*** സ്പോയിലർ ഇല്ല ***

റിയലിസ്റ്റിക്, ഫീൽ ഗുഡ് സിനിമകളുടെ അതിപ്രസരത്തിൽ മലയാളത്തിന് നഷ്ടപ്പെട്ടുപോയ ഒന്നാണ് ത്രില്ലറുകൾ. ഒരു കാലത്ത് ലോക സിനിമകളോട് തന്നെ കിടപിടിക്കാൻ തക്കവണ്ണമുള്ള ത്രില്ലറുകൾ ഇറക്കിയിരുന്ന മലയാളത്തിന് പക്ഷെ അടുത്ത കാലത്ത് ഇറങ്ങിയ നല്ലൊരു ത്രില്ലർ ചൂണ്ടി കാണിക്കാൻ പറഞ്ഞാൽ അയൽ സംസ്ഥാനങ്ങളിലേക്ക് വിരൽ ചൂണ്ടേണ്ട അവസ്ഥയാണിപ്പോൾ ഉള്ളത്.

അതിനൊരു വിരാമമാണ് അഞ്ചാം പാതിര. കുറച്ചു കാലത്തിനിടക്ക് മലയാളത്തിൽ ഉണ്ടായ മികച്ച ത്രില്ലർ എന്ന വിശേഷണം ഇനി മുതൽ ഈ ചിത്രത്തിന് സ്വന്തം.

തുടർകോലപാതകങ്ങളിലൂടെ നാടിനെ നടുക്കുന്ന സീരിയൽ കില്ലറും. കില്ലറെ പിടിക്കാൻ ശ്രമിക്കുന്ന പോലീസും, പോലീസിനെ സഹായിക്കുന്ന ക്രിമിനൽ സൈക്കോളജിസ്റ്റും. ത്രില്ലർ ചിത്രങ്ങൾ കാലങ്ങളായി പിന്തുടരുന്ന ഒരു ഫോർമാറ്റ് തന്നെയാണ് അഞ്ചാം പാതിരക്ക് ഉള്ളത്. "ആര്?", "എന്തിനു ചെയ്തു" എന്നീ രണ്ടു ചോദ്യങ്ങളിൽ ഊന്നിയാണ് ചിത്രത്തിന്റെ സഞ്ചാരം. ഈ രണ്ടു ചോദ്യങ്ങൾക്കും ഉള്ള ഉത്തരം നായകനോടൊപ്പം തന്നെ പ്രേക്ഷകരും അന്വേഷിക്കുന്നു. ഇതിനുള്ള ഉത്തരങ്ങൾ കണ്ടിരിക്കുന്നവർക്ക് ഊഹിക്കാൻ പോലും ഇടംകൊടുക്കാതെ സഞ്ചരിക്കുന്ന ആദ്യ പകുതി തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. കയ്യടക്കത്തോടെ എഴുതിയ ഒരു ടൈറ്റ് സ്ക്രീൻപ്ളേയുടെ ശക്തി ആദ്യപകുതി കാണിച്ചു തരുന്നുണ്ട്.

ചോദ്യങ്ങൾ മാത്രം അവശേഷിച്ചു നിർത്തുന്ന ഒന്നാം പകുതിയിൽ നിന്നും വെളിപ്പെടുത്തലുകൾ നടക്കുന്ന രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾക്കും പക്ഷെ തിരക്കഥയിൽ ഉള്ള കയ്യടക്കം ഒന്നു കുറയുന്നുണ്ട്.

*** ചെറിയ സ്പോയിലർ ഉണ്ട്, പടം കാണാത്തവർ അടുത്ത പാരഗ്രാഫ് വായിക്കരുത് ***

കില്ലറിന്റെ ഫ്‌ളാഷ് ബാക്ക് കാണിക്കാൻ ശ്രമിച്ച ഭാഗങ്ങളിൽ അതുവരെ കൊണ്ടു വന്ന ഒരു മൂഡ് തിരക്കഥയിൽ നഷ്ടമാവുന്ന പോലെ തോന്നി. ഭൂതകാലത്തിൽ നീതിനിഷേധത്തിന് ഇരയാക്കപ്പെട്ടവന്റെ സൈക്കോ പ്രതികാരം എന്ന ക്ളീഷേയിൽ തന്നെ ചിത്രം വന്നു നിൽക്കുന്നു. അതും മെയിൻ വില്ലൻ ആരാണെന്നത് ഒക്കെ ഒരു ട്വിസ്റ്റ് ആയി കാണിക്കാതെ സിംപിൾ ആയി ഫ്‌ളാഷ് ബാക്കിൽ കൂടി കാണിച്ച് പോയത് ഒക്കെ വളരെ മോശമായി തോന്നി. മെയിൻ വില്ലനെ വെളിപ്പെടുത്തുന്ന സീൻ എങ്കിലും അവർക്ക് നല്ലൊരു പ്ലോട്ട് ട്വിസ്റ്റ് ആക്കി എടുക്കാമായിരുന്നു. പക്ഷെ കില്ലറിന് നീതി നിഷേധം നടന്നു എന്നു ഉറപ്പു വരുത്താനും അതു വഴി കണ്ടിരിക്കുന്ന പ്രേക്ഷകന് കില്ലറിനോട് സഹതാപം തോന്നാനും വേണ്ടി എടുത്ത ഫ്‌ളാഷ് ബാക്ക് എല്ലാം കളഞ്ഞു കുളിച്ചു. ഇന്ദ്രൻസ് അവതരിപ്പിച്ച റിപ്പർ രവി എന്ന കഥാപാത്രത്തെ പോലെ കില്ലറും ഒരു പക്കാ സൈക്കോ ആയിരുന്നെങ്കിൽ എനിക്ക് ചിത്രം കൂടുതൽ ഇഷ്ടപ്പെട്ടേനെ പക്ഷെ ഇതിപ്പോൾ ആദ്യപകുതിയിൽ നന്നായി കൊണ്ടു വന്ന സൈക്കോ കില്ലർ എന്ന പ്ലോട്ടിനെ രണ്ടാം പകുതിയിലേക്ക് ഒരു ക്ളീഷേ പ്രതികാര കഥ ആക്കി മാറ്റിയ പോലെ ഒരു തോന്നൽ.

ഒരു അതിഗംഭീര ആദ്യ പകുതി തന്ന ചിത്രം എന്ന നിലയിൽ രണ്ടാം പകുതിയിൽ നിന്നും ഞാൻ ഇതിൽ കൂടുതൽ പ്രതീക്ഷിച്ചിരുന്നു എന്നതാണ് സത്യം.

പ്രകടനത്തിൽ കുഞ്ചാക്കോ ബോബനും ഉണ്ണിമായ പ്രസാദും ജിനു ജോസഫ് തുടങ്ങി മറ്റു പ്രധാന, അപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവും നന്നായി തന്നെ ചെയ്തു. കാസ്റ്റിംഗിന്റെ ഭാഗം വളരെ വൃത്തിക്ക് തന്നെ അണിയറപ്രവർത്തകർ ചെയ്തിട്ടുണ്ടെന്ന് തോന്നി. പാട്ടുകൾ വേണ്ട എന്നു തീരുമാനിച്ചതും, പശ്ചാത്തല സംഗീതം സുശീൻ ശ്യാമിനെ ഏൽപ്പിക്കാൻ തീരുമാനിച്ചതും മികച്ച തീരുമാനങ്ങൾ ആയി. തിയേറ്ററിൽ നഖം കടിച്ചിരുന്നു ത്രിൽ അടിച്ചതിൽ വലിയൊരു ക്രെഡിറ്റ് തിരക്കഥയൊരുക്കി സംവിധാനം ചെയ്ത മിഥുൻ മാനുവലിന്റെ ഒപ്പം തന്നെ പശ്ചാത്തല സംഗീതം ഒരുക്കിയ സുശീൻ ശ്യാമിനു കൂടി അവകാശപ്പെട്ടിരിക്കുന്നു.

ചുരുക്കത്തിൽ അടുത്ത കാലത്ത് മലയാളത്തിൽ ഇറങ്ങിയ ത്രില്ലർ ചിത്രങ്ങളിൽ ഏറ്റവും മികച്ചതെന്ന് അവകാശപ്പെടാവുന്ന ചിത്രമാണ് അഞ്ചാം പാതിരാ. തിരക്കഥ, അഭിനയം, സംവിധാനം, സംഗീതം, ടെക്‌നിക്കൽ സൈഡ് തുടങ്ങി ഒരുവിധം എല്ലാ മേഖലകളിലും നല്ല ക്വാളിറ്റി അവകാശപ്പെടുന്ന ഒരു ചിത്രം. രണ്ടാം പകുതിയിലെ തിരക്കഥയിൽ ഇത്തിരി കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ "അതിഗംഭീര സിനിമ" ആവേണ്ടിയിരുന്ന ഒന്ന്. ഇതിപ്പോൾ ഒരുപാട് ത്രില്ലർ ചിത്രങ്ങൾ കാണുകയും കുറച്ചു അധികം ലോക സിനിമകൾ ഒക്കെ ശ്രദ്ധിക്കുകയും ചെയുന്ന ഒരാൾക്ക് ശരാശരിക്ക് മുകളിലും അല്ലാത്തവർക്ക് എക്സ്ട്രാ ഓർഡിനറി ആയും തോന്നിയേക്കാം.

വേർഡിക്റ്റ് : ഗംഭീരം

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo