ഡിയർ കോമ്രേഡ്...

Fight for what you love ❤️

തെലുഗു സിനിമയുടെ നാളെയുടെ പ്രതീക്ഷ ആണ് വിജയ് ദേവരകൊണ്ട എന്ന നടൻ. നന്നായി അഭിനയിക്കാൻ അറിയാവുന്ന എന്നാൽ ഒരു സൂപ്പർ സ്റ്റാർ ആവാൻ വേണ്ട എല്ലാ പൊട്ടൻഷലും ഉള്ള ഒരാൾ. ഇതുകൊണ്ടൊക്കെ തന്നെ ദേവരകൊണ്ട നായകനായി നാല് ഭാഷകളിൽ ദക്ഷിണേന്ത്യ മുഴുവൻ ഒരുമിച്ചു റിലീസ് ആവുന്ന ചിത്രം എന്ന നിലയിൽ ഡിയർ കോമ്രേഡിൽ ഉള്ള പ്രതീക്ഷകളും വളരെ വലുതായിരുന്നു.

ഡിയർ കോമ്രേഡ് അഥവാ പ്രിയപ്പെട്ട സഖാവേ... ഈ പേരും, "നമുക്ക് പ്രിയപ്പെട്ടവക്ക് വേണ്ടി പോരാടുക" എന്ന ടാഗ് ലൈനും കോമ്രേഡ് ആന്ദവും ഒക്കെ കണ്ടു സിനിമക്ക് കയറുമ്പോൾ പ്രണയത്തോടൊപ്പം ശക്തമായ രാഷ്ട്രീയവും കൂടി പറയുന്നൊരു ചിത്രമായിരുന്നു മനസ്സിൽ. പക്ഷെ രാഷ്ട്രീയം ഒരു സബ് പ്ലോട്ട് ആയി മാത്രം കടന്നു വരുന്ന ഒരു മുഴുനീള പ്രണയ ചിത്രം ഒരുക്കാൻ ആണ് അണിയറപ്രവർത്തകർ ശ്രമിച്ചെന്നത് തോന്നുന്നു. ഒട്ടും കെട്ടുറപ്പില്ലാതെ എഴുതപ്പെട്ട തിരക്കഥയും ക്ളീഷേ പ്രണയ രംഗങ്ങളും നാടകീയത കലർത്തി പറഞ്ഞ രാഷ്‌ട്രീയവും എല്ലാം കൂടെ ചേർന്നപ്പോൾ ഫലത്തിൽ ഇതു രണ്ടും ഇല്ലാത്ത ഒരു അവസ്ഥയാണ് ചിത്രം കണ്ടപ്പോൾ തോന്നിയത് എന്നു മാത്രം.

ക്ളീഷേ ആണെങ്കിലും ബോബിയുടെയും ലില്ലിയുടെയും പ്രണയം പറഞ്ഞു പോവുന്ന ആദ്യ പകുതി തന്നെയാണ് ചിത്രത്തിൽ മികച്ചു നിന്നത്.ആദ്യ പകുതിയെ അപേക്ഷിച്ചു നോക്കുമ്പോൾ നൂൽ പൊട്ടിയ പട്ടം കണക്കെ പാറി പറന്നു പോയ രണ്ടാം പകുതി പലപ്പോളും കണ്ടിരിക്കുന്നവരെ മടുപ്പിക്കുന്നുണ്ട്. പക്ഷെ പലപ്പോളും സിനിമ വീണ്ടും ട്രാക്കിൽ ആവുന്നുണ്ടെന്നു പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാൻ സംവിധായകന് കഴിയുന്നുണ്ട്. വില്ലൻ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ഭാഗങ്ങൾക്ക് പ്രത്യേകിച്ചും കണ്ടിരിക്കുന്ന പ്രേക്ഷകരിൽ വീണ്ടും പ്രതീക്ഷ നിറക്കാൻ കഴിയുന്നുണ്ട്. പക്ഷെ നല്ല എൻഗേജിങ് ആയി തോന്നിയ ആ ഭാഗങ്ങൾക്ക് ശേഷം സിനിമ വീണ്ടും അതിന്റെ പഴയ തണുപ്പൻ ആവിഷ്കാര രീതിയിലേക്ക് തന്നെ കൂപ്പ് കുത്തുന്നു. ഈ ഒരു അവസ്ഥയിലേക്ക് അതിനാടകീയത നിറഞ്ഞ ആ ക്ളൈമാക്‌സ് രംഗങ്ങൾ കൂടി ചേരുമ്പോൾ കൊണ്ടിരിക്കുന്ന പ്രേക്ഷകരിൽ അവശേഷിക്കുന്നത് നിരാശ മാത്രമായിരിക്കും.

പ്രകടനത്തിൽ വിജയ് ദേവരകൊണ്ട നന്നായിരുന്നു. പക്ഷെ ആവർത്തിച്ചു വരുന്ന ഈ ആംഗ്രി യങ് മാൻ റോളുകൾ ഇപ്പോൾ മടുപ്പുണ്ടാക്കി തുടങ്ങി എന്നതാണ് സത്യം. തെലുഗു സിനിമയെ അടുത്ത ലെവലിലേക്ക് ഉയർത്തും എന്നു പ്രതീക്ഷ ഉണ്ടായിരുന്ന വിജയ്നെ പോലുള്ളവർ വീണ്ടും ഒരേ തരം ചിത്രങ്ങളിൽ തളച്ചിടപെടുന്നതിൽ വിഷമം തോന്നി. ഒറ്റക്കെടുത്തു പരിശോധിച്ചാൽ രാഷ്മികയുടെ അഭിനയം ശരാശരിക്കും താഴെയായി മാത്രമേ തോന്നുന്നുള്ളൂ. പ്രത്യേകിച്ചു ക്ളൈമാക്സിലെയും മറ്റും വൈകാരിക രംഗങ്ങളിൽ നാടകീയതയും അമിതാഭിനയവും പ്രകടമായിരുന്നു. പക്ഷെ അവർ രണ്ടു പേരും തമ്മിലുള്ള സ്ക്രീൻ കെമിസ്ട്രി ഒരു രക്ഷയും ഇല്ലായിരുന്നു ❤️. കിടിലൻ എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോവും. വിജയും രാഷ്മികയും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ തന്നെയാണ് 3 മണിക്കൂറിനു അടുത്ത് പ്രേക്ഷകരെ തിയേറ്ററിൽ പിടിച്ചിരുത്തുന്നതിൽ വലിയൊരു ഘടകം.

അതുപോലെ തന്നെ പ്രേക്ഷകരെ തിയേറ്ററിൽ പിടിച്ചിരുത്തുന്നതിൽ വലിയൊരു പങ്കു വഹിച്ച ഒന്നാണ് ഒന്നിനൊന്ന് മികച്ച ചിത്രത്തിലെ ഗാനങ്ങൾ എല്ലാം. ചിത്രത്തിനു വേണ്ടി സംഗീതം ഒരുക്കിയ ജസ്റ്റിൻ പ്രഭാകർ നല്ലൊരു കയ്യടി തന്നെ അർഹിക്കുന്നുണ്ട്.

ചുരുക്കത്തിൽ കാശും സമയവും അധികം ഉണ്ടെങ്കിൽ മാത്രം കണ്ടിരിക്കാവുന്ന ഒരു ശരാശരി ചിത്രം മാത്രമാണ് ഡിയർ കോമ്രേഡ്. കഥയിലെ പുതുമയില്ലായ്മയെയും തിരക്കഥയിൽ വന്ന പാളിച്ചകളെയും എല്ലാം നല്ല സംഗീതവും നായകന്റെയും നായികയുടെയും ക്യൂട്ട് സ്ക്രീൻ പ്രസൻസും കെമിസ്ട്രിയും കൊണ്ടു മറികടക്കാൻ കഴിയും എന്ന് വിശ്വസിക്കുന്നവർ ഉണ്ടേൽ ധൈര്യമായി പോയി കാണാം, അല്ലാത്തവർ ഒരു തവണ കൂടി ആലോചിച്ച ശേഷം ടിക്കറ്റ് എടുക്കുന്നത് ആയിരിക്കും ഉത്തമം.

അവസാനമായി വിജയ് ദേവരകൊണ്ട എന്ന നടനോട് ഒരു വാക്ക്. ദുൽഖർ താങ്കളുടെ കോമ്രേഡ് ആണെന്ന് കേരളത്തിൽ വന്നു നാഴികക്ക് നാല്പത് എന്ന കണക്കിൽ പറഞ്ഞാൽ ഒന്നും പടം ഓടില്ല ഭായ്. അഥവാ ഈ ചിത്രം ഓടിയാലും അടുത്ത ചിത്രം ഈ ലേബലിൽ ഓടിക്കാൻ കഴിയില്ല. ഇത്തിരി കൂടി നല്ല സ്ക്രിപ്റ്റ് സെലക്ഷനും കുറച്ചു വ്യത്യസ്തത ഉള്ള റോളുകളുമായി വന്നു ഞങ്ങളെ വീണ്ടും വിസ്മയിപ്പിക്കും എന്ന വിശ്വാസത്തിൽ നിർത്തുന്നു. നന്ദി.

വേർഡിക്ട്: ശരാശരി അനുഭവം.