51. സുഡാനി ഫ്രം നൈജീരിയ (2018) – Malayalam

ബ്രസീൽ, അർജന്റീന, ഇറ്റലി തുടങ്ങി ഓരോ ഫുട്ബാൾ ടീമിനെയും അവിടുത്തെ ജനങ്ങളെക്കാൾ ഏറെ സ്നേഹിച്ച ഒരു നാടുണ്ട് കേരളത്തിൽ. ജീവനേക്കാൾ ഏറെ കാൽപന്തിനെ സ്നേഹിച്ച നാട്. ഓരോ ലോകകപ്പും കാണാൻ കവലകൾ തോറും സ്ക്രീൻ വെച്ചു പ്രദർശനം നടത്തിത്തന്ന നാട്. ഇഷ്ട ടീമിന് വേണ്ടി റോഡരുകിൽ ഫ്ളക്സ് വെച്ചും ജയിക്കുമ്പോൾ ലഡു വിതരണം ചെയ്തും ആഘോഷിച്ച നാട്. ഖൽബിൽ സഹജീവികളോട് അളവറ്റ സ്നേഹവും നെഞ്ചിൽ കാൽപന്തിനോടുള്ള അതിരറ്റ അഭിനിവേശവുമുള്ള ഇന്നിന്റെ മലപ്പുറത്തെ ആണ് സുഡാനി കാണിച്ചു തരുന്നത്.

നവാഗതനായ സക്കറിയ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. ഒരുപാട് സിനിമകളിൽ സഹനടനായി വേഷമിട്ട സൗബിന്റെ നായകനായുള്ള അരങ്ങേറ്റമാണ് ചിത്രം. സെവൻസ് ഫുട്ബോൾ കളിക്കാൻ വരുന്ന ഒരു നൈജീരിയകാരന് അവിചാരിതമായി അപകടം പറ്റുന്നതും, അതിനെ ചുറ്റി പറ്റി ഉണ്ടാവുന്ന സംഭവങ്ങളുമാണ് കഥ.

അറുപതുകളിലും എഴുപതുകളിലും ബോംബെയെ സ്വർഗ്ഗമായി കണ്ടു അങ്ങോട്ടു ജോലിക്കായി ചേക്കേറിയവർ ആണു മലയാളികൾ. ഇന്ന് അതേ വിചാരത്തിൽ മറ്റു നാട്ടുകാർ കേരളത്തിലേക്ക് വരുമ്പോൾ നമുക്കവരെ പുച്ഛമാണ്. ആവശ്യം കഴിഞ്ഞാൽ കറിവേപ്പില ആണ് നമുക്കവർ. ജോലി ചെയ്യാൻ വയ്യാത്ത വിധം അപകടം വല്ലതും പറ്റിയാൽ തലയിൽ ആവാതെ ഉടനടി അവരെ തിരിച്ചു കയറ്റി അയക്കൽ ആണ് നമ്മുടെ പണി. ബംഗാളിയോ സുഡാനിയോ ശ്രീ ലങ്കനോ ആവട്ടെ അഭയാര്ഥികൾക്കും കുടിയേറ്റകർക്കും എല്ലാം അവരുടേതായ സ്വപ്നങ്ങൾ ഉണ്ട്. നാടും വീടും വീട്ടുകാരെയും വിട്ടു അന്യദേശത്തെക്കു അവർ വരുന്നുണ്ടേൽ അതാ സ്വപ്നങ്ങളുടെ ചിറകിൽ കയറി തന്നെ ആണ്. അത്തരത്തിൽ വരുന്നവരോട് അവന്റെ നാടിനും ഭാഷക്കും നിറത്തിനും ഉപരി ആയി നമുക്ക് തോന്നേണ്ട ഒന്നുണ്ട്. അതാണ് മനുഷ്യത്വം. സുഡാനി പറഞ്ഞു വെക്കുന്നതും ഇതുതന്നെ.

പ്രകടനത്തിൽ എല്ലാവരും നന്നായിരുന്നു. നായകനായ നജീബിനെ അവതരിപ്പിച്ച സൗബിനും കൂടെ സുഡാനി ആയി വന്ന നടനും, എല്ലാവരും. സൗബിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് എന്നൊക്കെ വേണേൽ പറയാം. ആദ്യമായി ഒരു സിനിമയിൽ നായകൻ ആയപ്പോൾ അതൊട്ടും മോശമാക്കിയില്ല. ചിത്രത്തിൽ ഉമ്മമാരെ അവതരിപ്പിച്ച രണ്ടു സ്ത്രീകളെ ആണ് എടുത്തു പറയേണ്ടത്. വല്ലാത്തൊരു സ്വാഭാവികത ഉണ്ടായിരുന്നു അവരുടെ അഭിനയത്തിന്. പ്രകടനത്തിൽ മികച്ചു നിന്നതും അവർ തന്നെ.

വ്യക്തിപരമായി എനിക്ക് വളരെ അധികം ഇഷ്ടപെട്ട ഒരു സിനിമ ആണ് Kl10. അതിന്റെ അമരക്കാരൻ മുഹ്‌സിൻ പരാരി സുഡാനിയുടെ തിരക്കഥയിൽ പങ്കാളി ആവുന്നുണ്ടെന്നു കേട്ടപ്പോൾ പ്രതീക്ഷയും ഏറെ ആയിരുന്നു. കണ്ടു മടുത്ത മലയാള മുസ്ലിം സിനിമകളിൽ നിന്നെല്ലാം വ്യത്യസ്തമാക്കിയിട്ടുണ്ട് സുഡാനിയെ. മകൾക്ക് ഇനിയും പഠിക്കാൻ ആണ് ആഗ്രഹം. ഡൽഹിയോ ഹൈദരബാദോ എവിടെ വേണമെങ്കിലും പോയി പഠിക്കാലോ എന്നു പറയുന്ന പിതാവ് മുതൽ കഥാപാത്രങ്ങളുടെ രൂപീകരണത്തിലും സംഭാഷണങ്ങളിലും വരെ മുസ്‌ലിം സ്റ്റീരിയോ ടൈപ്പുകളെ പൊളിച്ചു വാർക്കുന്നുണ്ട്‌ ചിത്രം. സക്കറിയക്കും മുഹ്‌സിനും വേണ്ടി കയ്യടിക്കാം.

അവിചാരിതമായി ഒന്നും സംഭവിക്കുന്നില്ല എന്നത് തന്നെ ആണ് സുഡാനിയുടെ മേന്മ. നായകനായ നജീബിന് പ്രണയിക്കാൻ നായിക ഇല്ല. അനാവശ്യമായ പാട്ടുകൾ ഇല്ല. സിനിമയുടെ അവസാനം തോൽകാറായ കളി നായകൻ അഞ്ചു ഗോളടിച്ചു വിജയിപ്പിക്കുന്നില്ല. പകരം മനുഷ്യത്വമുണ്ട്. ഭാഷക്കും ദേശത്തിനും മുകളിലായി നടപ്പിൽ വരുത്തേണ്ട മാനുഷിക മൂല്യങ്ങൾ ഉണ്ട്. അതെല്ലാം തന്നെ മടുപ്പിക്കാതെ സ്ക്രീനിൽ കാണിച്ചു തന്നിട്ടും ഉണ്ട്. ചുരുക്കത്തിൽ നല്ലൊരു ഫീൽ ഗുഡ് സിനിമ. തത്തമ്മയെ “തത്തുമ്മ” ആക്കി മാറ്റി അതൊരു തമാശ ആക്കി മാറ്റി കയ്യടിച്ചു ചിരിപ്പിച്ച മലയാളത്തിൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി യഥാർത്ഥ മലപ്പുറത്തിന്റെ കഥയുമായി ഒരു ചിത്രം വരുമ്പോൾ അതു വിജയിക്കേണ്ടത് തന്നെ ആണ്.

My Rating : ★★★½☆

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s