സംവിധായകന്റെയും നിർമ്മാണ കമ്പനിയുടെയും പേര് കൊണ്ടു മാത്രം വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് കളി. നജീം കോയ എന്ന എഴുത്തുകാരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിതെങ്കിലും. ഫ്രൈഡേ, അപൂർവ രാഗങ്ങൾ, ടു കൻഡ്രീസ് തുടങ്ങി ഇദ്ദേഹം തിരക്കഥ രചിച്ച ഒട്ടുമിക്ക ചിത്രങ്ങളും ഇഷ്ടമായതുകൊണ്ടു വളരെ അധികം പ്രതീക്ഷ ഉണ്ടായിരുന്നു ഈ സംവിധാന സംരംഭത്തിൽ. പിന്നെ ഒന്നും കാണാതെ ഓഗസ്റ്റ് സിനിമാസ് നിര്മിക്കില്ലല്ലോ എന്ന ചിന്തയും പ്രതീക്ഷക്ക് ആക്കം കൂട്ടിയിരുന്നു.

ആര്ഭാടജീവിതത്തോടുള്ള ഇന്നത്തെ യുവത്വത്തിന്റെ അമിതമായ അഭിനിവേശം ആണ് ചിത്രം ചർച്ച ചെയ്‌യുന്നത്. അതിനുവേണ്ടി തെറ്റു ചെയ്യാൻ മടിക്കാത്ത ചെറുപ്പക്കാരെയും ശേഷം അവർ ചെന്നു ചാടുന്ന പ്രശ്നങ്ങളും ചിത്രം കൈകാര്യം ചെയ്യുന്നു.

ഒരു ത്രില്ലർ മൂഡിലുള്ള ചിത്രമാണ് കളി. ഇത്തരം ഒരു ചിത്രത്തിന് വേണ്ട നല്ലൊരു കഥയും തിരക്കഥയും ഒക്കെ ഉണ്ടെങ്കിലും മികച്ച ഒരു ത്രില്ലർ എന്ന നിലയിൽ എത്താൻ ചിത്രത്തിന് കഴിഞ്ഞിട്ടില്ല. സംവിധാനത്തിലെയും അഭിനയത്തിലെയും പിഴവുകൾ പല ഇടങ്ങളിലും തെളിഞ്ഞു കാണാം. ഏഴോളം പുതുമുഖങ്ങൾ ആണ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരിക്കുന്നത്. ഇതിൽ ഒന്നോ രണ്ടോ പേർ ഒഴികെ മറ്റെല്ലാവരുടെയും അഭിനയത്തിലെ പരിമിതികൾ ചിത്രത്തിന് വെല്ലുവിളി ആവുന്നു. കാസ്റ്റിംഗിൽ ഒക്കെ ഒന്നു കൂടി ശ്രദ്ധിച്ചിരുന്നേൽ ഒന്നുകൂടി നന്നായേനെ ചിത്രം. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബോയ്സിന്റെ എല്ലാം മെയ്‌വഴക്കം അഭിനന്ദനർഹമാണ്. പക്ഷെ മെയ്‌വഴക്കം മാത്രം പോരല്ലോ!!

പുതുമുഖങ്ങൾ നിരാശപ്പെടുത്തിയപ്പോൾ ഷമ്മി തിലകൻ, ബാബുരാജ്, ജോജു, ടിനി ടോം തുടങ്ങിയ സീനിയർ താരങ്ങൾ എല്ലാം തങ്ങളുടെ റോൾ മനോഹരമാക്കി. അതിൽ തന്നെ ജോജു എന്ന നടന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആയിരുന്നു ഇതിലെ ഇൻസ്‌പെക്ടർ തിലകൻ. മലയാളത്തിലെ ഇഷ്ടപെട്ട പ്രതിനായക കഥാപാത്രങ്ങളുടെ ലിസ്റ്റിലേക്ക് ഒരാൾ കൂടി. രണ്ടാം പകുതിയിലെ ഒട്ടു മിക്ക കയ്യടികളും കൊണ്ടുപോവുന്നതും ജോജു ആയിരുന്നു.

പതിഞ്ഞ താളത്തിൽ തുടങ്ങി. ഇന്റർവെല്ലിനോട് അടുത്ത ഭാഗങ്ങളിൽ ട്രാക്കിൽ ആയി പിന്നെ കുറച്ചങ്ങോട്ടു വല്ലാതെ ത്രിൽ അടിപ്പിച്ചു മോശമല്ലാത്ത ഒരു ക്ലൈമാക്സിൽ അവസാനിക്കുന്ന ചിത്രമാണ് കളി. ചില അമേച്വർ അഭിനയങ്ങളും അവസാനത്തോടടുക്കുമ്പോൾ ത്രില്ലിങ് കുറച്ചു കൈമോശം വന്നതും മാറ്റി നിർത്തിയാൽ വേറെ പറയത്തക്ക കുഴപ്പങ്ങൾ ഒന്നുംതന്നെ ഇല്ല. അവറേജിന് മുകളിൽ നിൽക്കുന്ന ഒരു ത്രില്ലർ എന്നു നിസംശയം പറയാം. എല്ലാവരും തീയേറ്ററിൽ നിന്നും തന്നെ കണ്ടു വിലയിരുത്തുക.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo