"രണ്ടു കാലിൽ ഒടുന്നുണ്ടെലും, മൃഗമാ... മൃഗം..."

കണ്ടു കഴിഞ്ഞ ശേഷവും എന്താണ് കണ്ടതെന്ന ഞെട്ടൽ വിട്ടു മാറാതെ, അവർ ഇത് എങ്ങനെ ആണ് സംഭവ്യം ആക്കിയതെന്ന് മനസ്സിലാക്കാൻ കഴിയാതെ തരിച്ചിരിക്കേണ്ടി വന്ന സിനിമ അനുഭവമാണ് ജെല്ലിക്കെട്ട്. ചരിത്രാതീന കാലം മുതൽക്കിങ്ങോട്ടു മനുഷ്യന്റെ സ്വഭാവത്തിൽ സാരമായ വ്യത്യാസം ഒന്നും വന്നിട്ടില്ല. രണ്ടു കാലിലാണ് ഓടുന്നതെങ്കിലും അവനും മൃഗം തന്നെയാണ്. കുറച്ചുകൂടെ വ്യക്തമായി പറഞ്ഞാൽ കൂട്ടത്തിൽ ഏറ്റവും അപകടകാരിയായ മൃഗം. പരിണാമത്തിന്റെ ഒരു ദശയിലും നമ്മളെ വിട്ടു പോവാത്ത ഈ മൃഗീയ വാസനയുടെ തുറന്നുകാട്ടൽ ആണ് ചിത്രം. കയറു പൊട്ടിച്ചൊടുന്ന ഒരു പോത്ത് ഒരുപാട് പേരുടെ ഉള്ളിലെ മൃഗത്തെ പുറത്തുകൊണ്ടുവരുമ്പോൾ അതു മലയാള സിനിമ ഇതുവരെ കാണാത്ത ഒരു ചലച്ചിത്ര അനുഭവത്തിനു ആണ് സാക്ഷ്യം വഹിക്കുന്നത്.

ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയിൽ നിന്നും ക്ളൈമാക്‌സ് ഒഴിച്ചു നിർത്തിയാൽ മറ്റു സാരമായ വ്യത്യാസങ്ങൾ ഒന്നും തന്നെ ഇല്ലാതെയാണ് ചിത്രം ഒരുക്കപ്പെട്ടിരിക്കുന്നത്. കഥ വായിച്ചപ്പോൾ ഇവർ ഇത് എങ്ങനെ ആണ് അവതരിപ്പിച്ചെടുക്കാൻ പോവുന്നെ എന്നു തോന്നിയ പല രംഗങ്ങളും വിചാരിച്ചതിലും ഭംഗിയായി സ്ക്രീനിൽ കാണാൻ കഴിഞ്ഞു. ക്ളൈമാക്‌സ് രംഗങ്ങൾ ആണെങ്കിലോ കഥയിൽ നിന്നും വ്യത്യസ്തമായി പക്കാ സിനിമാറ്റിക് ആയാണ് അവതരിപ്പിച്ചിരിക്കുന്നത്. ആ രംഗങ്ങൾ ആണ് ശരിക്കും മറ്റൊരു തലത്തിലേക്ക് ചിത്രത്തെ കൊണ്ടു പോവുന്നത് എന്നു വേണമെങ്കിൽ പറയാം. അക്രമവാസനയിൽ ഞാൻ തന്നെയാണ് മുകളിൽ എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് പോത്തിന്റെ മുകളിൽ കയറി ആധിപത്യം കാണിക്കുന്ന മനുഷ്യർ. മനുഷ്യനും മൃഗവും ഒന്നാവുന്ന, സഹസ്രാബ്ദങ്ങൾ മുൻപ് എവിടെ നിന്ന് ആരംഭിച്ചോ അവിടെ തന്നെ അവനെ തിരിച്ചെത്തിക്കുന്ന അവസ്ഥ.

സാങ്കേതിക മേന്മയിൽ ഒന്നാം തരമാണ് ചിത്രം. ദൃശ്യങ്ങളും പശ്ചാത്തല സംഗീതവും എന്തിനു ചില രംഗങ്ങളിലെ നിശബ്ദത പോലും മനോഹരമായി സിനിമയുടെ താളത്തോട് ഇണങ്ങി ചേരുന്നുണ്ട്. പല ഷോട്ടുകളും കണ്ടപ്പോൾ ശരിക്കും അന്തം വിട്ടിരുന്നു പോയി, ഇത്രങ്ങനെ ആലോചിച്ചു എടുത്തെന്നോ, എങ്ങനെ ഇതു ക്യാമറയിൽ ആക്കിയെന്നോ മനസ്സിലാവാത്ത അവസ്ഥ. ഗിരീഷ് ഗംഗാധരൻ എന്ന ഛായാഗ്രാഹകനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

ഇത്രയൊക്കെ നല്ലത് പറഞ്ഞെന്നു വെച്ചു എല്ലാ അർത്ഥത്തിലും മികച്ച ഒരു ചിത്രമാണ് ജെല്ലിക്കെട്ട് എന്നൊരു അർത്ഥമില്ല. നടന്മാരിൽ പലരുടെയും അഭിനയവും ഡയലോഗ് ഡെലിവേറിയും നല്ല മടുപ്പുണ്ടാക്കിയിരുന്നു. പ്രത്യേകിച്ചു ആ പോലീസുകാരൻ ആയി അഭിനയിച്ച നടന്റെ അഭിനയം. ഈ ഒരു ചെറിയ കുറവ് തള്ളികളായാവുന്ന ഒന്നാണെന്ന് പറയാം എങ്കിലും ലിജോയെ പോലൊരു മാസ്റ്റർ ക്രാഫ്റ്റ്മാനിൽ നിന്നും നമ്മൾ പ്രതീക്ഷിക്കുന്നത് ഇതല്ലല്ലോ ?

ചുരുക്കി പറഞ്ഞാൽ മികച്ചൊരു സിനിമാ അനുഭവം എന്ന നിലയിൽ പിടിച്ചിരുത്തി കൈയ്യടിപ്പിച്ചിക്കുന്നുണ്ട് ജെല്ലിക്കെട്ട്. മുകളിൽ പറഞ്ഞ ഒരു നെഗട്ടീവ് ഒഴിച്ചു നിർത്തിയാൽ തുടക്കം മുതൽ ഒടുക്കം വരെ അത്ഭുതത്തോടെ മാത്രം കണ്ടിരിക്കാൻ കഴിയുന്ന ചിത്രം. അവസാനം സംവിധായകന്റെ പേരെഴുതി കാണിക്കുമ്പോൾ ഈ പഹയൻ ഇതു എങ്ങനെ സാധിച്ചെടുത്തു എന്നു പൊടിക്ക് അസൂയയോടെ ചിന്തിക്കേണ്ടി വരും പ്രേക്ഷകർക്ക്. ലിജോയുടെ മാസ്റ്റർപീസ് ഇതാണെന്നോ ഇതിനെ വെല്ലുന്നൊരു ചിത്രം ഇനി മലയാളത്തിൽ പിറവിയെടുക്കില്ലെന്നൊന്നും പറയുന്നില്ല. വ്യക്തിപരമായി പറഞ്ഞാൽ ഈ.മാ.ഔ തന്നെയാണ് ഇപ്പോളും എന്റെ ഇഷ്ട ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം. പക്ഷെ ജെല്ലിക്കെട്ട് ഒരു മികച്ച മാറ്റമാണ്. കയ്യടിച്ചു സ്വീകരിച്ചു ഇരുത്തേണ്ട, കണ്ണും പൂട്ടി വിജയിപ്പിച്ചു വിടേണ്ട ഒരു മികച്ച മാറ്റം.

ഇങ്ങനെയൊരു ചിത്രം ഇത്ര ടെക്നിക്കൽ പെർഫെക്ഷനോടെ എടുത്തു വിജയിപ്പിച്ചത് തന്നെ വലിയൊരു അത്ഭുതമായാണ് എനിക്ക് തോന്നുന്നത്. പണ്ട് ഈ മാ ഔ കണ്ടപ്പോൾ പറഞ്ഞ വാക്കുകൾ തന്നെ വീണ്ടും പറയട്ടെ. "No plan to change, No plan to impress " എന്നയാൾ വെറുതെ പറഞ്ഞത് അല്ല. വർഷങ്ങൾക്ക് ഇപ്പുറവും ഒരു തരി പോലും അയാൾ മാറിയിട്ടില്ല. പക്ഷെ സ്വയം മാറാതെ തന്നെ പ്രേക്ഷകരെ ഇമ്പ്രെസ് ചെയ്യിക്കാനുള്ള മാന്ത്രിക വിദ്യ അയാൾ ഇപ്പോൾ സ്വായത്തമാക്കിയിരിക്കുന്നു.

നായകന്റെ പേരു നോക്കി സിനിമക്ക് കയറിയിരുന്ന ആളുകളെ പോലും സംവിധായകന്റെ പേരു നോക്കി തിയേറ്ററിൽ കയാറാൻ പഠിപ്പിച്ച മനുഷ്യനാണ് ലിജോ. സംവിധായകന്റെ പേരെഴുതി കാണിക്കുമ്പോൾ നിർത്താതെ കയ്യടിയും നേടി കേരളം മുഴുവൻ ഹൗസ് ഫുൾ ആയി ഓടുന്ന ജെല്ലിക്കെട്ട് പറഞ്ഞു വെക്കുന്നത് അത് തന്നെയാണ്.

നന്ദി ലിജോ, ഞാൻ ജീവിച്ചിരിക്കുന്ന ഇതേ കാലഘട്ടത്തിൽ വന്നു ജനിച്ചതിനു, മലയാളത്തിൽ വന്നു സിനിമകൾ ഉണ്ടാക്കിയതിനു, ഓരോ സിനിമയും ഇത്രയേറെ മികച്ച സിനിമാ അനുഭവമാക്കി മാറ്റുന്നതിന്.

താങ്കൾ ഒരു പ്രതീക്ഷയാണ്. മാറുന്ന പ്രേക്ഷകർക്ക്... നാളെയുടെ മലയാള സിനിമക്ക്.

വേർഡിക്റ്റ് : ഗംഭീരം