തിങ്ങി നിറഞ്ഞ തീയേറ്ററിൽ ഇരുന്നു മായാനദി കണ്ട മനുഷ്യൻ ആണ് ഞാൻ. സിനിമയിൽ സമീറ എന്ന കഥാപാത്രത്തിന്റെ മേക്കപ്പ് മാൻ ആയി ഒരു ട്രാൻസജന്ഡറിനെ കാണിച്ചപ്പോൾ തീയേറ്ററിൽ ഉണ്ടായ "ഓളം" ഇപ്പോളും ഓർമയുണ്ട്. ഒരു ഇരുപത് ശതമാനം ആളുകൾ ആ കഥാപാത്രത്തെ സ്ക്രീനിൽ കാണിച്ചപ്പോൾ തന്നെ ചിരിക്കാൻ തുടങ്ങി. കണ്ടിരിക്കുന്നവരിൽ ചിരി പടർത്താൻ പോന്ന ഒന്നും തന്നെ ആ കഥാപാത്രം ചെയ്യുന്നില്ല എന്നിരിക്കെ തീയേറ്ററിൽ മുഴങ്ങി കേട്ട ആ ചിരി എന്തിന്റേതായിരുന്നു?

സിനിമയിൽ ട്രാൻസജന്ററുകളെ അടയാളപ്പെടുത്തിയിരുന്ന പഴയ രീതികളിൽ നിന്നും സിനിമ ഒരുപാട് മുന്നേറിയിട്ടുണ്ട്. "ഓമനപുഴ കടപ്പുറവും" "അയ്യടാ.." ക്കും അപ്പുറം ട്രാൻസജണ്ടറുകളെ ട്രാൻസജണ്ടറുകൾ ആയി തന്നെ കാണിക്കാൻ മായനദി ഉൾപ്പടെ ഉള്ള പല സിനിമകളും ഇന്ന് ശ്രമിക്കുന്നുണ്ട്. വരാൻ പോവുന്ന പേരൻപ്‌ എന്ന മമ്മൂട്ടി ചിത്രത്തിൽ ആദ്യം ആയി ഒരു ട്രാൻസ്‌ജൻഡർ നായിക ആകുന്നുണ്ട്. ഇതൊക്കെ പ്രതീക്ഷ നൽകുന്ന കാര്യങ്ങൾ തന്നെ ആണെന്നാലും, അതിൽ ഒന്നും അവർ വിജയിക്കുന്നില്ല എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് തീയേറ്ററിൽ മുഴങ്ങി കേൾക്കുന്ന ഈ ചിരികൾ.

ഇതിനു മുന്നേ ഒട്ടും ചിരി ഇല്ലാത്ത തീയേറ്ററിൽ ഇരുന്നു ഒരു ട്രാൻസജന്ഡറിനെ കണ്ടത് തിര എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിൽ ആണ്. ആ സിനിമ കണ്ട ഏതൊരാളും ബാസു എന്ന കഥാപാത്രത്തെ മറക്കാൻ ഇടയില്ല. ആ കഥാപാത്രത്തെ സ്ക്രീനിൽ കാണിച്ചപ്പോൾ ഒരാളുപോലും ചിരിച്ചില്ല എന്ന കാര്യം കണക്കിൽ എടുക്കുമ്പോൾ നമുക്ക് മനസ്സിലാവുന്ന ഒന്നുണ്ട്. പ്രശനം ട്രാൻസജണ്ടറുകളെ സിനിമയിൽ കാണിക്കുന്നതിൽ അല്ല, കാണിക്കുന്ന രീതിയിൽ ആണ് കുഴപ്പം.

മേക്കപ്പ് മാൻ, ഡാൻസ് മാസ്റ്റർ, ശരീരം വിൽക്കുന്നവർ റോളുകളിൽ നിന്നും മാറി സീരിയസ് ആയ റോളുകളിൽ ട്രാൻസജണ്ടറുകൾ കാസ്റ്റ് ചെയ്യപ്പെടണം. ഒരു സ്കൂൾ ടീച്ചർ ആയോ ഒരു കമ്പനി മാനേജർ ആയോ ജില്ലാ കളക്ടർ ആയോ ഒരു ട്രാൻസ്‌ജൻഡർ വന്നാൽ ആർക്കാണ് പ്രശനം?

ഞാൻ നേരത്തെ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത ഉള്ളത് കൊണ്ട് ഒന്നു വ്യാകതമാക്കാം. ഒരിക്കലും മേക്കപ്പ് മാനോ ഡാൻസ് മാസ്റ്ററോ ജീവിക്കാൻ വേണ്ടി ശരീരം വിൽക്കുന്നവരോ മോശം ആണെന്നല്ല ഞാൻ പറയുന്നത്. കൂലിപ്പണിയോ കൃഷിപ്പണിയോ മോശം ആയതുകൊണ്ടല്ല സർക്കാർ സംവരണം കൊടുക്കുന്നത്. നൂറ്റാണ്ടുകളായി അവർ താഴെയും ഞങ്ങൾ മുകളിലും എന്ന രീതിയിൽ നിന്നും ഒരു മാറ്റം ആണ് അതിൽ നിന്നും പ്രതീക്ഷിക്കുന്നത്. അതു പോലെ തന്നെ ഒരു സംവരണം സിനിമയിലും വേണം എന്ന പക്ഷക്കാരൻ ആണ് ഞാൻ. മേക്കപ്പ് മാൻ ആയും ഡാൻസ് മാസ്റ്റർ ആയും ഉള്ള സ്റ്റീരിയോടൈപ്പ് റോളുകൾക്ക് പകരം ഡോക്ടർ ആയും എൻജിനീയർ ആയും കോളേജ് പ്രൊഫസ്സർ ആയും ഒക്കെ ഇനി കുറച്ചു കാലം ജനങ്ങൾ ട്രാൻസജണ്ടറുകളെ കാണട്ടെ. സമൂഹത്തിലെ സമസ്ത മേഖലകളിലും അവർക്കും എത്താൻ പറ്റും എന്നും അവരും തങ്ങളെ പോലെ സമൂഹ ജീവി ആണെന്നും സാധാ ജനങ്ങൾ മനസ്സിലാക്കട്ടെ.

സിനിമ സമൂഹത്തെ സ്വാധീനിക്കുമോ എന്ന ചോദ്യത്തിന് സ്വാധീനിക്കും എന്നു തന്നെ ആണ് എന്റെ ഉത്തരം. പൊതുസമൂഹത്തിൽ ട്രാൻസ്‌ജെന്ഡറുകൾക്കു മോശമായൊരു സ്ഥാനം കല്പിച്ചു കൊടുക്കുന്നതിൽ സിനിമ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്‌. ചാന്തുപൊട്ട് എന്ന പേരു സർവവ്യാപകമായി ട്രാൻസജണ്ടറുകളെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചു തുടങ്ങിയത് തന്നെ അതിനൊരു തെളിവാണ്. പതിറ്റാണ്ടുകൾ ആയി ട്രാൻസ്‌ജൻഡർ എന്ന വിഭാഗത്തോട് സിനിമ എന്ന മാധ്യമം ചെയ്ത അനീതിക്ക് ഇങ്ങനെ എങ്കിലും ഒരു പ്രായശ്ചിത്തം ഉണ്ടാവട്ടെ.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo