"എന്തു സംഭവിച്ചു?" "എങ്ങനെ സംഭവിച്ചു?" "ആര് ചെയ്തു?"

ഈ മൂന്നു ചോദ്യങ്ങളിൽ ഒന്നോ അതിൽ കൂടുതലോ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തലാണ് ഓരോ കുറ്റാന്വേഷണ ത്രില്ലറും ചെയ്യുന്നത്. തുടക്കം മുതൽ പ്രേക്ഷകരെ ഇരുട്ടിൽ നിർത്താനും പോകെ പോകെ വ്യക്തമായ ഇടവേളകളിൽ ചില സൂചനകൾ പ്രേക്ഷകന് വിട്ടു കൊടുത്തു തിരശീലയിൽ അരങ്ങേറുന്ന അന്വേഷണത്തോടൊപ്പം തന്നെ കണ്ടിരുന്ന പ്രേക്ഷകനെ കൂടി മുന്നോട്ടു കൊണ്ടു പോവാനും കഴിയുമ്പോൾ ആണ് ഇതിൽ ഓരോ ത്രില്ലർ ചിത്രവും യഥാർത്ഥത്തിൽ വിജയിക്കുന്നത്.

അന്വേഷണം എന്ന ചിത്രത്തിന്റെ കാര്യമെടുത്താൽ,ഈ മൂന്ന് ചോദ്യങ്ങളിൽ ഒന്നിനു പോലും ഉത്തരമില്ലാതെയാണ് ചിത്രം ആരംഭിക്കുന്നത്. നോൺ ലീനിയർ ആഖ്യാനത്തിലൂടെ പ്രേക്ഷകരിൽ ഉദ്വേഗം ജനിപ്പിക്കാനും അതുവഴി കണ്ടിരിക്കുന്ന പ്രേക്ഷകരെ ചിത്രത്തിന്റെ കൂടെ കൂട്ടാനും ആദ്യപകുതി സഹായിക്കുന്നുണ്ട്. മികച്ച രീതിക്ക് തയ്യാറാക്കപ്പെട്ട തിരക്കഥയും പ്രധാന കഥാപാത്രങ്ങളുടെ ഗംഭീര പ്രകടനവും ഇതിനു സഹായകമാവുന്നുമുണ്ട്. പക്ഷെ എന്താണ് സംഭവിച്ചത് എന്ന ചോദ്യത്തിന്റെ ഉത്തരം ആദ്യപകുതി തീരുന്നതോടെ പ്രേക്ഷകന് ലഭിക്കുന്നുണ്ട്. ആരു ചെയ്തു എന്ന ചോദ്യത്തിന്റെ ഉത്തരം രണ്ടാം പകുതിയുടെ തുടക്കത്തിലും. ഈ രണ്ടു ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുന്നതോടെ പ്രേക്ഷകനെ തുടർന്ന് ത്രില്ലടിപ്പിക്കാൻ ഉള്ള കഴിവ് ചിത്രത്തിന് നഷ്ടമാവുന്നു. അവിടെ നിന്നങ്ങോട്ട് ഒരു ഇമോഷണൽ ഡ്രാമയായാണ് ചിത്രത്തിന്റെ സഞ്ചാരം. ഒരു ത്രില്ലർ എന്ന നിലയിൽ ചിത്രം പരാജയപ്പെട്ടു തുടങ്ങുന്നതും ഇവിടെ വെച്ചു തന്നെ.

വൈകാരികതയിലേക്കും അവിടെ നിന്നു അതിവൈകാരികതയിലേക്കും സഞ്ചരിക്കുന്ന ചിത്രത്തിൽ പിന്നെയുള്ള ഒരേയൊരു ആശ്വാസം ജയസൂര്യയുടെ അഭിനയം മാത്രമാണ്. അവസാനം തട്ടികൂട്ടെന്നൊക്കെ വിളിക്കാവുന്ന ഒരു ക്ളൈമാക്‌സ് കൂടി എത്തുമ്പോൾ കണ്ടിരിക്കുന്ന പ്രേക്ഷകന് ഒരു ശരാശരി അനുഭവം മാത്രമായി ചിത്രം ഒതുങ്ങുന്നു.

വില്ലനാവുന്നത് കഥയും തിരക്കഥയുമാണ്. പ്രാധാന്യമുള്ള വിഷയമാണ് പറഞ്ഞു പോവുന്നതെങ്കിലും നല്ലൊരു ത്രില്ലിംഗ് കഥയുടെ അഭാവം ചിത്രത്തിലുടനീളം നമുക്ക് കാണാൻ കഴിയും അതു പോലെ തന്നെ തിരക്കഥയിൽ ഇണ്ടായിരുന്ന കയ്യടക്കം ആദ്യപകുതി കഴിഞ്ഞപ്പോൾ നഷ്ടപെട്ടതായും കാണാം. അവസാന രംഗങ്ങൾ ഒക്കെ വിശ്വാസനീയമായി എഴുതിപിടിപ്പിക്കാൻ കൂടി ഇവർക്ക് കഴിഞ്ഞിട്ടില്ലെന്ന് ചിത്രം കണ്ടവർക്ക് തോന്നിയാൽ അവരെ കുറ്റം പറയാൻ പറ്റില്ല. രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ, ഇത്തിരി കൂടി ട്വിസ്റ്റ് ഒക്കെ ഉള്ള, ത്രില്ലിംഗ് മോമന്റ്സ് ഉള്ള ഒരു കഥയായിരുന്നെങ്കിൽ ചിത്രത്തിന്റെ വിധി ചിലപ്പോൾ മറൊന്നായേനെ. കഥയിലും തിരക്കഥയിലും ഉള്ള പാളിച്ചകളെ ഒക്കെ നല്ല ക്വാളിറ്റി മേക്കിങ് കൊണ്ടു മറികടക്കാൻ സംവിധായകൻ ശ്രമിക്കുനുണ്ടായിരുന്നു. ലില്ലി കണ്ടപ്പോൾ മുതൽ മനസ്സിൽ കയറിയ പേരാണ് പ്രശോഭ് വിജയൻ. അദ്ദേഹമാണ് ഈ ചിത്രത്തിന്റെയും സംവിധായകൻ. തന്റെ ജോലി അദ്ദേഹം നന്നായി തന്നെ ചെയ്തിട്ടുണ്ടെന്ന് പറയാം. ഇനിയും ഒരുപാട് സിനിമകൾ അദ്ധേഹത്തിന്റെതായി കാണാൻ ഇടവരട്ടെ എന്നാഗ്രഹിക്കുന്നു.

അഭിനേതാക്കളിൽ എല്ലാവരും നന്നായി തന്നെ ചെയ്തിട്ടുണ്ട്. കുറച്ചെങ്കിലും മോശം എന്നു തോന്നിയത് ശ്രുതി രാമചന്ദ്രന്റെ അഭിനയം മാത്രമാണ്. അതും മോശം എന്നൊന്നും പറയാൻ ഇല്ല, വൈകാരിക രംഗങ്ങളിൽ ഒക്കെ ജയസൂര്യയുടെ അഭിനയവുമായി തട്ടിച്ചു നോക്കുമ്പോൾ എന്തോ ഒരു കുറവ് അനുഭവപ്പെടുന്നെന്നു മാത്രം. പ്രമുഖ സിനിമാ കൂട്ടായ്മകളിൽ ഒന്നായ സിനിമാ പാരടീസോ ക്ലബിന്റെ അഡ്മിൻ ജയ് വിഷ്ണുവിനെ നല്ലൊരു റോളിൽ കണ്ടത് സന്തോഷം നൽകി. ഗാനങ്ങളും പശ്ചാത്തല സംഗീതവും ശരാശരി നിലവാരം പുലർത്തി.

ചുരുക്കത്തിൽ ചെറിയൊരു കഥയുടെ മികച്ച ആവിഷ്കാരമാണ് അന്വേഷണം. ഒരു ത്രില്ലർ ചിത്രം എന്ന നിലയിൽ ഉണ്ടാവേണ്ടിയിരുന്ന പലതും കൈമോശം വന്നിട്ടുണ്ടെങ്കിലും മികച്ച വൈകാരിക രംഗങ്ങൾക്കും പറഞ്ഞു പോയ വിഷയത്തിന്റെ പ്രാധാന്യവും കണക്കിലെടുത്തു ഒരു തവണ കണ്ടിരിക്കാവുന്ന ചിത്രം.

വേർഡിക്റ്റ് : ആവറേജ്

For More Visit: http://dreamwithneo.com

#NPNMovieThoughts  #DreamWithNeo