പുഴയും കായലും കടലും ഒക്കെ അടുത്തു തന്നെ ഉണ്ടെങ്കിലും കുടിവെള്ളത്തിന് കഷ്ടപ്പെടുന്ന പണ്ടാരതുരുത്ത്. കുടി വെള്ളത്തിനു അവർക്ക് ആകെ ഉള്ള ഒരു ആശ്രയം ഒരു പബ്ലിക് പൈപ്പ് ആണ്. ആ പൈപ്പിനെ ചുറ്റി പറ്റി ആണ് ആ നാട്ടിലെ പരദൂഷണം മുതൽ ചിട്ടി പിരിവ് വരെ എന്തും നടക്കുന്നത്. ആ നാട്ടിലെ കുറച്ചുപേരുടെ ജീവിതവും വെള്ളത്തിനു വേണ്ടി അവർ നടത്തുന്ന സമരവും ഒക്കെയാണ് പൈപ്പിൻ ചുവട്ടിലെ പ്രണയത്തിലൂടെ സംവിധായകൻ പറയുന്നത്.

കുടിവെള്ളം എന്നത് ഏതൊരു ജീവിയുടെയും പ്രാഥമിക ആവശ്യം ആണെന്നിരിക്കെ അതു കിട്ടാൻ ബുദ്ധിമുട്ടുന്നവരുടെ ജീവിതം തുറന്നു കാണിച്ചു തരുന്നുണ്ട് ചിത്രം.

ഒരു അഭിനേതാവെന്ന നിലയിൽ തന്റ സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട് നീരജ്. ഇമോഷണൽ സീനുകൾ ഒക്കെ കയ്യടക്കത്തോടെ അവതരിപ്പിച്ചു. അയ്യപ്പനായി അഭിനയിച്ച പേരറിയാത്ത നടൻ കൊള്ളാമായിരുന്നു. പല ചിത്രങ്ങളിലും കുഞ്ഞു കുഞ്ഞു റോളുകളിൽ കണ്ടിട്ടുണ്ടെലും ആദ്യമായാണ് ഒരു മുഴുനീള ചിത്രത്തിൽ കാണുന്നത്. ഇന്ദ്രൻസും ആയിട്ടുള്ള കോമ്പിനേഷൻ സീനുകൾ ഒക്കെ പടം കണ്ടു കഴിഞ്ഞാലും അത്ര പെട്ടെന്നൊന്നും മനസ്സിൽ നിന്നും പോവില്ല.

ടീന എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ച പെണ്കുട്ടിയുടെ ചിരി നന്നായിരുന്നു. അഭിനയിച്ചു ഫലിപ്പിക്കാൻ വല്ലാതെ ഒന്നും ഇല്ല എന്നിരിക്കെ ആ ഒരു ചിരി കണ്ടിരിക്കാൻ വല്ലാത്തൊരു ഭംഗി ഉണ്ടായിരുന്നു.

കുറച്ചു തമാശയും പ്രണയവും ഒക്കെ ആയി പോവുന്ന ആദ്യ പകുതിയും ഒരു പ്രശ്നം ഉണ്ടായി അതിനെ മറികടക്കുന്ന രണ്ടാം പകുതിയും. ഈ ഒരു ഫോർമാറ്റിൽ ഒരു രഞ്ജിത് ശങ്കർ ശൈലിയിൽ ആണ് ചിത്രം പോവുന്നത്. ഇടക്ക് ചില ഇടങ്ങളിൽ ലാഗ് തോന്നിപ്പിക്കുന്നുണ്ടെങ്കിലും തീയേറ്ററിൽ പോയി ഒരു തവണ കണ്ടിരിക്കാവുന്ന ചിത്രം തന്നെ ആണ് പൈപ്പിൻ ചുവട്ടിലെ പ്രണയം.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo