കഥാപാരമായി യാതൊരു വിധ പുതുമയും അവകാശപ്പെടാൻ ഇല്ലാത്ത വിജയുടെ ഏറ്റവും പുതിയ ചിത്രമാണ് മെർസൽ. എന്നാൽ കഥയിൽ പുതുമ ഇല്ല എന്നത് ചിത്രം ആസ്വദിക്കാൻ തടസമാവുന്നുണ്ടോ? ഒരിക്കലും ഇല്ല. അടുത്തിടെ ഇറങ്ങിയ സിനിമകളിൽ വെച്ചു ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ച്‌ കണ്ട ചിത്രങ്ങളിൽ ഒന്നാണ് മെർസൽ.

രജനി കഴിഞ്ഞാൽ തമിഴിലെ ഏറ്റവും വലിയ എന്റർടൈനേർ ആണ് വിജയ്. ലോകോത്തര കഥയും ഓർത്തിരിക്കാവുന്ന വലിയ അഭിനയ മുഹൂർത്തങ്ങളും ഒന്നും കുത്തി നിറച്ചല്ല ഒരു വിജയ് സിനിമയും തീയേറ്ററിൽ എത്തുന്നത്. ഒരു സാധാരണ പ്രേക്ഷകന് കയ്യടിച്ചു വിസിലടിച്ചു തമാശ വരുമ്പോൾ ആർത്തു ചിരിച്ചു സെന്റി സീൻ വരുമ്പോൾ കണ്ണു നനച്ച് രണ്ടരമണിക്കൂർ തീയേറ്ററിൽ ഇരുന്ന് ആസ്വദിച്ചു കാണാൻ ഉള്ള പാക്കേജ് ആണ് ഓരോ വിജയ് സിനിമയും. ഈ ഒരു ഫോര്മുലയിൽ അവിടെ ഇവിടെ ചെറിയ പിശക് പറ്റുമ്പോൾ ആണ് ഭൈരവ പോലുള്ള ദുരന്തങ്ങൾ പിറവി എടുക്കുന്നത്. ഇവിടെ ഫോര്മുലയിൽ പിശക്കൊന്നും പറ്റിയില്ലെന്നുമാത്രമല്ല പതിവിലേറെ നന്നായിട്ടും ഉണ്ട്.

കണ്ടുമടുത്ത കഥയെ പുതിയരീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ ആറ്റ്ലി. ഈ ഒരു മേക്കിങ് സ്റ്റൈൽ തന്നെ ആണ് സിനിമയെ ഇത്രകണ്ട് ആസ്വധനയോഗ്യമാക്കുന്നതും. ശങ്കറിന്റെ ശിഷ്യനെ ആരും ഫിലിം മേകിങ് പടിപ്പിക്കേണ്ടതില്ലല്ലോ!

വിജയ് തനിക്ക് കിട്ടിയ മൂന്നു വേഷവും നന്നായി തന്നെ ചെയ്തിട്ടുണ്ട്. ആക്ഷനും മാസും കോമഡിയും സെന്റിയും.. ഒരു വിജയ് ഫാനിന് വേണ്ടത് എല്ലാം ആവോളം നൽകിയിട്ടുണ്ട് അദ്ദേഹം. വില്ലനായി വന്ന SJ സൂര്യയും കലക്കി. ചില മാനറിസങ്ങൾ ഒക്കെ വല്ലാതെ മികച്ചു നിന്നു. നായികമാരിൽ നിത്യ മേനോന് മാത്രമേ എന്തേലും ചെയ്യാൻ ഉണ്ടായിരുന്നുള്ളു. കാജലും സമന്തയും പാട്ടുകളിൽ മാത്രം ആയി ഒതുങ്ങി.

ആളപോറാൻ തമിഴന് ഒഴികെ ബാക്കി പാട്ടുകൾ ഒന്നും തന്നെ ഇഷ്ടമായില്ല. പക്ഷെ പശ്ചാത്തലസംഗീതം നന്നായിരുന്നു. പ്രത്യേകിച്ചു മജിഷ്യന്റെ തീം മ്യൂസിക്. ടെക്‌നിക്കൽ സൈഡ് ഒക്കെ മികച്ചു നിന്നു. ആ അസിഡന്റും ഡെലിവെറിയും എടുത്തിരിക്കുന്ന രീതി എടുത്തു പറയേണ്ടതാണ്.

ഒന്നുകൂടി ചുഴിഞ്ഞു ചിന്തിച്ചാൽ മെറസലിന് ഒരു രാഷ്ട്രീയമുണ്ടെന്നു സമ്മതിക്കേണ്ടി വരും. ഇളയദളപതിയെ ദളപതി ആക്കുന്ന രാഷ്ട്രീയം. ശിവാജിയെ ഓര്മിപ്പിച്ചുകൊണ്ടുള്ള നായകന്റെ ഇൻട്രോയും ദളപതി എന്ന അച്ഛൻ വിജയുടെ പേരും ഉൾപ്പടെ കുറെ ഏറെ കാര്യങ്ങൾ ഈ ഒരു ചിന്തക്ക് ആക്കം കൂട്ടുന്നു. രജനിക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ചിത്രം മറുപടി പറയാൻ ശ്രമിക്കുന്ന പോലെ.

ബുദ്ധിജീവി ചമഞ്ഞു സിനിമയെ താറടിക്കുന്നവർ അറിയാൻ. നിങ്ങൾക്ക് ഒന്നും പറ്റുന്ന പടം അല്ല ഇത്. വിജയ്ക്ക് രക്ഷകൻ റോൾ തന്നെ ആണ് ഇതിലും. ബനിയനു മുകളിൽ ഷർട്ട് ഇടുന്ന രീതി ഒന്നും ആള് മാറ്റിയിട്ടില്ല. അതുകൊണ്ടു തന്നെ കുറ്റം പറയാൻ മാത്രം ആയി പോയി കാണണം എന്നില്ല. അല്ല ബുദ്ധിജീവി കുപ്പായം ഒക്കെ അഴിച്ചു വെച്ചു മൂന്നുമണിക്കൂർ ആസ്വദിച്ചു സിനിമ കാണാൻ ആണ് ഉദ്ദേശം എങ്കിൽ കയറി കാണാം. കാശ് നഷ്ടമാവില്ല.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo