അനൗണ്സ് ചെയ്ത അന്ന് മുതൽ കാത്തിരിക്കുന്ന ചിത്രമാണ് വേലൈക്കാരൻ. ഫഹദ് ഫാസിൽ ആദ്യമായി തമിഴിൽ അഭിനയിക്കുന്നു. അതും വില്ലൻ ആയി. തനി ഒരുവനിലൂടെ സിദ്ധാർഥ് അഭിമന്യു എന്ന ഡെഡിലി വില്ലനെ നമുക്ക് തന്ന മോഹൻ രാജ ഫഹദിന് വേണ്ടി തൂലിക ചലിപ്പിക്കുമ്പോൾ അതിലും മികച്ച ഒന്നിന് വേണ്ടി തന്നെ ആയിരുന്നു കാത്തിരിപ്പ് മൊത്തം. ഇന്നലെ റീലീസ് ആയ മൂന്നു മലയാള സിനിമയും കാണാതെ വേലൈക്കാരൻ ആദ്യം കാണാം എന്നു തീരുമാനിച്ചതും ഈ സിനിമയിൽ എനിക്കുള്ള വിശ്വാസം കൊണ്ടു തന്നെ ആണ്.

സിനിമ കണ്ടു കഴിഞ്ഞ ശേഷം സെൻസർ ബോർഡ് അംഗങ്ങൾ അണിയറപ്രവർത്തകരെ വിളിച്ച് അഭിനന്ദിച്ചിരുന്നു എന്നു കേട്ടിരുന്നു. സെൻസർ ബോർഡ് വിളിച്ചു അഭിനന്ദിക്കുക എന്നത് ഇപ്പോൾ എല്ലാവരും ഉപയോഗിക്കുന്ന ഒരു "മികച്ച തള്ളായത്" കൊണ്ട് ആ വാർത്ത അത്ര കാര്യമായി എടുത്തിരുന്നില്ല. പക്ഷെ ഇന്നലെ ചിത്രം കണ്ടപ്പോൾ മനസ്സിലായി സെൻസർ ബോർഡ് വിളിച്ചു അഭിനന്ദിച്ചു കാണും, കാണണം, കാരണം അതിനുള്ളത് ഈ ചിത്രത്തിൽ ഉണ്ട്. സിനിമ മൊത്തം എടുത്താൽ സോഷ്യൽ മെസ്സേജ് മാത്രം ആയി പോവുമ്പോൾ ആണ് പല നല്ല സിനിമകളും പരാജയപ്പെടുന്നത്. സോഷ്യൽ മെസ്സേജിനൊപ്പം നല്ലൊരു എന്റർട്ടനേർ കൂടി ആവുക എന്നത് പലർക്കും പറ്റാത്ത കാര്യമാണ്. വേലൈകാരൻ ഈ രണ്ടു കാര്യങ്ങളിലും വിജയിച്ചിട്ടുണ്ട്.

ഉപയോഗിക്കേണ്ടത് നമ്മൾ അല്ല എന്നതുകൊണ്ട് മാത്രം മോശം പ്രോഡക്ട്സ് ഉണ്ടാക്കുന്നവരും അതു മാർക്കറ്റ് ചെയ്തു വിൽക്കുന്നവരും ആണ് നമ്മളിൽ പലരും. ആരോഗ്യത്തിനും പ്രകൃതിക്കും മോശമാണെന്ന് അറിഞ്ഞും നമ്മൾ പലതും ചെയ്യുന്നത് അതിൽ നമ്മൾ നേരിട്ടു ബാധിക്കപ്പെടുന്നില്ലല്ലോ എന്നു മാത്രം നോക്കി ആണ്. പക്ഷെ നീ ചെയ്യുന്നത് കൊണ്ടു ഞാനും ഞാൻ ചെയ്‌യുന്നത് കൊണ്ട് മറ്റൊരുവനും ബാധിക്കപ്പെടുന്നുണ്ടെന്നു നമ്മൾ മനസ്സിലാക്കുന്നില്ല.

രജനിയും വിജയും കഴിഞ്ഞാൽ തമിഴിലെ മികച്ച എന്റർട്ടനേർ ആണ് ശിവകാർത്തികേയൻ. അഭിനയത്തിന്റെ കാര്യത്തിൽ വലിയ സംഭവം ഒന്നും അല്ലെങ്കിലും ആൾക്കാരെ രസിപ്പിക്കുക എന്ന കാര്യത്തിൽ PHD ഉള്ള മനുഷ്യൻ. അത്‌കൊണ്ട് തന്നെ ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ടു തന്നെ നല്ലൊരു ഫാൻ ഫോല്ലോവിങ് ഉണ്ടാക്കി എടുക്കാൻ ശിവക്കായിട്ടുണ്ട്. വേലൈക്കാരനിലേക്കു വരുമ്പോൾ അഭിനയത്തിന്റെ കാര്യത്തിൽ മെച്ചപ്പെട്ടിട്ടുണ്ട് ശിവ. ഇമോഷണൽ രംഗങ്ങളിൽ ഒക്കെ ആ മാറ്റം നന്നായി അറിയാവുന്നതാണ്.

ഫഹദിനെ കുറിച്ചു പിന്നെ എന്താ പറയാ? ആ മനുഷ്യൻ തൂത്തു വാരി. തമിഴ് അരങ്ങേറ്റം ഗംഭീരമാക്കി. ഒരിത്തിരി വില്ലത്തരം ഒക്കെ ഉള്ള കോർപറേറ്റ് കഥാപാത്രങ്ങൾ ഫഹദിന് പുതിയതല്ല എന്നിരിക്കെ വേലൈകാരനിലെ അധിപൻ മാധവ്/ആദി എന്ന കഥാപത്രത്തെ മികച്ചതാക്കിയിട്ടുണ്ട് അയാൾ. സ്ക്രീനിൽ ഫഹദ് വരുന്ന സമയങ്ങളിൽ ഒക്കെ പൂര്ണമായൊരു ഫഹദ് ഷോ ആയി മാറുന്നുണ്ട് ചിത്രം. ക്ലൈമാക്സ്നു തൊട്ടു മുന്നേ ഉള്ള സീനിൽ ഒക്കെ ആ ഒരു സ്ക്രീൻ പ്രസൻസ് നന്നായി അറിയാവുന്നതാണ്. വർഷങ്ങളായി ഫഹദിന് വന്ന പല തമിഴ് സിനിമകളും വേണ്ടെന്നു വെക്കാൻ കാരണം തമിഴ് സംസാരിക്കാൻ ഉള്ള പരിമിതി ആണെന്ന് കേട്ടപ്പോൾ ഡബ്ബിങ്ങിനെ കുറിച്ച് ആലോചിച്ചു ഞാൻ ഇത്തിരി പേടിച്ചിരുന്നു. പക്ഷേ ആ ഭാഗം വളരെ നന്നാക്കിയിട്ടുണ്ട്. അതിപ്പോൾ ലിപ് സിങ്ക് ആണെങ്കിലും തമിഴ് ഉച്ചാരണം ആണെങ്കിലും പറയത്തക്ക കുറ്റങ്ങളോ കുറവുകളോ ഇല്ല.

നയൻതാര പ്രകാശ് രാജ് സ്നേഹ രോഹിണി തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിൽ ഉണ്ട്. എല്ലാവരും അവരവരുടെ റോൾ നന്നായി തന്നെ ചെയ്തു. അനിരുദ്ധ് കൈകാര്യം ചെയ്ത സംഗീത വിഭാഗവും കൊള്ളാമായിരുന്നു. പശ്ചാത്തല സംഗീതം മാത്രം ചില ഭാഗങ്ങളിൽ ഒന്നുകൂടി നന്നാക്കാമായിരുന്നു എന്നു തോന്നി. ചിലപ്പോൾ എന്റെ മാത്രം തോന്നൽ ആവും.

ചുരുക്കി പറഞ്ഞാൽ തീയേറ്ററിൽ നിന്നു തന്നെ കാണേണ്ട മികച്ചൊരു ചിത്രമാണ് വേലൈകാരൻ. ഒരു മികച്ച എന്റർട്ടനേർ ആവുക എന്നതിന്റെ ഒപ്പം നല്ലൊരു സോഷ്യൽ മെസ്സേജ് കൂടി തരാൻ ചിത്രത്തിനു ആവുന്നുണ്ട്. നൂറു പേർ സിനിമ കണ്ടു അതിൽ ഒരാൾക്കെങ്കിലും സ്വയം മാറണം എന്നു തോന്നിയാൽ അതു തന്നെ ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo