. പക്ഷെ റൂസോ ബ്രദേഴ്സിന് അതിനു കഴിഞ്ഞിരിക്കുന്നു എന്നതാണ് സത്യം. ചിലപ്പോൾ നമ്മൾ എല്ലാം മനസ്സിൽ വിചാരിച്ചതിനെക്കാൾ മനോഹരമായി അവർ അവരുടെ കടമ നിർവഹിച്ചിരിക്കുന്നു. കാലങ്ങൾക്ക് വാഴ്തപ്പെടാൻ പോവുന്നതും, പല റെക്കോര്ഡുകളും പഴങ്കഥകൾ ആക്കാൻ കെല്പുള്ളതുമായ ഒരു സിനിമ, അതാണ് എൻഡ് ഗെയിം. കണ്ടിരിക്കുന്നവരെ കൊണ്ടു ചിരിപ്പിക്കാനും കരയിക്കാനും കയ്യടിപ്പിക്കാനും കെല്പുള്ള സിനിമ. മൂന്നു മണിക്കൂറിനു അവസാനം കണ്ണും മനസും നിറഞ്ഞു തിയേറ്റർ വിടാൻ ഇടയാക്കുന്ന സിനിമ.

മാസും ക്ലാസ്സും ഒരുപോലെ ഒത്തിണങ്ങിയ തിരക്കഥയാണ് എൻഡ് ഗൈമിനുള്ളത്. നമ്മൾ മാസ് കാണിക്കണം എന്നു ആഗ്രഹിക്കുന്ന കഥാപാത്രങ്ങൾ എല്ലാവരും തന്നെ മരണമാസ് പ്രകടനം കാഴ്ച വെക്കുന്നുണ്ട് ചിത്രത്തിൽ. അവസാനത്തേക്ക് എത്തുമ്പോൾ രോമാഞ്ചം സീനുകളുടെ ഒരു ഘോഷയാത്ര തന്നെയാണ് ചിത്രം പ്രേക്ഷർക്ക് വേണ്ടി കരുതി വെച്ചിരിക്കുന്നത്. ഒരേയൊരു വിഷമം താനോസിന് ഇത്തിരി കൂടി സ്ക്രീൻ ടൈം കൊടുക്കാമായിരുന്നു എന്നതാണ്. പക്ഷെ കാണിക്കേണ്ട മാസ് ഒക്കെ താനോസ് ഇൻഫിനിറ്റി വാറിൽ തന്നെ കാണിച്ചിട്ടുണ്ടെന്ന സത്യം മനസ്സിലാക്കുമ്പോൾ ഈ ഒരു വിഷമത്തിൽ കാര്യമില്ലെന്ന് വരും.

ട്രെയ്‌ലർ സൂചിപ്പിക്കുന്ന പോലെ തന്നെ ഇൻഫിനിറ്റി വാറിന് ശേഷമുള്ള കഥയാണ് എൻഡ് ഗെയിം പറയുന്നത്. ഉറ്റവരെ നഷ്ടപെട്ടിടത്തു നിന്നും കരകയറാൻ ശ്രമിക്കുന്ന സൂപ്പർ ഹീറോകളും ഒരിക്കൽ തോറ്റു പോയ സ്ഥലത്തു ജയിക്കാൻ വേണ്ടിയുള്ള അവരുടെ പരിശ്രമവും ആണ് ചിത്രം പറയുന്നത്. മറ്റു മാർവൽ ചിത്രങ്ങളെ പോലെയല്ല എൻഡ് ഗെയിം, തുടക്കം മുതലേ ആക്ഷനേക്കാൾ വൈകാരികതയിൽ ഊന്നികൊണ്ടാണ് ചിത്രം കഥ പറയുന്നത്. അവസാനത്തിലേക്ക് എത്തുമ്പോൾ ഈ വൈകാരികത അതിന്റെ പാരമ്യത്തിൽ എത്തി പ്രേക്ഷകരെ അതിലേക്ക് വലിച്ചടിപ്പിക്കുന്നുണ്ട്. മാർവൽ ചിത്രങ്ങളിലെ വൈകാരികത റൂസോ ബ്രദേഴ്സിന്റെ മാത്രം കുത്തക ആണെന്ന് തോന്നുന്നു.

ചിത്രത്തിൽ ആക്ഷൻ കുറവണല്ലോ എന്ന എന്റെ വിഷമം അവസാനത്തെ 45 മിനുട്ടിൽ മാറി കിട്ടി. ഒരു സൂപ്പർ ഹീറോ ചിത്രത്തിലെ ഏറ്റവും നന്നായി എടുത്ത ഫൈറ്റുകളിൽ ഒന്നെന്നു എൻഡ് ഗൈമിന്റെ ക്ളൈമാക്‌സ് ഫൈറ്റ് ഭാവിയിൽ അറിയപ്പെടും. ഓരോ ഹീറോക്കും വ്യക്തമായ സ്പെയിസും നല്ല രീതിക്ക് എക്സിക്യൂട്ട് ചെയ്തെടുത്ത ഫൈറ്റ് സീക്വന്സുകളും ഗ്രാഫിക്‌സും കൂടി ചേരുമ്പോൾ മറക്കാൻ ആവാത്ത തിയേറ്റർ അനുഭവം ആണ് ആ ക്ളൈമാക്‌സ് ഫൈറ്റ് പ്രേക്ഷകർക്ക് നൽകുന്നത്.

