ലൂമിയർ സഹോദരന്മാർ സിൽവർ സ്ക്രീനിലേക്ക് ജീവിതത്തെ പറിച്ചു നട്ടിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. ഈ കാലയളവിൽ സിനിമ കൈവരിച്ച കാലാനുസൃതമായ മാറ്റങ്ങളിൽ വലിയൊരു പങ്ക് മലയാള സിനിമ എന്ന ചെറിയ ഇന്ഡസ്ട്രിക്ക് കൂടി അവകാശപ്പെടാൻ ഉള്ളതാണ്. നാടകീയമായ കഥാപരിസങ്ങളും കഥാപരിചരണവും പിന്നീട് സെമി റിയലിസ്റ്റിക് ആയും ഇപ്പോൾ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ എത്തി നിൽക്കുമ്പോൾ മുഴുവനായും റിയലിസ്റ്റിക് ആയും ഉള്ളൊരു അവസ്ഥയിലേക്ക് മലയാള സിനിമ മാറിയിരിക്കുന്നു. ജീവിതത്തെ അധികം വെള്ളം ചേർക്കലുകൾ ഇല്ലാതെ പച്ചക്ക് കാണിക്കാൻ ഈ റിയലിസ്റ്റിക് രീതി സഹായിക്കുന്നുണ്ടെങ്കിലും പലരും ആ പഴയ സെമി റിയലിസ്റ്റിക് മലയാള സിനിമകളെ ഇപ്പോളും ഇഷ്ടപ്പെടുന്നുണ്ടെന്നതാണ് സത്യം. എണ്പതുകളിലെയും തൊണ്ണൂറുകളിലെയും മീശപിരി അടി ഇടി പടങ്ങളും കയ്യും മെയ്യും മറന്നു ചിരിക്കാൻ സഹായിച്ച തമാശ പടങ്ങളും ഇന്നും മലയാളിക്ക് പ്രിയങ്കരമാവുന്നതും ഇതുകൊണ്ടൊക്കെ തന്നെ.

ജഗതിയും ജഗദീഷും മുകേഷും പ്രേം കുമാറുമെല്ലാം ലോജിക്കൊന്നും നോക്കാതെ നമ്മളെ ചിരിപ്പിച്ചിരുന്ന ആ ഒരു കാലത്തിലേക്കുള്ള ഒരു മടങ്ങി പോക്കാണ് ജനമൈത്രി എന്നു വേണമെങ്കിൽ പറയാം. ആദ്യം മുതൽ അവസാന വരെ ശുദ്ധ ഹാസ്യം മാത്രമാണ് ചിത്രം മുന്നോട്ട് വെക്കുന്നത്.

കണ്ണൂർ ജില്ലയിലെ ഒരു പോലീസ് സ്റ്റേഷൻ പരിധിയിൽ ജനമൈത്രിയുടെ ഭാഗമായി രാത്രി യാത്രകാർക്ക് ഉറങ്ങാതെ ഇരിക്കാൻ ചായ കൊടുക്കുന്ന ഒരു പരിപാടി നടത്തുന്നു. ഒരു ചായക്ക് ഒരു ജീവൻ എന്നു പേരിട്ട ഈ ഒരു പരിപാടി നടക്കുന്ന രാത്രിയിൽ അവിടെ അരങ്ങേറുന്ന സംഭവ വികാസങ്ങൾ ആണ് ചിത്രത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. ആദ്യ രംഗം മുതൽ ചിരിപ്പിച്ചുകൊണ്ട് മുന്നേറുന്ന ചിത്രം ഒരു സ്ഥലത്ത് പോലും ബോറടിപ്പിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇന്ദ്രൻസ്, സൈജു കുറുപ്പ്, മണികണ്ഠൻ പട്ടാമ്പി, നിർമാതാവ് കൂടിയായ വിജയ് ബാബു തുടങ്ങി ഓരോ അഭിനേതാക്കളും തങ്ങൾക്ക് കിട്ടിയ റോൾ മനോഹരമാക്കിയിട്ടുണ്ട്. പ്രേക്ഷകരെ ചിരിപ്പിച്ചു കൊല്ലാൻ കൊട്ടേഷൻ എടുത്ത പോലെ ആയിരുന്നു ഓരോരുത്തരും ചിത്രത്തിൽ പെരുമാറിയിരുന്നത് 😁

മലയാള സിനിമ നല്ല കോമഡി ചിത്രങ്ങൾക്ക് ക്ഷാമം നേരിടുന്ന ഒരു കാലഘട്ടത്തിൽ കൂടെയാണ് കടന്നു പോവുന്നത്. ഇത്തരമൊരു സമയത്ത് ജോണ് മന്ത്രിക്കൽ എന്ന പുതുമുഖ സംവിധായകൻ ജനമൈത്രി പോലൊരു ആദ്യവസാന തമാശ പടവുമായി വരുമ്പോൾ പ്രേക്ഷകർക്ക് ഉണ്ടാവുന്ന പ്രതീക്ഷ ചെറുതൊന്നുമല്ല. സംവിധായകനെ പോലെ തന്നെ അഭിനന്ദനം അർഹിക്കുന്നുണ്ട് വിജയ് ബാബു എന്ന നിർമാതാവും. പുതുമുഖ സംവിധായകരെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി രൂപീകരിച്ച തന്റെ പുതിയ നിമാണ കമ്പനിയിലൂടെ ഈ ചിത്രം നിർമിക്കാൻ തയ്യാറായതിന്. എന്തായാലും തുടക്കം ഗംഭീരമായ സ്ഥിതിക്ക് ഇനിയും ഒത്തിരി പുതുമുഖ സംവിധായകരെ ഫ്രൈഡേ ഫിലിം ഹൗസ് എസ്‌പിരിമെന്റ്സ്ന്റെ ബാനറിൽ കാണാം എന്നു പ്രതീക്ഷിക്കുന്നു.

തമാശ എന്ന പേരിൽ ഡബിൾ മീനിങ് ഡയലോഗുകൾ വാരി വിതറാത്തതും സ്ത്രീ വിരുദ്ധത കുത്തി നിറക്കാത്തതും വളരെ നന്നായി തോന്നി. ഈ കാര്യത്തിൽ എന്തായാലും അണിയറപ്രവർത്തകർക്ക് അഭിമാനിക്കാം. ഇതൊന്നും ഇല്ലെങ്കിലും നല്ല കോമഡി ഫിലിം ഉണ്ടാക്കാൻ പറ്റും എന്നതിന്റെ തെളിവ് കൂടിയാണ് ജനമൈത്രി എന്ന ഈ ചിത്രം.

ചുരുക്കി പറഞ്ഞാൽ നല്ല രീതിക്ക് എഴുതപ്പെട്ട സ്ക്രിപ്റ്റിൽ മികച്ച അഭിനേതാക്കൾ അഭിനയിച്ചു പുറത്തിറങ്ങിയ ഒരു മുഴുനീള തമാശ പടമാണ് ജനമൈത്രി. ട്വിസ്റ്റുകളോ സസ്പെൻസോ ഇല്ല. പക്ഷെ ഇതൊന്നും ഇല്ലെങ്കിലും ജനങ്ങളെ എന്റർടെയ്ൻ ചെയ്യിക്കുക എന്ന സിനിമയുടെ പ്രാഥമിക ലക്ഷ്യത്തിൽ നൂറു ശതമാനം വിജയിക്കുന്നുമുണ്ടു ചിത്രം. എല്ലാവരും ഫാമിലിയുമൊത്ത് തിയേറ്ററിൽ തന്നെ പോയി കണ്ടു ആസ്വദിക്കുക.

വേർഡിക്ട്: ഗംഭീരം.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo