കുറച്ചു കാലങ്ങൾക്കു ശേഷം പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്റെ നല്ലൊരു എന്റർട്ടനേർ ആണ് ശിക്കാരി ശംഭു. സുഗീത് കുഞ്ചാക്കോ കൂട്ടുകെട്ടിന്റെ തിരിച്ചു വരവ്. മലയോര ഗ്രാമത്തിൽ പുലിയെ പിടിക്കാൻ വരുന്ന വേട്ടക്കരുടെ കഥ കോമഡി ട്രാക്കിലൂടെ രസകരമായി പറഞ്ഞിരിക്കുന്നു. വേണമെങ്കിൽ മറ്റൊരു "ഓർഡിനറി" എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ചിത്രം.

വലിയ പ്രതീക്ഷ ഒന്നും ഇല്ലാതെ വന്നു 2012 ലെ സൂപ്പർ ഹിറ്റ് ആയ പടം ആണ് ഓർഡിനറി. ബിജു മേനോന്റെ പാലക്കാടൻ ഭാഷയും നല്ല തമാശകളും ഗവിയുടെ സൗന്ദര്യവും പിന്നെ ക്ലൈമാക്സിൽ ഒരു ട്വിസ്റ്റും. ഓർഡിനറിയുടെ വിജയം പലർക്കും കൊടുത്ത മൈലേജ് കുറച്ചൊന്നുമല്ല. കുഞ്ചാക്കോ ബോബൻ ബിജുമേനോൻ വിജയ കൂട്ടുകെട്ടിന്റെ തുടക്കം അതായിരുന്നു. (ചില ചിത്രങ്ങളിൽ വെറുപ്പിച്ചു എന്നത് മറക്കുന്നില്ല). പിന്നെ സുഗീത് എന്ന പുതുമുഖ സംവിധായകനിൽ ഉള്ള പ്രതീക്ഷയും കൂട്ടി. പക്ഷെ ഇതേ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രം 3 ഡോട്‌സ് നല്ലൊരു ദുരന്തമായിരുന്നു. ഓർഡിനറി സഞ്ചരിച്ച വഴിയേ തന്നെ സഞ്ചരിച്ചു കോമഡി ട്രാക്കിലൂടെ കഥ പറഞ്ഞു അവസാനം ട്വിസ്റ്റിന് ശ്രമിച്ചു അമ്പേ പരാജയപ്പെട്ട ചിത്രം. ഇന്ത്യ വിഷനിൽ മനീഷ് നാരായണൻ എഴുതിയ റീവ്യൂ ഇപ്പോളും എനിക്ക് ഓർമ ഉണ്ട് "മൂന്നു കുത്ത്, പ്രേക്ഷകന്റെ മുതുകത്ത്" എന്ന്‌.

പിന്നീട് ഇതേ കൂട്ടുകെട്ടിൽ മധുര നാരങ്ങ എന്ന ചിത്രം കൂടി വന്നു. അതും പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. അതിനിടയിൽ ജയറാമിനെ നായകനാക്കി ഒന്നും മിണ്ടാതെ എന്ന സിനിമയും സുഗീത് ചെയ്‌തു. അതും ദുരന്തമായിരുന്നു. ഈ അവസാന മൂന്നു ചിത്രങ്ങൾ സുഗീത് എന്ന സംവിധായകനിൽ ഉള്ള എല്ലാ പ്രതീക്ഷയും അസ്തമിപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ കുഞ്ചാക്കോയുടെ ഒപ്പം സുഗീത് നാലാമതും കൈ കോർക്കുന്നു എന്നു കേട്ടപ്പോൾ മറ്റൊരു നനഞ്ഞ പടക്കത്തെ തന്നെയാണ് പ്രതീക്ഷിച്ചിരുന്നതും. പക്ഷെ എല്ലാ പ്രതീക്ഷയും തെറ്റിച്ച പടം ആയിരുന്നു ഇതു.

കുഞ്ചാക്കോ ബോബൻ, വിഷ്ണു ഉണ്ണി കൃഷ്ണൻ, ശിവധ തുടങ്ങിയ താര നിരയുടെ നല്ല പ്രകടനങ്ങളും ഹരീഷ് കാണാരന്റെ കോമഡി നമ്പറുകളും എല്ലാം ചേർന്നു രസിച്ചു കണ്ടിരിക്കാവുന്ന ചിത്രം ആക്കുന്നുണ്ട് ശിക്കാരി ശംഭുവിനെ. ശിവധയുടെ പ്രകടനം ഇതിൽ എടുത്തു പറയണം. കുഞ്ചാക്കോ ബോബന്റെ ആക്ഷൻ സീനുകൾ ഒക്കെ നന്നായിരുന്നു. സിനിമയുടെ പോക്ക് കണ്ടു എങ്ങോട്ടാണെന്നു ഊഹിക്കാൻ പറ്റുമെങ്കിലും ക്ലൈമാക്സ് രംഗങ്ങളിൽ എത്തുമ്പോൾ പ്രതീക്ഷിച്ചതിനെക്കാൾ നന്നാവുന്നുണ്ട് ചിത്രം. അവസാന 15 മിനുറ്റ് തന്നെ ആണ് ചിത്രത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടതും.

ചുരുക്കത്തിൽ യാതൊരു വിധ പുതുമയും അവകാശപ്പെടാൻ ഇല്ലാത്ത നല്ലൊരു കോമഡി ചിത്രം ആണ് ശിക്കാരി ശംഭു. വലിയ തോതിൽ ചിന്തിച്ചു കൂട്ടാനോ കീറി മുറിക്കാനോ ഉദ്ദേശം ഇല്ലെങ്കിൽ ആദ്യാവസാനം രസിച്ചിരുന്നു കാണാവുന്ന ചിത്രം. നല്ല ചിത്രങ്ങൾ പോലും പരാജയപ്പെടുന്നു എന്നതാണ് കുഞ്ചാക്കോ ബോബന്റെ അവസ്ഥ. ശിക്കാരി ശംഭുവിന് ആ ഗതി വരാതെ ഇരിക്കട്ടെ.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo