ഒരിക്കൽ തമിഴ് സിനിമയുടെ വർത്തമാനവും ഭാവിയുമായി വാഴ്ത്തപ്പെട്ടവൻ ആണ് സൂര്യ. ക്ലാസും മാസും ഒരു പോലെ വഴങ്ങുന്ന ഒരു നടൻ. അഭിനയിക്കാൻ അറിയാവുന്ന ഒരു സൂപ്പർ താരം എല്ലാ സിനിമ ഇന്ഡസ്ട്രിയുടെയും ഭാഗ്യമാണെന്നിരിക്കിൽ സൂര്യയെ തമിഴ് സിനിമയുടെ ഭാവിയായി കണ്ടവരെ തെറ്റുപറയാനും പറ്റില്ല. പക്ഷെ കുറച്ചു കാലമായി താഴേക്ക് പോവുന്നൊരു ഗ്രാഫ് ആയിരുന്നു സൂര്യയുടെ. ഇന്നലെ വന്ന ശിവകാർത്തികേയനുമായൊക്കെ ബോക്സ്ഓഫീസിൽ പിടിച്ചു നിൽക്കാൻ പാടുപെടുന്ന സൂര്യ കരിയറിൽ ഒരു വലിയ വിജയം ആവശ്യമായ ഈ അവസരത്തിലും ഒരു പരീക്ഷണ ചിത്രം ചെയ്യാൻ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കാതെ വയ്യ.

ആദ്യമേ പറയട്ടെ, NGK എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. എന്തുകൊണ്ട് ഇഷ്ടപ്പെട്ടു എന്നു പറയാൻ കുറച്ചു സ്പോയിലർ എഴുതേണ്ടി വരും. അതുകൊണ്ട് ചിത്രം കാണാത്തവർ തുടർന്ന് വായിക്കണമെന്നില്ല.

“നീങ്ക നിനൈക്കിറ മാതിരി അന്ത ആൾ ഒന്നും MGR കിടയാത് ടാ.. MN നമ്പ്യാർ.. പക്കാ വില്ലൻ 🔥”

ആരാണ് ? അല്ലെങ്കിൽ എന്താണ് NGK? മൂപ്പരൊരു ഒന്നൊന്നര സൈക്കോ വില്ലനാണ്. സ്വന്തം അച്ഛനെയും അമ്മയെയും വരെ കൊന്നു ആ സിമ്പതിയിൽ താൻ ഉദ്ദേശിച്ച ലക്ഷ്യം നടത്തിയെടുത്തവൻ. അവസാനം ആയി എന്റെ മുഖം ഒന്നു കണ്ടേക്കു, ഇനി ചിലപ്പോൾ കാണാൻ പറ്റില്ല എന്ന് കുമരൻ പറയുമ്പോൾ അങ്ങേരുടെ അച്ഛനും അമ്മയും മാത്രമല്ല കണ്ടിരിക്കുന്ന പ്രേക്ഷകർ വരെ കരുതികാണില്ല ഇതു അവരെ കൊല്ലാൻ പദ്ധതി ഇട്ടിട്ടുള്ള പറച്ചിലാണെന്നു. അതുപോലെ തന്നെ വാനതിക്ക് തന്നിലുള്ള സോഫ്റ്റ് കോർണർ മുതലെടുത്ത് തന്റെ രാഷ്ട്രീയ വളർച്ചയിൽ അവളെ കരുവാക്കിയവൻ ആണ് NGK. സ്വന്തം ഭാര്യയോട് പോലും വിശ്വാസ വഞ്ചന കാണിക്കേണ്ടി വന്നു അവന്. അല്ല സിനിമയുടെ അവസാന രംഗത്തു വാനതി വന്നില്ലായിരുന്നേൽ തന്റെ ലക്ഷ്യം നിറവേറ്റാൻ ആയി ഭാര്യയെ കൂടി കൊലക്ക് കൊടുക്കാൻ അയാൾ മടികില്ലായിരുന്നു. ഇതൊക്കെ മൂപ്പർ എന്തിന് വേണ്ടിയാണ് ചെയ്തതെന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരമേ ഉള്ളു താനും. അവന്റെ അമ്മ തന്നെ പറയുന്നപോലെ.

"പലർക്കും പല കാര്യങ്ങളിൽ പ്രാന്തുണ്ടാവും.. അവന് ഈ നാടിന്റെ മുകളിൽ ആണ് പ്രാന്ത്"

അതേ നാടിനു നല്ലതു ചെയ്യാൻ വേണ്ടി രാഷ്ട്രീയത്തിൽ ഇറങ്ങി.. എന്നാൽ നേരായ വഴിയിൽ പോയാൽ രാഷ്ട്രീയത്തിൽ ഉയരാൻ പറ്റില്ലെന്ന് മനസ്സിലാക്കി തന്റെ കുടുംബവും സ്നേഹവന്ധങ്ങളുമെല്ലാം ബലി കഴിച്ചു ലക്ഷ്യം നേടിയവൻ ആണ് കുമരൻ.

നാടിനു വേണ്ടി കുടുംബത്തെ ബലി കൊടുത്തവൻ NGK, തമിഴ് സിനിമ കണ്ട ഏറ്റവും വലിയ സൈക്കോ വില്ലന്മാരിൽ ഒരുവൻ.

സിനിമയുടെ മറ്റു വിഭാഗങ്ങളിലേക്ക് കടക്കുകയാണെങ്കിൽ, പറയാൻ ഉദ്ദേശിച്ച വിഷയത്തിൽ സ്പൂണ് ഫീഡിങ് വേണ്ടെന്ന് വച്ച സെൽവക്ക് ആദ്യ കയ്യടി നൽകാം. ഇത്തിരി കൂടി മാസ് ആക്കി കഥ പറഞ്ഞിരുന്നേൽ ഒരു മങ്കാത്ത മോഡലിൽ ഫാൻസ് കയറി ആഘോഷിക്കുമായിരുന്നെന്നു അറിഞ്ഞും അങ്ങനെ ചെയ്യാതെ ഇരുന്നതിനു ആണ് ആ കയ്യടി. പക്ഷെ സ്പൂണ് ഫീഡിങ് ഇല്ലെങ്കിലും ഇത്തിരി കൂടി ഒതുകമുള്ള തിരകഥ തയ്യാറാക്കുന്നതിന് മൂപ്പർ പരാജയപ്പെട്ടിട്ടുണ്ടെന്നു തന്നെ പറയാം. ചിത്രത്തിന്റെ രണ്ടാം പകുതിയിൽ പല രംഗങ്ങളും എന്തിനെന്ന് തോന്നിപ്പിച്ചു. അഭിനേതാക്കളിൽ സായ് പല്ലവി മികച്ച രീതിക്ക് വെറുപ്പിച്ചെന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തി ആവില്ല. സായിടെ പല സീനുകളും സംഭാഷണങ്ങളും ഏച്ചു കൂട്ടിയ പോലെ മുഴച്ചിരുന്നിരുന്നു. ആക്ഷൻ സീനുകളും പശ്ചാത്തല സംഗീതവും നന്നായിരുന്നു. പക്ഷെ പല ഗാനങ്ങളും ചിത്രത്തിൽ പ്ലെയിസ് ചെയ്തിരിക്കുന്നത് സിനിമയുടെ ഒഴുക്കിനോട് ചേർന്നു പോവുന്ന രീതിക്കല്ല.

ഈ പറഞ്ഞ കുറവുകളെ മാറ്റി നിർത്തിയാൽ മികച്ച രീതിക്ക് തയ്യാറാക്കിയ ഒരു ചിത്രം തന്നെയാണ് NGK. ഇത്തിരി കൂടി ചുഴിഞ്ഞു ചിന്തിച്ചാൽ മറ്റു പലതും കണ്ടെത്താൻ പറ്റിയെന്നിരിക്കാം. തമിഴ് രാഷ്ട്രീയത്തിലെ അതികായന്മാർ പലരും ഒന്നിൽ കൂടുതൽ സ്ത്രീകളുമായി ബന്ധമുള്ളവർ ആയിരുന്നെന്ന വസ്തുത കണക്കിൽ എടുക്കുമ്പോൾ വിവാഹേതര ബന്ധം വെച്ചുപുലർത്തുന്ന നന്ദ ഗോപാലൻ കുമരൻ എന്ന NGK വെറുമൊരു ഭാവന സൃഷ്ടി അല്ലെന്നു വരാം. ചതിയിലൂടെ മുഖ്യമന്ത്രിയായ NGK യെ കാണിച്ചു ചിത്രം അവസാനിക്കുമ്പോൾ ഇത്രയും ക്രൂരതകൾ കാണിച്ചു അധികാരം പിടിച്ചെടുത്ത അയാൾ ഇനി നാടിനു വേണ്ടി പ്രവർത്തിക്കുമോ അതോ തനിക്ക് വേണ്ടി പ്രവർത്തിക്കുമോ എന്ന ചോദ്യം മാത്രം ബാക്കി നിൽക്കുന്നു. അതിന്റെ ഉത്തരം പ്രേക്ഷകർക്ക് ആലോചിച്ചു കണ്ടെത്താനായി ഇട്ടു തന്നിരിക്കുന്നു സംവിധായകൻ.

സെൽവയുടെ മറ്റു ചിത്രങ്ങളെ പോലെ തന്നെ ഇറങ്ങിയ സമയത്ത് പരാജയമാവാനും ഭാവിയിൽ വാഴ്ത്തപ്പെടാനും പോവുന്ന ചിത്രമാണ് ഇതും എന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു. പല ലെയറുകളിൽ കെട്ടു പിണഞ്ഞു കിടക്കുന്ന ഒരു കോംപ്ലക്‌സ് കഥാപാത്രമാണ് NGK. ഒരുപാട് പുനർവായനകൾക്ക് ശേഷം നന്ദ ഗോപാല കുമരനും നാളെ അംഗീകരിക്കപ്പെട്ടേക്കാം. ഇന്ന് കൊക്കി കുമാറിന് കിട്ടുന്ന അതേ ഫാൻ ഫോളോവിങ് ഒരു പത്ത് കൊല്ലം കഴിഞ്ഞു കുമരനും കിട്ടിയേക്കാം.

പക്ഷെ അർഹിക്കുന്ന അംഗീകാരം വൈകി ലഭിച്ചിട്ടെന്തു കാര്യം?

വേർഡിക്ട്: ഗംഭീരം.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo