പോടാ പോടി എന്ന മോശം സിനിമയും നാനും റൗഡി താൻ എന്ന കുഴപ്പമില്ലാത്ത സിനിമയും സംവിധാനം ചെയ്ത വിഘ്നേഷ് ശിവൻ മൂന്നാമത് ആയി സംവിധാനം ചെയ്യുന്ന ചിത്രം ആണ് താനേ സേർന്ത കൂട്ടം. 1987ലെ മുംബൈ ഓപ്പറ ഹൗസ് മോഷണം ആധാരമാക്കിയാണ് ചിത്രം അണിയിച്ചൊരിക്കിയിരിക്കുന്നത്. ഇതേ സംഭവത്തെ ആധാരമാക്കി 2013 ൽ ഹിന്ദിയിൽ അക്ഷയ് കുമാർ നായകനായി സ്‌പെഷ്യൽ 26 എന്ന ചിത്രം ഇറങ്ങിയിരുന്നു. ഹിന്ദി ചിത്രത്തെ അപേക്ഷിച്ചു കുറച്ചു കൂടി കോമഡിക്കു പ്രാധാന്യം നൽകി ആണ് തമിഴ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ദുരൈ സിംഗത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട സൂര്യ തന്നെ ആണ് സിനിമയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. ഒന്നു കൂടി ചെറുപ്പം ആയ നല്ല എനിർജിറ്റിക് ആയ അലർച്ച ഒന്നും ഒട്ടും ഇല്ലാത്ത ഒരു സൂര്യയെ നമുക്ക് ഇതിൽ കാണാം. സൂര്യ എന്ന താരത്തിന്റെയും സൂര്യ എന്ന നടന്റെയും ആരാധകരെ ഒരുമിച്ചു തൃപ്തിപ്പെടുത്തുന്നുണ്ട് ചിത്രം. നായിക എന്നാൽ നായകന്റെ പ്രണയിനി എന്ന അർത്ഥം ഇല്ലെങ്കിൽ രമ്യ കൃഷ്ണൻ ആണ് ചിത്രത്തിലെ നായിക എന്നു ഉറപ്പിച്ചു പറയാൻ പറ്റും. കീർത്തി സുരേഷ് എന്ന "പേരിൽ നായിക" പാട്ടിൽ മാത്രം ആയി ഒതുങ്ങിയപ്പോൾ യഥാർത്ഥ നായിക ആയി നിറഞ്ഞാടുന്നുണ്ട്‌ രമ്യ കൃഷ്ണൻ. പഴയ കാല നായക നടൻ കാർത്തിക് കുറഞ്ചിവേദൻ എന്ന പോലീസുകാരനായി നല്ല പ്രകടനം കാഴ്ച വെച്ചു.

അനിരുദ്ധ് കൈകാര്യം ചെയ്ത സംഗീത വിഭാഗം വളരെ നിലവാരം പുലർത്തിയിരുന്നു. ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ച "സൊഡക്കു മേലെ" സോങിന്റെ ഒക്കെ എനർജി അപാരമായിരുന്നു. ആദ്യം മുതൽ അവസാനം വരെ കാണികളെ എൻഗേജിങ് ആയി പിടിച്ചു ഇരുത്തുന്നതിൽ പാട്ടുകളും പശ്ചാത്തല സംഗീതവും നല്ല പങ്കു വഹിച്ചിട്ടുണ്ട്‌.

നീരജ് പാണ്ഡെയുടെ സെപ്ഷ്യൽ 26ൽ നിന്നും വിഘ്‌നേഷ് ശിവന്റെ താനേ സെർന്ത കൂട്ടത്തിലേക്കു എത്തുമ്പോൾ പ്രധാന വ്യത്യാസം തമിഴ് പ്രേക്ഷകർക്ക് വേണ്ടി കുത്തിനിറച്ച രംഗങ്ങൾ ആണ്. അതു തന്നെ ആണ് സിനിമയെ കുറച്ചു പിറകോട്ട് അടിക്കുന്ന ഘടകവും. ക്ലൈമാക്സ് രംഗങ്ങളിലെ ഒക്കെ ലോജിക് ഇല്ലായ്മയെ ഒരുവിധത്തിലും ന്യായീകരിക്കാൻ കഴിയില്ല. സിനിമയുടെ പ്രധാന ഭാഗങ്ങൾ ആയ മോഷണ രംഗങ്ങൾ എല്ലാം സ്‌പെഷ്യൽ 26 ലെ പോലെ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഹിന്ദി ചിത്രം ആദ്യമേ കണ്ട ഒരാളെ സംബന്ധിച്ചിടത്തോളം വലിയ ട്വിസ്റ്റുകൾ ഒന്നും തന്നെ ഇല്ലാത്ത സാധാ സിനിമ കാഴ്ച ആവുന്നുണ്ട് താനേ സെർന്ത കൂട്ടം.

ചുരുക്കത്തിൽ ഹിന്ദി ചിത്രം കാണാത്തവർക്കു ഒരുതവണ ആസ്വദിച്ചു കാണാവുന്നതും ഹിന്ദി ചിത്രം കണ്ടവർക്ക് സൂര്യയുടെയും രമ്യ കൃഷ്ണന്റെയും കാർത്തിക്കിന്റെയും ഒക്കെ നല്ല പ്രകടനങ്ങൾ കാണാൻ വേണ്ടി വേണേൽ ഒരു തവണ കാണാവുന്നതുമായ ഒരു ചിത്രമാണ് താനേ സെർന്ത കൂട്ടം.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo