ഒരു മുഴുനീള മാസ് ചിത്രത്തിന് വേണ്ടിയുള്ള മമ്മൂട്ടി ആരാധകരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് അവസാനമാണ് മാസ്റ്റർപീസ്. ഇതിനു മുന്നേ മാസ് എന്ന പേരിൽ വന്ന ഗ്രെറ്റ് ഫാദർ സ്ലോ മോഷൻ നടത്തത്തിൽ മാത്രം മാസ് ഒതുക്കിയപ്പോൾ അടിമുടി മാസും ആയാണ് മാസ്റ്റർപീസ് എത്തുന്നത്.

മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അസ്സോസിയേറ്റ് ആയിരുന്നു അജയ് വാസുദേവ്. മാസ് ചിത്രങ്ങളുടെ അവിഭാജ്യഘടകം. സ്വതന്ത്ര സംവിധായകൻ ആയ ശേഷവും പുലിമുരുകനിൽ വൈശാഖിന് വേണ്ടി അസോസിയേറ്റ് ആയിട്ടുണ്ടെന്നു കേട്ടിരുന്നു. സ്വന്തമായി സംവിധാനം ചെയ്ത ആദ്യ ചിത്രം രാജാധിരാജ ബാഷായുടെ വികലമായ കോപ്പി ആയിരുന്നെങ്കിലും മാസ് ചിത്രങ്ങൾ എടുക്കാൻ ഉള്ള സംവിധായകന്റെ കഴിവ് അതിൽ തന്നെ വ്യക്തമാണ്.

തെലുഗു തമിഴ് മസാല ചിത്രങ്ങളുടെ ഫോർമാറ്റിൽ ആണ് മാസ്റ്റർപീസ് ഒരുക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ അത്തരത്തിൽ ഉള്ള ഒരു ചിത്രം കാണുകയാണെന്ന ബോധത്തോടെ വേണം ചിത്രം കാണാൻ. വല്ലാതെ ലോജിക് ഒന്നും നോക്കാൻ ഇല്ലാത്ത ഒരു ഉത്സവകാല മസാല ചിത്രം. പുലിമുരുകനു ശേഷം ഉദയകൃഷ്ണയും രാജാധിരാജക്ക് ശേഷം അജയ് വാസുദേവും ഒരു മമ്മൂട്ടി ചിത്രത്തിന് വേണ്ടി ഒന്നിക്കുമ്പോൾ അതിൽ കൂടുതൽ എന്തേലും പ്രതീക്ഷിച്ചാൽ അതാണ് തെറ്റ്.

മമ്മൂട്ടി തന്നെ ആണ് പടത്തിന്റെ എല്ലാം. എന്തൊരു സ്ക്രീൻ പ്രസൻസ്. എന്തൊരു എനർജി. ഗ്രെറ്റ് ഫാദറിൽ എനിക്ക് ഒട്ടും നന്നായില്ല എന്ന് തോന്നിയത് ഫൈറ്റ് ആയിരുന്നു. പക്ഷെ ഇവിടെ ആ കുറവ് പരിഹരിക്കപ്പെട്ടിട്ടുണ്ട്. ഇന്റർവെല്ലിന് തൊട്ടുമുമ്പുള്ള ഫൈറ്റ് ഒക്കെ വളരെ നന്നായിട്ടുണ്ട്. ക്ലൈമാക്സ് ഫൈറ്റ് അത്ര പിടിച്ചില്ല. ഫൈറ്റിന് വേണ്ടി ഇട്ട സെറ്റ് ഒന്നും അത്ര നന്നായി തോന്നിയില്ല.

അഭിനയിച്ചവർ ഒക്കെ തങ്ങളുടെ വേഷം നന്നായി തന്നെ ചെയ്തു. മഖ്ബൂൽ സൽമാന്റെ അഭിനയം മാത്രം ആണ് കുറച്ചു പ്രശ്നമായി തോന്നിയത്. അസുരവിത്ത് തൊട്ടു കാണാൻ തുടങ്ങിയതാണ് ആശാന്റെ ഈ പല്ലു കടിച്ച എസ്പ്രെഷൻ. മമ്മൂട്ടിയുടെ ബന്ധു ആയതുകൊണ്ട് മാത്രം ആവണം പ്രധാനപ്പെട്ട ഒരു റോൾ ലഭിച്ചത്. സന്തോഷ് പണ്ഡിറ്റ് തന്റെ മുഘ്യധാര സിനിമകളിലേക്കുള്ള ആദ്യ ചുവടു നന്നായി തന്നെ വെച്ചു. വല്ലാത്ത സന്തോഷം തോന്നി ആ മനുഷ്യനെ സ്ക്രീനിൽ കണ്ടപ്പോൾ. എടുത്തു പറയേണ്ടത് ഉണ്ണി മുകുന്ദനെ കുറിച്ചാണ്. മമ്മൂട്ടി കഴിഞ്ഞാൽ ഷൈൻ ചെയ്തതും ആശാൻ തന്നെ ആയിരുന്നു. എന്താ ഒരു ലുക്ക്? എന്താ ഒരു സ്റ്റൈൽ? തെലുഗിൽ ഒക്കെ ആയിരുന്നേൽ വേറെ ലെവൽ ആവേണ്ട പയ്യൻ ആയിരുന്നു.

പൂനം ബജ്‌വയെ കുറിച്ചു പിന്നെ ഒന്നും പറയാൻ ഇല്ല. ഇത്തരം ചിത്രങ്ങളിൽ ഒരു അന്യഭാഷ നടിയുടെ റോൾ എന്താണോ അതു തന്നെ ആയിരുന്നു ഈ ചിത്രത്തിലെ നായികക്കും. ഇതിൽ കൂടുതൽ വിശദീകരണം വേണമെന്ന് തോന്നുന്നില്ല. I respect women എന്നു മമ്മൂട്ടിയെ കൊണ്ടു നാലഞ്ചു തവണ പറയിച്ചത് കസബക്കുള്ള പ്രായശ്ചിത്തം ആയിട്ടാണോ എന്തോ? എന്തായാലും പാർവതിക്ക് സമാധാനമായി കാണണം.

ഒരു കുറ്റാന്വേഷണ ചിത്രം ആയിരിന്നിട്ടുകൂടി പല ഇടത്തും ലോജിക് കൈവിട്ടു പോവുന്നത് മാത്രം ആയിരുന്നു ഒരു കല്ലുകടി. എത്ര മാസ് മസാല ചിത്രം ആണെന്ന് പറഞ്ഞാലും ഒരു ത്രില്ലർ മൂഡിൽ ഓരുക്കുമ്പോള് നമ്മൾ അറിയാതെ തന്നെ അതിൽ ലോജിക് തപ്പുമല്ലോ!

ചുരുക്കത്തിൽ പറഞ്ഞാൽ ലോജിക് ഒക്കെ നോക്കി കീറിമുറിക്കാൻ താത്പര്യപ്പെടുന്നവർ ആ പരിസരത്തുകൂടി പോവാതെ ഇരിക്കുകയാണ് ബേധം. അല്ല വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയുടെ ഒരു അടിപൊളി മാസ് പെർഫോമൻസ് കാണാൻ ആണേൽ ധൈര്യമായി ടിക്കറ്റ് എടുക്കാം.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo