വില്യം ഹെർട്ലിങ്ന്റെ കിൽ പ്രൊസസ് എന്ന ബുക് വായിച്ചു തീർത്തു ഇനി എന്താ എന്നു മേല്പോട്ടു നോക്കി ഇരിക്കുന്ന നേരത്താണ് വീണ്ടും ഗെയിം ഓഫ് ത്രോൻസ് വായിക്കാം എന്നു ഞാൻ തീരുമാനിക്കുന്നത്. പണ്ടൊരിക്കൽ ശ്രമിച്ചു പിന്നെ ടച്ച് വിട്ടെന്നു പറഞ്ഞു പാതി വഴിയിൽ ഉപേഷിച്ചതാണ്. അങ്ങനെ ലാപിൽ കിടന്ന ഇബുക്ക് തപ്പി എടുത്തു കിൻഡിലിൽ ഇട്ടു ഒന്നു മുതൽ വീണ്ടും ആരംഭിച്ചു. പക്ഷെ ഓഫീസും ജോലി തിരക്കും കാരണം 3 ആഴ്ച എടുത്തിട്ടും 60% ആക്കാൻ ആണ് എനിക്ക് കഴിഞ്ഞുള്ളു.

ഓണത്തിന് കുറച്ചു അധികം ദിവസം ഓഫീസ് ലീവു കിട്ടിയപ്പോൾ ഇതിപ്പോൾ തീർത്തുകളയാം എന്ന വിചാരം ആയിരുന്നു മനസ്സിൽ. പക്ഷെ മനുഷ്യന്റെ മനസ്സു എങ്ങനാ പോവാ എന്നറിയില്ലല്ലോ! അങ്ങനെ കുറച്ചു നേരത്തെ വായനക്ക് ശേഷം എനിക്കൊരു വ്യത്യസ്ഥത വേണമെന്ന് തോന്നുകയും. ഒരു വ്യത്യസ്ഥത ഇല്ലാതെ ഇനി ഒരു വാക്ക് പോലും ആ ബുക്കിൽ വായിക്കാൻ പറ്റില്ലെന്ന് തോന്നുകയുമുണ്ടായി. മാറ്റത്തിനു വേണ്ടിയുള്ള ഉൾവിളി കഠിനമായപ്പോളാണ് പണ്ടെങ്ങോ വാങ്ങിച്ചു വെച്ച മഞ്ഞ വെയിൽ മരണങ്ങൾ ഞാൻ കയ്യിലെടുക്കുന്നത്.

ഏതു "തരം" നോവൽ ആണെന്നു യാതൊരു വിധ മുൻവിധിയും ഇല്ലാതെ ആണ് ഞാൻ ഇത് വായിച്ചു തുടങ്ങുന്നത്. വായിച്ചു തുടങ്ങി ആദ്യ 3 പേജ് കഴിഞ്ഞപ്പോൾ തന്നെ ഞാൻ വീണു പോയിരുന്നു. ആദ്യ അധ്യായം മാത്രം വായിച്ചു തള്ളിക്കളയുന്നു പുസ്തകങ്ങളിൽ ഒന്നാവില്ലെന്നും മുഴുവൻ വായിച്ചു തീർക്കാതെ എനിക്കിനി വിശ്രമമില്ലെന്നും അവിടെ വെച്ചു ഞാൻ തീരുമാനം എടുത്തു.

തുടക്കം മുതൽ തന്നെ ഒരുപാട് ചോദ്യങ്ങൾ ഇട്ടു തന്നുകൊണ്ടാണ് നോവൽ മുന്നേറിയിരുന്നത്. നല്ലൊരു അപസർപ്പക നോവൽ വായിക്കുന്ന പ്രതീതി. അന്ത്രപ്പേറിന്റെ പുസ്തകത്തിലെ ഓരോ ഭാഗം തീരുമ്പോളും അടുത്ത ഭാഗം എങ്ങനെ കിട്ടും എന്ന് കഥാകാരനൊപ്പം നമ്മളും ചിന്തിക്കുന്ന അവസ്ഥ. കഥാകാരനും ഒരു കഥാപാത്രം ആവുന്നതുകൊണ്ടു ഫിക്ഷൻ എന്നതിനേക്കാൾ ഒരു റിയാലിറ്റി ആയാണ് കൂടുതൽ സമയവും തോന്നുക. ആ ഒരു ആഖ്യാന രീതി തന്നെ ആണ് തീരാതെ താഴെ വെക്കില്ല എന്ന തരത്തിൽ ഈ നോവലിനെ നമ്മളിലേക്കു അടുപ്പിക്കുന്നതും.

ഡീഗോ ഗാർഷ്യ എന്ന രാജ്യവും അവിടുത്തെ ജനങ്ങളും അന്ത്രപ്പേർ കുടുംബവും എല്ലാം മുന്നിൽ കണ്ട ഒരു പ്രതീതി. കഥ അവിടെ നിന്നും ഉദായംപേരൂരിൽ എത്തുമ്പോൾ ക്രിസ്ത്യൻ വിശ്വാസങ്ങളും ആചാരങ്ങളും തോമാ രാജവംശവും മറിയം സേവയും എല്ലാം കൂടി ഒരു ഡാവിഞ്ചി കോഡ് മൂഡ് കൊണ്ടു വരും. ചരിത്രവും വിശ്വാസവും ഫിക്ഷനും ചേർന്നു ഏതു സത്യം ഏതു കഥ എന്നു മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥ.

കഥയിലുടനീളം ഇട്ടു തന്ന ചോദ്യങ്ങൾക്കെല്ലാം കൂടി അവസാനം ഒരു ഉത്തരവും ഇട്ടു തരും എന്ന പ്രതീക്ഷയിൽ ആണ് എല്ലാ അപസർപ്പക നോവലും നമ്മൾ വായിക്കുന്നത്. എന്നാൽ ഈ നോവൽ അങ്ങനെ അല്ല. നോവലിലെ അവസാന വരി വായിച്ചു തീർക്കുമ്പോളും ഒരു പൂർണ വിരാമം അല്ല നമുക്ക് കിട്ടുന്നത്. ഉത്തരം കിട്ടിയ ചോദ്യങ്ങളെക്കാൾ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ആവും ബാക്കി. കുറെ ഒക്കെ നമ്മളുടെ ഭാവനയ്ക്ക് വിട്ടിരിക്കുകയാണെന്നു തോന്നുന്നു കഥാകാരൻ. പക്ഷെ ആ അർധവിരാമത്തിലും ഒരു പൂർണമായ സംതൃപതി നൽകാൻ നോവേലിനാവുന്നുണ്ട്. അതു തന്നെ ആണ് അതിന്റെ ഭംഗിയും.

NB:
വായിച്ചു കഴിഞ്ഞ ശേഷവും ഡീഗോ ഗാർഷ്യയും ഉദയംപേരൂരും മനസ്സിൽ നിന്നും പോയിട്ടില്ല. അടുത്തു തന്നെ ഉദയംപേരൂർ പോവണം എന്നുണ്ട്. പഴയ പള്ളിയും തൈക്കാട് പള്ളിയും ഒക്കെ ഒന്നു കാണാൻ

For More Visit: http://dreamwithneo.com

#NPNBookThoughts #DreamWithNeo