37. ആർത്തവവും സാനിറ്ററി പാഡും പിന്നെ ഇന്ത്യയും

പത്താം ക്ലാസിൽ പഠിക്കുന്ന സമയത്തു ക്ലാസ്സിലെ ഒരു പെണ്കുട്ടി ഉച്ചക്ക് ബാഗും എടുത്തു പുറത്തു പോയി കുറച്ചു കഴിഞ്ഞു കയറി വന്നു. ഉച്ചക്ക്‌ സാധാരണ പുറത്തു പോവാത്ത അവൾ എന്തിനു പുറത്തു പോയെന്നും മാറോടടക്കി പിടിച്ചു ഭദ്രമായി കൊണ്ടു വന്ന ബാഗിൽ എന്താണെന്നുമുള്ള ചിന്ത സ്വാഭാവികമായും അവളെ വഴിയിൽ തടയാനും എന്താ അതിൽ എന്നു നോക്കാനും ഞങ്ങളിൽ ചിലരെ പ്രേരിപ്പിച്ചു. ബാഗിൽ എന്താ? കഴിക്കാൻ വല്ലതും ആവും, തുറന്നു കാണണം എന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണിൽ കണ്ട ഭയം. ഇതിനു മുന്നേ ഒരിക്കൽ പോലും ഞാൻ അവളെ അത്ര പേടിച്ചു കണ്ടിട്ടില്ലായിരിന്നു. തമാശക്ക് തുടങ്ങിയ കാര്യം സീരിയസ് ആവുമെന്ന് തോന്നിയപ്പോൾ ബാഗ് തുറന്നു കാണണം എന്ന പിടിവാശി ഉപേക്ഷിച്ചു ഞങ്ങൾ അവിടന്നു തിരിച്ചു നടന്നു. അവളുടെ അന്നത്തെ പരിഭ്രമത്തിന്റെയും പേടിയുടെയും കാരണം മനസ്സിലാവാൻ ആ പതിനഞ്ചുകാരന് പിന്നെയും ഒരുപാട് കാലം കഴിയേണ്ടി വന്നു.

പിന്നെയൊരു നാളിൽ ട്രെയിനിൽ തല കറങ്ങി ഇരുന്ന മറ്റൊരു കൂട്ടുകാരിയോട് എന്താ പറ്റിയെ? ഡോക്ടറെ കാണണോ എന്നു ചോദിച്ചപ്പോൾ “വേണ്ടടാ. ഇതു എല്ലാ മാസവും ഉണ്ടാവുന്ന വയ്യായ ആണ്” എന്നാണവൾ പറഞ്ഞത്. കാര്യം മനസിലായ ഞാൻ ഇതിത്ര പ്രശനം ഉള്ള സംഭവം ആണോ എന്ന് ചോദിച്ചപ്പോൾ ഒരു ചിരി മാത്രമായിരുന്നു അവളുടെ മറുപടി.

ഹൈസ്‌കൂൾ ക്ലാസ് മുതൽ കാണുന്നതാണ്, സഹപാഠികളുടെ കയ്യിലെ ചുരുട്ടി പിടിച്ച പൊതികൾ. ആ പൊതികളിൽ എന്താണെന്നും അതു എന്തിനാണെന്നും മനസ്സിലായ നിമിഷം മുതൽ അവരോടു ഒക്കെ എന്തെന്നില്ലാത്ത ബഹുമാനമേ തോന്നിയിട്ടുള്ളൂ. ഒരു തവണ ശരീരം മുറിഞ്ഞു കുറച്ചു ചോര പോവുന്നത് കൂടി സഹിക്കാൻ വയ്യാത്ത നമുക്ക് മാസാമാസം ആ അവസ്ഥയിലൂടെ കടന്നു പോവുന്നത് ആലോചിക്കാൻ പറ്റുമോ? “ആ സമയങ്ങളിലെ” തളർച്ചയും ബുദ്ധിമുട്ടും വകവെക്കാതെ കളിച്ചും ചിരിച്ചും എക്സാം എഴുതിയും ജോലി ചെയ്തും ജീവിക്കേണ്ടി വരുന്നവരുടെ ബുദ്ധിമുട്ടു നമുക്ക് മനസ്സിലാവുമോ? കടയിൽ ആളൊഴിയുന്നവരെ കാത്തുനിന്നു ഓടിപ്പോയി സാനിറ്ററി പാഡ് വാങ്ങി അതു ബാഗിൽ ഒളിപ്പിച്ചു വീട്ടിൽ എത്തിക്കുന്നവരുടെ ബുദ്ധിമുട്ട് നമുക്ക് ഊഹിക്കൻ എങ്കിലും പറ്റുമോ?

ഇന്ത്യ മഹാരാജ്യത്തെ ഭൂരിപക്ഷം സ്ത്രീകൾക്കും സാനിറ്ററി പാഡ് കിട്ടാകനി ആയിരുന്ന സമയത്തു തുച്ഛമായ ചിലവിൽ സ്വന്തമായി തന്നെ പാഡ് ഉത്പാദിപ്പിക്കാനുള്ള മെഷീനുമായി വന്ന മനുഷ്യൻ ആണ് തമിഴ് നാട്ടുകാരനായ അരുണാചലം മുരുഗാനന്ദൻ. ഇന്നിവിടെ അദ്ദേഹത്തിന്റെ ജീവിത കഥയുമായി ഇറങ്ങുന്ന പാഡ്മാൻ എന്ന ചിത്രത്തിന് U/A സര്ടിഫിക്കേറ്റ് ആണ് സെൻസർ ബോർഡ് കൊടുത്തത്. കാരണം സാനിറ്ററി പാഡ് ചിത്രത്തിൽ കാണിക്കുന്നുണ്ടെന്ന്. അതുമാത്രമല്ല പാട്മാന്റെ പ്രമോഷണാര്ഥം തുടങ്ങി വച്ച പാഡ്മാൻ ചലഞ്ചിനെ (#PadManChallenge) പലരും കളിയാക്കി കാണുന്നു. മൂക്കു ചീറ്റൽ ചലഞ്ചേന്നും മൂത്രമൊഴിക്കൽ ചലഞ്ചേന്നും ഒക്കെ പറഞ്ഞു മോശം ആക്കി കാണിക്കുന്നു.

ഇതു ഇന്ത്യ ആണ്. ആർത്തവത്തെ മോശമായി കാണുന്ന ദൈവങ്ങളും സംസ്കാരവുമാണ് നമ്മുടെ. ആർത്തവ ദിനങ്ങളിൽ വീടിനു പുറത്താക്കിയ പെണ്കുട്ടി തണുപ്പ് കാരണം മരണപ്പെട്ടത് അടുത്തിടെയാണ്. ഈ ഒരു നാട്ടിൽ ആർത്തവത്തെയും സാനിറ്ററി പാഡിനെയും കുറിച്ചു പൊതു ജനങ്ങൾക്കിടയിൽ ഒരു അവബോധം സൃഷ്ടിക്കാൻ സാധ്യത ഉള്ള ഒന്നാണ് ആ സിനിമയും അതിനോട് അനുബന്ധിച്ചു നടക്കുന്ന ഈ ചലഞ്ചും. സിനിമയുടെ പ്രമോഷന് വേണ്ടി ആണെങ്കിൽ പോലും ആണ് പെണ് വ്യത്യാസമില്ലാതെ സാനിറ്ററി പാഡും കയ്യിൽ പിടിച്ചു ഇന്ത്യയിലെ ജനങ്ങൾ ഫോട്ടോ എടുക്കുന്നുണ്ടേൽ അതൊരു വലിയ കാര്യം തന്നെയാണ്. അതുകൊണ്ടു തന്നെ പ്രോത്സാഹിപ്പിച്ചില്ലേലും ആരും കളിയാക്കാരുത്. ആർത്തവം ആശുദ്ധമാണെങ്കിൽ നീയും ഞാനും എല്ലാം ആശുദ്ധമാണ്. ഒഴുകിപരന്ന ആ രക്തത്തിൽ നിന്നുമാണ് നിനക്കുമെനിക്കുമെല്ലാം ജീവൻ മുളച്ചത്. ഇതൊക്കെ ഇടക്ക് ഒന്നു ഓർക്കുന്നത് നല്ലതായിരിക്കും.

For More Visit: https://dreamwithneo.wordpress.com

#NPNMovieThoughts #DreamWithNeo #NPNRandomThoughts #PadManChallenge #PadMan

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s