മുന്നറിയിപ്പ് എന്ന ചിത്രത്തിന് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രം. ആ ഒരു കാര്യം മാത്രം മതിയായിരുന്നു കാർബൺ ആദ്യ ദിനം തന്നെ കാണാൻ. കൂടെ ഫഹദ് ഫാസിലും. സർവൈവൽ സിനിമകൾ വളരെ കുറവായ മലയാളത്തിൽ വേണുവും ഫഹദും ഒരുമിച്ചു ഒരു സർവൈവൽ സിനിമ വരുമ്പോൾ പ്രതീക്ഷയും ഏറും. പോസ്റ്ററുകൾ ട്രെയിലറുകൾ തുടങ്ങി എല്ലാതും തന്നെ ഈ പ്രതീക്ഷ കൂട്ടാൻ സഹായിച്ചിരുന്നു. അങ്ങനെ മാനം മുട്ടുന്ന പ്രതീക്ഷയും ആയാണ് ഇന്നലെ സിനിമക്ക് കയറിയത്. എത്രത്തോളം പ്രതീക്ഷ വെച്ചു സിനിമക്ക് കയറിയോ അത്രയും തന്നെ പ്രതീക്ഷക്കൊത്ത് ഉയർന്നിരുന്നു കാർബൺ. അടുത്തിടെ കണ്ട മികച്ചൊരു ചിത്രം.

കാർബൺ എന്നാണ് സിനിമയുടെ പേര്. ചാരം മുതൽ വജ്രം വരെ ഈ പ്രകൃതിയിൽ കാണുന്ന പലതും കാർബണിന്റെ രൂപ മാറ്റങ്ങൾ ആണ്. അതിയായ മർദ്ദം ചെലുത്തിയാൽ ഒന്നിനും കൊള്ളാത്ത ചാരം വരെ വജ്രം ആയി മാറും എന്നതാണ് സത്യം. അതുപോലെ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ സിബിയും. കനത്ത സമ്മര്ദങ്ങൾ കൂടി വക വെക്കാതെ അതിജീവനത്തിന്റെ പുതിയ മാനങ്ങൾ തേടി വിജയിക്കുന്ന സിബിയുടെ കഥക്ക് കാർബണ് എന്നു തന്നെ ആണ് അനുയോജ്യമായ പേര്.

ഫഹദ് ഫാസിൽ എന്ന നടൻ നന്നായി അഭിനയിച്ചു എന്നു പറയുന്നതിനേക്കാൾ വലിയ ഒരു കളീഷേ വേറെ ഇല്ല. എന്നാലും പറയട്ടെ. ചിരികൾ മുതൽ മാനറിസങ്ങൾ വരെ പല ഭാഗങ്ങളിലും വിസ്മയിപ്പിച്ചിട്ടുണ്ട് ഫഹദ്. അതിൽ തന്നെ ക്ലൈമാക്സ് രംഗങ്ങളിലെ അഭിനയം വിവരിക്കാൻ വാക്കുകൾ ഇല്ല. പൂർണമായ ഒരു ഫഹദ് ഷോ ആണ് ചിത്രം. അടുത്ത കൊല്ലത്തെ അവർഡുകളിൽ നല്ലൊരു പങ്കും കൊണ്ടുപോവാൻ പോവുന്നത് കാർബണിലെ സിബി ആയിരിക്കും. മമ്ത, മണികണ്ഠൻ, ചേതൻ തുടങ്ങി മറ്റു പ്രധാന കഥാപാത്രങ്ങളും നന്നായി തന്നെ ചെയ്തു. കൊച്ചു പ്രേമൻ, സ്പടികം ജോർജ് തുടങ്ങിയ പഴയ കാല നടന്മാരെ നല്ല വേഷങ്ങളിൽ തിരിച്ചു കൊണ്ടുവന്നത് ഇഷ്ടമായി.

കാടിന്റെ ഭീകരതയും ഭംഗിയും ഒരേ നിമിഷം കാണിച്ചു തന്നിരിക്കുന്നു ചിത്രം. സിനിമാട്ടോഗ്രാഫിയും സംഗീതവും എടുത്തു പറയണം. ചിത്രം ഇത്രയേറെ മനോഹരമായിട്ടുണ്ടെൽ അതിൽ ഇതു രണ്ടിനും ഉള്ള പങ്ക് ചെറുതല്ല.

സംവിധായകൻ എന്ന നിലയിൽ വെറും മൂന്നു ചിത്രങ്ങൾ മാത്രമാണ് വേണുവിന്റെ സംഭാവന. ദയ, മുന്നറിയിപ്പ് പിന്നെ ഇപ്പോൾ കാർബണ്. മൂന്നും ഒന്നിനൊന്നു വ്യത്യസ്തമായ ചിത്രങ്ങൾ. എങ്ങനെ ഒക്കെ നോക്കിയാലും ഈ മൂന്നിൽ ഏറ്റവും മികച്ചത് എന്ന സ്ഥാനം തന്നെ കാർബണ് കൊടുക്കാൻ ആണ് എനിക്കിഷ്ടം. ഹൊറർ, മാജിക്കൽ റിയലിസം, സർവൈവൽ ഡ്രാമ ഇതിൽ ഏതിൽ വേണമെങ്കിലും പെടുത്താവുന്ന ചിത്രമാണ് കാർബണ്. കണ്ടിരിക്കുന്ന ഓരോരുത്തർക്കും തന്റേതായ രീതിയിൽ ഉള്ള വ്യാഖ്യാനങ്ങൾ കണ്ടെത്താൻ പറ്റുന്ന ചിത്രം. ഉയർന്ന ടെക്‌നിക്കൽ ഫെസിലിറ്റികൾ ഉള്ള ഒരു തീയേറ്ററിൽ നിന്നും തന്നെ കണ്ടാസ്വദിക്കാൻ ശ്രമിക്കുക.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo