​രണ്ടു വ്യക്തികൾ തമ്മിലുണ്ടാവുന്ന കോണ്ഫ്ലിക്റ്റുകൾ ഒരുപാട് സിനിമകൾക്ക് കഥാതന്തുവായിട്ടുണ്ട്. അതിൽ ഒരുത്തനു നന്മയുടെ പര്യായം കൊടുത്തു നായകനാക്കിയും മറ്റൊരുവനെ തിന്മയുടെ മൂർതിഭാവമായി കാണിച്ചു വില്ലനാക്കിയും ഒട്ടു മിക്ക സിനിമകളും അവതരിപ്പിക്കുന്നു. അവസാനം വില്ലന്റെ മേൽ നായകന്റെ മേധാവിത്വം ഉറപ്പു വരുത്തി നന്മയെ ജയിപ്പിക്കുന്നതോടെ സിനിമയുടെ കഥ പൂർണം.

ഈ ഒരു ചട്ടകൂടിനെ മുഴുവനായും ഉടച്ചു വാർക്കുന്നതിലൂടെയാണ് അയ്യപ്പനും കോശിയും വ്യത്യസ്തമാവുന്നത്. നായകൻ വില്ലൻ എന്നീ പേരുകളിൽ തരം തിരിച്ചു വിളിക്കാൻ പറ്റാത്ത രണ്ടാളുകളുടെ പകയെ. സാഹചര്യങ്ങൾ മുൻ നിർത്തി അവർ പരസ്പരം ചെയ്തു പോവുന്ന കാര്യങ്ങളെ പക്ഷം പിടിക്കാതെ കാണിച്ചു തരുന്നു സിനിമ. രണ്ടു പേർ തമ്മിലുള്ള വൈരാഗ്യത്തിന്റെ കഥപറയുന്നതിന്റെ കൂടെ തന്നെ ഇന്നത്തെ സാമൂഹിക അവസ്ഥയെ അട്ടപാടിയുടെ പശ്ചാത്തലത്തിൽ മനോഹരമായി വരച്ചിടാൻ കൂടി ശ്രമിക്കുന്നുണ്ട് സച്ചി. സിനിമയെ അയ്യപ്പനും കോശിയും തമ്മിലുള്ള യുദ്ധം മാത്രമാക്കാതെ മാവോയിസവും ദളിത് രാഷ്ട്രീയവും ഉൾപ്പടെ വലുതും ചെറുതുമായ ഒരുപാട് കാര്യങ്ങളെ കൂട്ടി ചേർത്തു പിടിക്കുന്നുണ്ട് സിനിമ.

ആണത്ത ആർപ്പുവിളിയാണ് ചിത്രം മൊത്തമെങ്കിലും സ്ത്രീ കഥാപാത്രങ്ങൾക്കും വ്യകതമായ വ്യക്തിത്വവും പെര്ഫോമൻസിനുള്ള സ്‌പേസും തിരകഥയിൽ ഒരുക്കി വെച്ചിട്ടുണ്ട് സച്ചി. ഗൗരി നന്ദ അവതരിപ്പിച്ച കണ്ണമ്മ എന്ന കഥാപാത്രവും കോശിയോടുള്ള അവരുടെ ചില ഡയലോഗുകളും ഒരുപാട് ഇഷ്ടമായി. കണ്ണമ്മയും ജെസിയും പോലുള്ള ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ഒരു വശത്ത് ഉണ്ടെങ്കിലും റൂബി എന്ന കോശിയുടെ ഭാര്യയുടെ റോൾ ഒട്ടും ഇഷ്ടപ്പെടാത്ത ഒന്നായി ഇപ്പോളും മനസിൽ കിടക്കുന്നു. റൂബിയെ കോശി തല്ലുന്ന ഒരു സീനിന്റെ ആവശ്യകത സിനിമയിൽ എത്രത്തോളം ഉണ്ടായിരുന്നെന്ന ചോദ്യം ഇപ്പോളും ബാക്കി. ആ തല്ലിന് തിയേറ്ററിന്ന് കിട്ടിയ കുറച്ചു പേരുടെ കയ്യടി ആ ചോദ്യത്തിന്റെ പ്രാധാന്യം വര്ധിപ്പിക്കുന്നുണ്ട്.

മുഖമടിച്ചൊന്നു പൊട്ടിക്കാൻ തോന്നുന്ന കുറച്ചധികം ഡാർക് ഷെയ്ഡ് കലർന്ന കോശിയെന്ന കഥാപാത്രത്തെ പ്രിത്വിരാജ് ഗംഭീരമാക്കി. കരിയറിൽ സ്റ്റാർടത്തിന്റെ ടോപ്പിൽ നിൽക്കുന്ന സമയങ്ങളിൽ ഒന്നായിട്ടു കൂടി നല്ലൊരു സിനിമക്ക് വേണ്ടി ഈ കഥാപാത്രം എടുത്തു ചെയ്ത പ്രിത്വിരാജ് അഭിനന്ദനം അർഹിക്കുന്നുണ്ട്. താരമെന്ന ലേബൽ തന്നിലെ നടനെ പുറത്തെടുക്കാൻ തനിക്കൊരു തടസമേ അല്ലെന്നു അയാൾ വീണ്ടും വീണ്ടും തെളിയിക്കുന്നു. ബിജു മേനോനെ പറ്റി പിന്നെ എന്ത് പറയാൻ ആണ്? മുണ്ടൂർ മാടന്റെ അഴിഞ്ഞാട്ടമായിരുന്നു രണ്ടാം പകുതി മൊത്തം. പല ഇടങ്ങളിലും പ്രിത്വിയെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയുള്ള പ്രകടനം. അടുത്തിടെ ബിജുമേനോൻ ചെയ്ത കഥാപാത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത്.

ആദ്യ ചിത്രമായ അനാർക്കലിയിൽ നിന്നും രണ്ടാം ചിത്രമായ അയ്യപ്പനും കോശിയിലേക്ക് എത്തുമ്പോൾ ഒരു സംവിധായകൻ എന്ന നിലയിൽ സച്ചി വളരെ അധികം പുരോഗമിച്ചിട്ടുള്ളതായി കാണാം. മൂന്ന് മണിക്കൂർ നീളമുള്ള ഒരു സിനിമയെ അതും അടുത്തത് എന്തെന്ന് അത്യാവശ്യം നന്നായി ഊഹിക്കാൻ പറ്റുന്ന കഥാഗതിയുള്ള ഒരു സിനിമയെ ഒരു നിമിഷം പോലും മടുപ്പിക്കാതെ കണ്ടിരിക്കാൻ പറ്റുന്ന ഒന്നാക്കി മാറ്റുന്നത് വളരെയധികം ശ്രമകരമായ ജോലിയാണ്. ആ ജോലിയിൽ സച്ചി നന്നായി തന്നെ വിജയിച്ചിട്ടുണ്ടെന്നു പറയാം.

അട്ടപാടിയെ പോലൊരു സ്‌ഥാലത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ ജെക്‌സ് ബിജോയുടെ സംഗീതവും സുദീപിന്റെ കാമറയും സിനിമയുടെ മികവ് വർധിപ്പിക്കുന്നു.

ചുരുക്കത്തിൽ രണ്ടു പേർ തമ്മിലുള്ള ഈഗോ ക്ലാഷ് എന്ന സാധാരണ കഥയെ ടൈറ്റ് സ്ക്രീൻപ്ലെ കൊണ്ടും മികച്ച അവതരണം കൊണ്ടും മൂന്ന് മണിക്കൂർ നീളമുള്ള ഒരു സിനിമയാക്കിയിരിക്കുകയാണ് സച്ചി. മാസ്, ക്ലാസ്സ്, ത്രില്ലിങ് എന്നൊക്കെ ഒരുപാട് വിശേഷണങ്ങൾ കൊടുക്കാവുന്ന ഒരു ചിത്രം. അഭിനേതാക്കൾ മുതൽ മറ്റു സാങ്കേതിക പ്രവർത്തകർ വരെ മിക്കവരും മികച്ചു നിന്നപ്പോൾ നമുക്ക് ലഭിച്ച ഒരു ഗംഭീര ചിത്രം. തീർച്ചയായും തിയേറ്ററിൽ തന്നെ പോയി കണ്ടു വിജയിപ്പിക്കേണ്ട സിനിമ.

വേർഡിക്റ്റ്: ഗംഭീരം

For More Visit: http://dreamwithneo.com

#NPNMovieThoughts  #DreamWithNeo