സജി തോമസ് എന്ന മലയാളിയെ കുറിച്ച് നമ്മളിൽ പലരും കേട്ടിരിക്കും. ബധിരനും മൂകനുമായ വ്യക്തി സ്വന്തമായി വിമാനം ഉണ്ടാക്കി പറത്തിയ കഥയിലെ നായകൻ. സജി തോമസിന്റെ ജീവിതത്തെ ആസ്പദമാക്കി ആണ് വിമാനം ഒരുക്കിയിരിക്കുന്നത്. കുറച്ചു കാലം മുന്നേ എബി എന്ന വിനീത് ശ്രീനിവാസൻ ചിത്രവും ഇതേ കഥയുമായി ഇറങ്ങിയിരുന്നു. പക്ഷെ ആ ബേസിക് പ്ലോട്ട് മാത്രം എടുത്തുകൊണ്ടു പൂർണമായും വേറെ ഒരു ചിത്രം ആയാണ് വിമാനം ഒരുക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ എബിയുമായി ഒരുതരത്തിലും ഉള്ള താരതമ്യവും ചിത്രം നേരിടുന്നില്ല.

വിമാനം ഉണ്ടാക്കി പറത്താൻ ഉള്ള ഒരു ചെറുപ്പക്കാരന്റെ ആഗ്രഹത്തെ മനോഹരമായ ഒരു പ്രണയകഥയിലേക്ക് സംവേശിപ്പിച്ചിരിക്കുകയാണിവിടെ. ഒരുമിച്ചു കളിച്ചു വളർന്ന വെങ്കിടിയും ജാനകിയും അവരുടെ പ്രണയവും വിമാനം ഉണ്ടാക്കി ഒരുമിച്ച് പറക്കാൻ ഉള്ള അവരുടെ ആഗ്രഹവും. പ്രണയ കഥ ആയതുകൊണ്ട് തന്നെ എബിയിൽ ഇല്ലായിരുന്നു എന്നു തോന്നിയ വൈകാരികത ഇവിടെ വേണ്ടുവോളം ഉണ്ട്. വൈകാരികത ഇടക്ക് അതിവൈകാരികതയിലേക്കും നാടകീയതയിലേക്കും നീങ്ങുന്നുണ്ടെങ്കിലും ആകെ തുകയിൽ വിമാനത്തെ പ്രേക്ഷകരുടെ ഹൃദയത്തിലേക്കെതത്തിക്കുന്നതിൽ വെങ്കിടി - ജാനകി പ്രണയം വലിയൊരു പങ്കു വഹിക്കുന്നുണ്ട്.

ഒരു ബിഗ് ബജറ്റ് ചിത്രമാണ് വിമാനം. ഇറക്കിയ കാശിനു ഉള്ളത് ഒക്കെ ചിത്രത്തിൽ കാണാനും ഉണ്ട്. അതിപ്പോൾ ആർട് ആയാലും VFX വർക് ആയാലും ആ ഒരു സ്റ്റാൻഡേർഡ് കാത്തുസൂക്ഷിച്ചിട്ടുണ്ട്. ഇത്തരം പരീക്ഷണ ചിത്രങ്ങൾക്ക് കാശ് മുടക്കാൻ ഉള്ള ലിസ്റ്റിൻ സ്റ്റീഫൻ എന്ന നിർമാതാവിന്റെ നല്ല മനസ്സിന് ഒരു സലൂട്ട്.

ഒരു തുടക്കക്കാരന്റെ പതർച്ച ഒന്നുമില്ലാതെ തിരക്കഥ ഒരുക്കി സംവിധാനം നിർവഹിച്ച പ്രദീപ് എം നായർക്ക് ആണ് നല്ലൊരു കയ്യടി കൊടുക്കേണ്ടത്. ഇനിയും ഒരുപാട് നല്ല ചിത്രങ്ങൾ ഈ സംവിധായകനിൽ നിന്നും ഉണ്ടാവട്ടെ എന്നു ആശംസിക്കുന്നു.

എപ്പോളത്തെയും പോലെ തന്നെ പൃഥ്വിരാജ് തനിക്കു കിട്ടിയ വെങ്കിടി എന്ന കഥാപാത്രത്തെ നന്നായി തന്നെ ചെയ്തു. പക്ഷെ ദുർഗ കൃഷ്ണൻ അവതരിപ്പിച്ച ജാനകി എന്ന കഥാപാത്രത്തിന്റെ അഭിനയിത്തിൽ ചില ഇടങ്ങളിൽ കൃത്രിമത്വം തോന്നിയിരുന്നു. ചിലപ്പോൾ ആദ്യ സിനിമ ആയതുകൊണ്ടാവാം. അലൻസിയർ, സുധീർ കരമന, ലെന തുടങ്ങി സപ്പോർട്ടിങ് ആക്ടർസ് എല്ലാം നല്ല അഭിനയം കാഴ്ച്ച വെച്ചു.

വലിയ തമാശയോ അക്ഷനോ ഇല്ല. പിടിച്ചിരുത്തുന്ന മിസ്റ്ററിയോ ക്ലൈമാക്സ് ട്വിസ്റ്റുകളോ ഇല്ല. പക്ഷെ നല്ലൊരു കഥയുണ്ട്. കഥക്ക് ജീവനുണ്ട്. ക്രിസ്റ്റമസ് പോലൊരു ഫെസ്റ്റിവൽ സീസണിൽ മറ്റു പടങ്ങളോടൊപ്പം പിടിച്ചു നിൽക്കാൻ പറ്റുമോ എന്നറിയില്ല. പക്ഷെ വിജയിക്കേണ്ട സിനിമ തന്നെ ആണ് വിമാനം. എല്ലാവരും തീയേറ്ററിൽ തന്നെ പോയി കാണുക. ഒരു ചെറു പുഞ്ചിരിയോടെ കണ്ടിറങ്ങിവരാൻ സാധിക്കും. ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo