തമിഴ്നാട് സർക്കാരിന്റെ മികച്ച കഥക്കുള്ള അവാർഡ് വാങ്ങിയ ആളാണ് സുശി ഗണേശൻ. ആ മനുഷ്യൻ വർഷങ്ങൾക്കു ശേഷം പുതിയൊരു ചിത്രവുമായി വരുന്നു. അതും തന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിന്റെ രണ്ടാം ഭാഗം എന്ന പേരിൽ.

പേരു കേട്ടാൽ രണ്ടാംഭാഗം ആണെന്ന് തോന്നുമെങ്കിലും ആദ്യ ചിത്രവുമായി നേരിട്ടു ബന്ധമൊന്നുമില്ല ഈ ചിത്രത്തിന്. വേണമെങ്കിൽ മെയിൻ കഥാപാത്രത്തെ ബ്ലാക്ക്മയിൽ ചെയ്യുന്നുണ്ട് എന്ന കാര്യം മാത്രം ഒരു സാമ്യത ആയി കാണാം.

സോഷ്യൽ മീഡിയയുടെ ഇരുണ്ട വശങ്ങളും ചതികുഴികളും ആണ് ചിത്രത്തിന്റെ തീം. ഒരു എഡ്ജ് ഓഫ് ദി സീറ്റ് ത്രീലിംഗ് അനുഭവം തരാൻ പറ്റുന്നില്ലെങ്കിലും പ്രേക്ഷകന് മുഷിച്ചിലുണ്ടാക്കാത്ത തരത്തിലുള്ള ഒരു ത്രില്ലർ ഒരുക്കാൻ സംവിധായകനായിട്ടുണ്ട്.

ധാരളം നല്ല ചിത്രങ്ങളിലൂടെ തന്റെ കാലിബർ തെളിയിച്ച നടനാണ് ബോബി സിംഹ. പക്ഷെ ഈ ചിത്രത്തിലെ പോലീസ് കഥാപാത്രത്തിലേക്കു വരുമ്പോൾ എവിടെയൊക്കെയോ കാലിടറിയോ എന്നു സംശയിക്കേണ്ടി ഇരിക്കുന്നു. ശരീര പ്രകൃതിയിൽ ആയാലും പ്രകടനത്തിൽ ആയാലും സെൽവം എന്ന നായകനു എന്തൊക്കെയോ പോരായ്മ ഉള്ളതായി തോന്നി.

ബാൽകി എന്ന പ്രതിനായകനെ പ്രസന്ന നന്നായി അവതരിപ്പിച്ചു. ലുക്കിൽ ആയാലും വർക്കിൽ ആയാലും സെൽവത്തെക്കാൾ ഒരുപടി മുകളിൽ തന്നെ ആയിരുന്നു ബാൽകി. ക്ലൈമാക്സിനോട് അടുക്കുന്ന ഭാഗങ്ങളിൽ വില്ലന് ഒന്നും ചെയ്യാൻ ഇല്ലാത്ത പോലെ ആവുന്നുണ്ടെങ്കിലും ആകെ തുകയിൽ സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് പ്രസന്നയുടെ പ്രകടനം തന്നെ ആണ്.

പോസ്റ്ററുകളും മറ്റും വെച്ചു ഗ്ലാമർ പ്രകടനത്തിന് മാത്രമായി ആവും അമല പോൾ എന്നൊരു മുൻവിധിയോടെ ആവും ഏതൊരാളും ചിത്രം കാണാൻ കയറുക. പക്ഷെ തനിക്കു കിട്ടിയ റോൾ നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് അവർ. ആ കഥാപാത്രം കടന്നു പോവുന്ന മാനസികാവസ്ഥ ഒക്കെ നന്നായി പ്രേക്ഷകരിലേക്കെത്തിക്കാൻ അമല പോളിനായി.

ക്ലൈമാക്സ് കുറച്ചു കൂടി നന്നാക്കമായിരുന്നു എന്നതൊഴിച്ചാൽ പറയത്തക്ക കുഴപ്പങ്ങളൊന്നും ഇല്ലാത്ത ഒരു ത്രില്ലർ തന്നെ ആണ് ചിത്രം. ഒരുപാട് പ്രതീക്ഷകളൊന്നും ഇല്ലാതെ കയറിയാൽ ബോറടിക്കാതെ കണ്ടിറങ്ങാവുന്നൊരു ചിത്രം.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo