#ജപ്പാൻ_ദിനങ്ങൾ

ജപ്പാനിൽ വന്ന ശേഷം എനിക്ക് മറക്കാനാവാത്ത അനുഭവങ്ങളിൽ പലതും തന്നത് ഇവിടുത്തെ മെട്രോ ട്രെയിനുകളിലെ യാത്രകളാണ്. 15 കിലോമീറ്റർ കൊച്ചി മെട്രോയിൽ ലുലു മാൾ വരെ പോയി വന്നിരുന്ന എനിക്ക് ഗുളിക കഴിക്കുന്ന പോലെ ദിവസവും രാവിലെ ഭക്ഷണത്തിന് മുൻപും വൈകുന്നേരം ഭക്ഷണത്തിന് ശേഷവുമുള്ള മെട്രോ യാത്ര ഒരു മടുപ്പായി മാറാൻ അധികം സമയം വേണ്ടി വന്നില്ല. വഴി തെറ്റി സ്റ്റോപ്പ് മാറി ഇറങ്ങി, പിന്നെ ട്രെയിൻ മാറി കയറി 3 മാസം കൊണ്ട് സഞ്ചരിക്കേണ്ട ദൂരം 3 ദിവസം കൊണ്ട് സഞ്ചരിക്കാൻ ഉള്ള വകുപ്പും ടോക്കിയോ മെട്രോ എനിക്ക് ആദ്യ ആഴ്ച തന്നെ ഒരുക്കി തന്നിട്ടുണ്ട്. 😐

ടോക്കിയോ മെട്രോ അതിന്റെ തിരക്കിന്റെ കാര്യത്തിൽ കൂടെ ലോകപ്രശസ്തമാണ്. സംഭവം ഇന്ത്യയിൽ എങ്ങാനും ആയിരുന്നു ഇത്ര തിരക്കുള്ള മെട്രോ എങ്കിൽ ദിവസേന ഓരോ മരണം വെച്ചു കാണേണ്ടി വന്നേനെ നമ്മൾ. പക്ഷെ ഇതിപ്പോൾ ജപ്പാൻ അയോണ്ടും ഇവന്മാർ മാന്യമാർ അയോണ്ടും കുഴപ്പമില്ല. പക്ഷെ ക്യൂ പാലിക്കുന്ന കാര്യത്തിൽ മാത്രമാണ് ഈ മാന്യത കേട്ടോ. ട്രെയിൻ വന്നു നിന്നാൽ പിന്നെ വെള്ളിയാഴ്‌ച സിനിമ തിയേറ്റയറിൽ കാണുന്നതിനെക്കാൾ മാരക ഇടിയാണ് നടക്കുക. നമ്മൾ ചുമ്മാ ക്യൂവിൽ നിന്നുകൊടുത്താൽ മതി പുറകിൽ നിൽക്കുന്നവന്മാർ നമ്മടെ ഇടിച്ചു ട്രെയിനിന് അകത്തിട്ടുകൊള്ളും. 😔

ടോക്കിയോ മെട്രോയിൽ ദിവസേന യാത്ര ചെയ്യുന്ന ഒരുത്തനെ വേറെ യാതൊരു പരിശീലനവും കൊടുക്കാതെ ഒളിമ്പിക്സിൽ ഗുസ്തിക്ക് വിട്ടാൽ പോലും പുട്ട് പോലെ അവൻ സ്വർണം അടിക്കും. അമ്മാതിരി പരിശീലനമാണ് ദിവസേന അവനു മെട്രോയിൽ നിന്നും മാത്രം ലഭിക്കുന്നത്. 🤓

ഞാൻ ഒരു അഞ്ചു കിലോ വരുന്ന ബാഗും തൂക്കി ഉറക്കം തൂങ്ങി ക്യൂവിൽ നിന്നൊരു തണുത്ത വെളുപ്പാൻ കാലത്താണ് ഈ പറയാൻ പോവുന്ന കഥ നടക്കുന്നത്.

ആദ്യത്തെ ട്രെയിനിൽ കയറി പറ്റാൻ ഉള്ള എന്റെ എല്ലാ ശ്രമങ്ങളും കടുത്തൊരു കായികാഭ്യാസത്തിന് ശേഷവും പരാജയപ്പെട്ടിരുന്നു. അടുത്തതിൽ എങ്കിലും കയറിയാലാണ് സമയത്തിന് ഓഫീസിൽ എത്താൻ പറ്റു എന്നുറപ്പുള്ളതുകൊണ്ടു എങ്ങനെ എങ്കിലും അതിൽ ഇടിച്ചു കയറാൻ ഉള്ള വഴികൾ ഞാനാലോചിച്ചു തുടങ്ങി. അപ്പോളാണ് എന്റെ തൊട്ടു പിന്നിൽ നിൽക്കുന്ന നല്ല തണ്ടും തടിയുമുള്ള ഒരു ജിമ്മനെ ഞാൻ ശ്രദ്ധിക്കുന്നത്.

മോനെ മനസ്സിൽ ലഡു പൊട്ടി!! ഇതു തന്നെ വഴി! 😺

ഞാൻ ഒന്നു അയഞ്ഞു കൊടുത്താൽ മതി, എന്നെ ഉന്തി ട്രെയിനിൽ കയറ്റുന്ന കാര്യം ഈ പുറകിൽ നിൽക്കുന്ന ജിമ്മൻ ഏറ്റു കൊള്ളും. 💁

അങ്ങനെ ട്രെയിൻ വന്നു നിന്നു. വിചാരിച്ച പോലെ തന്നെ പുറകിൽ നിന്നിരുന്നവൻ നല്ല രീതിക്ക് ഒന്ന് ഉന്തി തന്നു. പക്ഷെ എന്റെ കണക്കു കൂട്ടൽ എല്ലാം പിഴച്ചത് ജിമ്മന്റെ ഉന്തിനെ ഞാൻ അണ്ടർ എസ്റ്റിമേറ്റ് ചെയ്തിടത്താണ്. ഒരു മീഡിയം ലെവലിൽ ഉള്ള തള്ള് പ്രതീക്ഷിച്ച എനിക്ക് പുറകിൽ ഒരു ലോറി വന്നിടിച്ച പ്രതീതി ആയിരുന്നു ഉണ്ടായത്. പറന്നു ചെന്നു ട്രെയിനിൽ ലാൻഡ് ചെയ്യുക എന്നൊരൊറ്റ ഓപ്‌ഷനെ പിന്നെ എന്റെ മുന്നിൽ ഉണ്ടായിരുന്നുള്ളു.

ദൈവമേ ഞാനിതാ വരുന്നു എന്നൊരു അലർച്ചയോടെ ട്രെയിനിന്റെ വാതിലിനോട് ചേർന്നു നിന്നിരുന്ന ഒരമ്മച്ചിയെ തട്ടി തെറിപ്പിച്ചുകൊണ്ടു ഞാൻ ട്രെയിനിൽ വന്നു വീണു. 😶

അടിപൊളി..!! 😳

പെട്ടെന്നുണ്ടായ ആഘാതത്തിൽ ഭൂമികുലുക്കം വല്ലതുമാണെന്ന ധാരണയിൽ ഇറങ്ങി ഓടാൻ നിന്ന അമ്മച്ചിക്ക് മുന്നിൽ വഴി മുടക്കികൊണ്ടു ഞാൻ വന്നു നിന്നു. ഒരു വളിച്ച ചിരിയോടെ.. 😇

സോറി പറയണം എന്ന ആഗ്രഹം സോറിക്ക് പകരമുള്ള ജാപ്പനീസ് വാക്ക് ഓർമ ഓർമ വരാത്തത്കൊണ്ട് ഞാൻ ആദ്യമേ ഉപേക്ഷിച്ചിരുന്നു.

"പറ്റിപോയി അമ്മച്ചി.. മാപ്പാക്കണം"

എന്നു പരമാവധി വിനയത്തോടെ മുഖത്തെഴുതി വെച്ചുകൊണ്ട് ഞാൻ വീണ്ടും അവരെ നോക്കി ഒന്നുകൂടി ചിരിച്ചു. അവർക്ക് കാര്യം മനസിലായെന്നു തോന്നുന്നു.

എന്റെ ഭാഗ്യം!!

ട്രെയിൻ വീണ്ടും മുന്നോട്ടു പോയി തുടങ്ങി. ഓരോ സ്റ്റോപ്പിൽ നിന്നും രണ്ടാൾ ഇറങ്ങിയാൽ 20 ആൾക്കാർ പകരം കയറുന്ന അവസ്ഥ. മറ്റൊരു വാഗൻ ട്രാജഡി ഇപ്പോൾ ഇവിടെ നടക്കും എന്ന ടെൻഷനോടെ ഞാൻ ട്രെയിനിൽ നിൽക്കുന്നു.

ബാഗ് ഊരി കയ്യിൽ പിടിച്ചത്കൊണ്ട് കൈ വേദനിക്കുന്നെന്നും അതെടുത്തു മുകളിലെ കാരിയറിൽ വെച്ചേക്കാം എന്നും അപ്പോളാണ് എനിക്ക് തോന്നിയത്. ( ഏതു നേരത്തു ആണെന്നാവോ ആ ചിന്ത വന്നത് 🤥) എന്തായാലും രണ്ടു മിനുറ്റ് നീണ്ട ഒരു പരിശ്രമത്തിനു ഒടുവിൽ ബാഗിനെ പൊക്കി കാരിയറിലേക്ക് ഉന്തി തള്ളി വെക്കാൻ എനിക്ക് കഴിഞ്ഞു. ഈയൊരു അധ്വാനത്തിനു ശേഷം ഒരു മാരത്തൻ ഓടി ക്ഷീണിച്ച ആളെ പോലെ മുട്ടിൽ കൈ കുത്തി നിന്നു കിതക്കുമ്പോളാണ്, യാതൊരു ദയാഥാക്ഷിണ്യവും കൂടാതെ നേരത്തെ മുകളിലേക്ക് പോയ എന്റെ ബാഗ് അതിനേക്കാൾ വേഗത്തിൽ താഴേക്ക് പോരുന്നത്.

വീഴാൻ പോയ ബാഗിനെ ഞാൻ താഴെ വീഴാതെ കയ്യിൽ താങ്ങി. അപ്പോളാണ് മനസ്സിലായെ വീഴും നേരം എന്റെ ആ ദുരന്ത ബാഗ് നേരത്തെ പറഞ്ഞ അമ്മച്ചിയുടെ തലയിലൊന്നു ചെറുതായി തൊട്ടിട്ടാണ് താഴെ വീണത്. 😶

ഇടിവെട്ടിയവനെ പാമ്പ് കടിച്ച ഒരു മുഖത്തോടെ അവരെന്നെ ഒന്നു നോക്കി! 😑

നല്ല അടി നാട്ടിൽ കിട്ടുമ്പോൾ ഫ്‌ലൈറ്റും പിടിച്ച് ജപ്പാനിൽ വന്നു അടികൊള്ളാൻ താൽപര്യമില്ലാത്തതിനാൽ ജപ്പാൻ വാക്കുകളുടെ ആദ്യ അക്ഷരം ചൊല്ലി തന്ന രാജ്‌മോഹൻ ഏട്ടനെ മനസ്സിൽ വിചാരിച്ചു കൊണ്ടു അപ്പോൾ വായിൽ വന്ന ജാപ്പനീസ് വാക്കിൽ ഞാൻ ഒരു സോറി പറച്ചിൽ അങ്ങു നടത്തി.

"അരിഗാതോ ഗോസൈമസ്"

എന്റെ സോറി പറച്ചിൽ കേട്ടതും കലിപ്പ് മൂഡിൽ നിന്നിരുന്ന അമ്മച്ചിയുടെ കണ്ണൊന്നു തള്ളി..

ഹ്മ് ഒരു സോറിക്ക് ഇതാണോ മുഖഭാവം ഇടുന്നെ എന്ന മട്ടിൽ ഒരു ചെറിയ പുച്ഛത്തോടെ അമ്മച്ചിയെ നോക്കിക്കൊണ്ടു ഞാനും.

പിന്നെ ഒന്നു ആലോചിച്ചപ്പോൾ ആണ് എനിക്ക് ബോധം വന്നത്.

അരിഗാതോ ഗോസൈമസ് എന്നല്ല ജാപനീസിൽ സോറിക്ക് പറയുന്നത്. സുമി മാസെൻ എന്നാണ്. 😷 ഞാൻ പറഞ്ഞതിന്റെ അർത്ഥം "നന്ദി" എന്നാണ്.

അതേ സുഹൃത്തുക്കളെ Thank you very much എന്നതിന് ജാപനീസിൽ ഉപയോഗിക്കുന്ന വാക്കാണ് അരിഗാതോ ഗോസൈമസ്. അവരെ കൊല്ലാൻ ശ്രമിച്ചതും പോരാ അവരോടു ഞാൻ അതിന് നന്ദി കൂടി പറഞ്ഞിരിക്കുന്നു ഇപ്പോൾ.

നൈസ്!! 🤒

അബദ്ധം മനസ്സിലായ ഞാൻ പഴയ അതേ വളിച്ച ചിരിയോടെ അമ്മച്ചിയെ നോക്കി ഒന്നു കൂടി ചിരിച്ചു. ഇനിയൊരു "സുമി മാസെമാസെൻ" കൂടി പറയാൻ ഉള്ള ധൈര്യം തൽക്കാലത്തേക്ക് എനിക്കില്ലായിരുന്നു.

ഇനി സുമി മാസെയുടെ അർത്ഥം എങ്ങാനും "സോറി" എന്നല്ലേൽ, ശിവനെ!! ഓർക്കാൻ കൂടി വയ്യ 😥

അമ്മച്ചി ആണേൽ എന്റെ നന്ദി പറച്ചിൽ കേട്ടപ്പോൾ തള്ളി പുറത്തു വന്ന കണ്ണിനെ ഒക്കെ തിരിച്ചു കയറ്റി മുഖത്തൊരു പുച്ഛവും ഫിറ്റ് ചെയ്തു നിൽക്കുന്നു.

"എവിടുന്നു വരുന്നടാ ഇവനൊക്കെ, കുറ്റിയും പറിച്ച് രാവിലെ തന്നെ!"

അവരുടെ മുഖത്തു എഴുതി വെച്ചത് എനിക്ക് വായിച്ചെടുക്കാൻ പറ്റുന്നുണ്ട്.

അല്ല അവരെയും കുറ്റം പറയാൻ പറ്റില്ല. ഒരുത്തൻ രാവിലെ തന്നെ നിങ്ങളെ രണ്ടു തവണ കൊല്ലാൻ ശ്രമിച്ചു. ഒരു സോറി പോലും പറഞ്ഞില്ല എന്നു മാത്രമല്ല പകരം ഒരു താങ്ക്‌സ് പറയുക കൂടി ചെയ്താൽ നമ്മൾ ആയാലും ആ ഒരു മുഖത്തോടെ തന്നെയേ പിന്നെ അവനെ നോക്കത്തുള്ളു. 😂

എന്തായാലും അപ്പോൾ മുതൽ എന്റെ സ്റ്റോപ്പ് എത്തി ഞാൻ ഇറങ്ങുന്ന വരെ അമ്മച്ചി പരിപൂർണ ജാഗരൂകയായിരുന്നു. ഞാനൊന്നു മൂക്ക് ചൊറിയാൻ കൈ ഉയർത്തിയാൽ കൂടി "കൊല്ലരുത്" എന്ന മുഖഭാവത്തോടെ അവരെന്നെ ദയനീയമായി നോക്കുമായിരുന്നു. 😛

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo