റീമേക്ക് ചിത്രങ്ങൾ എടുത്തു പരിശോധിക്കുമ്പോൾ സാധാരണ കാണുന്ന ഒരു പ്രവണത ആണ് സാമാന്യം നല്ല ചിത്രങ്ങൾ ആണെങ്കിൽ പോലും അതിന്റെ ഒറിജിനലും ആയുള്ള താരതമ്യത്തിൽ പരാജയപ്പെട്ടു പോവുന്നത്. ഇവിടെ ഉള്ളിടവാരു കണ്ടന്റെ പോലൊരു കൾട് ചിത്രം റീമേക്ക് ചെയ്യുമ്പോൾ അണിയറപ്രവർത്തകർ ഒന്നു കൂടി ശ്രദ്ധിക്കേണ്ടതായിരുന്നു എന്നു തോന്നിപ്പോകും. ഒറ്റക്കെടുത്തു നോക്കിയാൽ കുഴപ്പമില്ലാത്ത ഒരു ചിത്രമായി തോന്നുമെങ്കിലും ഒറീജിനലും ആയുള്ള താരതമ്യത്തിൽ വല്ലാതെ താഴ്ന്നു പോവുന്നുണ്ട് പുതിയ റിച്ചി.

പല കഥകൾ പലരുടെ കണ്ണിലൂടെ പറഞ്ഞ സിനിമയായിരുന്നു ഉള്ളിടവാരു കണ്ടന്റെ. രക്ഷിത് ഷെട്ടി കഥയും സംവിധാനവും നിർവഹിച്ചു രണ്ടായിരത്തി പതിനാലിൽ പുറത്തിറങ്ങിയ ഈ കന്നഡ ചിത്രം ബോക്സ് ഓഫീസിൽ വലിയ അനക്കമൊന്നും ഉണ്ടാക്കിയില്ലെങ്കിലും ഒരു പാട് സിനിമാ ആസ്വാദകരുടെ മനസ്സിൽ ഇടം നേടി.

ഒറീജിനലിൽ നിന്നും നാല്പത് മിനിറ്റോളം വെട്ടി ചുരുക്കി വെറും 110 മിനുറ്റ് മാത്രം ഉള്ള കുഞ്ഞു ചിത്രം ആയാണ് റിച്ചി നമുക്കരികിലേക്കെത്തുന്നത്. ഒറിജിനൽ സിനിമയെ സീൻ ബൈ സീൻ കോപ്പി ചെയ്യാതെ പുതിയൊരു കഥ പറച്ചിലും ആയാണ് റിച്ചി എത്തുന്നത് അതുകൊണ്ടു തന്നെ കന്നഡ ചിത്രം കണ്ടിട്ടുള്ളവർക്കു പോലും പുതിയൊരു ചിത്രമായി തമിഴ് റിച്ചിയെ ആസ്വദിക്കാം.

ഒരു ഇമോഷണൽ ക്രൈം ത്രില്ലർ ആണ് ചിത്രം. ഏതൊരു ഇമോഷണൽ ത്രില്ലറും വിജയിക്കുന്നത് ആ ഇമോഷൻ പ്രേക്ഷകരിലേക്ക് എത്തിക്കാൻ പറ്റുമ്പോൾ ആണ്. ആ ഉദ്ധ്യമത്തിൽ കന്നഡ റിച്ചി വിജയിച്ചപ്പോൾ എന്തൊക്കെയോ കാണിക്കാൻ ശ്രമിച്ച് അവസാനം പരാജയപ്പെടുകയാണ് തമിഴ് റിച്ചി. വെറുതെ കണ്ടു മറന്നു കളയണ്ട കഥ അല്ല ഇതെന്നിരിക്കെ പടം കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ ഉള്ളിൽ ആ ഒരു "ശേഷിപ്പ്" അവശേഷിപ്പിക്കാൻ ചിത്രത്തിനാവുന്നില്ല.

ഉള്ളിടവാരു തമിഴിൽ റീമേക്ക് ചെയ്യുകയാണെന്ന് കേട്ടപ്പോൾ ആക്ഷനും മാസും ഒക്കെ വല്ലാതെ അങ്ങു കൂട്ടി ഒരു പക്കാ തമിഴ് മസാല ചിത്രം ആക്കി കളയുമോ എന്നൊരു പേടി ഉണ്ടായിരുന്നു. ആ പേടി വെറുതെ ആയിരുന്നെന്ന് ഇന്ന് ചിത്രം കണ്ടപ്പോൾ മനസ്സിലായി. അതുകൊണ്ടുതന്നെ പോസ്റ്ററും ട്രെയിലറും ഒക്കെ കണ്ടു നിവിൻ പോളിയുടെ ഒരു ആക്ഷൻ മസാല ചിത്രം പ്രതീക്ഷിച്ചു ആരും തീയേറ്ററിൽ പോവാതെ ഇരിക്കുക.

രക്ഷിത് ഷെട്ടിയും ആയി ഒരു താരതമ്യം ഇല്ലാതെ നോക്കിയാൽ റിച്ചി എന്ന റോൾ നല്ല വെടിപ്പായി ചെയ്തിട്ടുണ്ട് നിവിൻ. പക്ഷെ തമിഴ് ഡയലോഗ് ഡെലിവറി നന്നായി തോന്നിയില്ല. പല ഇടങ്ങളിലും ലിപ് സിങ്ക് കുറയുന്നത് നന്നായി അറിയാമായിരുന്നു.

ചിത്രത്തിന്റെ നല്ലൊരു പ്ലസ് പോയിന്റ് പശ്ചാത്തല സംഗീതം ആയിരുന്നു. ആ ഒരു മാസ്സ് ഫീൽ ആദ്യാവസാനം നില നിർത്തുന്നതിൽ പശ്ചാത്തല സംഗീതം നല്ലൊരു പങ്ക് വഹിച്ചു.

അത്യാവശ്യം നല്ലൊരു സ്ക്രിപ്റ്റും സംവിധാനവും അഭിനേതാക്കളുടെ മെച്ചപ്പെട്ട പ്രകടനവും ഒക്കെ ഉള്ള ഒരു ചിത്രം തന്നെ ആണ് റിച്ചി. പക്ഷെ ഒറിജിനലും ആയുള്ള താരതമ്യത്തിൽ ആണ് ചിത്രം വീണുപോവുന്നത്. ഉള്ളിടവാരു കണ്ടന്റെ എന്ന ചിത്രത്തെ മറന്നു തീയേറ്ററിൽ കയറിയാൽ നിങ്ങളെ തൃപ്തിപ്പെടുത്തിയേക്കാം റിച്ചി.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo