85. 96 (2018) – Tamil

96നെ കുറിച്ചു എഴുതിയ പലരും ഉപയോഗിച്ച ഒരു വാചകമുണ്ട്. “മനസ്സിൽ നഷ്ടപ്രണയം സൂക്ഷിക്കുന്നവർക്ക് മാത്രമെന്നു..” ശരിക്കും നഷ്ടപ്രണയം എന്ന വാക്ക് തന്നെ തെറ്റാണെന്നാണ് എന്റെ അഭിപ്രായം. പ്രണയം ഒരിക്കലും നഷ്ടപ്പെടുന്നില്ല, നഷ്ടപ്പെടുന്നത് പ്രണയിച്ചിരുന്ന പങ്കാളിയെയാണ്. ആ നഷ്ടപെടലിന് ശേഷവും പ്രണയം ജീവിക്കും. കാലദേശങ്ങൾക്കു അതീതമായി എക്കാലവും മരണമില്ലാത്ത നിലകൊള്ളും.

സിനിമ ഉണ്ടായ മുതൽ അവതരിപ്പിക്കപ്പെടുന്ന വിഷയമാണ് പ്രണയം. പലരും പല രീതിക്ക് അവതരിപ്പിച്ച പ്രണയമെന്ന ക്ളീഷേക്ക് പക്ഷെ ഇപ്പോളും കാണികൾ ഉണ്ടെന്നതാണ് സത്യം. എത്രമാത്രം ക്ളീഷേ ആണെങ്കിലും കണ്ടിരിക്കുന്നവന്റെ ഹൃദയത്തോട് ചേർന്നുള്ള അവതരണങ്ങൾ കൊണ്ടു പ്രണയം ഇപ്പോളും കയ്യടി വാങ്ങിക്കാറുണ്ട്. അത്തരത്തിൽ ഉള്ളൊരു സൃഷ്ടിയാണ് 96. കണ്ടിരിക്കുന്നവർ ചുമ്മാ അതിൽ അങ്ങു ലയിച്ചു പോവുന്നൊരു അനുഭൂതി. വെറുതെ കണ്ണടച്ചു ഇരുന്നാൽ പോലും മനസിനെ പിടിച്ചു വെക്കുന്ന സംഭാഷണങ്ങളും പശ്ചാത്തല സംഗീതവുമാണ്‌ ചിത്രത്തിൽ ഉള്ളത്. കണ്ണു തുറന്നു നോക്കിയാൽ അടുത്തിടെ ബിഗ് സ്‌ക്രീനിൽ കണ്ട ഏറ്റവും മികച്ച പ്രണയ ജോടികളുടെ തകർപ്പൻ പ്രകടനവും.

വിധിയുടെ ഇടപെടൽ കൊണ്ടു മാത്രം ജീവിതത്തിൽ ഒന്നിക്കാൻ പറ്റാതിരുന്നവർ ആണ് റാമും ജാനുവും. 22 കൊല്ലങ്ങൾക്കു ശേഷം കണ്ടുമുട്ടുന്ന അവർക്ക് ഒരുമിച്ചു ചിലവഴിക്കാൻ ലഭിക്കുന്ന ഒരു രാത്രിയിലെ കഥയാണ് ചിത്രം പങ്കു വെക്കുന്നത്. കേൾക്കുമ്പോൾ ഒരു before trilogy മണക്കുന്നുണ്ടെങ്കിലും പൂർണ്ണമായും ഒരു ഫ്രഷ് ഫീൽ ആണ് 96 തരുന്നത്.

ഗോവിന്ത് വസന്ത എന്ന മലയാളിയുടെ സംഗീതം സിനിമക്ക് കൊടുക്കുന്ന മൈലേജ് ചെറുതല്ല. കണ്ടിരിക്കുന്നവരെ കൂടി പ്രണയത്തിൽ വീഴ്ത്താൻ കഴിവുള്ള പാട്ടുകളും പശ്ചാത്തല സംഗീതവുമാണ് ചിത്രത്തിൽ ഉള്ളത്. മേനോൻ എന്ന ജാതിപ്പേര് കളഞ്ഞു വസന്ത എന്ന അമ്മയുടെ പേരു കൂടെ ചേർത്ത ശേഷം മൂപ്പർ സംഗീതം നിർവഹിക്കുന്ന ആദ്യ ചിത്രമാണെന്ന് തോന്നുന്നു 96. ജാതിപ്പേര് കളഞ്ഞതിൽ പിന്നെ അദ്ദേഹത്തോട് തോന്നിയിരുന്ന ഒരു ഇഷ്ടം കുറച്ചു കൂടി കൂടിയിരിക്കുന്നു ഇപ്പോൾ. ഗോവിന്ദിന്റെ സംഗീതത്തിന് ഒപ്പം തന്നെ എടുത്തു പറയേണ്ട മറ്റൊന്ന് പഴയ ഇളയരാജ പാട്ടുകളെ ഉപയോഗിച്ചിരിക്കുന്ന രീതിയെ ആണ്. ഒരു കാലഘട്ടത്തിന്റ പ്രണയത്തിന് അകമ്പടി സേവിച്ചിരുന്ന ആ ഗാനങ്ങൾ എല്ലാം നല്ല രീതിക്ക് എടുത്തു ഉപയോഗിച്ചിരിക്കുന്നു ചിത്രത്തിൽ.

പങ്കാളി പ്രണയം മറന്നെന്നു കരുതി ഇരുന്ന റാമും ജാനുവും, ആരും പ്രണയം മറന്നിട്ടില്ലെന്നും വെറും വിധിയുടെ ഇടപെടൽ കൊണ്ടു മാത്രമാണ് തങ്ങൾ പിരിഞ്ഞതെന്നും മനസ്സിലാക്കുന്ന ഒരു നിമിഷമുണ്ട്. പക്ഷെ വിധിയെ തിരുത്തി എഴുതാൻ പറ്റുന്ന ഒരു സാഹചര്യം അല്ല രണ്ടാൾക്കും ഇന്നുള്ളത്. തങ്ങൾക്ക് ലഭിച്ച ഒരു രാത്രിയുടെ അവസാനത്തിനു അപ്പുറം രണ്ടുപേരും തങ്ങളുടെ ജീവിതത്തിലേക്ക് മാത്രമായി ചുരുങ്ങും. ഈ കുറച്ചു സമയത്തിന്റെ ഓർമകൾ മാത്രമാവും പിന്നീട് കൂട്ടിന് ഉള്ളത്. അതുകൊണ്ട് ഒക്കെ തന്നെയാവാം റാം എത്ര ആവശ്യപ്പെട്ടിട്ടും പാടികൊടുക്കാതെ ഇരുന്ന “യമുന ആട്രിലെ” എന്ന ഗാനം ജാനു ആ രാത്രി അവനു വേണ്ടി പാടുന്നത്. സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട രംഗവും അതുതന്നെ. കുറച്ചു മണിക്കൂറുകളിലെ പ്രണയം പുതുക്കലിന് ശേഷം അവൾ തിരിച്ചു അവളുടെ ജീവിതത്തിലേക്ക് പോവുന്നു. അവളുടെ ഓർമകൾ സൂക്ഷിച്ച പെട്ടിയിലേക്ക് കുറച്ചു പുതിയ ഓർമകളുമായി അവനും.

വെറുമൊരു പ്രണയ ചിത്രം മാത്രമല്ല 96. മനുഷ്യൻ തന്റെ ഭൂതകാലത്തിന്റെ അടിമയാണ്. ഒട്ടേറെ പേർ തന്റെ ഭൂതകാല ഓര്മകളുമായാണ് ജീവിക്കുന്നത്. ഭൂതകാലത്തിലെ ഏതെങ്കിലും ഒരു സംഭവത്തെ ഒന്നു മാറ്റാൻ കഴിഞ്ഞിരുന്നേൽ എന്നാലോചിക്കുന്ന ആളുകൾ ആണ് മിക്കവാറും പേർ. അതു കൊണ്ടു ഒക്കെയാണ് ഗൃഹാതുരത്വം എന്നത് സിനിമയിലെ ഏറ്റവും വിൽക്കപ്പെടുന്ന ഒരു വിഷയമായതും.

ചുമ്മാ ഗൃഹാതുരത്വം വിറ്റു കാശ് ആക്കുക എന്നതിൽ ഉപരിയായി ഗൃഹാതുരത്വതിന്റെ ഉപോത്പന്നമായ വികാരങ്ങളെ പൂർണമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ 96 നു ആവുന്നുണ്ട്. അതിൽ പ്രണയമുണ്ട്, സൗഹൃദം ഉണ്ട്, സഹോദര സ്നേഹമുണ്ട്. ജാനു റാമിന്റെ വിദ്യാർഥിനികൾക്ക് തങ്ങളുടെ ജീവിതത്തിൽ നടന്ന ഒരു സംഭവത്തെ കഥ മാറ്റി പറഞ്ഞു കൊടുക്കുമ്പോൾ ജാനുവിനെയും റാമിനെയും പോലെ പ്രേക്ഷകനും ആഗ്രഹിക്കുന്നുണ്ട് ഇതു സത്യമായിരുന്നേൽ എന്നു. രക്തബന്ധത്തിനു മീതെ “അണ്ണൻ, തങ്കച്ചി” എന്നു വിളിച്ചു സ്വയം സഹോദരി-സഹോദരന്മാർ ആയി കണ്ടിരുന്ന റാമും സുബയും വർഷങ്ങൾക്ക് ശേഷവും അതേ സ്നേഹം മനസിൽ സൂക്ഷിക്കുന്നുണ്ട് എന്നു കാണുമ്പോൾ കുളിരുന്നത് പ്രേക്ഷന്റെ ഹൃദയം കൂടിയാണ്. ഗർഭിണി ആയ സുബയുടെ നിറവയറിൽ തൊട്ടു റാം “മാമൻ വന്തിരിക്കു ഡെയ്’ എന്നു പറയുന്ന ഭാഗം ഒരു ചെറു പുഞ്ചിരിയോട് കൂടിയല്ലാതെ ആർക്കും കണ്ടിരിക്കാൻ ആവില്ല. ബ്ളാക്ക് ബോർഡിന് താഴെ കാലങ്ങൾ കൊണ്ടു അടിഞ്ഞു കൂടിയ പല നിറത്തിൽ ഉള്ള ചോക്ക് പൊടികളെ റാം വിരൽ കൊണ്ട് തുടച്ചു മാറ്റുമ്പോൾ തെളിച്ചം വരുന്നത് പ്രേക്ഷന്റെ മനസ്സിൽ പൊടി പിടിച്ചു കിടക്കുന്ന ഓർമകൾ കൂടിയാണ് ആ ഓർമകൾ കൊണ്ടു നിറഞ്ഞു തുളുമ്പിയ മനസ്സുമായി ഇരുന്നു കാണുമ്പോൾ ആണ് 96 അതിമനോഹരമായ ഒരു അനുഭവം ആവുന്നതും. ❤️

വേർഡിക്ട്: അതിമനോഹരം.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo #96

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s