"ഗോഡ്ഫാദർ ഒക്കെ ഇഷ്ടപ്പെടുന്ന ആൾക്ക് എങ്ങനാ ഒരു വിജയ് ഫാൻ ആവാൻ കഴിയുന്നത്?"

ഒരു വിജയ് ആരാധകൻ ആണോ എന്ന ചോദ്യത്തിന് എപ്പോളത്തെയും പോലെ തന്നെ അതേ എന്നു മറുപടി നൽകിയ എന്നോട് തെല്ലൊരു അത്ഭുദത്തോട് കൂടിയാണ് അയാൾ ഈ ചോദ്യം ചോദിച്ചത്. ചോദ്യം കേട്ട് ഞെട്ടിയ ഞാൻ അതേ അത്ഭുദത്തോട് കൂടി തന്നെ തിരിച്ചൊരു ചോദ്യം ചോദിച്ചു.

"അതെന്താ? ഗോഡ്ഫാദർ ഇഷ്ടപ്പെടുന്നവർക്ക് വിജയ് ഫാൻ ആയിക്കൂടെ ?"

ഉടൻ തന്നെ വന്നു അടുത്ത ചോദ്യം.

"അതല്ല.. പക്ഷെ സിനിമയെ ഇത്തിരി സീരിയസ് ആയി കാണുന്ന നിങ്ങളെ പോലെ ഉള്ളവർ ഒക്കെ എങ്ങനാ?"

അതായത്, സിനിമയെ സീരിയസ് ആയി കാണുന്ന ആൾക്കാർക്ക് എങ്ങനാ വിജയ് ഫാൻ ആവാൻ പറ്റുന്നെ എന്നാണ് പുള്ളിയുടെ സംശയം.

ഈ ചോദ്യം ഞാൻ ആദ്യമായല്ല കേള്ക്കുന്നത്. പുലിമുരുകൻ ഇഷ്ടമാണെന്ന് പറയുമ്പോളും ബാലയ്യയുടെ ലെജൻഡ് എന്ന തെലുഗു ചിത്രം ഇടക്കിടെ കാണാറുണ്ട് എന്നു പറയുമ്പോൾ അത്ഭുദപ്പെടുത്തുന്ന ഈ ചോദ്യം ഞാൻ കേട്ടിട്ടുണ്ട്. അൽ പാച്ചിനോയെയും റോബർട്ട് ഡി നീറോയെയും ഇഷ്ടമാണെന്നും അവരുടെ സ്‌കാർഫേസും ടാക്സി ഡ്രൈവറും ഞാൻ ഇടക്കിടെ കാണാറുണ്ടെന്നും പറഞ്ഞാൽ കിട്ടുന്ന ഒരു പ്രിവിലേജ് അല്ല ആദ്യം പറഞ്ഞ ഈ ചിത്രങ്ങൾക്ക് കിട്ടുന്നത്. ഇതിനു കാരണം വിജയ്, ബാലയ്യ തുടങ്ങിയ മാസ് ഹീറോകളും അവരുടെ ചിത്രങ്ങളും എല്ലാം ഏതോ ഒരു സമാന്തര ലോകത്തിന്റെ മാത്രം യാഥാർഥ്യമാണെന്നും നമ്മുടെ ലോകത്തെ സിനിമ ചർച്ചകളിൽ ആ ചിത്രങ്ങൾക്ക് വലിയ പ്രസക്തിയൊന്നുമില്ലെന്നും കുറെ പേർ കരുതുന്നത് കൊണ്ടാണ്. എന്നാൽ അങ്ങനെ അല്ല കാര്യങ്ങൾ. വിജയ് ഉൾപ്പെടുന്ന മാസ് മസാല ഹീറോകൾക്കും അവരുടെ ബിഗിൽ പോലുള്ള ചിത്രങ്ങൾക്കും വളരെ വലിയ സ്ഥാനം തന്നെയുണ്ട് സിനിമ ഇൻഡസ്ട്രിയിൽ. ഒരു കണക്കിന് പറഞ്ഞാൽ, സിനിമ എന്ന ഇന്ഡസ്ട്രിയെ പിടിച്ചു നിർത്തുന്നത് തന്നെ ഇവരൊക്കെ ആണെന്ന് വേണമെങ്കിൽ പറയാം.

സിനിമ എന്ന മാധ്യമത്തിന്റെ ആത്യന്തികമായ ലക്ഷ്യം പ്രേക്ഷകരെ എന്റർടൈൻ ചെയ്യിക്കുക എന്നാണെന്ന് ഞാൻ കരുതുന്നു. അങ്ങനെ നോക്കിയാൽ ആ പണി ഏറ്റവും നല്ല രീതിക്ക് നിർവഹിക്കുന്നത് പുലിമുരുകൻ ഉൾപ്പടെയുള്ള മുകളിൽ പറഞ്ഞ ചിത്രങ്ങൾ ആയിരിക്കും. വലിയതോതിൽ പ്രേക്ഷകരെ തിയേറ്ററിലേക്കു കൊണ്ടു വരുന്നതും അതു വഴി സിനിമ ഇന്ഡഡ്ട്രിയിലേക്ക് പണം കൊണ്ട് വരുന്നതും ഈ ചിതങ്ങൾ തന്നെ. സ്വന്തം നാടിനു പുറത്തു അവരുടെ സിനിമകൾക്ക് ഒരു വിപണി ഉണ്ടാക്കുന്നതിലും ഇത്തരം ചിത്രങ്ങൾ വലിയ പങ്കു വഹിക്കുന്നുണ്ട്. കലാമൂല്യം മാത്രം നോക്കി സിനിമ നിർമിച്ചാൽ ലോകത്ത് ഒരു സിനിമ ഇന്ഡസ്ട്രിക്കും പിടിച്ചു നിൽക്കാനാവില്ല എന്നതാണ് സത്യം. ഇതുകൊണ്ടൊക്കെ തന്നെ വിജയ് പോലുള്ള എന്റർട്ടണർ ഹീറോകളെ ഇഷ്ടപ്പെടുന്നതോ അവരുടെ മാസ് ചിത്രങ്ങളെ ഇഷ്ടപ്പെടുന്നതോ ഒരിക്കലും ഒരു തെറ്റല്ല. സിനിമയെ സീരിയസ് ആയി കാണുന്നവർക്ക് ഒരിക്കലും മാറ്റി നിർത്താൻ പറ്റുന്ന ഒന്നല്ല ഈ ഹീറോകളും അവരുടെ സിനിമകളും.

ഇത്രയും പറഞ്ഞത് ആദ്യം ചോദിച്ച ചോദ്യം ഇനിയും ചോദിച്ചു വരുന്നവർക്ക് വേണ്ടിയാണ്. ഇനി ബിഗിൽ എന്ന ചിത്രത്തിലേക്ക് വന്നാൽ!

ആറ്റ്‌ലി വിജയ് കൊമ്പൊയിൽ വരുന്ന മൂന്നാമത് ചിത്രമാണ് ബിഗിൽ. ഈ കോംബോയിലെ ചിത്രങ്ങൾക്ക് എല്ലാം തന്നെ ഒരു മിനിമം ഗ്യാരന്റി ഉണ്ട്. തെറിയും മെർസലും പോലെ തന്നെ ആ മിനിമം ഗ്യാരന്റി പ്രധാനം ചെയ്യുന്നൊരു ചിത്രം തന്നെയാണ് ബിഗിലും. മാസും മസലയും കൂടെ കുറച്ചു രാഷ്ട്രീയവും. രാഷ്ട്രീയം എന്നു പറയുമ്പോൾ സ്ത്രീശാക്തീകരണമാണ് ഇത്തവണ ആറ്റലി ചർച്ചകെടുക്കുന്ന വിഷയം. വലിയ കേടുപാടുകൾ ഇല്ലാതെ തന്നെ അത് പറഞ്ഞുപോവാനും സംവിധായകന് ആവുന്നുണ്ട്. എന്നു പറയുമ്പോൾ പൂർണമായും പൊലിറ്റിക്കലി കറക്റ്റ് ആയ ഒരു ചിത്രമാണ് ബിഗിൽ എന്നാർക്കും തോന്നരുത്. "കറുപ്പും വെളുപ്പും വെറും നിറങ്ങൾ മാത്രമാണ് നന്പാ". എന്നു സ്റ്റേജിൽ കയറി ഉറക്കെ പ്രസംഗിച്ചു കയ്യടി വാങ്ങിക്കുകയും എന്നാൽ സ്വന്തം സിനിമകളിൽ നിറത്തിന്റെ പേരിൽ "തമാശ" പടച്ചു വിടുകയും ചെയ്യുന്ന ഒരു തികഞ്ഞ അവസരവാദിയാണ് ആറ്റലി. അങ്ങേരുടെ ചിത്രത്തിൽ ഒക്കെ ഇതിൽ കൂടുതൽ പൊളിറ്റിക്കൽ കറക്ടൻസ് പ്രതീക്ഷിക്കുന്നതിൽ കാര്യമില്ല.

വിജയ് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പൊസിറ്റിവ്. എന്തു അനായസമായാണ് അയാൾ മൈക്കിൾ, രായപ്പൻ എന്ന രണ്ടു കഥാപാത്രങ്ങളെ പകാർന്നാടിയിരിക്കുന്നത്. മൈക്കിൾ എന്ന കഥാപാത്രം എല്ലാ വിജയ് മാനറിസങ്ങളും ഉള്ള ഒരു സർവസാധാരണ വിജയ് കഥാപാത്രം ആയപ്പോൾ രായപ്പൻ എന്ന ചെന്നൈ ഗ്യാങ്ങ്സ്റ്റർ അവതരണത്തിലും ഡയലോഗ് ഡെലിവേറിയിലും യാതൊരു വിധ മുൻമാതൃതകളുമായി സാമ്യം തോന്നാത്ത വിധം മികച്ചു നിന്നു. മൂപ്പരുടെ കരിയർ ബെസ്റ്റ് റോൾ എന്നൊക്കെ നിസംശയം പറയാം. രായപ്പനെ മാത്രം വെച്ചു ഒരു ലോക്കൽ ഡോൺ ചിത്രം വന്നിരുന്നേൽ എന്നു തോന്നിപ്പോയി ചിത്രം കണ്ടപ്പോൾ.

മൂന്ന് മണിക്കൂർ എന്ന സമയം കുറച്ചു വെട്ടിച്ചുരുക്കമായിരുന്നു എന്നു തോന്നി. എവിടെയും മുഷിപ്പിക്കുന്നില്ലെങ്കിലും ഇടക്കിടെ കുറച്ചു ലാഗ് തോന്നിക്കാൻ ഈ സമയ ദൈർഘ്യം കാരണമായിട്ടുണ്ട്. നായികയായി വന്ന നയൻതാരക്ക് പ്രത്യേകിച്ചു ഒന്നും ചെയ്യാൻ ഇല്ലാർന്നു ചിത്രത്തിൽ. അവരെക്കാൾ കൂടുതൽ ഫുട്‌ബോൾ ടീമിലെ ഗേള്സിന് പ്രാധാന്യം ഉണ്ടായിരുന്നു. പാട്ടുകൾ എല്ലാം നന്നായിരുന്നു പക്ഷെ പശ്ചാത്തല സംഗീതം മികച്ചതായി അനുഭവപ്പെട്ടില്ല. അനിരുദ്ധ് എങ്ങാനും ആയിരുന്നേൽ രായപ്പൻ വരുന്ന സീനുകൾ ഒക്കെ ഇതിൽ കൂടുതൽ മികച്ചത് ആയേനെ. ഫുട്‌ബോൾ മത്സരങ്ങൾ കാണാത്തതുകൊണ്ടും ആധികാരികമായി ആ ഗെയിമിനെ പറ്റി സംസാരിക്കാൻ അറിയാത്തത് കൊണ്ടും ഫുട്‌ബോൾ സീനുകളെ പറ്റി ഒന്നും പറയുന്നില്ല. VFX സീനുകൾ എല്ലാം നന്നായി തോന്നി.

ചുരുക്കത്തിൽ ഒരു വിജയ് ഫാൻ എന്ന നിലയിൽ കണ്ടാൽ മൂന്ന് മണിക്കൂർ നീളമുള്ള ഒരു കിടിലൻ വിരുന്നാണ് ചിത്രം. അതല്ല ഒരു സാധാരണ സിനിമ പ്രേക്ഷകൻ എന്ന നിലയിൽ പോയി കാണുകയാണെങ്കിൽ മോശമല്ലാത്ത ഒരു അനുഭവവും ചിത്രം പ്രധാനം ചെയ്യും. ഇനി ഇതൊന്നും അല്ലാത്ത കുറച്ചു പേർ ഉണ്ട്. വിജയ് എന്ന നടനെ ഇഷ്ടമല്ലെന്നു മാത്രമല്ല അയാൾ ഒക്കെ ഒരു നടനാണോ എന്നു പോലും സംശയം ഉള്ള ചിലർ. ഇത്തരക്കാർ ബിഗിൽ പ്രദർശിപ്പിക്കുന്ന തിയേറ്ററുകളുടെ പരിസരത്ത്‌ പോലും ചെല്ലരുതെന്നാണ് എന്റെ അഭ്യർത്ഥന. നിങ്ങൾക്ക് പറ്റിയ ഒരു ചിത്രമേ അല്ല ബിഗിൽ.

വേർഡിക്റ്റ് : കിടിലൻ അനുഭവം

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo