മലയാള സിനിമ അടുത്തിടെ കണ്ട ഏറ്റവും വലിയ ഹൈപ്പിൽ പുറത്തിറങ്ങിയ ചിത്രം ആണ് ആദി. ഒരു പുതുമുഖ നടന്റെ സിനിമ എന്നതിനപ്പുറം മോഹൻലാൽ എന്ന അച്ഛന്റെ ബ്രാൻഡ് വെച്ചായിരുന്നു എല്ലാ പ്രമോഷനും. കുഞ്ഞേട്ടൻ, രാജാവിന്റെ മകൻ എന്നെല്ലാം വിളിച്ചു ആരാധകരും പിറകെ ഉണ്ടായിരുന്നു. ഫാൻ ഷോകളും ഫ്ലെക്സുകളും ഒക്കെയായി അവർ ഈ തുടക്കം ആഘോഷമാക്കുകയും ചെയ്തു.

അസാധാരണമായ ഒരു ചുറ്റുപാടിൽ എത്തിപ്പെടുന്ന ഒരു സാധാരണക്കാരന്റെ കഥയാണ് ആദി. എത്തിപ്പെട്ട ചുറ്റുപാടിൽ നിന്നും രക്ഷപെടാൻ ഉള്ള അവന്റെ ശ്രമങ്ങളാണ് 160 മിനിറ്റോളം ദൈർഘ്യം ഉള്ള ചിത്രം പറയുന്നത്. ഒറ്റ വാക്കിൽ പറഞ്ഞാൽ പുതുമ ഒന്നും ഇല്ലാത്ത കഥയെ മോശമല്ലാത്ത ഒരു തിരക്കഥയും മികച്ച ഒരു അവതരണവും കൊണ്ടു മനോഹരമാക്കിയിരിക്കുന്നു ജീത്തു ജോസഫ്.

ജീത്തു ജോസഫ് എന്ന സംവിധായകനിൽ കുറച്ചു കാലമായി വലിയ പ്രതീക്ഷ ഒന്നും ഇല്ലായിരുന്നു. ആദിയുടേതായി ഇറങ്ങിയ ട്രൈലറുകളും വലിയ ഗുണം തോന്നിയിരുന്നില്ല. (രണ്ടാമത്തെ ട്രെയിലറിൽ ആക്ഷൻ രംഗങ്ങൾ നന്നായിരുന്നു.). അതുകൊണ്ട് തന്നെ പ്രതീക്ഷകളുടെ ഭാരമേതുമില്ലാതെ ആണ് ചിത്രം കാണാൻ കയറിയത്. ചിലപ്പോൾ അമിത പ്രതീക്ഷ ഇല്ലാതിരുന്നത് കൊണ്ടാവാണം പ്രതീക്ഷിച്ചതിനെക്കാൾ ഏറെ ആണ് എനിക്ക് തീയേറ്ററിൽ നിന്നും കിട്ടിയത്. അല്ലറ ചില്ലറ പ്രശ്നങ്ങൾ ഒഴിവാക്കിയാൽ അടുത്തിടെ കണ്ട മികച്ചൊരു ചിത്രം.

അരങ്ങേറ്റ ചിത്രം തന്നെ ഗംഭീരമാക്കിയിട്ടുണ്ട് പ്രണവ്. ഡയലോഗ് ഡെലിവേറിയിൽ തോന്നിയ ചെറിയ കൃത്രിമത്വം ഒഴിച്ചു നിർത്തിയാൽ ബാക്കി എല്ലാം ഗംഭീരം. സ്റ്റണ്ട് സീനുകൾ ഒക്കെ നല്ല നിലവാരമുള്ളവ ആയിരുന്നു. ചിത്രം ഇറങ്ങുന്നതിന് മുന്നേ കൊട്ടിഘോഷിക്കപ്പെട്ട പാർക്കർ സ്റ്റണ്ട് പ്രണവ് നന്നായി തന്നെ ചെയ്തിട്ടുണ്ട്. അസാമാന്യ മെയ് വഴക്കം. പല സീനുകളിലും അറിയാതെ കൈ അടിച്ചു പോവും. അമ്പത്താറാം വയസ്സിൽ പുലിമുരുകൻ പോലെ ഒരു ആക്ഷൻ ചിത്രം ചെയ്ത അച്ഛന്റെ മകൻ മോശമാവില്ലല്ലോ.

സൈജു വിൽസൻ, അനുശ്രീ, സിദ്ദിഖ് തുടങ്ങി സപ്പോർട്ടിങ് റോളുകളിൽ വന്നവർ എല്ലാവരും തങ്ങളുടെ ഭാഗം നന്നാക്കി. ഷറഫുദ്ധീനെ ഒക്കെ ചവറു കോമഡി റോളുകൾക്കു പകരം ഇത്തരം കാരക്ടർ റോളുകളിൽ കാണാൻ പറ്റിയതിൽ സന്തോഷമുണ്ട്. എഡിറ്റിംഗ് ചില ഭാഗങ്ങളിൽ ഒന്നുകൂടി നന്നാക്കാമായിരുന്നു എന്നു തോന്നി. പശ്ചാത്തല സംഗീതം നല്ല രസമുണ്ടായിരുന്നു. ആ സ്ട്രീറ്റ് ചെയ്‌സിംഗ് ഒക്കെ ഇത്രകണ്ട് മനോഹരമാക്കിയതിൽ പശ്ചാത്തല സംഗീതം നല്ല പങ്ക് വഹിച്ചിട്ടുണ്ട്‌.

ഒരു ത്രില്ലർ മികവുറ്റതാവണമെങ്കിൽ പല കാര്യങ്ങളും ഒത്തു വരണം. തിരക്കഥയിലുടനീളം അനുഭവപ്പെടുന്ന കോയിൻസിഡന്സുകൾ ഒരു ത്രില്ലർ എന്ന രീതിയിൽ ആലോചിക്കുമ്പോൾ സിനിമയെ പുറകോട്ടു അടിപ്പിക്കുന്നുണ്ട്. അതു പോലെ തന്നെ പല ഇടങ്ങളിലും കഥ പോവുന്ന വഴി ഊഹിക്കാൻ പറ്റുന്നതും പോരായ്മ ആവുന്നുണ്ട്. ഇത്തരം പോരായ്മകളെ എല്ലാം ഒരു പരിധി വരെ മറികടക്കാൻ അവതരണം കൊണ്ടു സാധിച്ചിട്ടുണ്ട്. ക്ലൈമാക്സ് രംഗങ്ങൾ ഒക്കെ വളരെ നന്നായിരുന്നു. നല്ല ത്രില്ലിങ്ങും ചടുലതയും കൊണ്ടുവരാൻ ക്ലൈമാക്‌സ് രംഗങ്ങൾക്കായിട്ടുണ്ട്.

വര്ഷങ്ങളായി അഭിനയ രംഗത്തുള്ള മോഹൻലാലുമായോ അഞ്ചു കൊല്ലമായി അഭിനയ രംഗത്തുള്ള ദുൽഖറുമായോ പ്രണവിന്റെ ആദ്യ ചിത്രത്തിലെ പ്രകടനത്തെ താരതമ്യം ചെയ്യേണ്ട ആവശ്യം ഇല്ല. അതു പോലെ തന്നെ യാതൊരു വിധ പ്രമോഷനും ഇല്ലാതെ പുതുമുഖങ്ങളുടെ കൂടെ വന്ന സെക്കൻഡ് ഷോയുടെ ബോക്സ് ഓഫീസ് കലക്ഷനുമായി ആദിയുടെ കലക്ഷനും താരതമ്യം ചെയ്യേണ്ട ആവശ്യം ഇല്ല.

മലയാള സിനിമയുടെ പുത്തൻ താരോദയത്തിന് അല്ല, പുതിയൊരു നടന്റെ ഉദയത്തിനാണ് ഇന്ന് സാക്ഷ്യം വഹിച്ചതെന്നാണ് ഞാൻ കരുതുന്നത്. മോഹൻലാൽ എന്ന പേരിനപ്പുറം പ്രണവ് എന്ന വ്യക്തിക്ക് മലയാള സിനിമയിൽ ഒരു സ്ഥാനം ഉണ്ടാവട്ടെ. സൂപ്പർ താരം എന്നതിനപ്പുറം നല്ല നടൻ എന്ന പേരിൽ ഭാവിയിൽ അവൻ അറിയപെടട്ടെ. അതിലേക്കുള്ള ആദ്യ ചവിട്ടു പടി ആവട്ടെ ആദി.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo