"അഡോബിയുടെയും ഗൂഗിളിന്റെയും ഒക്കെ CEO കൾ ഇന്ത്യക്കാർ ആയിരിക്കും.. പക്ഷെ അതിന്റെ എല്ലാം ഉടമസ്ഥർ വിദേശിയരും.."

നാല് മലയാള ചിത്രങ്ങൾ നിരനിരയായി ഇറങ്ങിയിട്ടും അതൊന്നും കാണണ്ട വെച്ചു ആദ്യം ഒരു തമിഴ് ചിത്രം തന്നെ കാണാൻ കയറിയത് PS മിത്രൻ എന്ന സംവിധായകനിൽ ഉള്ള വിശ്വാസം ഒന്നുകൊണ്ടാണ്. പിന്നെ ആക്ഷൻ ഹീറോ ആർജ്ജുനും ഒരു മുഴുനീള പൈസ വസൂൽ മൂവി ഉറപ്പു തരുന്ന ശിവകാർത്തികേയനും ചിത്രത്തിൽ ഉള്ള പ്രതീക്ഷ വര്ധിപ്പിച്ചിരുന്നു. എന്തായാലും പ്രതീക്ഷ തെറ്റിയില്ല എന്നു തന്നെ പറയാം. ഇത്തിരി ലോജിക്കൽ കുഴപ്പങ്ങൾ മാറ്റി നിർത്തിയാൽ നല്ലൊരു ചിത്രം തന്നെയാണ് ഹീറോ.

ശക്തിമാനെ ആരാധിക്കാത്ത നയന്റിസ് കിഡ്സ് ഉണ്ടാവില്ല എന്നു തന്നെ പറയാം. അങ്ങനെ ശക്തിമാനെ ആരാധിച്ചിരുന്ന ശക്തി എന്ന പേരുകാരൻ ഒരു പരിതസ്ഥിതിയിൽ സ്വയം സൂപ്പർ ഹീറോ ആയി മാറേണ്ടി വരുന്നതാണ് ചിത്രത്തിന്റെ കഥാഗതി.

ശിവകാർത്തികേയൻ നന്നായി തന്നെ ചെയ്തിട്ടുണ്ട്. ആക്ഷൻ രംഗങ്ങൾ ഒക്കെ മികച്ചതായിരുന്നു. നായികയായി വന്ന കല്യാണിക്ക് അധികം ഒന്നും ചെയ്യാൻ ഇല്ലായിരുന്നു. പക്ഷെ കിട്ടിയ വേഷം നന്നായി ചെയ്തിട്ടുണ്ട് എന്നു പറയാം. റോമൻസിന് വേണ്ടി അധികം സമയം കളയാതെ പറയാൻ ഉള്ള വിഷയം മാന്യമായി അവതരിപ്പിച്ചത് നന്നായി തോന്നി. അനാവശ്യമായ പാട്ടുകളും ചിത്രത്തിൽ ഇല്ല.

പഠിപ്പ് വെച്ചല്ല പഠിക്കുന്നവരെ വെച്ചാണ് ഞാൻ വ്യാപാരം ചെയുന്നത് എന്നു പറയുന്ന അഭയ് ഡിയൊളിന്റെ വില്ലൻ വേഷം നന്നായിരുന്നു. പക്ഷെ മിത്രന്റെ കഴിഞ്ഞ ചിത്രമായ ഇരുമ്പു തിരൈയിലെ അർജുൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രത്തെ വെച്ചു നോക്കിയാൽ ഇത്തിരി കൂടി നന്നാക്കാമായിരുന്നു എന്നു തോന്നും. ആദ്യം കൊടുക്കുന്ന ബിൽഡപ്പ് ഒക്കെ നന്നായെങ്കിലും അവസാന ഭാഗങ്ങളിലേക്ക് എത്തുമ്പോൾ എന്തോ ഒതുങ്ങി പോയ പോലെ തോന്നി.

ചിത്രത്തിലെ ഏറ്റവും വലിയ നെഗറ്റിവ് ആയി തോന്നിയത് ലോജിക്കൽ തെറ്റുകൾ ആണ്. ഇന്ത്യൻ ഗവണ്മെന്റ് പോലും അറിയാതെ സാറ്റലൈറ്റ് വിടുന്ന ഭാഗം ഒക്കെ വെറും കോമഡിയായി പോയി. ഇത്തിരി കൂടി ആ ഭാഗങ്ങളിൽ ഒക്കെ ശ്രദ്ധിച്ചിരുന്നേൽ ഒന്നുകൂടി മികച്ചത് ആയേനെ ചിത്രം.

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സൂപ്പർ ഹീറോ ചിത്രമൊന്നുമല്ല ഹീറോ. ആ പദവി ഇപ്പോളും ബാവേഷ് ജോഷിക്ക് തന്നെ ഉള്ളതാണ്. പക്ഷെ പറഞ്ഞു പോവുന്ന വിഷയത്തിന്റെ പ്രാധാന്യം കൊണ്ടും പിടിച്ചിരുത്തുന്ന അവതരണം കൊണ്ടും കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ് ഹീറോ.

ഈ ചിത്രം കണ്ട് കഴിഞ്ഞാൽ ശേഷം സ്വന്തം കുട്ടിയുടെ റഫ് ബുക് എടുത്തു നോക്കാൻ നിങ്ങൾക്ക് തോന്നും. അതു തന്നെയാണ് ഈ ചിത്രത്തിന്റെ വിജയവും. 😊

വേർഡിക്റ്റ് : ശരാശരിക്ക് മുകളിൽ

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo