സഞ്ജയ് ലീല ബൻസാലിയിൽ ഉള്ള വിശ്വാസവും പിന്നെ കുറച്ചു പേർ ഈ സിനിമ കാണരുതെന്ന് പറഞ്ഞു നടത്തുന്ന പ്രക്ഷോപങ്ങളും. ഈ രണ്ടു കാരണങ്ങൾ കൊണ്ടാണ് പ്രിവ്യൂ ഷോ തന്നെ കാണാം എന്നു വിചാരിച്ചത്. ആദ്യം തന്നെ പറയട്ടെ ഇത്ര അധികം പ്രശ്നങ്ങൾ ഉണ്ടാക്കാൻ മാത്രം കുഴപ്പങ്ങൾ ഒന്നും തന്നെ ഞാൻ ചിത്രത്തിൽ കണ്ടില്ല. ടെക്‌നിക്കൽ പെര്ഫെക്ഷൻ ഉള്ള വളരെ നല്ലൊരു ചിത്രം. ചരിത്രം സിനിമ ആക്കിയ ഇന്ത്യൻ ചിത്രങ്ങളിൽ മുൻപന്തിയിൽ നിൽക്കാൻ അർഹത ഉള്ള ഒരെണ്ണം.

അലാവുദ്ധീൻ ഖില്ജിക്ക് രജപുത്ര രാജ്ഞി ആയിരുന്ന പത്മാവതിയോട് തോന്നുന്ന താൽപര്യവും അതിനു ശേഷം നടക്കുന്ന സംഭവങ്ങളുമാണ് കഥ. എല്ലാവർക്കും അറിയുന്ന കഥ ആണെങ്കിൽ കൂടി കാണുന്നവർക്ക് ഒരു പുതുമ തരാൻ അണിയറപ്രവർത്തകർക്ക് ആയിട്ടുണ്ട്. സ്ക്രിപ്റ്റ്, ഡയറക്ഷൻ, സംഗീതം എന്നീ മൂന്നു വിഷയത്തിലും ബൻസാലി അതിശയിപ്പിച്ചു. പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും എടുത്തു പറയേണ്ടതാണ്. സബ്ടൈറ്റിൽ ഇല്ലാതിരുന്നത് കൊണ്ടു പല ഡയലോഗുകളുടെയും ഫീൽ മുഴുവനായി ഉൾകൊള്ളാൻ പറ്റിയില്ല എന്നത് മാത്രം വിഷമം ആയി തോന്നി. ഹിന്ദി സിനിമക്ക് കേരളത്തിൽ സബ്ടൈറ്റിൽ കൊടുത്താൽ എന്താ ആവോ പ്രശനം?

രത്തൻ സിംഗ് എന്ന രജപുത്ര രാജാവായി ഷാഹിദ് കപൂറും രത്തൻ സിങ്ങിന്റെ പത്നി പത്മാവതി ആയി ദീപികയും അഭിനയിച്ചു. രണ്ടു പേരുടെയും പ്രകടനം നന്നായെങ്കിലും ഷോ മുഴുവൻ കൊണ്ടു പോയത് അലാവുദ്ധീൻ ഖിൽജി ആയി വന്ന രൻവീർ സിംഗ് ആണ്. വല്ലാത്ത സ്ക്രീൻ പ്രസൻസ് ആയിരുന്നു രൻവീറിന്റെ. സുൽത്താന്റെ ശൗര്യവും ക്രൂരതയും എല്ലാം രൻവീറിൽ ഭദ്രമായിരുന്നു. എന്റെ ഇഷ്ടപെട്ട വില്ലൻ വേഷങ്ങളിൽ പ്രഥമ സ്ഥാനത്തു ഉണ്ടാവും സുൽത്താൻ ഖിൽജി.

ചരിത്രത്തോട് നീതി പുലർത്തിയോ എന്നു ചോദിച്ചാൽ ചരിത്രം മുഴുവൻ അറിയാതോണ്ടു അറിയില്ലെന്നാണ് ഉത്തരം. പത്മാവത് എന്ന മൂല കൃതിയോട് നീതി പുലർത്തിയോ എന്നു ചോദിച്ചാലും അറിയില്ല എന്ന് തന്നെ പറയേണ്ടി വരും. പക്ഷെ പണ്ടെപ്പോളോ കേട്ട കഥയോട് നൂറു ശതമാനം നീതി പുലർത്തിയിട്ടുണ്ട് ചിത്രം. ഒരു സിനിമ ആസ്വധകൻ എന്ന നിലയിൽ എന്നെ പൂർണമായി തൃപ്തിപ്പെടുത്താനും ചിത്രത്തിന് ആയിട്ടുണ്ട്.

രജപുത്രന്മാരുടെ മാനാഭിമാനത്തെ ഹനിക്കുന്ന ഒരു രംഗം പോലും ചിത്രത്തിൽ ഇല്ല. അതു പോലെ തന്നെ വിവാദങ്ങളിൽ ഉയർന്നു കേട്ടിരുന്ന അലാവുദ്ധീൻ ഖിൽജിയെ വെള്ള പൂശാനുള്ള ശ്രമവും ചിത്രത്തിൽ എവിടെയും ഞാൻ കണ്ടില്ല.

പത്തു മുപ്പത് കട്ടിങ്ങും ഒരു പേര് മാറ്റലും ഒക്കെ കഴിഞ്ഞാണ് പത്മാവത് റിലീസിന് ഒരുങ്ങുന്നത്. വെട്ടിയും കുത്തിയും മൃതപ്രായൻ ആക്കിയ സിനിമയെ വീണ്ടും ഉപദ്രവിക്കുന്ന പോലെ ആണ് ഇപ്പോൾ ഇന്ത്യ ഒട്ടാകെ നടക്കുന്ന പ്രതിഷേധങ്ങൾ. ഇവർ ഈ പറയുന്ന പോലെ ഉള്ള വികാരം വൃണപ്പെടുത്തൽ ഒന്നും ചിത്രത്തിലില്ല എന്നിരിക്കിലും ചിത്രം പ്രദർശിപ്പിക്കാൻ സമ്മതിക്കില്ല എന്ന ഒരു കൂട്ടം ആളുകളുടെ വാശി എതിർക്കപ്പെടേണ്ടത് തന്നെ ആണ്.

ചിലപ്പോളൊക്കെ തീയേറ്ററിൽ പോയി സിനിമ കാണുന്നതും ഒരു പ്രതിഷേധമാണ്.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo