കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരത്തു ചായ കുടിക്കാൻ ഇറങ്ങിയ എന്നോട് ഓഫീസിലെ സുഹൃത്ത് നന്ദു ട്രിപ്പ് പോയാലോ എന്നു ചോദിച്ചത് മുതൽ ആണ് കാര്യങ്ങളുടെ തുടക്കം. വ്യാഴവും വെള്ളിയും ലീവു എടുത്തു ധനുഷ്കോടി പോവാം എന്നായിരുന്നു പ്ലാൻ. മൊത്തം നാലു ദിവസത്തെ ട്രിപ്പ്. അതു പിന്നീട് പറഞ്ഞു പറഞ്ഞു വെള്ളി മാത്രം ലീവു എടുത്താൽ മതി എന്നായി. മൊത്തം ആയിരത്തിൽ കൂടുതൽ കിലോമീറ്റര് ഉണ്ട്. മൂന്നു ദിവസം വളരെ കുറവാണ്. വരുന്നിടത്തു വെച്ചു കാണാം എന്നും പറഞ്ഞു അവസാനം ഞങ്ങൾ അതു അങ്ങു ഫിക്സ് ചെയ്തു. 2017 ഓഗസ്റ്റിൽ ആണ് ഞാൻ ബൈക് വാങ്ങുന്നത്. അന്ന് മുതൽ ഉള്ള ആഗ്രഹം ആണ് രാമേശ്വരം ധനുഷ്കോടി ട്രിപ്പ്. പല തവണ പ്ലാൻ ചെയ്യുകയും നടക്കാതെ ഇരിക്കുകയും ചെയ്ത ട്രിപ്പ് ആണ് ഒരു പ്ലാനും ഇല്ലാതെ നടക്കാൻ പോവുന്നത്.

ട്രിപ്പിന് വേണ്ടി വലിയ ഒരുക്കങ്ങൾ ഒന്നും ചെയ്തില്ല. ഞങ്ങൾക്ക് രണ്ടു പേർക്കും ഓരോ ഹോണ്ട ഹോർനെറ്റ് ബൈക് ഉണ്ട്. അതു രണ്ടും ഒന്നു സർവീസ് ചെയ്‌തു എടുത്തു. ടയറിൽ എയർ ഒക്കെ ചെക്ക് ചെയ്തു. വണ്ടിക്കു പൊലൂഷൻ സർട്ഫിക്കറ്റ് എടുത്തു. ഫുൾ ലിറ്റർ പെട്രോളും അടിച്ചു.

വെള്ളിയാഴ്ച രാവിലെ 5 മണിക്ക് ഇറങ്ങാൻ ആയിരുന്നു പ്ലാൻ. വ്യാഴാഴ്ച രാത്രി ബ്രീത്ത് സീരീസിന്റെ പുതിയ എപ്പിസോഡും കണ്ടു ഞാൻ കിടക്കുമ്പോൾ സമയം 2 മണി. രാവിലെ 4 മണിക്ക് എഴുന്നേൽക്കണം. വെറും രണ്ടു മണിക്കൂർ ഉറക്കവും വെച്ചു ബൈക് റൈഡ് പോവുന്നത് റിസ്ക് ആണെന്നതോണ്ടു 5 മണിക്ക് പുറപ്പെടാൻ ഉള്ള പ്ലാൻ ഞാൻ വെട്ടി 6 മണിക്കാക്കി. എല്ലാം റെഡി ആക്കി ബാഗും എടുത്തു ഇറങ്ങാൻ നോക്കുമ്പോൾ ആണ് ആദ്യത്തെ പ്രശനം വന്നത്. ട്രിപ്പ് പോവുമ്പോൾ കൂടെ എടുക്കാൻ വേണ്ടി തലേന്ന് രാത്രി വാങ്ങിയ സോപ്പ്, ബ്രഷ്, പേസ്റ്റ് എന്നിവ ഓഫീസിൽ ആണ് ഇരിക്കുന്നത്. അങ്ങനെ അതു എടുക്കാൻ വേണ്ടി ആദ്യം ഓഫീസിലേക്ക് വണ്ടി വിട്ടു.

എല്ലാം കഴിഞ്ഞു ഒരു 6.10 ആവുമ്പോൾ കൊരട്ടിയിൽ നിന്നും യാത്ര തുടങ്ങി. നന്ദു അവന്റെ ബൈക്കിൽ മുന്നേ പോയിരുന്നു. ഒരു നാല്പതു കിലോമീറ്റർ പോയി കാണും. പെട്ടെന്നു ആണ് പുറത്തു ബാഗിന്റെ ഭാരം ഒന്നും അറിയുന്നില്ലല്ലോ എന്നു എനിക്ക് തോന്നിയത്. തപ്പി നോക്കിയപ്പോൾ ശരിക്കും ബാഗ് അവിടില്ല. പേസ്റ്റും സോപ്പും എടുത്തു ബാഗിൽ വെച്ചു ബാഗ് ഓഫീസിൽ തന്നെ വെച്ചു പോന്നിരിക്കുന്നു ഞാൻ. 😐 തിരിച്ചു പോയി ബാഗ് എടുക്കാല്ലാതെ വേറെ വഴി ഇല്ലാത്ത അവസ്ഥ. നന്ദുവിനെ മണ്ണുത്തി ബൈപ്പാസിന്റെ അവിടെ പോസ്റ്റ് ആവാൻ വിട്ട് ഞാൻ ബൈക് തിരിച്ചു. രാവിലെ വലിയ ട്രാഫിക് ഇല്ലാത്തൊണ്ടു ഒന്നേകാൽ മണിക്കൂറിൽ ബാഗുമായി ഞാൻ തിരിച്ചു വന്നു. വീണ്ടും ഒരുമിച്ച് യാത്ര തുടങ്ങി. മണ്ണുത്തിക്ക് ശേഷം സേലം കൊച്ചി ഹൈവേ കുറച്ചു മോശം ആണ്. പണി നടത്താൻ വേണ്ടി കുത്തിപൊളിച്ചിട്ടു വല്ല പഞ്ചായത്തു റോഡ് പോലെ ആക്കിയിരിക്കുന്നു. അതുകൊണ്ട് തന്നെ ഒരു 60/70 സ്പീഡിൽ ആയിരുന്നു ഞങ്ങളുടെ യാത്ര. കുറച്ചു കൂടി കഴിഞ്ഞപ്പോൾ വിശക്കാൻ തുടങ്ങി. ഹൈവേയുടെ സൈഡിൽ തന്നെയുള്ള ശരവണ ഭവൻ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു.

എത്രയും പെട്ടെന്ന് പൊള്ളാച്ചി പിടിക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ. കുറച്ചു ദൂരം കൂടി ഹൈവെയിൽ പോയപ്പോൾ നന്ദുവിനൊരു ഉൾവിളി. വഴി തെറ്റിയോ എന്നു അവനു സംശയം. അടുത്തു കണ്ട ചേട്ടനോട് ചോദിച്ചപ്പോൾ ആണ് മനസ്സിലായെ, സംശയം ശരിയാണ്. വഴി തെറ്റിയിരിക്കുന്നു. അങ്ങനെ വീണ്ടും ഒരു പുറകോട്ടു വരൽ കൂടി വേണ്ടി വന്നു. പക്ഷെ ഇത്തവണ 2 കിലോമീറ്റർ ആണ് വരേണ്ടി വന്നുള്ളു. നന്ദുവിന് ഉൾവിളി തോന്നിയത് നല്ല സമയത്താണ്. ഹൈവെയിൽ നിന്നും ഞങ്ങൾ ഒരു ഇടറോഡിലേക്കു കയറി. പൊള്ളാച്ചിക്കു വഴി ചോദിച്ചു യാത്ര തുടങ്ങി. യാത്ര ചെയ്യുന്നത് കേരളത്തിലൂടെ ആണോ തമിഴ് നാട്ടിലൂടെ ആണോ എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. വഴി ചോദിക്കുന്ന ആൾക്കാർ ഇടക്ക് മലയാളത്തിലും ഇടക്ക് തമിഴിലും വഴി പറഞ്ഞു തന്നു. പതിയെ പതിയെ ചുറ്റുപാടും കാണുന്ന തമിഴ് അംശം കൂടി കൂടി വന്നു. അങ്ങനെ അവസാനം തമിഴ് നാട്ടിലേക്ക് സ്വാഗതം എന്ന ബോർഡ് കണ്ടു. ചെക്ക്പോസ്റ് കടന്നതും MGR ന്റെ ഒരു കൂറ്റൻ cut out ആണ് ഞങ്ങളെ സ്വാഗതം ചെയ്തത്. മരിച്ച്‌ വർഷങ്ങൾ കഴിഞ്ഞ ഒരു മലയാളിയെ ആണ് തമിഴന് ഇന്നും അവന്റെ ജീവന് തുല്യം സ്നേഹിക്കുന്നത് എന്ന ചിന്ത എന്റെ ഉള്ളിൽ അഭിമാനത്തോടെ വന്നു.

കേരളത്തിലെ അപേക്ഷിച്ചു ഒന്ന് കൂടി നല്ല റോഡുകൾ ആണ് തമിഴ് നാട്ടിലെ. വാഹങ്ങളുടെ എണ്ണം കേരളത്തേക്കാൾ കുറവാണ് എന്നാണ് തോന്നിയത്. വാഹനങ്ങൾ ഒന്നും ഇല്ലാതെ നീണ്ടു കിടക്കുന്ന നല്ല റോഡുകൾ. ബൈക്കിന് സ്പീഡ് കൂടി. പ്രതീക്ഷിച്ചതിനെക്കാൾ വേഗം ഞങ്ങൾ പൊള്ളാച്ചി എത്തി. അവിടുന്നു പഴനി റൂട്ടിൽ യാത്ര തുടർന്നു. കേരളത്തിൽ അന്യം നിന്നു പോയ പല സംഭവങ്ങളും ഈ യാത്രയിൽ ഞങ്ങൾ കണ്ടിരുന്നു. നെൽ വയലുകൾ മുതൽ കാള വണ്ടികൾ വരെ പലതും. കേരളത്തെ അപേക്ഷിച്ചു നോക്കിയാൽ ഒരു 10 കൊല്ലം പുറകിൽ ആണ് തമിഴ് നാട് ജീവിക്കുന്നതെന്നു തോന്നും. കാള വണ്ടികളുടെ തിരോധാനവും നെൽ വയലുകൾ വീടുകൾ ആവുന്നതും ഇന്നും തമിഴന് അന്യമാണ്. കടകളുടെ ഒക്കെ ചുമരിൽ പല തരം പരസ്യങ്ങൾ. മിക്കതും ചുമർഎഴുത്തു ആണ്. കേരളത്തിൽ ഒക്കെ ഇപ്പോൾ പരസ്യങ്ങൾ പെയിന്റ് കൊണ്ടു വരയ്ക്കുന്നത് കാണാറില്ല എല്ലാം ഫ്ളക്സ്ന് വഴി മാറി ഇരിക്കുന്നു ഇവിടെ. റോഡിൽ ഒരുപാട് TVS ന്റ Heavy Duty ബൈക്കുകൾ കണ്ടിരുന്നു. തമിഴ് നാടിന്റെ ആസ്ഥാന വണ്ടി ആണിത്. കുഞ്ഞു കുട്ടികൾ മുതൽ വീട്ടിലെ ഗ്രഹനാഥനും ഗൃഹനാഥയും വരെ ആരും ആണ്പെണ് വ്യത്യാസം ഇല്ലാതെ ഓടിക്കുന്ന വണ്ടി.

അങ്ങനെ പഴനി എത്തി. പഴനിയിൽ നിന്നും ഞങ്ങൾ മധുരൈക്കു യാത്ര തുടങ്ങി. ഇതിനിടയിൽ ഒരു ചെക്ക്പോസ്റ്റിൽ പോലീസ് കൈ കാണിച്ചിരുന്നു.വണ്ടി വാങ്ങി ഒന്നര കൊല്ലം ആയെങ്കിലും ആദ്യമായാണ് ഒരു ചെക്കിക്കിങ് നേരിടേണ്ടി വരുന്നത്. ആ ഒരു പേടിയും വിറയലും എനിക്കു ഉണ്ടായിരുന്നു. പൊലൂഷൻ സര്ടിഫിക്കറ്റു എടുക്കാൻ തോന്നിയ നിമിഷത്തോട് ഞാൻ അപ്പോൾ നന്ദി പറഞ്ഞു. എന്തായാലും കുഴപ്പം ഒന്നും ഉണ്ടായില്ല. രേഖകൾ ഒക്കെ ഓകെ ആയതുകൊണ്ട് പൊക്കോളാൻ പറഞ്ഞു. തിരിച്ചു ബൈക്കിൽ കയറിയപ്പോൾ അവിടെ രേഖകൾ ഇല്ലാതെ നിന്നിരുന്ന കുറച്ചു തമിഴന്മാരോട് പോലീസ് പറയുന്നത് കേട്ടു. “അന്ത കേരളാ പസങ്കളെ പാറ്, ഹെല്മെറ്റ് പോട്ട് എവളോ ഡീസാന്റാ വണ്ടി ഓട്ടുറാങ്കെ” വീണ്ടും ഞങ്ങൾക്ക് അഭിമാന നിമിഷം 😂

യാത്ര തുടർന്നു. ഇടക്ക് സംഗീത ഗ്രാന്റ് എന്ന ഹോട്ടലിൽ കയറി ഉച്ച ഭക്ഷണവും കഴിച്ചു. നല്ല ഭക്ഷണം, മിതമായ വില. ശേഷം യാത്ര തുടർന്ന എന്നെ ഉറക്കം പിടികൂടി. തന്നെ ഗൗനിക്കാത്ത പ്രണയിനിയുടെ സുഖകരമായൊരു ശല്യപ്പെടുത്തൽ പോലെ അതെന്നോട് പരിഭവം പറഞ്ഞു. തലേന്ന് വെറും മൂന്നു മണിക്കൂർ ആണല്ലോ ഞാൻ അവൾക്ക് വേണ്ടി മാറ്റി വച്ചതു. പോകെ പോകെ അവളുടെ ശല്യം ഭീകരമായി. ഇടക്ക് വണ്ടി നിർത്തിയും മുഖം കഴുകിയും വിട്ടു കൊടുക്കാൻ താൽപര്യം ഇല്ലാതെ ഞാനും.

അങ്ങനെ ഞങ്ങൾ കൃഷ്ണന്റെ നാടായ മധുര എത്തി. ബ്രിഡ്ജിന്റെ താഴെ ഒക്കെ കണ്ട കൃഷന്റെയും രാധയുടെയും വരകൾ ആ നഗരം അതിന്റെ പ്രിയപ്പെട്ട പുത്രനെ മറന്നിട്ടില്ലെന്നു സൂചിപ്പിച്ചു. മധുരയുടെ ട്രാഫിക് കുറച്ചു നന്നായി തന്നെ ഞങ്ങളെ കുഴപ്പിച്ചു. ഏതിൽ കൂടെ പോയാലും തുടങ്ങിയിടത്തു തന്നെ എത്തുന്ന അവസ്ഥ. എവിടെയും പൊടിയും ചളിയും മാത്രം. ഈ നഗരത്തിൽ ഒരു മനുഷ്യൻ പോലും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നില്ല എന്നാണ് എനിക്ക് തോന്നിയത്. എങ്ങനെ എങ്കിലും സിറ്റി കടന്നാൽ മതി എന്നു തോന്നിയ നിമിഷങ്ങൾ. അങ്ങനെ ഒരു അര മണിക്കൂറിനു ശേഷം രാമേശ്വരത്തെക്കുള്ള ഹൈവെയിൽ ഞങ്ങൾ കയറി. രാത്രി വൈകുന്നതിനു മുന്നേ രാമേശ്വരം എത്താൻ ആയിരുന്നു പ്ലാൻ. ഇനിയും ഒരു 200 കിലോമീറ്റർ കൂടി ഓടിക്കാൻ ഉണ്ട്, സമയം ആണെങ്കിൽ 5 മണി ആയിരിക്കുന്നു. യാത്രയിൽ ഇടക്കിടെ എനിക്ക് സ്പീഡ് പോരെന്നു നന്ദു ഓര്മിപ്പിച്ചുകൊണ്ടിരുന്നു. ഈ സ്പീഡിൽ പോയാൽ രാത്രി നല്ലോണം വൈകും രാമേശ്വരം എത്താൻ എന്നായിരുന്നു അവന്റെ പ്രശ്നം. ഞങളുടെ രണ്ടുപേരുടെയും കൂട്ടത്തിൽ നന്ദു ആണ് കൂടുതൽ നല്ല ഡ്രൈവർ. എത്ര സ്പീഡിൽ പോയാലും നല്ല കണ്ട്രോൾ ആണ് അവനു. പക്ഷെ എനിക്ക് അങ്ങനെ അല്ല. അതുകൊണ്ടു എനിക്ക് കോണ്ഫിഡൻസ് ഇല്ലാത്ത ആ റോഡിൽ സ്പീഡ് കൂട്ടാൻ ഞാൻ നിന്നില്ല.

കുറച്ചു ദൂരം പോയപ്പോൾ നന്ദു ഫോൺ വിളിച്ചു നിൽക്കുന്നത് കണ്ടു. എന്നോട് നിർത്താതെ പൊയ്ക്കോളാൻ അവൻ ആംഗ്യം കാണിച്ചു. ഇവൻ എന്തായാലും ഫോണ് വിളി കഴിഞ്ഞു എന്നെ വെട്ടിച്ചു വന്നോളും എന്ന കണക്കിൽ ഞാനും മുന്നോട്ടു പോയി. ഇടയിൽ പോലീസ് സ്പീഡ് മെഷിൻ ആയി ചെക്കിങ് നടത്തുന്നത് ഞാൻ കണ്ടിരുന്നു. കുറച്ചു ദൂരം പോയി ഞാൻ വണ്ടി സൈഡ് ആക്കി അവനെ കാത്തു നിന്നു. ഇടക്ക് അസ്തമയ സൂര്യനെ കണ്ടപ്പോൾ എന്റെ അപാര ഫോട്ടോഗ്രാഫി സ്കിൽ പുറത്തെടുക്കാൻ ഉള്ള ഒരു അവസരമായി അതിനെ കണ്ട് ഞാൻ ഫോൺ കാമറ എടുത്തു അറിയാത്ത പണി ചെയ്യാൻ തുടങ്ങി. 😝 ഞാൻ ഒരു 10 ഫോട്ടോ എടുത്തു കഴിഞ്ഞും നന്ദുവിനെ കാണാൻ ഇല്ലായിരുന്നു. പെട്ടെന്നാണ് മനസ്സിൽ ഒരു ചിന്ത കടന്ന് കൂടിയത്, ഇനി ഇവനെ എങ്ങാനും ഓവർ സ്‌പീഡിന് പോലീസ് പൊക്കി കാണോ?? 🤔

എന്റെ തോന്നൽ ശരി ആണെന്ന് നന്ദുവിനെ ഫോൺ വിളിച്ചപ്പോൾ മനസ്സിലായി. രണ്ടു കിലോമീറ്റർ പുറകിൽ അവൻ നിൽക്കുന്നുണ്ട്. ഓവർ സ്‌പീഡിന് പോലീസ് പൊക്കിയിരിക്കുന്നു. 88 ആയിരുന്നു പോലും സ്പീഡ്. നന്ദു എന്നോട് തിരിച്ചു വരാൻ പറഞ്ഞു. ഞാൻ വണ്ടി തിരിച്ചു. ഇനി അവനെ ഇറക്കാൻ ചെന്നു എന്നെ കൂടി പൊക്കണ്ട വെച്ചു വളരെ പതുക്കെ ആയിരുന്നു പോക്ക്. ഞാൻ എത്തുമ്പോൾക്കും പൊലീസുകാരനോട് അറിയാവുന്ന തമിഴിൽ സംസാരിച്ചു ഊരിപോരാൻ ഉള്ളത് നോക്കിയിരുന്നു അവൻ. ഇത്ര ദൂരം വരുന്നതുകൊണ്ട് അധികം കാശ് ഒന്നും കയ്യിൽ ഇല്ല എന്നും, സാറിനെ കണ്ടാൽ എന്റെ ഒരു ബന്ധുവിനെ പോലെ ഉണ്ട് എന്നും മറ്റും പറഞ്ഞിരിക്കുന്നു. മുറി തമിഴ് വെച്ചു ഇവൻ ഇതു എങ്ങനെ പറഞ്ഞു കൊടുത്തോ ആവോ!? എന്തായാലും മൊത്തം 900 രൂപ കൊടുക്കേണ്ടി വന്നു അവിടെ. അതോടുകൂടി എനിക്ക് സ്പീഡ് പോരാ എന്ന നന്ദുവിന്റെ പരാതിയും അവസാനിച്ചു. 😂

പിന്നെയും ഒരു 200 കിലോമീറ്ററിന് അടുത്തു ബാക്കി ഉണ്ടായിരുന്നു ധനുഷ്കോടി എത്താൻ. എന്തായാലും ഞങ്ങൾ ബൈക് ഓടിക്കാൻ തുടങ്ങി. ഇടക്ക് ഒരിടത്തു നിർത്തി രണ്ടു കുപ്പി വെള്ളവും വാങ്ങി ബാഗിൽ ഇട്ടു. നന്ദുവിന് ഉറക്കം വരുന്നുണ്ടെന്നു അവൻ പറഞ്ഞപ്പോൾ ആണ് ഞാൻ ഒരു കാര്യം ചിന്തിച്ചത് എന്റെ ഉറക്കം വരൽ എപ്പോളോ നിന്നിരുന്നു. ആത്മാർത്ഥമായി ആഗ്രഹിച്ചിട്ടും കിട്ടാത്ത പ്രണയിനിയെ കുറച്ചു കാലം കഴിഞ്ഞു മനുഷ്യൻ മറക്കുന്ന പോലെ ഒരുപാട് ആഗ്രഹിച്ചും ലഭിക്കാത്ത ഉറക്കത്തെ എന്റെ ശരീരവും മറന്നെന്നു തോന്നുന്നു.

എന്തായാലും രാമേശ്വരം ഹൈവേ പിടിച്ചു ഞങ്ങൾ യാത്ര തുടർന്നു. റോഡിനു ഇരു പുറവും പാടങ്ങൾ ആണ്. രാത്രി ആയതു കൊണ്ട് ഞാൻ സണ്ഗ്ലാസ് ഊരി വെച്ചിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ചെറിയ പാറ്റകളുടെ ശല്യം തുടങ്ങി. ഹെല്മെറ്റിന്റെ ഗ്ലാസ് താഴ്ത്താതെ ഓടിക്കാൻ പറ്റാത്ത അവസ്ഥ. ഗ്ലാസ് താഴ്ത്തിയാൽ മുന്നിൽ വരുന്ന വാഹനങ്ങളുടെ ലൈറ്റ് കാരണം ഒന്നും കാണാനും പറ്റുന്നില്ല. റോഡിൽ വാഹനങ്ങൾ കുറവായിരുന്നത്‌ കൊണ്ടു അഡ്ജസ്റ്റ് ചെയ്തു യാത്ര തുടർന്നു. രാമേശ്വരത്തിനു ഒരു 30 കിലോമീറ്റർ ഉള്ളപോൾ മുന്നിൽ പോയിരുന്ന നന്ദു വണ്ടി നിർത്തി ഹോട്ടൽ റൂംസ് നോക്കാൻ പറഞ്ഞു. Make my trip ന്നു 770 രൂപക്ക് രാമേശ്വരത്ത് ഒരു റൂം കിട്ടി. അതു ബുക് ചെയ്തു. അവരെ വിളിച്ചപ്പോൾ രാമേശ്വരം ബസ് സ്റ്റാന്റിൽ നിന്നും ഒരു കിലോമീറ്റർ കൂടി പോണം എന്നു പറഞ്ഞു. വീണ്ടും യാത്ര തുടർന്നു. ഇടക്ക് ഹോട്ടലിലെ ആള് വിളിച്ചു എവിടെ എത്തി എന്നൊക്കെ തിരക്കിയിരുന്നു. ഭയങ്കര സുഖാന്വേഷണം കണ്ടപ്പോൾ എന്തോ കുഴപ്പം ഉണ്ടല്ലോ എന്നെനിക്കു തോന്നി.

പാമ്പൻ പാലം കടന്നു ഞങ്ങൾ രാമേശ്വരത്തെക്കു പ്രവേശിച്ചു. 2.3 കിലോമീറ്റർ നീളമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പാലമാണ് പാമ്പൻ പാലം. രാത്രി ആയതുകൊണ്ട് പാലത്തിലെ കാഴ്ചകൾ ആസ്വദിക്കാൻ പറ്റിയില്ല എന്ന വിഷമം എനിക്കുണ്ടായിരുന്നു. നാളെ ഈ വഴി തന്നെ ആണല്ലോ തിരിച്ചു വരുന്നതു അപ്പോൾ വിശദമായി ആസ്വദിക്കാം എന്നു മനസിൽ കരുതി. അന്ന് രാവിലെ മുതൽ അതുവരെ 500 കിലോമീറ്ററിൽ കൂടുതൽ ദൂരം ഞങ്ങൾ ബൈക് ഓടിച്ചിരുന്നു. വിശ്രമമില്ലാത്ത ഡൈവിങ് കാരണം രണ്ടാൾക്കും ക്ഷീണം തോന്നി തുടങ്ങിയിരുന്നു. അങ്ങനെ ഹോട്ടൽ റൂം എത്തി. അപ്പോളാണ് മനസ്സിലായത് ഞങ്ങൾ ആദ്യമേ ബുക് ചെയ്താണ് വരുന്നത് എന്നു ആൾക്ക് അറിയില്ലാർന്നു. അവിടെ ചെന്ന് ബുക് ചെയ്യും എന്നായിരിക്കും കരുതിയത്. എവിടെ എത്തി എന്നു ഇടക്കിടെ ഫോൺ വിളിച്ചു അന്വേഷിച്ചിരുന്നതിന്റെ ഗുട്ടൻസ് അപ്പോളാണ് മനസ്സിലായത്. ഓൺലൈനായി ബുക് ചെയ്തിരുന്നു എന്നു കേട്ടപ്പോൾ ആളുടെ മുഖം ഒന്നു വാടി. പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ എന്റെ അടുത്തു വന്ന് കുപ്പി വല്ലതും വാങ്ങണമെങ്കിൽ പറഞ്ഞാൽ മതി എന്നു പറഞ്ഞു. ഞങ്ങൾ രണ്ടാളും കുടിക്കാറില്ല എന്നു പറഞ്ഞപ്പോൾ വീണ്ടും ആൾക്ക് വിഷമം. എന്തായാലും പിന്നെ സുഖാന്വേഷണം ഒന്നും തന്നെ ഉണ്ടായില്ല.

റൂമിൽ ബാഗ് വെച്ചു ഞങ്ങൾ പുറത്തു പോയി ഭക്ഷണം കഴിച്ചു. ഒന്നു നടക്കാൻ പോവാം എന്നു വെച്ചു രാമേശ്വരം അമ്പലം വരെ നടന്നു. റോഡ് നിറച്ചു പട്ടികളും പന്നികളും ആയിരുന്നു. സമയം 11 ആയിട്ടും നഗരം ഉറങ്ങിയിട്ടില്ല. പല കടകളിലും കച്ചവടം പൊടി പൊടിക്കുന്നു. ചില കടകളുടെ മുന്നിൽ പൂജ പോലെ എന്തൊക്കെയോ നടക്കുന്നു. കുറച്ചു ദൂരം നടന്നപ്പോൾക്കും ഉറക്കം ഞങ്ങളെ തളർത്തി തുടങ്ങി. നാളെ നേരത്തെ എഴുന്നേൽക്കാൻ ഉള്ളതാണ്.സൂര്യോദയത്തിനു മുന്നേ ധനുഷ്കോടി എത്തണം. തിരിച്ചു റൂമിൽ വന്നു 4.30 നു അലാറം വെച്ചു കിടന്നു.

– തുടരും

For More Visit: http://dreamwithneo.com

#NPNTravelogue #DreamWithNeo