"ഇന്ന് എന്റെ രക്തം ഈ കടലാസിലേക്കു വാർന്നു വീഴട്ടെ, ആ രക്തം കൊണ്ടു ഞാൻ എഴുതട്ടെ. ഭാവിയുടെ ഭാരമില്ലാത്ത ഒരാൾക്ക് മാത്രം എഴുതുവാൻ കഴിയുന്ന വിധത്തിൽ ഓരോ വാക്കും ഒരു അനുരഞ്ജനമാക്കി ഞാൻ എഴുതട്ടെ."

എഴുത്തുകാരിയുടെ തന്നെ വാക്കുകൾ ആണിവ. എന്റെ കഥയുടെ ആദ്യ അധ്യത്തിലെ അവർ തന്നെ എഴുതിയ വാക്കുകൾ. തീർച്ചയായും "ഭാവിയുടെ ഭാരമില്ലാത്ത" ഒരാളായാണ് അവർ ആ പുസ്തകം രചിച്ചിരിക്കുന്നത്. ആ പുസ്തകം ഭാവിയിൽ ഉണ്ടാക്കാവുന്ന കോലാഹലവും വിവാദവുമൊന്നും അതെഴുതുന്ന സമയത്തു അവരെ ശല്യം ചെയ്തിരുന്നില്ലെന്നു വ്യക്തം.

എന്റെ കഥ മാധവിക്കുട്ടിയുടെ ആത്മകഥ ആണെന്ന് പറയുമ്പോളും അതിൽ എത്ര ശതമാനം ജീവിതം ഉണ്ടെന്നു നമുക്കറിയില്ലെന്നതാണ് സത്യം. സ്വന്തം ജീവിതത്തിനൊപ്പം സങ്കൽപ്പവും സ്വപ്നങ്ങളും എല്ലാം ഇടകലർത്തി ആണ് ആ പുസ്തകം രചിക്കപ്പെട്ടിരിക്കുന്നത്. യാദാർഥ്യവും ഫാന്റസിയും തമ്മിലുള്ള അതിർവരമ്പു പൂർണമായി അറിയാവുന്നത് കഥാകാരിക്കു മാത്രം ആണ് എന്ന് വേണമെങ്കിൽ പറയാം. ഇത്തരത്തിൽ ഉള്ള ഒരു പുസ്തകത്തെയും അതിന്റെ എഴുത്തുകാരിയെയും കുറിച്ചു ഒരു സിനിമ എടുക്കുക എന്നത് വലിയൊരു വെല്ലുവിളി തന്നെ ആണ്. വളരെ സന്തോഷത്തോടെ പറയട്ടെ ഒരു പരിധിവരെ കമലിന്റെ "ആമി" ഇതിൽ വിജയിച്ചിട്ടുണ്ട്.

നല്ലൊരു തിരക്കഥയും സംവിധാനവും പ്രധാനകഥാപാത്രങ്ങളുടെ മികച്ച അഭിനയവും കൊണ്ടു നല്ലൊരു കാഴ്ചാനുഭവം ആവുന്നുണ്ട് ചിത്രം. വളരെ അധികം വിവാദം ഉണ്ടാക്കാവുന്ന പല കാര്യങ്ങളെയും സമർഥമായി തിരക്കഥയിൽ ഉൾകൊള്ളിച്ചിരിക്കുന്നു. നല്ലൊരു കൈയടി അർഹിക്കുന്നുണ്ട് കമൽ. മുഴച്ചു നിൽക്കുന്ന നാടകീയത മാത്രം ആണ് കുഴപ്പം ആയി തോന്നിയ ഒരേ ഒരു കാര്യം. ആ കാര്യത്തിൽ കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നേൽ ഒന്നുകൂടി നന്നായേനെ ചിത്രം.

മാധാവികുട്ടി ആയി മഞ്ജു വാരിയർ ശരി ആവില്ല എന്നു പറഞ്ഞവർക്കു അഭിനയം കൊണ്ടു മറുപടി കൊടുക്കുന്നുണ്ട് മഞ്ജു. വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനം. ഡയലോഗ് ഡെലിവെറിയിൽ മാത്രം ആണ് ചെറിയ അപാകത തോന്നിയത്. പല തവണ വായിച്ചു മനസ്സിൽ ഉറച്ച മാധവിക്കുട്ടിയുടെ എഴുത്തു മഞ്ജുവിന്റെ ശബ്ദത്തിലൂടെ കേട്ടപ്പോൾ ഒട്ടും നന്നായി തോന്നിയില്ല. ചിലപ്പോൾ എന്റെ മാത്രം തോന്നൽ ആവാം. ടോവിനോ, മുരളി ഗോപി, അനൂപ് മേനോൻ തുടങ്ങി സപ്പോർട്ടിങ് കാസ്റ്റും തങ്ങളുടെ റോൾ നന്നായി തന്നെ ചെയ്തു. എടുത്തുപറയേണ്ട ഒന്നു മാധവിക്കുട്ടിയുടെ കൗമാര പ്രായം അവതരിപ്പിച്ച പേരറിയാത്ത നടിയുടെ പ്രകടനം ആണ്. പശ്ചാത്തല സംഗീതവും പാട്ടുകളും എല്ലാം നന്നായിരുന്നു.

ചുരുക്കത്തിൽ മാധവിക്കുട്ടി എന്ന വ്യക്തിയോടും സ്ത്രീയോടും എഴുത്തുകാരിയോടും ഒരുപോലെ നീതി പുലർത്തിയ ചിത്രം. ചില അപാകതകൾ ഒഴിച്ചു നിർത്തിയാൽ മലയാളത്തിൽ പുറത്തിറങ്ങിയ ബയോപിക് സിനിമകളിൽ ആദ്യ സ്ഥാനങ്ങളിൽ വരുന്ന ഒരു ചിത്രം.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo