"പടവലങ്ങ പോലെ താഴേക്ക് വളരുന്ന ഒരു സംവിധായകൻ"

ജിത്തു ജോസഫിനെ കുറിച്ചു എനിക്കുള്ള ഒരു അഭിപ്രായം ഇതാണ്. കുറച്ചുകാലമായി മൂപ്പർ എടുക്കുന്ന സിനിമകൾ കണ്ടാൽ മെമ്മറീസും ദൃശ്യവും ഒക്കെ എന്തോ ചക്ക വീണപ്പോൾ ചത്ത മുയലുകൾ ആണെന്ന് തോന്നിയാലും തെറ്റു പറയാൻ പറ്റില്ല. അത്രക്ക് ഭീകരമായിരുന്നു ഒരു സമയത്തെ ഇങ്ങേരുടെ നിലവാരത്തകർച്ച. എന്നാൽ ആ ഒരു ചീത്തപ്പേരിന് അറുതി വരുത്തിക്കൊണ്ട് പഴയ ജിത്തു ജോസഫ് തിരിച്ചു വരുന്ന കാഴ്ചയാണ് എനിക്കിന്നലെ തമ്പിയിലൂടെ ലഭിച്ചത്.

ദൃശ്യം പോലെത്തന്നെ ഒരു ഫാമിലി ത്രില്ലറായിട്ടാണ് തമ്പി ഒരുങ്ങിയിട്ടുള്ളത്. വൈകാരികമായിട്ടയാലും ത്രില്ലിങിൽ ആയിട്ടായാലും ഒരുപക്ഷേ ദൃശ്യത്തോട് കിടപിടിക്കുന്ന ഒരു ചിത്രം. ചേച്ചിയും അനിയനുമായി റിയൽ ലൈഫിലെ ചേച്ചിയെയും അനിയനെയും ലഭിക്കുക കൂടി ചെയ്തപ്പോൾ സിനിമക്ക് ലഭിച്ച ഹൈപ്പും കൂടി. ജ്യോതികയെയും കാർത്തിയെയും ഒരുമിച്ചു സ്ക്രീനിൽ കാണാൻ ആയിരുന്നു ഞാനും കാത്തിരുന്നത്.

ഒരിക്കൽ വീട് വിട്ടു പോയ മകനെ പതിനഞ്ച്‌ വർഷങ്ങൾക്ക് ശേഷം തിരിച്ചു കിട്ടുന്നതാണ് ചിത്രത്തിന്റെ പ്ലോട്ട്. ഈ പതിനഞ്ച്‌ വർഷമായി അവനെ കാത്തിരിക്കുന്ന അവന്റെ ചേച്ചിയും കൂടെ നാട്ടിലെ അച്ഛന്റെ രാഷ്ട്രീയ ശത്രുക്കളും കൂടി ആവുമ്പോൾ കഥാപരിസരം ഒന്നു കൂടി കൊഴുക്കുന്നു.

കാർത്തി തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. മൂപ്പരുടെ കോമഡി ടൈമിംഗ് ഒക്കെ അസാധ്യമാണ്. ത്രില്ലിംഗ് ആയ കഥാഗതിക്കിടയിലും നല്ല രീതിക്ക് കോമഡി കൊണ്ടുവരാൻ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കാവുന്നുണ്ട്. കാർത്തിയും ജ്യോതികയും തമ്മിലുള്ള സ്ക്രീൻ കെമിസ്ട്രി വളരെ നന്നായി തോന്നി. കുറച്ചേ ഉള്ളുവെങ്കിലും വൈകാരിക രംഗങ്ങളിലും രണ്ടു പേരും മികച്ചു നിന്നു.സത്യരാജ് പതിവ് പോലെ തന്നെ തനിക്ക് ലഭിച്ച വേഷം മനോഹരമാക്കി.

അവസാന ട്വിസ്റ്റ് അപ്രതീക്ഷിതമാക്കുന്നതിൽ ജിത്തു ജോസഫ് വിജയിക്കുന്നുണ്ട്. പക്ഷെ അത് പൂർണമായും വിശ്വാസനീയമാവുന്നുണ്ടോ എന്നതിൽ ആണ് സിനിമയുടെ വിജയം ഇരിക്കുന്നത്. കണ്ടിരിക്കുന്നവർക്ക് ഒരു പരിധിവരെ ആ ട്വിസ്റ്റ് വിശ്വസനീയമാക്കാൻ സംവിധായകന് കഴിയുന്നുണ്ട്. ജ്യോതിക, കാർത്തി, സത്യരാജ് തുടങ്ങിയവരുടെ മികച്ച അഭിനയവും അതിനു തുണയായി എത്തുന്നുണ്ട്. പക്ഷെ ഇത്തിരി കൂടി ടൈറ്റ് ആയി എഴുതിയ ഒരു സ്ക്രിപ്റ്റ് ചിലപ്പോൾ ആ ഭാഗങ്ങളിൽ അത്ഭുതം സൃഷ്ടിച്ചേനെ എന്ന ചിന്ത ഇപ്പോളും ബാക്കിനിൽക്കുന്നു. ക്ളൈമാക്സിൽ തിയേറ്ററിൽ ഉയർന്നു കേട്ട ചില മുറുമുറുപ്പുകൾ ഒരുപക്ഷേ ഇത്തിരി കൂടി മികച്ചൊരു സ്ക്രിപ്പ്റ്റ് ആയിരുന്നേൽ ഉണ്ടാവില്ലാർന്നു എന്നൊരു തോന്നൽ.

അതുപോലെ തന്നെ ചില പ്ലോട്ട് ഹോളുകൾ സിനിമ കണ്ടു കഴിഞ്ഞും എൻറെയുള്ളിൽ ബാക്കി കിടക്കുന്നുണ്ട്. സ്പോയിലർ ആവുമെന്നത്കൊണ്ട് പറയുന്നില്ല. ത്രില്ലർ എന്ന പേരിൽ വരുന്ന ചിത്രങ്ങളിൽ ഒഴിവാക്കേണ്ട ഒന്നാണ് പ്ലോട്ട് ഹോൾസ്. കുറച്ചു കൂടി ടൈറ്റ് ആയൊരു സ്ക്രിപ്റ്റ് ആയിരുന്നെങ്കിൽ ഈ പറഞ്ഞ കുഴപ്പങ്ങൾ കൂടി ഒഴിവാക്കി ഒരുപക്ഷേ ദൃശ്യത്തെക്കാൾ മികച്ച ഒരു ത്രില്ലർ ആക്കാമായിരുന്ന ചിത്രമായിരുന്നു തമ്പി.

ചുരുക്കത്തിൽ അത്യാവശ്യം തമാശയൊക്കെയുള്ള, കുറച്ചു നല്ല വൈകാരിക മുഹൂർത്തങ്ങൾ ഉള്ള നല്ലൊരു ഫാമിലി ത്രില്ലറാണ് തമ്പി. ഒരു നിമിഷം പോലും ബോറടിക്കാതെ നല്ല ത്രില്ലിംഗ് ആയി കണ്ടിരിക്കാവുന്ന ഒരു ചിത്രം. കാർത്തിയെയും ജ്യോതികയെയും ഒരുമിച്ചു സ്ക്രീനിൽ കാണണം എന്നുള്ളവർക്ക് ഉറപ്പായും ടിക്കറ്റ് എടുക്കാം. നിങ്ങൾക്ക് നിരാശരാകേണ്ടി വരില്ല.

വേർഡിക്റ്റ് : ഗംഭീരം

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo