കാലദേശങ്ങൾക്കു അധീതമായി ഒരു സിനിമ, അത് കാണുന്ന പ്രേക്ഷന്റെ മനസ്സിൽ ഒരു "ശേഷിപ്പ്" അവശേഷിപ്പിക്കുന്നുണ്ടേൽ അതു ആ ചിത്രത്തിന്റെ മേന്മ തന്നെ ആണ്. അല്ലെ? വെറുതെ കണ്ടു മറന്നു കളയുന്ന ഒരുപാട് ചിത്രങ്ങൾക്കിടയിൽ ആ ചിത്രം വ്യത്യസ്തമാവുന്നുണ്ട്. കണ്ട സിനിമ എങ്ങനെ ഉണ്ട് എന്ന് മറ്റൊരാൾ ചോദിക്കുമ്പോൾ എന്തു പറയണം എന്ന് അറിയാത്ത ഒരു അവസ്ഥ.

"നന്നായിട്ടുണ്ട്"

"വളരെ നന്നായിട്ടുണ്ട്"

"വളരെ വളരെ നന്നായിട്ടുണ്ട്"

ഇതിൽ ഏതു പറഞ്ഞാലും പോരാ എന്നു നമുക്ക് സ്വയം തോന്നും. കാരണം ആ സിനിമ നമുക്ക് തന്ന ആസ്വാദനത്തെ വാക്കുകളാൽ വിവരിക്കുക അസാധ്യം.


ലക്ഷ്മി ഗോപാലസ്വാമിയെ ഒഴിച്ചു നിർത്തിയാൽ പറയത്തക്ക താര പകിട്ടുള്ള ആരും തന്നെ ഇല്ലാത്ത ചിത്രം ആണ് അരുവി. താരങ്ങൾ ഇല്ലാത്തതുകൊണ്ട് തന്നെ പ്രമോഷനോ ആദ്യ ദിവസത്തെ തിക്കി തിരക്കോ ഒന്നും ഉണ്ടായിരുന്നില്ല. പടം കണ്ട പ്രേക്ഷകരുടെ നാവിൽ നിന്നാണ് ഈ ചിത്രത്തെ കുറിച്ചു ബാക്കി ഉള്ളവർ അറിയുന്നത്. പ്രേക്ഷകരിൽ നിന്നും കിട്ടിയ ഈ പോസിറ്റിവ് റെസ്പോൻസ് തന്നെ ആണ് ഇറങ്ങി രണ്ട്‌ ആഴ്ചക്കു ശേഷം ആണേൽ പോലും കേരളത്തിൽ റീലീസ് ചെയ്യാൻ കാരണവും. അതും വെറും 10 തീയേറ്ററിൽ മാത്രം. അടുത്തൊന്നും റീലീസ് ഇല്ലാത്തത് കൊണ്ടു കൊച്ചിയിൽ പോയി ആണ് അരുവി കണ്ടത്. സിനിമ കാണാൻ സഞ്ചരിച്ച ദൂരത്തിനോ മുടക്കിയ കാശിനോ ഒട്ടും നഷ്ടബോധം തോന്നുന്നില്ല. കാരണം ഞാൻ എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് അരുവി.

അധിതി ബാലൻ എന്ന പുതുമുഖ നടി ആണ് അരുവി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പുതുമുഖത്തിന്റേതായ യാതൊരു പതർച്ചയും ഇല്ലാതെ ഉള്ള പ്രകടനം. ഇന്റർവെല്ലിന് മുന്നേ ഉള്ള സീനിലെ ഒക്കെ ഡയലോഗ് ഡെലിവറി. എത്ര അഭിനന്ദിച്ചാലും മതിയാവില്ല. കാണുന്ന പ്രേക്ഷന്റെ ഉള്ളിൽ അരുവി ഒരു വല്ലാത്ത വിങ്ങൽ ആയി അവശേഷിക്കുന്നുണ്ടേൽ അധിതിയുടെ പ്രകടനം അതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്‌.

ഇത്രയേറെ സാമൂഹിക പ്രാധാന്യം അർഹിക്കുന്ന ഒരു വിഷയം അത്രയും നന്നായി വെള്ളിത്തിരയിൽ എത്തിച്ചതിൽ അരുൺ പ്രഭു പുരുഷോത്തമൻ എന്ന സംവിധായകന് അഭിമാനിക്കാം. ഇതു നിങ്ങളുടെ ആദ്യ ചിത്രം ആയിരുന്നെന്ന് പറഞ്ഞാൽ ചിലപ്പോൾ വരും തലമുറ വിശ്വസിച്ചില്ലെന്നു വരും. തിരക്കഥയെ കുറിച്ച് എടുത്തു പറയണം. കഥയിലെ ചില സംഭവങ്ങൾ ഒക്കെ തിരക്കഥയിൽ പ്ലൈസ് ചെയ്തിരിക്കുന്ന രീതി അഭിനന്ദനാർഹമാണ്. വല്ലാത്തൊരു ത്രില്ലിങ് മൂഡ് സിനിമക്ക് കൊണ്ട് വരാൻ അതു സഹായിച്ചു. രണ്ടാം പകുതിയിൽ തുടക്കത്തിൽ ഉള്ള ചെറിയ അവിശ്വാസനീയത ഒഴിച്ചു നിർത്തിയാൽ വേറെ യാതൊരു വിധ കുറ്റവും പറയാൻ ഇല്ല.

യൂട്യൂബിൽ അരുവിയുടെ തിയേറ്റർ റെസ്പോൻസ് വീഡിയോ കണ്ടിരുന്നു. അതിൽ സിനിമ കണ്ടു ഇറങ്ങി വരുന്ന ഒരു മനുഷ്യൻ പറയുന്നുണ്ട്.

"കണ്ടിപ്പാ നാൻ എൻ പൊണ്ണുക്ക് അരുവിന്ന് പേർ വെയ്‌പെൻ" (ഞാൻ എന്റെ കുട്ടിക്ക് അരുവി എന്നു പേര് വെക്കുമെന്നു)

ഈ സിനിമക്കു കിട്ടിയ ഏറ്റവും വലിയ ബഹുമതി ചിലപ്പോൾ ആ മനുഷ്യന്റെ വാക്കുകൾ ആവാം. അത്രകണ്ട് പ്രേക്ഷകരോട് ചേർന്നിരിക്കുന്നു അരുവി. കണ്ടിറങ്ങുന്നവന്റെ കണ്ണു നിറക്കുന്നതിനൊപ്പം മനസ്സുകൂടി നിറക്കാൻ പറ്റുന്നുണ്ട് ചിത്രത്തിന്.

ഒരുപാട് ഒന്നും പറയുന്നില്ല. പറഞ്ഞു കേൾക്കുന്നതിനെക്കാൾ നേരിട്ടു അനുഭവിച്ചറിയേണ്ട ഒന്നാണ് ഈ ചിത്രം. തീർച്ചയായും തിയേറ്ററിൽ നിന്നും തന്നെ കാണേണ്ട ചിത്രം. കണ്ണൊന്നു നനയാതെ കണ്ടിറങ്ങാൻ ആവില്ല നിങ്ങൾക്ക് ഈ അരുവിയെ. കണ്ടതിനു ശേഷവും ഉള്ളിൽ ഒരു നീറ്റലായി അവൾ അവശേഷിക്കും. "അപ്പാ" എന്ന അവളുടെ വിളി കാതിൽ മുഴങ്ങിക്കൊണ്ടിരിക്കും.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo