ഒരു മനുഷ്യൻ കരയുന്ന വീഡിയോ കാണുമ്പോൾ നമുക്ക് സന്തോഷം തോന്നുമോ?? നമ്മളിൽ ആരെങ്കിലും ആ വീഡിയോ എടുത്തു വീണ്ടും വീണ്ടും കണ്ടു നോക്കുമോ?


പണ്ട് കരുണാനിധിയുടെ പ്രതാപ കാലത്തു കലയജ്ഞർ TV ക്കു ഒരുപാട് പുതിയ സിനിമകൾ കിട്ടുമായിരുന്നു. എല്ലാ വെള്ളിയാഴ്ചയും വൈകീട്ട് 7 മണിക്ക് അവർ പുതിയ ചിത്രങ്ങൾ സംപ്രേക്ഷണം ചെയ്യുമായിരുന്നു. തീയേറ്ററിൽ പോയി സിനിമ കാണുന്നത് വളരെ കുറവും അതിൽ തന്നെ തമിഴ് സിനിമ തീയറ്ററിൽ നിന്നും കാണുന്നത് ഒട്ടും ഇല്ലാതെയും ഇരുന്ന ആ കാലത്തു എന്നിലെ സിനിമ പ്രേക്ഷകന് വലിയൊരു ആശ്വാസമായിരുന്നു ആ വെള്ളിയാഴ്ച സിനിമകൾ.

അങ്ങനെ ഒരു വെള്ളിയാഴ്ച ഞാൻ അതുവരെ കേട്ടിട്ടില്ലാത്ത ഒരു നടന്റെ സിനിമ ആണെന്ന് അറിഞ്ഞു. നടന്റെ പേരു അരുൺ വിജയ്, സിനിമയുടെ പേര് മലൈ മലൈ. ടീവിൽ കാണിച്ചിരുന്ന സിനിമയുടെ പ്രമോ എനിക്ക് വല്ലാതെ അങ്ങു ഇഷ്ടപ്പെട്ടു. അങ്ങനെ ഒരു വെള്ളിയാഴ്ച വൈകുന്നേരം ഞാനും ആ പടം കാണാൻ ഇരുന്നു. തമിഴ് മസാല പടങ്ങളെ ആ ഒരു മൈൻഡ് സെറ്റോടെ കാണുന്ന ആളായത് കൊണ്ടാവണം സിനിമ എനിക്ക് വല്ലാതെ അങ്ങു ഇഷ്ടപ്പെട്ടു. ആക്ഷനും ഡയലോഗ് ഡെലിവേറിയും ഒക്കെ പക്കാ. അങ്ങനെ ആദ്യമായി കണ്ട ചിത്രം തന്നെ എന്നെ അരുൺ വിജയ് എന്ന നടന്റെ ഫാൻ ആക്കി മാറ്റി.

ഇതുപോലൊരു വെള്ളിയാഴ്ച തന്നെ ആണ് അരുൺ വിജയുടെ മാഞ്ച വേലു എന്ന ചിത്രവും കാണുന്നത്. അതിന്റെ ഒറിജിനൽ തെലുഗു ഫിലിം ആയ ചന്തു കണ്ടതുകൊണ്ടു കഥ ഒക്കെ ആദ്യമേ അറിയാമായിരുന്നു എന്നിട്ടും എനിക്ക് ചിത്രം ഇഷ്ടപ്പെട്ടു. ഇപ്പോളും ഒരിജിനലിനെക്കാൾ എനിക്ക് ഇഷ്ടമുള്ള ഒരു റീമേക്ക് ആണ് മാഞ്ച വേലു.

ഈ കാലത്തു ഒരു മാസ് തമിഴ് ഹീറോനോട് തോന്നുന്ന ആരാധന മാത്രം ആയിരുന്നു ഈ നടനോട് എനിക്ക്. ആ ഒരു സമയത്താണ് ചേരൻ സംവിധാനം ചെയ്ത പാണ്ഡവർ ഭൂമി എന്ന ചിത്രം ഞാൻ കാണാൻ ഇടയാവുന്നത്. ഒരു ആക്ഷൻ ഹീറോയിലുപരി നല്ലൊരു നടൻ കൂടി ആണ് അരുൺ വിജയ് എന്നു എനിക്ക് ഈ ചിത്രം മനസ്സിലാക്കി തന്നു.

ഗൗതം വാസുദേവ മേനോന്റെ അജിത് ചിത്രത്തിൽ അരുൺ വിജയ് വില്ലൻ വേഷം അവതരിപ്പിക്കും എന്നു കേട്ടത് ആ ഇടക്കാണ്. അജിത്തിനെക്കാളും ഗൗതം വാസുദേവ മേനോനെക്കാളും ഞാൻ എന്നൈ അറിന്താലിന് വേണ്ടി കാത്തിരുന്നതിനു കാരണം അരുൺ വിജയ് ആയിരുന്നു. പ്രതീക്ഷിച്ച പോലെ തന്നെ ഒരു അരുൺ വിജയ് ഷോ ആയിരുന്നു ചിത്രം. വല്ലാത്തൊരു സ്ക്രീൻ പ്രസൻസ് ഉണ്ടാക്കി എടുക്കുന്ന ആളാണ് അജിത്. ആ മനുഷ്യനൊപ്പം കട്ടക്ക് നിന്നു കൊണ്ടുള്ള പ്രകടനം. മിക്ക സീനുകളിലും നായകനേക്കാൾ സ്കോർ ചെയ്തു വില്ലൻ.

ഇന്നും യൂട്യുബിൽ ആ സീനുകൾക്കു താഴെ ഉള്ള കമെന്റസ് വായിച്ചാൽ അറിയാം വിക്ടർ എന്ന വില്ലന് ഉള്ള ജനപ്രീതി.

റീലീസ് ദിവസം ഞാൻ ഒരു വീഡിയോ കണ്ടിരുന്നു( ലിങ്ക് താഴെ കൊടുക്കുന്നു). കാസി തീയേറ്ററിൽ ആദ്യ ഷോ കണ്ടു കഴിഞ്ഞു കരഞ്ഞുകൊണ്ട് ഇറങ്ങി വരുന്ന അരുൺ വിജയ്. ആരാധകരുടെ വിക്ടർ വിക്ടർ എന്ന ആർപ്പുവിളികൾക്കിടയിൽ അതൊക്കെ തനിക്കു ഉള്ളതാണല്ലോ എന്നോർത്തയിരുന്നു ആ മനുഷ്യൻ അന്ന് കരഞ്ഞത്. ഒരു കൈ ഫാന്സിന് നേരെ നീട്ടുമ്പോളും മറുകൈ കൊണ്ട് കണ്ണു പൊത്തിപ്പിടിച്ചു കരയുന്ന ആ വീഡിയോ ഇന്നും എനിക്ക് ഓർമ ഉണ്ട്. ഇപ്പോളും ഇടക്കിടെ ഞാൻ ആ വീഡിയോ യൂട്യൂബിൽ കാണാറുണ്ട്. ആ വീഡിയോ കാണുമ്പോൾ കിട്ടുന്ന സന്തോഷവും ആത്മവിശ്വാസവും ചെറുതൊന്നും അല്ല. ലുക്കും കഴിവും എല്ലാം വേണ്ടതിലധികം ഉണ്ടായിട്ടും ഇരുപതുകൊല്ലമായിട്ടും ഒന്നും ആവാൻ പറ്റാത്ത ഒരു മനുഷ്യൻ അവസാനം പോരാടി ജയിച്ച സന്തോഷമായിരുന്നു ആ കരച്ചിൽ.

പിന്നീട് അരുണിനെ കാണുന്നത് ചക്രവ്യൂഹ എന്ന കന്നഡ ചിത്രത്തിൽ ആയിരുന്നു. ആ സിനിമയിലും അതേ നായകനായ പുനീതിനേക്കാൾ സ്കോർ ചെയ്തത് അരുൺ വിജയ് തന്നെ ആയിരുന്നു. ബ്രൂസ്‌ലി, എന്നൈ അറിന്താൽ, ചക്രവ്യൂഹ, തെലുഗു തമിഴ് കന്നഡ ഭാഷകളിലായി മൂന്നു ചിത്രങ്ങളിൽ അടുപ്പിച്ചു വില്ലൻ വേഷം. വില്ലൻ വേഷങ്ങളിൽ മാത്രം തളച്ചിടപെടുമോ എന്നു തോന്നിയ സമയം. പക്ഷെ അതുണ്ടായില്ല.

2017ൽ കുട്രം 23 എന്ന ചിത്രത്തിലൂടെ നായകനായി മടങ്ങി വന്നു. അരുണിന്റെ ആദ്യ നിർമ്മാണ സംരഭവും അതായിരുന്നു. പൊങ്കലിനു റീലീസ് ആവുമെന്ന് വിചാരിച്ച ചിത്രം ഭൈരവ കാരണം തിയേറ്റർ കിട്ടാതെ റീലീസ് മാറ്റി വെച്ചു. അവസാനം റീലീസ് ആയപ്പോളോ? അടുത്തുള്ള നല്ല തീയേറ്ററിൽ ഒന്നും ഇല്ല. അവസാനം നാട്ടിലെ ഒരു ലോക്കൽ തീയേറ്ററിൽ ഒരുപാട് കാലത്തിനു ശേഷം കയറി ഈ ചിത്രം കാണാൻ. വളരെ നല്ലൊരു പോലീസ് ത്രില്ലർ ആയിരുന്നു ചിത്രം. ആ ചിത്രം അർഹിച്ച ശ്രദ്ധ പ്രേക്ഷകർക്കിടയിൽ നിന്നും കിട്ടിയിരുന്നോ എന്നു ഇപ്പോളും എനിക്ക് സംശയമാണ്.

സിംഗം സീരീസ് പോലുള്ള സിനിമകൾ കളക്ഷൻ റെക്കോര്ഡ് ബേധിക്കുന്ന ഇൻഡസ്ട്രിയിൽ തന്നെ ആണ് കുട്രം 23 പോലുളള നല്ല പോലീസ് സിനിമകൾ തീയറ്റർ കിട്ടാതെ ബുദ്ധിമുട്ടുന്നത് എന്നതാണ് വിരോധാഭാസം.

അടുത്ത കൊല്ലം റീലീസ് ഉണ്ടാവുമെന്നു പറയുന്ന രണ്ടു സോളോ പ്രോജക്ടുകൾ അരുണിന്റെതായി ഉണ്ട്. പിന്നെ സഹോ എന്ന പ്രഭാസ് ചിത്രത്തിലും നലൊരു വേഷത്തിൽ ഉണ്ടാവുമെന്നു കേൾക്കുന്നു.

രണ്ടോ മൂന്നോ ചിത്രങ്ങൾ മാത്രം കൊണ്ടു എന്നെ ഫാൻ ആക്കി മാറ്റിയ മനുഷ്യൻ ആണത്. ലുക്കും കഴിവും പ്രയത്നവും എല്ലാം ഒത്തു ചേർന്നിട്ടും വേണ്ടത്ര ഭാഗ്യം തുണക്കാത്തതു കൊണ്ട് മാത്രം ഒന്നും ആവാതെ പോയ മനുഷ്യൻ. അടുത്ത കൊല്ലം റീലീസ് ഉള്ള മൂന്നു ചിത്രങ്ങളും നല്ല വിജയം ആവട്ടെ എന്നു ആശംസിക്കുന്നു. ഇനിയും ഒരുപാട് ഫാൻ ഷോകളിൽ സന്തോഷ കണ്ണീരോട് കൂടി ഇറങ്ങി വരാൻ ആ മനുഷ്യന് ഇടയാവട്ടെ.

Video link: https://youtu.be/Th7XM0rWLZE

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo