84. വരത്തനു ഒരു ക്ളൈമാക്‌സ് തുടർച്ച.

വരത്തൻ സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ മനസ്സിൽ തോന്നിയ ഒരു എക്റ്റന്ഡഡ് ക്ളൈമാക്‌സ്. പടം കണ്ടവർ മാത്രം വായിക്കുക. അഭിപ്രായം അറിയിക്കുക.
…………………………………………………………….

“വാ ഇറങ്‌..”

“ഞാൻ വരുന്നില്ലാന്നേ. എബി പോയി സംസാരിച്ചോണ്ട മതി.”

“ഞാൻ മാത്രം പോയല്ല ഇത് സംസാരിക്കേണ്ടത്. വീടും പറമ്പും ഇപ്പോളും പോൾ സാറിൻറെ ഭാര്യടേം മക്കളുടേം പേരിൽ തന്നെ അല്ലെ!”

എബിയുടെ മുഖത്തേക്ക് ഒന്നു നോക്കി ശരിയാണെന്ന ഭാവത്തിൽ തല കുലുക്കികൊണ്ടു പ്രിയ കാറിനു പുറത്തിറങ്ങി. കാറിനു പുറത്തു പരിഭ്രമിച്ച മുഖത്തോടെ ബെന്നിചേട്ടൻ നിന്നിരുന്നു.

“അല്ല സാറേ ഞാൻ പോയി പറഞ്ഞാൽ പോരെ? സാറും പ്രിയ കൊച്ചും എന്നാതിനാ നേരിട്ട്.. ”

“അതെന്നതാ ബെന്നിച്ചേട്ടാ.. സ്വന്തം കാര്യം സ്വയം പറഞ്ഞു തീർക്കുന്നത് അല്ലെ അതിന്റെ ശരി..”

“അതല്ല സാറേ.. എന്നാലും..”

ബെന്നിയെ ശ്രദ്ധിക്കാതെ എബി പതുക്കെ പോക്കറ്റിൽ നിന്നൊരു മാൽബറോ എടുത്തു ചുണ്ടിൽ വെച്ചു. ഇവിടെ പറഞ്ഞിട്ടിനി കാര്യമില്ലെന്ന് തോന്നിയ ബെന്നി പ്രിയയുടെ നേർക്ക് തിരിഞ്ഞു.

“പ്രിയകൊച്ചേ.. കൊച്ചൊന്നു പറ സാറിനോട്.. എന്നാതിനാ ആവശ്യമില്ലാത്ത പ്രശ്നങ്ങൾ.. ”

“ഇതു ആവശ്യമുള്ള പ്രശ്നം തന്നെ ആണ് ബെന്നിച്ചേട്ടാ…”

എബി പ്രിയയുടെ മുഖത്തേക്ക് നോക്കിയൊന്നു പുഞ്ചിരിച്ചു. ഉറച്ച മുഖഭാവത്തോടെ രണ്ടുപേരും പാപ്പാളി തറവാടിന്റെ മുറ്റത്തേക്ക് നടന്നു. അവരുടെ പുറകിൽ പരിഭമിച്ച മുഖത്തോടെ ബെന്നിയും.

വീട്ടിലേക്ക് നടന്നുവരുന്നവരെ കണ്ട കുര്യന് എന്തെന്നില്ലാത്ത അങ്കലാപ്പ് തോന്നി. തൊട്ടപ്പുറത്ത് ഇരിക്കുന്ന അപ്പന് കണ്ണു കാണിലെന്ന കാര്യം പോലും കുര്യൻ മറന്നിരുന്നു. തന്റെ ഉള്ളിലെ ഭയം മുഖത്തു പ്രതിഫലിച്ചു അപ്പനു മനസ്സിലാവാതെ ഇരിക്കാൻ അയാൾ നന്നായി പാടുപെട്ടു.

മൂന്നാഴ്ച മുന്നേ നടന്ന കാര്യങ്ങൾ ഒന്നും തനിക്ക് ഇനിയും മറക്കാൻ പയറ്റിയിട്ടില്ല. 3 ആഴ്ച അല്ല 3 പതിറ്റാണ്ട് കഴിഞ്ഞാലും തനിക്ക് അതു മറക്കാൻ പറ്റുമോ? അറിയില്ല. അപ്പാപ്പന്റെ ചെറുപ്പകാലത്ത് മല കയറി വന്ന ഊരും പെരുമില്ലാത്ത അഞ്ചങ്ക നസ്രാണി കുടുംബത്തിനെ നാടൊട്ടുക്ക് അറിയുന്ന പാപ്പാളി കുടുംബമാക്കി മാറ്റിയത് തന്റെ അപ്പനാണ്. ഈ നാട് മൊത്തം ബഹുമാനത്തോടെ അങ്ങേരെ “അപ്പൻ പാപ്പാളി’ എന്നു വിളിക്കുന്നത് വെറുതെ അല്ല. ആ അപ്പന്റെ മകനാണ് മൂന്നാഴ്ച മുന്നേ ജീവഭയത്താൽ അങ്ങാടിയിലൂടെ ഓടിയത്. കുര്യന് സ്വന്തം മുഖത്തു കാർക്കിച്ചു തുപ്പാൻ തോന്നി.

“ഹ കൊണ്ട്രാക്ടർ ഇവിടെ തന്നെ ഉണ്ടാർന്നോ.. വീട്ടിൽ ഉണ്ടാവുമോ എന്നു സംശയിച്ചു.. ”

എബിയുടെ ശബ്ദവും കൂടെ കൈസറിനെ കുരയും കുര്യനെ സ്വപ്നത്തിൽ നിന്നുമുണർത്തി. പരിച്ചയമില്ലാത്തവരെ കണ്ട കൈസർ അപ്പോളേക്കും കുരച്ചു തുടങ്ങിയിരുന്നു. കുര്യൻ പുറത്തോട്ട് ഇറങ്ങി എബിയുടെ അടുക്കലേക്ക് ചെന്നു. അപ്പൻ കേൾക്കാതിരിക്കാൻ പരമാവധി ശബ്ദം കുറച്ചു ചോദിച്ചു.

“നിനക്കിപ്പോൾ എന്താ വേണ്ടേ?”

“ഒന്നും വേണ്ടായെ.. ഞങ്ങൾ ഈ നാട്ടിന്നു പോകുകയ.. അതിനു മുന്നേ ഒരു കാര്യം നേരിട്ടിവിടെ വന്നു പറയണം എന്ന് തോന്നി. അപ്പോളേ നമ്മുടെ ആ പഴയ കൊണ്ട്രാക്റ്റില്ലേ? അതിൽ നിന്നും ഞങ്ങൾ അങ്ങു ഒഴിയുകയാ. ഒഫിഷ്യൽ ആയിട്ടുള്ള വക്കീൽ നോട്ടീസ് നാളെ ഉച്ചക്ക് ഇവിടെ റെജിസ്ട്രർഡ് ആയി കിട്ടും”

ഉള്ളിൽ ഇരച്ചു വന്ന ദേഷ്യത്തെ അടക്കികൊണ്ടു കുര്യൻ ഒന്നു തലയാട്ടി.

“ഉടമ്പടിയിൽ പറഞ്ഞ പോലെ തന്നെ മൂന്നു മാസത്തെ നോട്ടീസ് പീരിയഡ് നാളെ മുതൽ ആരംഭിക്കും. മൂന്നാം മാസം പറമ്പ് പൂട്ടി താക്കോല് ബെന്നിച്ചേട്ടനെ ഏൽപ്പിച്ചാൽ മതി. കോൻട്രക്ടർക്ക് അതിൽ എതിർപ്പൊന്നും കാണില്ലല്ലോ?”

“കുര്യൻ ഒന്നും പറഞ്ഞില്ല. എബി വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ ശരിയെന്ന മട്ടിൽ ഒന്നു തലയാട്ടുക മാത്രം ചെയ്തു. കൈസർ അപ്പോളും ശത്രുക്കളെ കണ്ടപോലെ കുരച്ചുകൊണ്ടിരുന്നു.

“ആരാടാ അതു?”

വരാന്തയിൽ ഇരിക്കുന്ന അപ്പൻ പാപ്പാളിയിൽ നിന്നാണ് ചോദ്യം വന്നത്. മറുപടി പറയാൻ വന്ന ബെന്നിയെ തടഞ്ഞുകൊണ്ടു എബി പറഞ്ഞു.

“ഒരു വരുത്തനാണ്. എന്റെ ഭാര്യയെ പറഞ്ഞാൽ ചിലപ്പോൾ അറിയും. എസ്റ്റേറ്റിലെ പോൾ സാറിന്റെ മോൾ പ്രിയ. പറമ്പ് പാട്ടത്തിനു എടുത്ത കൊണ്ട്രാക്ടുമായി ബന്ധപ്പെട്ട് കുര്യചായനുമായി ഒന്നു സംസാരിക്കാൻ വന്നതാ. ”

മുന്നിൽ നിന്നു സംസാരിക്കുന്നത് ആരാണെന്ന തിരിച്ചറിവിൽ അപ്പൻ പാപ്പാളിയുടെ രക്തം തിളച്ചു. പ്രായധിക്യത്താൽ ചുളിവ് വീണ ആ മുഖത്തേക്ക് രക്തയോട്ടം കൂടി. 100 കൊല്ലത്തോളം ആയി പാപ്പാളി കുടുംബത്തിന് ഈ നാട്ടിൽ ഉണ്ടായിരുന്ന നിലയും വിലയും ഒറ്റ രാത്രി കൊണ്ടു കളഞ്ഞവൻ ആണ് മുന്നിൽ വന്നു നിൽക്കുന്നത്. കൊടിയ ദേഷ്യത്തോടെ തന്നെ അപ്പൻ പാപ്പാളി എബിയോട് ചോദിച്ചു.

“നിനക്ക് എന്നതാടാ കൊച്ചനെ ഈ വീട്ടിൽ കാര്യം.?”

അപ്പൻ പാപ്പാളിക്കു വന്ന ദേഷ്യം കൈസറിന് മനസ്സിലായെന്നു തോന്നുന്നു. അവന്റെ കുര പൂർവാധികം ഉച്ചത്തിൽ ആയി. തുടല് പൊട്ടിച്ചു വന്നു കടിച്ചു കീറുമെന്ന പോലെ അവൻ മുന്നോട്ടു ചാടാൻ ശ്രമിച്ചു. ഭയത്തോട് കൂടെ പ്രിയ എബിയെ നോക്കി. എബിയുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നു തുടുത്തിരുന്നു. ഇപ്പോൾ പൊട്ടുമെന്ന തരത്തിൽ കഴുത്തിൽ ഞരമ്പുകൾ ഉയർന്നു നിന്നു. ഒന്നു തിരിഞ്ഞു കൈസറിനോടായി എബി അലറി.

“നിർത്തട..”

സ്വിച്ച് ഇട്ടത് പോലെ കൈസർ വായടച്ചു. എല്ലാവരും ഒന്നു ഞെട്ടി. ദേഷ്യം അടക്കാൻ ആവാതെ അപ്പോളും എബി നിന്നു വിറച്ചിരുന്നു. അങ്കലാപ്പ് മാറാതെ നിന്ന കുര്യൻ തിരിഞ്ഞു തന്റെ അപ്പന്റെ മുഖത്തു നോക്കി. കഴിഞ്ഞ 60 കൊല്ലത്തിനിടക്ക് താൻ ഒരിക്കലും കണ്ടിട്ടില്ലാത്തൊരു മുഖഭാവവുമായി അപ്പൻ ഇരിക്കുന്നു. തനിക്ക് പോലും മെരുങ്ങാത്ത കൈസറിനെ ആണ് ഇവൻ ഒറ്റ ഒച്ചയിടലിൽ നിശ്ശബ്ദമാക്കിയത്.

“ഡാ കൈസർ.. ”

ഒരു പതർച്ചയോടെ അപ്പൻ വിളിച്ചു. കൈസർ തലയുയർതിയത് പോലുമില്ല.

“അപ്പോൾ കൊണ്ട്രാക്ടറെ ഞങ്ങൾ ഇറങ്ങുവാ.. താക്കോൽ ബെന്നിച്ചേട്ടനെ ഏൽപ്പിക്കാൻ മറക്കണ്ട. ഇനി തമ്മിൽ ഒരു കൂടി കാഴ്ച ഉണ്ടാവില്ലെന്ന് തന്നെ പ്രതീക്ഷിക്കാം. എന്താ അങ്ങനെ അല്ലെ?”

ആ ശബ്ദത്തിൽ ഉള്ള ഭീഷണിയുടെ സ്വരം കുര്യൻ തിരിച്ചറിഞ്ഞു. ഭയത്തോട് കൂടി തന്നെ അയാൾ മറുപടി പറഞ്ഞു.

“വേണ്ട പോലെ ചെയ്യാം. താക്കോൽ കഴിവതും വേഗം ബെന്നിയെ ഏല്പിക്കാം”

ഒരു ചെറു പുഞ്ചിരിയോടെ എബി തിരിഞ്ഞു നടന്നു. തന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കിയ ശേഷം പ്രിയയും ഭർത്താവിന്റെ വഴിയേ തിരിഞ്ഞു. ആ നോട്ടം താങ്ങാൻ ആവാതെ കുര്യൻ തല താഴ്ത്തി നിന്നു. എബിയും പ്രിയയും വന്ന കാർ അകന്നു പോവുന്ന ശബ്ദം ചെവിയിൽ വന്നലച്ചപോളും കുര്യൻ അതേ നിൽപ്പ് തുടർന്നു. മുഖം ഉയർത്തിയാൽ നിന്ന നിൽപ്പിൽ തന്നെ ഭസ്മമാക്കാൻ തയ്യാറായി പ്രിയയുടെ കണ്ണുകൾ തന്റെ ചുറ്റും നിൽക്കുന്ന പോലെ അയാൾക്ക് തോന്നി. പുറകിൽ മാനസിക നില തെറ്റിയവരെ പോലെ അപ്പൻ അപ്പോളും “കൈസറിനെ” വിളിച്ചു കൊണ്ടിരുന്നു. വരത്തൻ ചെക്കൻ മുന്നിൽ നിന്നു പോയിട്ടും കൈസർ തന്റെ വിളി കേൾക്കാത്തത് ആ വൃദ്ധന് സമ്മാനിച്ച അങ്കലാപ്പ് ചെറുതല്ലായിരുന്നു. 85 കൊല്ലത്തെ ജീവിതത്തിന് ഇടക്ക് ഇന്നാദ്യമായി ഭയം എന്ന വികാരം തന്റെ മനസിനെ മദിക്കുന്നത് അയാൾ തിരിച്ചറിഞ്ഞു. ഉള്ളിൽ എവിടെയോ തന്റെ അപ്പൻ പണ്ട് പറഞ്ഞ വാക്കുകൾ വീണ്ടും മുഴങ്ങി കേട്ടു.

“നല്ല മനുഷ്യരുടെ ക്ഷമയെ ഒരിക്കലും പരീക്ഷിക്കരുത്. ക്ഷമ കൈമോശം വന്നാൽ അവർ ചിലപ്പോൾ സാത്താനെ വരെ വിറപ്പിച്ചേക്കും”

ഉള്ളിൽ തികട്ടി വന്ന ഭയത്തെ പുറത്തു കാണിക്കാതിരിക്കാൻ അപ്പൻ പാപ്പാളി വീണ്ടും നീട്ടി വിളിച്ചു.

“ടാ കൈസറെ..”

ഒരു മുറൾച്ച കൊണ്ടു പോലും തന്റെ സാന്നിധ്യം അറിയിക്കാതെ കൈസർ ആ മുറ്റത്ത് ചുരുണ്ടു കിടന്നു. അപ്പൻ പാപ്പാളിയുടെ കൈസർ വിളി വീണ്ടും വീണ്ടും കുര്യന്റെ ചെവിയിൽ വന്നലച്ചു.

#NPNFanFiction

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s