ഇൻഫിനിറ്റി വാർ എനിക്ക് ലഭിച്ച മികച്ച തിയേറ്റർ എക്സ്‌പീരിയെൻസുകളിൽ ഒന്നാവൻ കാരണം തിയേറ്ററിൽ ഉയർന്നു കേട്ട ആർപ്പു വിളികളും കയ്യടികളും കൂടിയാണ്. പക്ഷെ ഇന്ന് ഞാൻ ഏറ്റവും അധികം മിസ് ചെയ്തതും ഈ ഒരു തിയേറ്റർ എക്സ്‌പീരിയൻസ് തന്നെയാണ്. ഒരു ചിത്രം IMAX ൽ കാണണം എന്ന ആഗ്രഹം സാധിച്ചുവെങ്കിലും ഒരു ഹീറോയുടെ പോലും ഇൻട്രോക്ക് കയ്യടിക്കാതെ, ഒരു മാസ് സീനിന് പോലും ആർപ്പുവിളിക്കാത്ത ഒരു കൂട്ടം ആൾക്കാരുടെ കൂടിയിരുന്നു ചിത്രം കാണേണ്ടി വന്നു. സംഭവം തിയേറ്ററിൽ കൂക്കി വിളിക്കുന്നവരെ കുറിച്ചു ഞാനും പരാതി പറയാറുണ്ടെങ്കിലും നമ്മൾ മലയാളികൾ കിടുവാണ്. കുറച്ചു കയ്യടിക്കാതെയും ആർപ്പു വിളിക്കാതെയും എങ്ങനെയാണ് ഇതുപോലൊരു ചിത്രം കണ്ടിരിക്കാൻ പറ്റുന്നത് 😊

യാതൊരു വിധ കുറവുകളും ഇല്ലാത്ത ഒരു ചിത്രമൊന്നുമല്ല എൻഡ് ഗെയിം. ലോജിക്കും സയൻസും തപ്പി പോയാൽ ഒരുപാട് കുറ്റങ്ങളും കുറവുകളും നമുക്ക് ഈ ചിത്രത്തിലും കണ്ടെത്താൻ സാധിക്കും. പക്ഷെ ഇത് അത്തരത്തിൽ കീറി മുറിക്കപ്പെടേണ്ട ഒരു സിനിമായല്ലെന്നു ആദ്യമേ പറഞ്ഞുകൊള്ളട്ടെ.

ഇതൊരു നന്ദി പറച്ചിലാണ്.. ജീവിതത്തിലെ പത്ത് വർഷങ്ങൾ മികച്ചതാക്കി തന്ന ഒരു കൂട്ടം കഥാപാത്രങ്ങൾക്ക്. Avenges ന്റെ "A" കയ്യിൽ പേന കൊണ്ടു വരച്ചിടാനും ഡെസ്കിൽ കോമ്പസ്‌കൊണ്ട് കോറിയിടാനും ഒരുപാട് കുട്ടികളെ പ്രേരിപ്പിച്ചവർക്ക്. നാട്ടിലെ ഉത്സവ പറമ്പുകളിൽ പോലും ക്യാപ്റ്റന്റെയും ടോണിയുടെയും മുഖങ്ങൾ പതിച്ച കളിപ്പാട്ടങ്ങൾ വിറ്റഴിക്കാൻ ഇടയാക്കിയവർക്ക്. ജീവിതത്തിൽ ഇന്നെ വരെ ഒരു ഹോളിവുഡ് പടത്തിനു പോലും തിയേറ്ററിൽ പോവാത്തവരെ കൊണ്ടു വരെ രാവിലെ 3 മണിക്ക് ഫാൻസ് ഷോ വെപ്പിച്ചവർക്ക്.

നന്ദി അവഞ്ചേഴ്‌സ്.. ജീവിതത്തിലെ പത്ത് വർഷങ്ങൾ ഇത്രയേറെ ഞങ്ങളെ ആനന്ദിപ്പിച്ചതിന്. ഈ ഒരു യാത്ര പറച്ചിൽ പോലും ഇത്രകണ്ട് മനോഹരമാക്കി തന്നതിന്..

നന്ദി.. adios.. ❤️

വേർഡിക്ട്: വളരെ മികച്ച കാഴ്ചാനുഭവം.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo