സിക് ആൽബങ്ങളിലൂടെ ശ്രദ്ധേയനായ ഡിജോ ജോസ് ആന്റണിയുടെ ആദ്യ സംവിധായക സംരംഭമാണ് ക്വീൻ. തിരശീലയിലോ അണിയറയിലോ പ്രമുഖർ ആരും ഇല്ലെന്നിരിക്കിലും ഒരു സൂപ്പർ താര ചിത്രത്തിന് കിട്ടുന്ന വരവേൽപ്പ് ആണ് ക്യൂൻ സിനിമക്ക് ലഭിച്ചത്. സമസ്ത മേഖലകളിലും പുതുമുഖങ്ങൾ മാത്രം ഉള്ള ഒരു സിനിമ ആദ്യ ദിനം ഹൗസ് ഫുൾ ആയി ഓടുന്നത് ഞാൻ ഇന്നലെ കണ്ടു. ഒരു സിനിമ എങ്ങനെ പ്രമോട്ട് ചെയ്യണം എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ക്വീൻ. പ്രശസ്തരായ നടീനടന്മാരോ സംവിധായകനോ നിർമ്മാണ കമ്പനിയോ ഒന്നും ഇല്ലാതിരുന്നിട്ടും ജനങ്ങൾക്കിടയിലേക്ക് സിനിമയെ കുറിച്ചു എത്തിക്കാൻ അണിയറ പ്രവർത്തകർക്കായി. ഫസ്റ്റ് ലുക്ക് പോസ്റ്റർ, സെക്കന്റ് ലുക്ക് പോസ്റ്റർ, ടീസർ, ട്രെയ്‌ലർ, പാട്ടുകൾ എന്നു വേണ്ട സിനിമയുടേതായി പുറത്തിറങ്ങിയ എല്ലാറ്റിലും ഒരു പുതുമയും സ്റ്റാൻഡേർഡും ഉണ്ടായിരുന്നു.

ഇനി സിനിമയിലേക്ക് വന്നാലോ? കോളേജ് ലൈഫ്, എന്ജിനീറിങ്, സൗഹൃദം, നഷ്ടപ്രണയം, ലാലേട്ടൻ തുടങ്ങി മല്ലു യുവത്വത്തിന്റെ എല്ലാത്തരം നൊസ്സുകളെയും കൂട്ടിക്കലർത്തി ഒരു പടം ചെയ്തു അതിൽ കുറച്ചു സോഷ്യൽ മെസ്സേജ് കൂടി ഉൾപ്പെടുത്തിയാൽ എങ്ങനെ ഉണ്ടാവും? രസിച്ചിരുന്നു കണ്ടു അവസാനം ഒരു സോഷ്യൽ മെസ്സേജ് ഒക്കെ ഉൾക്കൊണ്ട് ഇറങ്ങി പോരാം. അല്ലെ? ഈ പറഞ്ഞതു തന്നെ ആണ് ക്വീൻ. തുടക്കം മുതൽ ഒരുപാട് രസിപിച്ചും ഇടക്ക് കുറച്ചു നൊമ്പരപ്പെടുത്തിയും നല്ലൊരു ക്ലൈമാക്സൊടെ അവസാനിക്കുന്നു. ഈ ഒരു രസകാഴ്ചയിൽ കല്ലു കടി ആവുന്നത് സിനിമയുടെ ദൈർഘ്യം മാത്രമാണ്. രണ്ടു മണിക്കൂർ നാല്പതു മിനിറ്റ് ദൈർഘ്യം ഉള്ള ഈ ചിത്രം പല ഇടത്തും ഇഴഞ്ഞു നീങ്ങുന്ന പോലെ തോന്നിക്കുന്നുണ്ട്. ഈ ലാഗിന്റെ കാര്യത്തിൽ ഒന്നു കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ചിത്രം കൂടുതൽ നന്നായേനെ.

ഡിജോ ജോസ് ആന്റണി എന്ന അമരക്കാരനിൽ ഇനിയും പ്രതീക്ഷ അർപ്പിക്കാം എന്നു ക്യൂൻ തെളിയിക്കുന്നുണ്ട്. എഴുത്തിൽ ആയാലും സംവിധാനത്തിൽ ആയാലും തുടക്കം ഗംഭീരമാക്കിയിട്ടുണ്ട് അദ്ദേഹം. രണ്ടാം പകുതിയുടെ തുടക്കത്തിൽ മെലോഡ്രാമായിലേക്കു കൂപ്പു കുത്തുമോ എന്നു തോന്നിയ ചിത്രത്തെ കൈ പിടിച്ചു ഉയർത്തുന്നുണ്ട്‌ സംവിധായകൻ. കോളേജ് വിദ്യാർഥികൾ എന്നാൽ വായ നിറച്ചു അശ്ലീലവും കയ്യിലിപ്പു മൊത്തം മോശവും എന്ന പൊതു സിനിമാ ബോധത്തിൽ നിന്നും മാറി ദ്വയാർത്ഥ പ്രയോഗങ്ങൾ ഒന്നും വല്ലാതെ ഇല്ലാത്ത സംഭാഷണങ്ങൾ ഒരുക്കിയിട്ടുണ്ട് ചിത്രത്തിൽ. എടുത്തു പറയേണ്ടത് ഒരു മിനുറ്റ് മാത്രം ദൈർഘ്യം ഉള്ള ഒരു കോളേജ് തല്ല് എടുത്തിരിക്കുന്ന രീതിയെ ആണ്. നന്നായി തഴക്കം വന്ന ഒരു സംവിധായകന്റെ കയ്യൊപ്പു തോന്നിപ്പിക്കുന്നുണ്ട് ആ രംഗങ്ങൾ. അതു പോലെ തന്നെ ക്ലൈമാക്സ് രംഗങ്ങളിലെ ഡയലോഗ്സ് ഒക്കെ വേറെ ലെവൽ ആയിരുന്നു. അറിയാതെ കയ്യടിച്ചു പോവുന്ന കുറിക്കു കൊള്ളുന്ന ഡയലോഗുകൾ. ചിലപ്പോൾ ആ ഡയലോഗ്സ് പറഞ്ഞ ആളുടെ കൂടി കഴിവായിരിക്കാം. ആ മാസ് ഗസ്റ്റ് റോൾ ആരാണെന്നു തീയേറ്ററിൽ പോയി സ്വയം കണ്ടു പിടിക്കു.

പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ എല്ലാം പുതുമുഖങ്ങൾ ആയതുകൊണ്ട് കീറി മുറിച്ചുള്ള ഒരു നിരീക്ഷണം ഒന്നും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അഭിനയിച്ചവർ എല്ലാവരും തങ്ങളുടെ റോളുകൾ നന്നായി ചെയ്തു. മാസ് ആയാലും കോമഡി ആയാലും നന്നായി വഴങ്ങുന്നുണ്ട് എന്നവർ തെളിയിച്ചു. കൂട്ടത്തിൽ മുനീർ എന്ന കഥാപാത്രത്തെ വല്ലാതെ ഇഷ്ടം ആയി. വല്ലാത്ത ടൈമിംഗ് ആയിരുന്നു കോമഡി രംഗങ്ങളിൽ. ഇവരെ ഒക്കെ മലയാള സിനിമയിൽ ഇനിയും കാണാൻ പറ്റും എന്നു പ്രതീക്ഷിക്കുന്നു. കുറച്ചു പ്രശനം ആയി തോന്നിയത് ചിഞ്ചു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സാനിയയുടെ അഭിനയം ആണ്. ലിപ് സിങ്ക് ഒന്നും അങ്ങു ഒക്കാത്ത പോലെ. ചിലപ്പോൾ ആദ്യ ചിത്രം ആയതു കൊണ്ടായിരിക്കും.

സംഗീതവും പശ്ചാത്തല സംഗീതവും വളരെ നന്നായിരുന്നു. എഡിറ്റിംഗ് കുറച്ചു കൂടി നന്നാക്കമായിരുന്നു എന്നു തോന്നി.

ചുരുക്കത്തിൽ രസിപ്പിക്കുന്നതിനൊപ്പം നമ്മളെ ചിന്തിപ്പിക്കുക കൂടി ചെയ്യുന്ന ഒരു കൊച്ചു ചിത്രം ആണ് ക്വീൻ. സ്ത്രീ സുരക്ഷ ചോദ്യ ചിഹനം ആവുന്ന ഈ കാലത്തു എല്ലാവരും കണ്ടിരിക്കേണ്ട ചിത്രം. ചില ഭാഗങ്ങളിൽ കുറച്ചു അമേച്വർ ആയി തോന്നുന്നതും പിന്നെ കുറച്ചു ലാഗും ഒഴിച്ചു നിർത്തിയാൽ പറയത്തക്ക കുഴപ്പങ്ങൾ ഒന്നും തന്നെ ഇല്ല. ഒരുപാട് പുതുമുഖങ്ങളുടെ ആദ്യ സ്വപനം എന്ന നിലയിൽ തീയേറ്ററിൽ തന്നെ പോയി കണ്ടു വിജയിപ്പിക്കേണ്ട ചിത്രം.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo