** ചെറിയ സ്പോയിലർ ഉണ്ടാവും**

I hate the word homophobia. It's not a phobia. You are not scared. You are an a#*ole.

സ്വവർഗ പ്രണയത്തോടുള്ള എതിർപ്പ്, അഥവാ ഹോമോഫീബിയ എന്ന അവസ്ഥയെ കുറിച്ച് ഒരിക്കൽ മോർഗൻ ഫ്രീമാൻ പറഞ്ഞ വാക്കുകൾ ആണിത്. ആണും ആണും തമ്മിലുള്ള പ്രണയം ഇനി എത്ര മനോഹരമായി ചിത്രീകരിച്ചാലും അതുൾകൊള്ളാൻ ആവാതെ തിയേറ്റയറിൽ ഇരുന്നു മറ്റുള്ളവരുടെ സിനിമ ആസ്വാദനം പോലും തകരാറിലാക്കികൊണ്ടു കൂവി വിളിക്കുന്ന ചിലരുണ്ട്. എത്ര ഇന്റൻസ് ആയ പ്രണയ രംഗം ആണെങ്കിലും ആർത്തു ചിരിച്ചു കൂക്കി വിളിച്ചില്ലേൽ താനും "അത്തരക്കാരൻ" ആണെന്ന് മറ്റുള്ളവർ വിചാരിക്കുമോ എന്നു കരുതുന്ന ചിലർ. ഇനി ആരെങ്കിലും ഇവരോട് ഒന്നു മിണ്ടാതെ ഇരിക്കാൻ പറഞ്ഞാൽ ഒരു വഷളൻ ചിരിയും ചിരിച്ച് അവരെയും പിടിച്ചു "അത്തരക്കാരൻ" ആക്കുന്ന ചിലർ. ഈ പറഞ്ഞ കൂട്ടത്തിൽ പെട്ട എല്ലാർക്കും പിന്നെ എണ്ണമറ്റ മറ്റു ഹോമോഫീബിയക്കാർക്കും വേണ്ടി മുകളിൽ കൊടുത്തിരിക്കുന്ന വാക്കുകൾ ഡെഡിക്കേറ്റ് ചെയ്തു കൊണ്ട് തുടങ്ങട്ടെ.

ഗീതു മോഹൻദാസ് എഴുതി സംവിധാനം ചെയ്തിരിക്കുന്ന മൂത്തോൻ അവരുടെ ആദ്യ മലയാള സംവിധാന സംരഭം കൂടിയാണ്. അനൗൻസ് ചെയ്ത അന്ന് മുതൽ വളരെ പ്രതീക്ഷയുണ്ടായിരുന്ന ഒന്ന്. അനുരാഗ് കശ്യപ്, രാജീവ് രവി, ശശാങ്ക് അറോറ തുടങ്ങി ഒരു മികച്ച ടീമിന്റെ സപ്പോർട്ട് കൂടിയായപ്പോൾ പ്രതീക്ഷയെന്നും വെറുതെ ആക്കാതെ ഈ വർഷം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി മാറി മൂത്തോൻ.

വർഷങ്ങൾക്ക് മുന്നേ ദ്വീപ് വിട്ടുപോയ തന്റെ സഹോദരനെ തേടി മുല്ല എന്ന പെണ്കുട്ടി നടത്തുന്ന അന്വേഷണമാണ് ചിത്രം. തുടങ്ങി പത്താം മിനിറ്റിൽ തന്നെ ലക്ഷദ്വീപിന്റെ മനോഹരിതയിൽ നിന്നും കാമത്തിപുരയുടെ യാഥാർഥ്യത്തിലേക്ക് പറിച്ചു നടപെടുന്ന ചിത്രം പിന്നീട് സഞ്ചരിക്കുന്നത് മൊത്തം പച്ചയായ ജീവിതത്തിലൂടെയാണ്. ഒരിക്കലും ചിരിക്കാൻ വേണ്ടിയുള്ള തമാശകളോ കയ്യടിക്കാൻ വേണ്ടിയുള്ള ഹീറോയിസമോ ഇല്ലാത്ത ചിത്രമാണ് മൂത്തോൻ. സൂപ്പർ സ്റ്റാർ എന്നൊക്കെ വിളിക്കപ്പെടാവുന്ന ഒരു മുഖ്യധാരാ നായക നടൻ ഒരു മുംബൈ ഡോൺ കഥാപാത്രം ചെയ്യുമ്പോൾ നമ്മൾ അതിൽ നിന്നും പ്രതീക്ഷിക്കുന്ന ചിലതുണ്ട്. പക്ഷേ നിവിൻ പോളി അവതരിപ്പിച്ച ഭായ് എന്ന കഥാപാത്രത്തെ എടുത്തു നോക്കിയാൽ, ചിത്രത്തിൽ ഒരു സ്ഥലത്തു പോലും ഭായ്ടെ ഗാങ്സ്റ്ററിസം നമുക്ക് ആസ്വദിക്കാൻ കഴിയില്ല, മറിച്ച് അനുഭവിക്കാൻ മാത്രമേ കഴിയൂ. അതും ഒരു തവണ മാത്രം, കാരണം രണ്ടാമത് ഒരു തവണ കൂടി കാണാൻ കഴിയാത്ത വിധം അത്രക്ക് തീക്ഷ്ണവും പരുഷവുമായ ജീവിതമാണ് മൂത്തോൻ നമുക്ക് മുന്നിലേക്ക് വെച്ചു നീട്ടുന്നത്.

ഒരുപാട് ഷെയ്ഡുകൾ ഉള്ള പരുക്കനായ കർക്കശക്കാരൻ ഗുണ്ടയുടെ വേഷം നിവിനെ ഏല്പിക്കുമ്പോൾ നിവിന്റെ ഇതിനു മുന്നത്തെ പടങ്ങളും കഥാപാത്രങ്ങളും വെച്ച് ഏതൊരാൾക്കും ഒരു പേടിയുണ്ടാവുക സ്വാഭാവികം. അയലത്തെ കുസൃതികാരൻ പയ്യൻ ഇമേജിൽ നിന്നും ഒരു മാറ്റത്തിന് നിവിൻ ശ്രമിച്ചപ്പോൾ ഒക്കെ ഏച്ചു കെട്ടിയ പോലെ ആ കഥാപാത്രങ്ങൾ എല്ലാം മുഴച്ചിരിന്നിട്ടുണ്ടെന്നതാണ് സത്യം. അതിപ്പോൾ സഖാവ് ആയാലും ശരി കൊച്ചുണ്ണി ആയാലും ശരി. പക്ഷെ അക്ബർ എന്ന ഭായ് എല്ലാം മാറ്റി മറിച്ചിരിക്കുന്നു. സേഫ് സോണ് ആക്ടർ എന്നു നിവിനെ വിളിച്ചു കളിയാക്കിയവർക്കെല്ലാം മുഖമടച്ചുള്ള അടിയാണ് മൂത്തോൻ. കാമത്തിപുര അടക്കി ഭരിക്കുന്ന ഡ്രഗ് അടിക്റ്റ് ആയ ഭായ് ആയിട്ടാണേലും ശരി ദ്വീപിലെ എല്ലാർക്കും പ്രിയപ്പെട്ട മുക്കുവാനായ അക്ബർ ആയിട്ടായാലും ശരി ഇതിൽ കൂടുതൽ നന്നായി ഇനി ആർക്കെങ്കിലും അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയുമെന്ന് വിചാരിക്കാൻ വയ്യ. അത്രക്ക് മികച്ചതാക്കിയിരിക്കുന്നു നിവിൻ. "സംവിധായകന്റെ നടൻ" എന്നു അക്ഷരം തെറ്റാതെ വിളിക്കാം നമുക്ക് അയാളെ.

മൂത്തോൻ കയ്യടി നേടുന്നത് ലൈംഗീക ന്യൂനപക്ഷങ്ങളെ വരച്ചിടുന്നതിൽ ചിത്രം സ്വീകരിച്ചിരിക്കുന്ന ശ്രദ്ധയിൽ കൂടിയാണ്. ട്രാൻസ് ജൻഡർ ആയ പെങ്ങളും ഗേ ആയ അങ്ങളയും. അവർ തമ്മിലുള്ള റിലേഷൻ അതിന്റെ എല്ലാ യാഥാർഥ്യങ്ങളോടും കൂടി തന്നെ ചിത്രം കാട്ടി തരുന്നുണ്ട്. ചിലപ്പോൾ മുല്ലയെ ഏറ്റവും നന്നായി മനസ്സിലാക്കുന്ന ഒരാൾ അക്ബർ ആയേക്കും കാരണം. ട്രാൻസ് ജൻഡർ ആയ പെങ്ങളെ ഗേ ആയ അങ്ങളക്ക് അല്ലാതെ മറ്റാർക്കാണ് നന്നായി മനസിലാക്കാൻ പറ്റുക. അതുപോലെ തന്നെയാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്ന അക്ബർ-അമീർ പ്രണയവും. വല്ലാതെ ഹോമോഫോബിക് ആയ ഒരു സമൂഹത്തിൽ ഒരു ഗേ റൊമാൻസ് അതിന്റെ എല്ലാ അർത്ഥത്തിലും മികച്ച രീതിക്ക് അവതരിപ്പിക്കാൻ ആവുക എന്നത് ചെറിയൊരു കാര്യമല്ല. ഹെട്രോ സെക്ഷ്വൽ ആയിട്ടുള്ള ഭൂരിപക്ഷത്തിന് കൂടി അനുഭവിക്കാനാവുന്ന തരത്തിൽ ആഴത്തിൽ പറഞ്ഞു വെച്ചിട്ടുള്ള അക്ബർ-അമീർ റൊമാൻസ് തന്നെയാണ് ചിത്രത്തിലെ വലിയൊരു പൊസിറ്റിവ്. യാതൊരു വിധ അശ്ലീലതയും ഇല്ലാതെ മികച്ച രീതിക്ക് ചിത്രീകരിച്ച ആ രംഗങ്ങൾ പോലും ഉൾകൊള്ളാൻ ആവാതെ കൂവി വിളിച്ച ഒരു ന്യൂനപക്ഷം ഞാൻ കണ്ട തിയേറ്ററിലും ഉണ്ടായിരുന്നു. അവരോടു പറയാൻ ഉള്ളതാണ് ഞാൻ തുടക്കത്തിൽ പറഞ്ഞു വെച്ചത്.

ചുരുക്കിപ്പറഞ്ഞാൽ മനുഷ്യന്റെ വികാര വിചാരങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിയുള്ള ഒരു സഞ്ചാരമാണ് മൂത്തോൻ. അരിക്കുകളിൽ പച്ച രക്തം പൊടിയുന്ന കുറെ ജീവിതങ്ങളിൽ നിന്നും കീറിയെടുത്തു തുന്നി ചേർത്തുണ്ടാക്കിയ ഒന്ന്. ഇനിയൊരു തവണ കൂടി കണ്ടിരിക്കാനുള്ള ശക്തി തരാത്തവണ്ണം ജീവിത യാഥാർഥ്യങ്ങളിലേക്ക് നമ്മെ മുക്കി താഴ്ത്തുന്ന, തരിച്ചിരിന്നു കാണേണ്ട ഒരു ചിത്രം. ചിത്രം അവസാനിച്ചാലും ആ തരിപ്പ് നമ്മെ വിട്ടു പോവാൻ കുറെ സമയം എടുക്കും. ഗീതുവിനും നിവിനും പിന്നെ റോഷൻ മാത്യു, അനുരാഗ് കശ്യപ്, രാജീവ് രവി തുടങ്ങി എണ്ണമറ്റ മറ്റുള്ളവർക്കും വേണ്ടി നിറഞ്ഞു കയ്യടിക്കാം നമുക്ക്. ഇത്തരമൊരു ചിത്രം മലയാളത്തിൽ കൊണ്ടു വന്നു തന്നതിന്. "Local is truly international" എന്നു ഒരുതവണ കൂടി തെളിയിച്ചതിനു.

വേർഡിക്റ്റ് : അതിഗംഭീരം

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo