എൻജിനീയറിങ് അവസാന വർഷം പഠിക്കുന്ന സമയത്താണ് ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രം റിലീസ് ചെയ്യുന്നത്. ഇന്നത്തെ പോലെ ഇറങ്ങുന്ന എല്ലാ സിനിമയും തീയേറ്ററിൽ പോയി കാണുന്ന സ്വഭാവം ഒന്നും അന്നില്ലായിരുന്നു (കാണാൻ ആഗ്രഹം ഉണ്ട്.. കാശില്ലായിരുന്നു...). പോയി കണ്ട ഒരു സുഹൃത്തുപോലും നല്ല അഭിപ്രായം പറയാത്ത സിനിമ ആയിരുന്നു ആട്. പലരും പകുതിക്ക് വെച്ചു ഇറങ്ങി പോന്നു എന്നൊക്കെ തള്ളിയത് ഓർക്കുന്നു. ഇതുകൊണ്ടൊക്കെ തന്നെ ഞാനും അത് അങ്ങനെ വിട്ടു. പിന്നീട് ടോറന്റ് പ്രിന്റ് ഇറങ്ങിയപ്പോളും എന്തോ എനിക്ക് കാണാൻ തോന്നിയില്ല. പിന്നീട് ജോലി ഒക്കെ കിട്ടി ഒരു എട്ടു പത്ത് മാസം കഴിഞ്ഞു ഒരു ശനിയാഴ്ച ആണ് ഞാൻ ആ ചിത്രം കാണുന്നത്. അതും വേറെ സിനിമ ഒന്നും ലാപിൽ ഇല്ലായിരുന്നോണ്ട് മാത്രം. കണ്ടു തുടങ്ങി ആദ്യ നിമിഷം മുതൽ തുടങ്ങിയ ചിരി ആയിരുന്നു. പല സീനുകളും ആവർത്തിച്ചു കണ്ടു ചിരിച്ചിരുന്നു. പടം തീർന്നപ്പോൾ വല്ലാത്ത അതിശയം ആയിരിന്നു എനിക്ക് ഈ ചിത്രത്തെക്കുറിച്ച് ആണോ ഇവന്മാർ ഒക്കെ ഇത്ര നെഗറ്റീവ് പറഞ്ഞതു എന്നാലോചിച്ച്.

പിന്നെയും ഒരുപാട് തവണ കണ്ടിട്ടുണ്ട് ആട്. സിനിമ ഗ്രൂപ്പുകളിൽ ഒക്കെ ആക്റ്റീവ് ആയപ്പോൾ മനസ്സിലായി ഞാൻ മാത്രം അല്ല ഒരുപാട് പേർ ഇങ്ങനെ ആട് ഫാൻ ആയിട്ടുണ്ടെന്ന്. ഒട്ടനവധി പേരുടെ ആവശ്യം ആയ ആട് 2 എന്ന ആവശ്യം അംഗീകരിച്ചുകൊണ്ട് മിഥുൻ മനുവൽ തോമസ് രണ്ടാംഭാഗം പ്രഖ്യാപിക്കുമ്പോൾ ആദ്യ തവണ മിസ് ആയിപോയ തിയേറ്റർ എസ്‌പീരിയൻസ്നു വേണ്ടി ആയിരുന്നു എന്റെയും കാത്തിരിപ്പ്.

കാത്തിരിപ്പിന് അവസാനം ഇന്നലെ ചിത്രം കണ്ടു. ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോവും. ജയസൂര്യയും വിനായകനും വിജയ് ബാബുവും എന്തിനു അഭിനയിച്ച എല്ലാവരും പ്രേക്ഷകരെ ചിരിപ്പിക്കാൻ മത്സരിക്കുന്ന പോലെ. തിയേറ്റർ ആണെങ്കിലോ ഒരു ഉത്സവപറമ്പിന്റെ പ്രതീതിയിലും. അടുത്തകാലത്ത് കിട്ടിയതിൽ വെച്ചു ഏറ്റവും ആസ്വദിച്ച തിയേറ്റർ അനുഭവം.

ആട് 2 ഒരു തലയില്ലാ ആട്ടമാണ്. ലോജിക്കിനും ചിന്തകൾക്കും ഒരു വിലയുമില്ലാത്ത തലയില്ലാ ആട്ടം. ബോയിങ് ബോയിങ് അല്ലേൽ മഴ പെയ്യുന്നു മദ്ധളം കൊട്ടുന്നു ഒക്കെ പോലെ തലമറിഞ്ഞു ചിരിക്കാൻ മാത്രം ഉള്ള ഒരു ചിത്രം. സീൻ ബൈ സീൻ ലോജിക് താപ്പാനോ ഇഴ കീറി മുറിക്കാനോ ആണ് ഉദ്ദേശം എങ്കിൽ ആ പരിസരത്തുകൂടി പോവരുത് ആരും. അല്ല രണ്ടു മണിക്കൂർ ചിരിക്കാൻ ആണ് ഉദ്ദേശം എങ്കിൽ ലോജിക് ഒക്കെ വീട്ടിൽ വെച്ചു ടിക്കറ്റ് എടുത്തോ. പാപ്പനും പിള്ളേരും നിരാശപെടുത്തില്ല.

ഒരു പരാജയ ചിത്രത്തിന് ഇത്രയും ആരാധകരുണ്ടാവുക എന്നത് തന്നെ അത്ഭുതമാണ്. അതും ഓരോ കഥാപാത്രങ്ങൾക്കും ആരാധകരുണ്ടാവുന്നത് അത്യത്ഭുതം. നായകനായ പാപ്പനോളം തന്നെ പ്രിയപ്പെട്ടവർ ആണ് അബുവും ഷെമീറും ഡ്യൂഡും എല്ലാം. ആട്‌ 2 ഒരു ചരിത്രമാണ്. തീയേറ്ററിൽ പരാജയപ്പെട്ട ചിത്രത്തിന്റെ രണ്ടാംഭാഗം വൻ വിജയമാവുന്ന ചരിത്രം. സംവിധായകൻ മിഥുനും നിർമാതാവ് വിജയ് ബാബുവിനും അഭിമാനിക്കാം. ജയസൂര്യ പറഞ്ഞ പോലെ ആദ്യ ഭാഗം പൊട്ടിച്ചു തന്ന എല്ലാര്ക്കും നന്ദിയും പറയാം. കാരണം ആദ്യ ഭാഗം വിജയമായിരുന്നേൽ അതിനേക്കാൾ മികച്ച ഈ ചിരിക്കുടുക്കയെ നമുക്ക് ചിലപ്പോൾ ലഭിക്കില്ലായിരുന്നു.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo