ഒരുപാട് ചിത്രങ്ങൾക്ക് എഡിറ്റിങ് നിർവഹിച്ച ബി. അജിത്കുമാർ എഴുതി സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ഈട. വില്യം ഷേക്‌സ്പിയറിന്റ വിഖ്യാത നാടകം റോമിയോ ആൻഡ് ജൂലിയറ്റ്ന് കേരളത്തിന്റെ മണ്ണിൽ വെച്ചുള്ള പുനരാഖ്യാനം ആണ് ചിത്രം. രാഷ്ട്രീയ കൊലപാതകങ്ങൾ കാരണം കുപ്രസിദ്ധി ആർജിച്ച കണ്ണൂരിന്റെ മണ്ണിലേക്ക് മനോഹരമായ ഒരു പ്രണയ കഥ പറച്ചു നട്ടിരിക്കുന്നു.

പരസ്പരം പോരടിക്കുന്ന പാർട്ടി കുടുംബങ്ങളിൽ പെട്ട ആനന്ദും ഐശ്വര്യയും ആണ് പ്രധാന കഥാപാത്രങ്ങൾ. അവരുടെ പ്രണയത്തിലൂടെ ഒരു നാടിന്റെ മൊത്തം അവസ്ഥ കാണിച്ചിരിക്കുകയാണ് ചിത്രം. ആനന്ദും ഐശ്വര്യയും തമ്മിലുള്ള പ്രണയത്തിന്റെ തീവ്രത അടയാളപ്പെടുത്തുന്നതിൽ ചിത്രം വിജയിച്ചിട്ടുണ്ട്. തീവ്രമായ ഒരു പ്രണയം പറയുക എന്നതിന്റെ ഒപ്പം അക്രമരാഷ്ട്രീയം എന്ന സാമൂഹിക വിപത്തിനെ കൂടി ചർച്ച ചെയ്യുന്നുണ്ട് ചിത്രം. ചില ഭാഗങ്ങളിൽ കുറച്ചു ലാഗിങ് തോന്നിയത് മാത്രം ഇഷ്യൂ ആയി തോന്നി. ചിലപ്പോൾ ഊഹിക്കാവുന്ന കഥയും സന്ദർഭങ്ങളും ആയതുകൊണ്ടാവണം.

ഷൈൻ നിഗം മലയാള സിനിമയ്ക്കുള്ള ഭാവി വാഗ്ദാനമാണ് എന്നാണ് കരുതിയിരുന്നത്. കിസ്മത് പറവ തുടങ്ങിയ ചിത്രങ്ങൾ അത് തെളിയിച്ചതുമാണ്. ഈടയിലേക്ക് വരുമ്പോൾ ഇമോഷണൽ രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോളും മറ്റു സമയങ്ങളിൽ ഉള്ള നിർവികാരത കല്ലു കടി ആവുന്നുണ്ട്. ചിലപ്പോൾ കിട്ടുന്നതെല്ലാം ഈ തരത്തിൽ ഉള്ള ശോകപൂർണമായ വേഷങ്ങൾ ആയതുകൊണ്ടാവാം. കിസ്മത്, പറവ, ഈട. ഇനി എങ്കിലും ഒരു വ്യത്യസ്ഥതക്ക് ശ്രമിക്കാവുന്നതാണ്.

നേരെ മറിച്ച് ഐശ്വര്യ എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ച നിമിഷ സജയൻ ആവട്ടെ ഒരുപാട് സ്ഥലങ്ങളിൽ സ്വാഭാവിക അഭിനയം കൊണ്ട് നമ്മളെ വിസ്മയിപ്പിക്കുന്നുണ്ട്. ഒരുപാട് ബ്രില്യൻസുകൾ കാണിച്ച പൊത്തേട്ടന്റെ (ദിലീഷ് പോത്തൻ) ഏറ്റവും വലിയ ബ്രില്യൻസ് നിമിഷ സജയൻ എന്ന നടിയെ കണ്ടെത്തിയത് ആയിരുന്നെന്ന് തെളിയിക്കുന്ന പ്രകടനം.

രാഷ്ട്രീയത്തിന്റെ പേരിൽ കുരുതി കൊടുക്കേണ്ടി വരുന്ന മനുഷ്യ ജീവിതങ്ങളെ പച്ചക്ക് വരച്ചു കാണിക്കുന്നുണ്ട് ചിത്രം. ഒരു പാർട്ടിക്കാരനും അവരുടെ പാർട്ടിയെ ഈ ചിത്രം നന്നാക്കി പറഞ്ഞു എന്നോ അല്ലേൽ മോശം ആക്കി പറഞ്ഞു എന്നോ തോന്നാൻ ഇടയില്ല. അത്രകണ്ട് പക്ഷപാതരഹിതമായി ഇരു പാർട്ടികളെയും അടയാളപ്പെടുത്തിയിട്ടുണ്ട്. പാർട്ടിക്കും രാഷ്ട്രീയത്തിനും ഒക്കെ മുകളിലായി അവസാനം വിജയിക്കേണ്ടത് സ്നേഹമാണെന്നാണ് ചിത്രം പറഞ്ഞു വെക്കുന്നത്.

പ്രായോഗിക രാഷ്ട്രീയവും അക്രമ രാഷ്ട്രീയവും തമ്മിലുള്ള അന്തരം കുറഞ്ഞു വരുന്ന, രാഷ്ട്രീയവാദം അരാഷ്ട്രീയ വാദത്തെക്കാൾ ഭയാനകമായിരിക്കുന്ന ഈ കാലത്തു കാണേണ്ടതും കാണിക്കേണ്ടതും ചർച്ച ചെയ്യപ്പേണ്ടതുമായ ഒരു ചിത്രം ആണ് ഈട.

PS: സിനിമ കാണാൻ ഞാനും പിന്നെ ഒരു പത്ത് പേരും ആണ് ഉണ്ടായിരുന്നത്. നല്ലൊരു ചിത്രത്തിന് ലഭിക്കുന്ന മോശം തിയേറ്റർ റെസ്പോൻസ് കണ്ടു വിഷമം ആവുന്നു. ടോറന്റിൽ കണ്ടു വാഴ്ത്താൻ നിൽക്കുന്നവർ ഒക്കെ തീയേറ്ററിൽ നിന്നു തന്നെ കണ്ടിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു. വരും ദിവസങ്ങളിൽ മായനദി ക്കു കിട്ടിയ പോലെ ഒരു ഉയിരുതെഴുന്നേൽപ്പു ഈടക്കും ഉണ്ടാവട്ടെ എന്നാശംശിക്കുന്നു.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo