ഇത്രയും കാലമായിട്ടും ഇറങ്ങിയ ഒരു ആന്തോളജി ഫിലിം പോലും വിജയിക്കാത്ത ഭാഷ ആണ് മലയാളം. എന്നൊക്കെ പരീക്ഷണത്തിന് ശ്രമിച്ചിട്ടുണ്ടോ അന്നൊക്കെ അതു പൊട്ടിച്ചു കയ്യിൽ കൊടുത്തിട്ടും ഉണ്ട് നമ്മൾ. അവിടേക്കാണ് ദുൽഖർ എന്ന നടന്റെ ഫാൻ പവറും പേറി സോളോ വരുന്നത്.

നാലു വ്യത്യസ്ത കഥകൾ ചേർന്ന ഒരു ആന്തോളജി ഫിലിം ആണിത്. കഥാപരമായും സാങ്കേതികപരമായും മുന്നിട്ടു നിൽക്കുന്ന നാല് വ്യത്യസ്ത കഥകൾ. എല്ലാവരുടെയും കപ്പ് ഓഫ് ടീ ആവണമെന്നില്ല. പക്ഷെ ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു ട്രീറ് തന്നെ ആണ് സോളോ.

ജലം, വായു, അഗ്നി, ഭൂമി എന്നിങ്ങനെ നാലു എലമെന്റുകളിൽ ആയാണ് കഥ പറയുന്നത്. ശിവന്റെ നാലു ഭാവങ്ങളെ ഓരോ എലമെന്റിലേക്കും സന്നിവേശിപ്പിച്ചിരിക്കുന്നു. ഓരോ കഥയും തുടങ്ങുന്നത് കഥക്ക് ആസ്പദമായ ഏലമെന്റിനെ കാണിച്ചുകൊണ്ടാണ്. ഓരോ കഥക്കും കൊടുത്തിരിക്കുന്ന കളർ ടോണും പശ്ചാത്തല സംഗീതവും വരെ ആ എലമെന്റിനോട് ചേർന്നു നിൽക്കുന്നു.

ദുൽഖറിന്റെ പ്രകടനം മികച്ചു നിന്നു. ശേഖറിന്റെ പ്രണയവും ത്രിലോകിന്റെ രോഷവും ശിവയുടെ മുഖത്തെ നിർവികാരതയും രുദ്രയുടെ നിസ്സഹായവസ്ഥയും എല്ലാം ദുൽഖർ എന്ന നടനിൽ ഭദ്രമായിരുന്നു.

എടുത്തു പറയേണ്ടത് സ്ത്രീകഥാപാത്രങ്ങളെ കുറിച്ചാണ്. തന്റെ ശരീരത്തിലെ പകുതി പ്രണയനിക്കു കൊടുത്തു അർദനാരീശ്വരൻ ആയി വാണരുളുന്ന ശിവനെ ആസ്പദമാക്കി കഥ പറയുമ്പോൾ സ്ത്രീ കഥാ പാത്രങ്ങൾക്കു പ്രാധാന്യം ഇല്ലാതിരിക്കുന്നത് എങ്ങനെ.? ഓരോ കഥയിലും നായകന്റെ ജീവിതം മാറ്റിമറിക്കുന്നത് ഓരോ സ്ത്രീകളാണ്. ശേഖറിന്റെ ജീവിതത്തിൽ പ്രണയിനി ആണെങ്കിൽ ത്രിലോകിന്റെ ജീവിതത്തിൽ ഭാര്യ.. ശിവയുടേതിൽ അമ്മ.. രുദ്രയുടെതില്.. ഹ അതു നിങ്ങൾ കണ്ടു തന്നെ അറിയൂ.

കഥയും തിരക്കഥയും സംവിധാനവും എഡിറ്റിംഗും സംഗീതവും എല്ലാം മികച്ചു നിന്ന ചിത്രത്തിൽ കുറച്ചു അരോചകമായി തോന്നിയത് സംഭാഷണങ്ങൾ ആണ്. എന്തോ എവിടെയോ ഒരു പോരായ്മ പോലെ!!  തമിഴ് വേർഷൻ ഇതിലും നന്നായികാണുമെന്നു പ്രതീക്ഷിക്കുന്നു.

പലരും പറഞ്ഞ പോലെ ലാഗിങ് ഒന്നും ഉള്ളതായി തോന്നിയില്ല. കഥ അർഹിക്കുന്ന വേഗത കഥ പറച്ചിലിൽ കൊണ്ടുവന്നിരുന്നു എന്നു തന്നെ ആണ് തോന്നിയത്. ഒരു ബുദ്ധിമുട്ടു ആയി തോന്നിയത് ഡബ്ബിങ് ആണ്. അതിൽ തന്നെ ശ്രുതി ഹരിഹരന്റെ ഡബ്ബിങ് വല്ലാതെ മോശം ആയി തോന്നി (അഭിനയവും നല്ല മോശം ആയിരുന്നു. ലൂസിയ ഒക്കെ ചെയ്ത ആളു തന്നെ ആണോ ഇത് എന്നു തോന്നി പോവും).

തമിഴ്/തെലുങ്ക്‌ ഫോർമുല ചിത്രങ്ങളെ കണക്കറ്റ് പരിഹസിക്കുകയും അതേ സമയം ഒരു പരീക്ഷണ ചിത്രം മലയാളത്തിൽ ഇറങ്ങിയാൽ അതിനെ തീയേറ്ററിൽ പോയി കാണാതെ പൊട്ടിക്കുകയും ചെയ്യുന്ന വിചിത്ര ജീവികളാണ് മലയാളികൾ. ചുഴിഞ്ഞു നോക്കിയാൽ കുറ്റങ്ങളും കുറവുകളും ഒക്കെ ഒരുപാട് കണ്ടേക്കാം. അതിനേക്കാൾ ഒക്കെ മുകളിൽ സോളോ വിജയിപ്പിക്കേണ്ട ഒരു പരീക്ഷണമായി തോന്നുന്നുവെങ്കിൽ തീയേറ്ററിൽ തന്നെ പോയി കാണുക. വിജയിപ്പിക്കുക.

For More Visit: http://dreamwithneo.com
#NPNMovieThoughts #DreamWithNeo