"ആത്മാർത്ഥമായി നമ്മൾ തേടുന്നതെന്തോ അതു നമ്മളെ തേടി വരും" കാല്പനികമായ ഈ തത്വത്തെ അന്വർത്ഥമാക്കുന്ന പോലെ ആയിരുന്നു ജയമോഹന്റെ നൂറു സിംഹാസനങ്ങൾ ഇന്നലെ എന്നെ തേടി വന്നത്. ഒരുപാട് കാലങ്ങളായി ഒരുപാട് പുസ്തക കടകളിൽ ഞാൻ അന്വേഷിച്ചു നടന്നത് ഈ പുസ്തകത്തെ ആയിരുന്നു. അടുത്ത തവണ വരുമ്പോൾ എങ്കിലും ഇവിടെ ഉണ്ടാവും എന്ന പ്രതീക്ഷയിൽ ഒരുപാട് റെജിസ്റ്ററുകളിൽ ഞാൻ എഴുതി ഇട്ടിട്ടുണ്ട് "100 സിംഹാസനങ്ങൾ - ജയമോഹൻ" എന്ന്‌.

വായിച്ചു തുടങ്ങിയ ആദ്യ പേജ് മുതൽ നെഞ്ചിൽ ഒരു കത്തി കുത്തി ഇറക്കുന്ന വേദന ആയിരുന്നു. ഓരോ പേജ് കഴിയുന്തോറും കത്തിയുടെ ആഴം കൂടി കൂടി വന്നു. അവസാന പേജ് കൂടി കഴിയുമ്പോളേക്കും അടുത്തൊന്നും ഉണങ്ങാൻ സാധ്യത ഇല്ലാത്ത അത്ര ആഴത്തിൽ ഉള്ളൊരു മുറിവ് എന്നിൽ അവശേഷിച്ചിരുന്നു. ഇതുപോലൊരു വായനാനുഭവം എനിക്കാദ്യമായാണ് ഇട്ടികോരയിലെ നാരമാംസാസ്വധനം പോലും സർവസാധാരണമായി വായിച്ചു പോയ എനിക്ക് ഇതിലെ പല രംഗങ്ങളും ഇപ്പോളും ഉൾകൊള്ളാൻ ആയിട്ടില്ല. ചിലപ്പോൾ ഇട്ടികോര വെറുമൊരു ഫാന്റസിയും ഇതു ജീവിതം തന്നെയും ആയതുകൊണ്ടാവാം.

പണ്ടൊരിക്കൽ ആസ്വദിച്ചു കഴിച്ച പലതും ഇപ്പോൾ പുളിച്ചു തീട്ടി പുറത്തേക്കു വരുന്നുണ്ട്. എന്റെ ജാതി പേരിൽ ഞാനും ഒരിക്കൽ അഹങ്കരിച്ചിരുന്നു. ജാതി തിരിച്ചുള്ള സംവരണത്തിന്റെ കാലം കഴിഞ്ഞെന്നും സാമ്പത്തിക സംവരണം ആണ് വേണ്ടതെന്നും ഞാനും ഘോര ഘോരം വാദിച്ചിരുന്നു. ധര്മപാലനെ പോലെ ഉള്ളവർ നാടൊട്ടുക്കും ഉള്ളപ്പോൾ ജാതി സംവരണത്തിന്റെ സമയം കഴിയുന്നതെങ്ങനെ?

ധര്മപാലൻ. ഹ. തലമുറകളായി ധർമ്മം തിരിഞ്ഞു നോക്കാത്ത നായാടി ജാതിയിൽ ഒരുവൻ പഠിച്ചു IAS ഓഫീസർ ആയി ധർമത്തെ പരിപാലിക്കാൻ വരുമ്പോൾ അവനു ഇടാൻ പറ്റിയ പേരു തന്നെ ഇത്. ധർമത്തെ രക്ഷിക്കുന്നവനെ ധർമവും രക്ഷിക്കും എന്നെല്ലാം ഭഗവത് ഗീതയിൽ എഴുതാൻ കൊള്ളാം. അല്ലാതെന്ത്. ഇവിടെ ധർമത്തെ സംരക്ഷിക്കാൻ ധര്മപാലനും പറ്റുന്നില്ല.ധർമം ധര്മപാലനെയും സംരക്ഷിക്കുന്നില്ല.പതിറ്റാണ്ടുകൾ ആയി അടിച്ചമർത്തപ്പെട്ട ജന വിഭാഗത്തിലൊരുവൻ ഭരണ സ്‌ഥാനത്തെത്തുമ്പോൾ അവനിൽ നിന്നും പ്രതീക്ഷിക്കുന്നതൊന്നും അവനു ചെയ്യാൻ പറ്റുന്നില്ല. നീ "അതാണ്" അതുകൊണ്ട് ഞങ്ങളെ ഭരിക്കാൻ നീ യോഗ്യനല്ല എന്നു വരുന്ന അവസ്ഥ. എന്തു ഭീകരം ആണത്.

ധര്മപാലനെ അമ്മയുടെ കാര്യം എടുത്താൽ അവർക്കൊരിക്കലും മനസ്സിലാവുന്നില്ല മകൻ ഒരു വലിയ ഓഫീസർ ആയെന്ന കാര്യം. തങ്ങളുടെ കൂട്ടത്തിൽ ഒരുത്തൻ പോലീസിനോട് ഒക്കെ ആജ്ഞാനിപ്പിക്കാവുന്ന തരത്തിൽ വളരുമെന്നു അവർ ഒരിക്കലും വിചാരിച്ചു കാണില്ല. അതുകൊണ്ടു തന്നെ അവർക്കൊരിക്കലും അതു മനസ്സിലാക്കാനും പറ്റുന്നില്ല. IAS ഓഫീസർ ആയ മകനോട് കസേരയിൽ ഇരുന്നതിനു അവർ നിന്നെ കൊല്ലുമെന്നും അതുകൊണ്ടു ഇട്ടിരിക്കുന്ന നല്ല വസ്ത്രം ഒക്കെ പറിച്ചെറിഞ്ഞു തന്റെ കൂടെ തെരുവിലേക്ക് ഇറങ്ങി വരാനും അവർ പറയുന്നുണ്ട്. എത്ര ശ്രമിച്ചിട്ടും മകന്റെ "ജീവിത നിലവാരത്തിലേക്ക്" ഉയരാൻ കഴിയാത്ത അമ്മയും ഒരു വഴിയും ഇല്ലാത്തതു കൊണ്ടു പൊതു സമൂഹത്തിനു മുന്നിൽ അപഹാസ്യനാവാതെ ഇരിക്കാൻ അമ്മയെ ഉപേക്ഷിക്കേണ്ടി വരുന്ന മകനും വായനക്കാരന്റെ ഉള്ളിൽ ഉണ്ടാക്കുന്ന വിങ്ങൽ കുറച്ചൊന്നുമാവില്ല.

വെള്ള വസ്ത്രം ഇട്ടു തുടങ്ങിയപ്പോൾ മുതൽ തനിക്കു മുതുകിൽ മുളച്ച കണ്ണുകളെ പറ്റി ധര്മപാലൻ പറയുന്നുണ്ട്. നമ്മളോരോരുത്തരും ആ കണ്ണുകളോട് കൂടി ആണ് ജനിച്ചത് മുതൽ ജീവിക്കുന്നത് എന്നതാണ് സത്യം.

ധര്മപാലൻ യഥാർത്ഥ വ്യക്തിത്വമാണെന്നു മനസിലാക്കുന്ന നിമിഷം. ഈ കഥയിലെ കഥാപാത്രങ്ങളെല്ലാം ജീവിച്ചിരിക്കുന്നവരാണെന്നു മനസ്സിലാക്കുന്ന നിമിഷം കഥാകൃത്തിനൊപ്പംചേർന്നു നമ്മളും ചിന്തിക്കും. നൂറ്റാണ്ടുകളായി ജാതിയുടെ പേരിൽ നടന്ന മാനുഷിക ധ്വംസനങ്ങൾ മറികടക്കാൻ ഇനിയുമൊരു നൂറു സിംഹാസനങ്ങൾ കൂടി മതിയാവില്ലെന്ന്.

NB : ഈ കൃതിക്ക് കോപ്പി റൈറ് ഇല്ലെന്നു കഥാകൃത്ത് തന്നെ അവസാന ഭാഗത്തു പറഞ്ഞിട്ടുണ്ട്. ഒരുപാട് ദളിത് സംഘടനകൾ ഈ പുസ്തകം അച്ചടിച്ചു വിതരണം ചെയ്യന്നുണ്ട്. വായിക്കണം എന്നുള്ളവർക്കു ബുക്കിന്റെ PDF ലിങ്ക് താഴെ കൊടുക്കുന്നു. (ലിങ്കിൽ പറഞ്ഞ വെബ്‌സൈറ്റുമായി എനിക്ക് ബന്ധമൊന്നുമില്ല. ഇന്റർനെറ്റിൽ നിന്നും കിട്ടിയ ഒരു ലിങ്ക് ഷെയർ ചെയ്യുന്നു എന്ന് മാത്രം.)

Download Link : https://goo.gl/JPTHiX

For More Visit: http://dreamwithneo.com

#NPNBooksThoughts #DreamWithNeo